ഗാനസമൃദ്ധം 'ഗിറ്റാര്‍ കമ്പി'; ഗൗതം മേനോന്‍ ചിത്രത്തിലെ പുതിയ ഗാനമെത്തി
സംഗീതം പകര്‍ന്നിരിക്കുന്നതും പാടിയിരിക്കുന്നതും കാര്‍ത്തിക്
തമിഴ് സിനിമയുടെ ആസ്വാദകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ആന്തോളജി ചിത്രമായ 'നവരസ'. ഒന്‍പത് നവരസ ഭാവങ്ങളെ അധികരിച്ചുള്ള ഒന്‍പത് കഥകള്‍ ഒന്‍പത് പ്രമുഖ സംവിധായകരാണ് ലഘുചിത്രങ്ങളാക്കിയിരിക്കുന്നത്. ഇതില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയും പ്രയാഗ മാര്‍ട്ടിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്' എന്ന് പേരിട്ടിരിക്കുന്ന ലഘുചിത്രം പേരുപോലെതന്നെ ഗാനങ്ങളാല്‍ സമ്പന്നമാണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയിരുന്ന മൂന്ന് ഗാനങ്ങളും ആസ്വാദകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
'അദിരുദാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് കാര്‍ക്കിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും പാടിയിരിക്കുന്നതും കാര്‍ത്തിക്. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സി ശ്രീറാമും എഡിറ്റിംഗ് ആന്‍റണിയുമാണ്.
കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി പൂര്‍ത്തിയാക്കിയിരിക്കുന്ന 'നവരസ' നിര്‍മ്മിച്ചിരിക്കുന്നത് മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്നാണ്. ഗൗതം വസുദേവ് മേനോന്‍റെ 'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്' കൂടാതെ ബിജയ് നമ്പ്യാരുടെ 'എതിരി' (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി), പ്രിയദര്‍ശന്‍റെ 'സമ്മര്‍ ഓഫ് 92' (യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു, മണിക്കുട്ടന്‍), സര്‍ജുന്‍റെ 'തുനിന്ത പിന്‍' (അഥര്‍വ്വ, അഞ്ജലി, കിഷോര്‍), അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'രൗദ്രം' (റിത്വിക, രമേഷ് തിലക്), ബിജോയ് നമ്പ്യാരുടെ 'എതിരി' (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍), കാര്‍ത്തിക് നരേന്‍റെ 'പ്രൊജക്റ്റ് അഗ്നി' (അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ്ണ), രതീന്ദ്രന്‍ പ്രസാദിന്‍റെ 'ഇന്‍മൈ' (സിദ്ധാര്‍ഥ്, പാര്‍വ്വതി), കാര്‍ത്തിക് സുബ്ബരാജിന്‍റെ 'പീസ്' (ഗൗതം വസുദേവ് മേനോന്‍, ബോബി സിംഹ, സനന്ദ്), വസന്തിന്‍റെ 'പായസം' (ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍) എന്നിവയാണ് 'നവരസ' ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍. ഓഗസ്റ്റ് ആറിന് റിലീസ്.