'പ്ലേഗും വസൂരിയും നേരിട്ട നമ്മൾ ഇതും അതിജീവിക്കും': പ്രതീക്ഷയുടെ വാക്കുകളുമായി ആശാ ഭോസ്‌ലെ
വളരെയധികം പ്രചോദനവും പ്രതീക്ഷയും ആശ്വാസവും പകരുന്ന സന്ദേശമാണിതെന്നും അമ്മയുടെ കരുതലും സ്നേഹവും ഇതിലൂടെ പ്രതിഫലിക്കുന്നുവെന്നുമാണ് പ്രതികരണങ്ങൾ.
കൊവിഡ് ഭീതിയിലാണ് ഇന്ന് ലോകം. ലോക്ക് ഡൗണിലൂടെയും കനത്ത ജാഗ്രതയിലൂടെയും രാജ്യം കടന്നുപോകുമ്പോൾ ഇതെത്രനാൾ തുടരേണ്ടി വരുമെന്ന അനിശ്ചിതത്വം പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചിരിക്കുകയാണ് ഗായിക ആശാ ഭോസ്‌ലെ. നിലവിലെ അനിശ്ചിതത്വത്തിന്റെ കാലം നമ്മൾ അതിജീവിക്കുമെന്ന് ആശാ ഭോസ്‌ലെ ട്വിറ്ററിൽ കുറിച്ചു.
“പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകർച്ചവ്യാധികളുണ്ടായ കാലത്തെ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ടാം ലോക മഹായുദ്ധകാലത്തെയും നേരിട്ടതിന്റെ അനുഭവമുണ്ട്. ഈ പകർച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും. അധികാരികളിൽ നിന്നു ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽ തുടരുക. നമ്മൾ എല്ലാവരും സുഖമായിരിക്കും,” ആശാ ഭോസ്‌ലെ ട്വീറ്റ് ചെയ്തു.
ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് ആശാ ഭോസ്‌ലെയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വളരെയധികം പ്രചോദനവും പ്രതീക്ഷയും ആശ്വാസവും പകരുന്ന സന്ദേശമാണിതെന്നും അമ്മയുടെ കരുതലും സ്നേഹവും ഇതിലൂടെ പ്രതിഫലിക്കുന്നുവെന്നുമാണ് പ്രതികരണങ്ങൾ.