'ടെപര്‍മെന്‍റേ ഹോട്ടു'; തെലുങ്ക് 'അയ്യപ്പനും കോശിയും' ടൈറ്റില്‍ സോംഗ് എത്തി
രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ്
'അയ്യപ്പനും കോശിയും' എന്ന സൂപ്പര്‍ഹിറ്റ് മലയാളചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ആണ് 'ഭീംല നായക്'. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. ഇപ്പോഴിതാ പവന്‍ കല്യാണിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ ടൈറ്റില്‍ ഗാനം അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.
രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്. സംഗീത സംവിധായകനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരാണ് ആലാപനം. 'അയ്യപ്പനും കോശി'യിലെ ടൈറ്റില്‍ സോംഗ് ഏറെ പ്രേക്ഷകശ്രദ്ധ ആര്‍ജ്ജിച്ച ഒന്നായിരുന്നു. നഞ്ചമ്മ വരികളെഴുതി ആലപിച്ച 'കലക്കാത്ത' എന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.
അതേസമയം'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയില്‍ തെലുങ്ക് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുണ്ട് ഭീംല നായക്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ജൂലൈ അവസാനം പുനരാരംഭിച്ചിരുന്നു. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona