കാര്യമുണ്ട്; വെറും 'തമാശയല്ല'- റിവ്യു
വിനയ് ഫോര്‍ട്ട് എന്ന നടന്റെ മാനറിസങ്ങളിലെ കൌതുകങ്ങള്‍ ഒളിപ്പിച്ച ട്രെയിലറും പാട്ടുമായാണ് 'തമാശ' ആദ്യം പ്രേക്ഷകരെ ആകര്‍ഷിച്ചത്. സിനിമ കണ്ടിറങ്ങുമ്പോള്‍, വിനയ് ഫോര്‍ട്ടിനൊപ്പം സിനിമയൊന്നാകെ ചേരുന്ന ആഖ്യാനകൌശലവുമാണ് തെളിഞ്ഞുനില്‍ക്കുക. സമകാലീന സമൂഹം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം അയത്നലളിതമായി ഒരു എന്റര്‍ടെയ്‍നറായി ഒരുക്കിയിരിക്കുന്നു. തമാശ എന്ന സിനിമയുടെ റിവ്യു
വിനയ് ഫോര്‍ട്ട് എന്ന നടന്റെ മാനറിസങ്ങളിലെ കൌതുകങ്ങള്‍ ഒളിപ്പിച്ച ട്രെയിലറും പാട്ടുമായാണ് 'തമാശ' ആദ്യം പ്രേക്ഷകരെ ആകര്‍ഷിച്ചത്. സിനിമ കണ്ടിറങ്ങുമ്പോള്‍, വിനയ് ഫോര്‍ട്ടിനൊപ്പം സിനിമയൊന്നാകെ ചേരുന്ന ആഖ്യാനകൌശലവുമാണ് തെളിഞ്ഞുനില്‍ക്കുക. സമകാലീന സമൂഹം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം അയത്നലളിതമായി ഒരു എന്റര്‍ടെയ്‍നറായി ഒരുക്കിയിരിക്കുന്നു. തമാശ എന്ന സിനിമയുടെ റിവ്യു
ആദ്യ രംഗത്തില്‍ തന്നെ സിനിമ എന്താണ് പറയുന്നത് എന്ന് അടിവരയിട്ടുറപ്പിക്കുന്നുണ്ട് സംവിധായകൻ. ധീരോദാത്തനധി പ്രതാപ ഗുണവാനായിരിക്കണം നായകൻ എന്ന നാട്യപ്രമാണം പഠിപ്പിക്കുകയാണ് കഥാനായകനായ വിനയ് ഫോര്‍ട് വേഷമിടുന്ന കോളേജ് പ്രൊഫസര്‍ ശ്രീനിവാസൻ. ക്ലാസ്സിലെ ഒരു വിദ്യാര്‍ഥി ശ്രീനിവാസന്റെ കാരിക്കേച്ചര്‍ വരയ്‍ക്കുകയും ഇരട്ടപ്പേരുകള്‍ വിളിക്കുകയും ചെയ്യുന്നതാണ് ആദ്യ രംഗം. ചിത്രം അവസാനത്തോട് അടുക്കുമ്പോള്‍ സി അയ്യപ്പന്റെ വരികളും ചേര്‍ത്തുവയ്‍ക്കുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. ഇത് സിനിമയുടെ ആകെത്തുക. അല്ലെങ്കില്‍ സിനിമ കണ്ടതിനു ശേഷം വിലയിരുത്തേണ്ട വിഷയങ്ങള്‍. പക്ഷേ ഒഴുക്കൊട്ടും കുറയാത്ത ഒരു അതിമനോഹരമായ എന്റര്‍ടെയ്‍നറായിട്ടാണ് തമാശ തീയേറ്ററില്‍ അനുഭവപ്പെടുക. ശ്രീനിവാസൻ എന്നാണ് കഥാനായകന്റെ പേരെങ്കിലും ശ്രീനിവാസൻ സിനിമകളിലെ അപകര്‍ഷതാ ബോധത്തോടാണ് സിനിമയ്‍ക്ക് മൊത്തത്തില്‍ ചേര്‍ച്ച എന്നും തെറ്റിവായിക്കരുത്.
