പ്ലസ് ടു പിള്ളേരുടെ തനി നാടൻ തല്ല്, വില്ലനിസത്തിൽ കസറി ചന്തു സലിം കുമാർ; 'ഇടിയൻ ചന്തു' റിവ്യു
ഇടിയൻ ചന്തുവിന്റെ പ്രധാന ഹൈലൈറ്റ് ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര ഫൈറ്റുകൾ ആണ്.
സംഘട്ടനം പീറ്റർ ഹെയ്ൻ. ഈ പേര് കേട്ടാൽ പിന്നെ പറയണ്ടല്ലോ. മാസ് ഫൈറ്റുകൾ കൊണ്ടുള്ള മേളമായിരിക്കും സിനിമയിൽ ഉടനീളം. അപ്പോൾ പിന്നെ സിനിമ തന്നെ അടിപ്പടം ആയാലോ. പറയേണ്ടല്ലോ പൂരം. അത്തരത്തിലൊരു സിനിമയാണ് ഇന്ന് തിയറ്ററിൽ എത്തിയ ഇടിയൻ ചന്തു. നല്ല അസൽ ഫൈറ്റ് സീനുകൾ കോർത്തിണക്കിയാണ് സംവിധായകൻ ശ്രീജിത്ത് വിജയൻ സിനിമ ഒരുക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പ്ലസ് ടു പിള്ളേരുടെ തനി നാടൻ മാസ് തല്ല് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഇന്ദു, ചന്തു, കരാട്ടെ കുഞ്ഞച്ചൻ, ഫാദർ ജോസഫ്, ടീന, തമ്പി എന്നിവരാണ് ഇടിയൻ ചന്തുവിലെ പ്രധാന കഥാപാത്രങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചന്തു എന്ന ഈ കഥാപാത്രത്തിന്റെ കുട്ടിക്കാലവും ആ വേളയിൽ മനസിൽ ഏൽക്കുന്ന ആഘാതവും അതിന്റെ ഭാഗമായി അവൻ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ചുരുക്കി പറയാം. പതിയെ തുടങ്ങി പിന്നീട് പ്രേക്ഷകരെ ആവേശ ഭരിതരാക്കിയാണ് ചിത്രം മുന്നേറുന്നത്.
പൊലീസുകാരനായ ഇടിയൻ ചന്ദ്രന്റെ മകനാണ് ചന്തു. കുട്ടിക്കാലം മുതൽ അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ അവന് ഇഷ്ടമില്ല. എന്നാൽ ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. ഇതിനിടെ ചന്ദ്രൻ കൊല്ലപ്പെടുന്നുണ്ട്. ശേഷം അച്ഛന്റെ ജോലി അമ്മയിലേക്ക് വരുന്നു. എന്നാൽ ഇത് നിഷേധിക്കുന്ന അമ്മ. മകനെ നന്നാക്കാൻ ആ ജോലി അവന് നൽകണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ പ്ലസ് ടു പാസാകണം. ഇതിനായി അമ്മ പല സ്കൂളിലും ചന്തുവിടെ പഠിക്കാൻ വിടുന്നുണ്ട് എങ്കിലും ചന്തുവിന്റെ തല്ല് കാരണം അവിടങ്ങളിൽ നിന്നെല്ലാം പറഞ്ഞ് വിടുന്നു. ശേഷം ഒരച്ഛൻ നടത്തുന്ന സ്കൂളിലേക്ക് ചന്തു എത്തുന്നതോടെ കഥ വേറൊരു ഘട്ടത്തിലേക്ക് തിരിയുകയാണ്. ഇവിടെ പക്ഷേ ചന്തുവിനെ കാത്തിരുന്നത് വലിയൊരു പ്രശ്നം ആയിരുന്നു. ഇതിനെ എല്ലാം ചന്തു എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് ചിത്രം പറയുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ പൂർണമായും ആക്ഷൻ പടമായല്ല ശ്രീജിത്ത് ഇടിയൻ ചന്തു ഒരുക്കിയിരിക്കുന്നത്. ഇമോഷനും പ്രണയവും എല്ലാം അതിൽ കടന്നു വരുന്നുണ്ട്. കാലികപ്രസക്തമായ വിഷയം പറഞ്ഞു കൊണ്ടാണ് ഇടിയൻ ചന്തു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. വിദ്യാലയങ്ങളിൽ ലഹരി മാഫിയ കയ്യടക്കാൻ ശ്രമിക്കുന്നതും അതിനെ വിദ്യാർത്ഥികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതെല്ലാം ഇടിയൻ ചന്തു തുറന്നു കാട്ടുന്നുണ്ട്.
നിലുവിനെ സ്കൂളിൽ അയച്ചപ്പോൾ കരഞ്ഞത് എന്തിന് ? തുറന്നു പറഞ്ഞ് പേളി
ഇടിയൻ ചന്തുവിന്റെ പ്രധാന ഹൈലൈറ്റ് ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര ഫൈറ്റുകൾ ആണ്. ഒപ്പം മികച്ച ബാക്ഗ്രൗണ്ട് സ്കോറും സൗണ്ട് ഡിസൈനിങ്ങും ഒക്കെ ആയപ്പോൾ വേറെ ലെവൽ ഫീൽ ആണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രത്തിലെ അഭിനേതാക്കളുടെ കാര്യം എടുത്ത് പറയേണ്ടുന്നതാണ്. ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചെറിയ സീനിൽ വന്നിട്ട് പോകുന്നവർ പോലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ആകെ മൊത്തത്തിൽ നല്ല ഇടിപ്പടം കാണാൻ താല്പര്യം ഉള്ളവർക്ക് ഇടിയൻ ചന്തു കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..