ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ്, നിഗൂഢതയിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍: 'ട്വല്‍ത്ത് മാന്‍' ടൈറ്റില്‍ സോംഗ്
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ജീത്തു ജോസഫ് (Jeethu Joseph) സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനിന്‍റെ (12th Man) ടൈറ്റില്‍ സോംഗ് പുറത്തെത്തി. ഫൈന്‍ഡ് എന്ന ഇംഗ്ലീഷ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീത സംവിധാനം അനില്‍ ജോണ്‍സണ്‍. സൌപര്‍ണിക രാജഗോപാല്‍ ആണ് പാടിയിരിക്കുന്നത്.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രവുമാണിത്. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനു മോഹന്‍, ചന്ദുനാഥ്, നന്ദു, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ എക്സ്ക്ലൂസീവ് റിലീസ് ആണ്. മെയ് 20ന് പ്രേക്ഷകരിലേക്ക് എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്.
'തലൈവര്‍ 169': രജനികാന്ത് ചിത്രത്തോട് 'നോ' പറഞ്ഞ് ഐശ്വര്യ റായ്
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്. തലൈവര്‍ 169 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാൻ ഐശ്വര്യ റായ്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായ്‍യുടെ പേരായിരുന്നു. എന്നാല്‍ രജിനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ്‍ നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്‍തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.