ശ്രീനിവാസന് പ്രശ്‍നം സ്വന്തം കഷണ്ടി തന്നെയാണ്. അതിന്റെ ഉള്‍വലിയലുകളും അയാള്‍ക്കുണ്ട്. വിവാഹ ആലോചനയിലേക്ക് എത്തുമ്പോഴാണ് പ്രശ്‍നം രൂക്ഷമാകുന്നത്. പെണ്ണുകാണല്‍ ചടങ്ങിലും കഷണ്ടി തന്നെയാണ് വില്ലനാകുന്നത്. പിന്നീട് ശ്രീനിവാസന്റെ പ്രണയമാണ് സിനിമയ്‍ക്കുള്ളിലെ വിഷയം. ശ്രീനിവാസന്റെ ജീവിതത്തിലേക്കു വരുന്ന രണ്ട് സ്‍ത്രീകള്‍. ഇടവേള കഴിഞ്ഞ് മറ്റൊരു നായികയും. അങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ടെങ്കിലും അവ സിനിമയിലെ ശ്രീനിവാസന്റെ ജീവിതത്തിലേക്ക് ഒറ്റഭാഗമായി സമര്‍ഥമായി ചേര്‍ത്തുവച്ചിട്ടുണ്ട് സംവിധായകൻ.
പൊന്നാനിക്കാരനായ മലയാളം അധ്യാപകന്റെ വേഷത്തില്‍ കസറിയ വിനയ് ഫോര്‍ട് തന്നെയാണ് ട്രെയിലറിലെ പോലെ തന്നെ സിനിമയുടെയും പ്രധാന ആകര്‍ഷണം. കഷണ്ടിയും അതുകാരണമുള്ള ആത്മവിശ്വാസമില്ലായ്‍മയുമെല്ലാം വിനയ് ഫോര്‍ട്ടിന്റെ നോട്ടത്തിലും സംസാരത്തിലും ചലനത്തില്‍ പോലും തെളിഞ്ഞുനില്‍ക്കുന്നു. നായികമാര്‍ മൂന്നൂപേരുണ്ടെങ്കിലും ഒരാളും വെറുതെ നില്‍ക്കാനായി സിനിമയില്‍ വന്നവരല്ല. ദിവ്യ പ്രഭ, ഗ്രേസ്, ചിന്നു എന്നീ നായികമാരും കയ്യടി നേടുന്നു. മൂന്നുപേരും വിനയ് ഫോര്‍ട്ടുമായുള്ള ഓണ്‍ സ്ക്രീൻ കെമസ്‍ട്രിയില്‍ മികച്ചുനില്‍ക്കുന്നു. അഭിനേതാക്കളില്‍ എടുത്തുപറയേണ്ട ഒരാള്‍ നവാസ് വളളിക്കുന്ന് ആണ്. തമാശയെ, തമാശയാക്കുന്നത് വിനയ് ഫോര്‍ട്ടും നവാസ് വള്ളിക്കുന്നും ചേര്‍ന്നുള്ള രംഗങ്ങള്‍ കൂടിയാണ്.
ഒരു സംവിധായകൻ കൂടി വരവറയിച്ചിരിക്കുന്നുവെന്നതാണ് 'തമാശയു'ടെ മറ്റൊരു കാര്യം. കഥാപാത്രത്തിന് ശ്രീനിവാസൻ എന്ന പേരിട്ടതിലും തുടക്കംമുതലുള്ള രംഗങ്ങളിലും തുടങ്ങുന്നു അഷ്‍റഫ് ഹംസയുടെ മികവ്. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോയടക്കം വിഷയമവതരിപ്പിക്കാൻ സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നു. കഥാപാത്രത്തിന്റെ തന്നെ പേരുള്ള ചിന്നുവെന്ന നടിയേയുമാണ് സിനിമയേയും അതിന്റെ പ്രമേയത്തിലേക്കും സംവിധായകൻ ക്ഷണിച്ചിരിക്കുന്നത്. ഒരുപക്ഷേ മുഴുനീള എന്റര്‍ടെയ്‍നര്‍ സിനിമയ്‍ക്ക് സാധ്യതയുണ്ടോയെന്ന് തോന്നിയേക്കാവുന്ന പശ്ചാത്തലത്തില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമാണ് ഓരോ രംഗങ്ങളും ചേരുംപടി ചേര്‍ത്തിണക്കിയിരിക്കുന്നത്. പറയാൻ ഉദ്ദേശിച്ച വിഷയം കൃത്യമായി പറയുമ്പോള്‍ തന്നെ വിനോദമെന്ന നിലയിലുള്ള ആസ്വാദനത്തിന് ഇടര്‍ച്ച തട്ടാതെവിധവും മറിച്ചുംചിന്തിക്കാവുന്ന തരത്തിലാണ് തിരക്കഥയിലും ആഖ്യാനവും അഷ്‍റഫ് ഹംസ കൈകാര്യം ചെയ്‍തിരിക്കുന്നത്. സാമിര്‍ താഹിര്‍ സിനിമയോടിണങ്ങി നിന്നുതന്നെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. ക്യാമറക്കാഴ്‍ചയുടെ സൌന്ദര്യം മൊത്തത്തിലുള്ള സിനിമയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സാമിറിന്റെ ക്യാമറ.