വിജയ്ക്ക് വേണ്ടി പാടി സിമ്പു; 'വരിശി'ലെ 'ദളപതി' ഗാനമെത്തി
തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്.
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരിശ്'. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തമൻ എസ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്. സിമ്പുവിന്റെ മാസ് പ്രകടനത്തോട് കൂടിയ ഗാനം നിമിഷ നേരം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'രഞ്ജിതമേ'എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റും വിജയ് ആലപിച്ച ഈ ഗാനം സ്വന്തമാക്കിയിരുന്നു. തമന്‍ എസ് സംഗീതം നൽകിയ ഈ ഗാനം എഴുതിയത് വിവേക് ആണ്.
തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രവുമാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്' ഒരുക്കുന്ന വംശി പൈഡിപ്പള്ളി.
പ്രിയ പെറ്റിനൊപ്പം മോഹന്‍ലാല്‍; 'സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ച ആണോ'ന്ന് ആരാധകർ