വേറിട്ട വഴിയേ ഒരു ത്രില്ലര്‍; 'വിചിത്രം' റിവ്യൂ
മിസ്റ്ററി ക്രൈം ത്രില്ലര്‍ പ്ലോട്ടുകളില്‍ ഉണ്ടാവാറുള്ള ക്ലീഷേകള്‍ ഒഴിവാക്കുന്ന ചിത്രം
എഡിറ്റര്‍ എന്ന നിലയില്‍ സിനിമാമേഖലയില്‍ ശ്രദ്ധ നേടിയ അച്ചു വിജയന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് വിചിത്രം. നിഖില്‍ രവീന്ദ്രന്‍ എന്ന നവാഗതന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ഫാമിലി മിസ്റ്ററിയുടെ തലമുള്ള ഒരു ക്രൈം ത്രില്ലര്‍ സിനിമയാണ്. ആദ്യ പോസ്റ്റര്‍ മുതലുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ആസ്വാദകശ്രദ്ധ നേടിയിരുന്ന ചിത്രം വേറിട്ട വഴിയേ സഞ്ചരിക്കുന്ന ഒരു മിസ്റ്ററി ക്രൈം ത്രില്ലര്‍ സിനിമയാണ്. ഇത്തരം പ്ലോട്ടുകളില്‍ സാധാരണ ആവര്‍ത്തിച്ചു വരാറുള്ള ഘടകങ്ങളില്‍ പലതും തിരക്കഥാകൃത്തും സംവിധായകനും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ് എന്നതാണ് ചിത്രത്തിലെ എടുത്തുപറയേണ്ട കാര്യം.
മധ്യവയസ്കയായ ജാസ്മിന്‍റെയും അഞ്ച് ആണ്‍മക്കളുടെയും ജീവിത പരിസരങ്ങളിലേക്കാണ് വിചിത്രം പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സമ്പന്നമായ ഒരു കുടുംബാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന ജാസ്മിന്‍ സ്വന്തം താല്‍പര്യപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുത്തയാളും അങ്ങനെ കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമാണ്. നിലവില്‍ ഒട്ടനവധി സാമ്പത്തിക പ്രയാസങ്ങളില്‍ ഞെരിഞ്ഞു ജീവിക്കുന്ന ഈ കുടുംബത്തിന് ഒരു സവിശേഷ സാഹചര്യത്തില്‍ ജാസ്മിന്‍ ഇറങ്ങിപ്പോന്ന പുത്തന്‍കൂര്‍ തറവാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരികയാണ്. ചില അസ്വാഭാവികതകള്‍ ഉണ്ടെന്ന് പറയപ്പെടുന്ന വീട്ടിലേക്ക് എത്തുന്ന ജാസ്മിനെയും മക്കളെയും കാത്തിരിക്കുന്നത് ചില വിചിത്രാനുഭവങ്ങളാണ്. നിഗൂഢമാക്കപ്പെട്ട ചിലത് പതിയെപ്പതിയെ ചുരുളഴിക്കപ്പെടുകയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. ഒരു ഇടവപ്പാതി കാലത്തെ ഒരാഴ്ചയാണ് ചിത്രത്തിന്‍റെ ടൈംലൈന്‍. ജാസ്മിനായി ജോളി ചിറയത്തും ജാസ്മിന്‍റെ മൂത്ത മകന്‍ ജാക്സണ്‍ ആയി ഷൈന്‍ ടോം ചാക്കോയും എത്തുന്നു. ജാക്സന്‍റെ ഒരു സഹോദരനെ അവതരിപ്പിച്ചിരിക്കുന്നത് ബാലു വര്‍ഗീസ് ആണ്. മാര്‍ത്തയെന്ന കഥാപാത്രമായി കനി കുസൃതിയും സാന്നിധ്യമറിയിക്കുന്നുണ്ട് ചിത്രത്തില്‍.
മിസ്റ്ററി ക്രൈം ത്രില്ലര്‍ പ്ലോട്ടുകളില്‍ ഉണ്ടാവാറുള്ള ക്ലീഷേകള്‍ ഒഴിവാക്കിയുള്ളതാണ് ചിത്രമെന്ന് പറഞ്ഞു. നിഗൂഢതയുടെ ചില വഴികളിലേക്ക് കാണികളെ കൊണ്ടുപോകുന്ന ചിത്രം പാരാനോര്‍മല്‍ എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങളിലേക്കും വാതില്‍ തുറക്കുന്നുണ്ട്. ക്രൈം ത്രില്ലര്‍ സിനിമകളില്‍ മിക്കപ്പോഴും നിഗൂഢത തെളിയിക്കേണ്ടത് കേന്ദ്ര കഥാപാത്രത്തില്‍ അര്‍പ്പിതമായ നിയോഗമാണെങ്കില്‍ ഇവിടെ അവ തനിയെ മറനീക്കപ്പെടുകയാണ്. പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി കാണാനാവാത്ത ദിശകളിലൂടെയാണ് വിചിത്രത്തിന്‍റെ സഞ്ചാരം.
ജോളി ചിറയത്തിന് കരിയറില്‍ ലഭിച്ച ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് വിചിത്രത്തിലെ ജാസ്മിന്‍. അഞ്ച് ആണ്‍മക്കള്‍ക്കൊപ്പമാണ് ജീവിതമെങ്കിലും പ്രാരാബ്ധങ്ങളില്‍ നിന്ന് മോചനമില്ലാത്ത, ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഇപ്പോഴും ജോലി ചെയ്യേണ്ടിവരുന്ന കഥാപാത്രം. അതേസമയം യുവാക്കളായ മക്കളുടെ സ്നേഹ ബഹുമാനങ്ങള്‍ക്കിടയില്‍ ഒരു തരത്തില്‍ സന്തുഷ്ടിയിലുമാണഅ ഈ കഥാപാത്രത്തിന്‍റെ ജീവിതം. ജാസ്മിന്‍റെ മക്കളില്‍ ഷൈന്‍ ടോം ചാക്കോ പതിവുപോലെ ഷൈന്‍ ചെയ്‍തപ്പോള്‍ കാണികളെ ഏറെ രസിപ്പിക്കുന്നത് ബാലു വര്‍ഗീസ് ആണ്. നിഗൂഢതയുടെ പരിവേഷമുള്ള ചിത്രത്തില്‍ ഹ്യൂമര്‍ ട്രാക്ക് കൊണ്ടുപോകുന്നത് ബാലുവാണ്.
പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നിരവധി ഉണ്ടെങ്കിലും കഥപറച്ചിലിലെ ഫോക്കസ് നഷ്ടപ്പെടാതെയുള്ളതാണ് നിഖില്‍ രവീന്ദ്രന്‍റെ തിരക്കഥ. പാളിപ്പോകാന്‍ ഏറെ സാധ്യതയുള്ള ഒരു പ്ലോട്ടിനെ അങ്ങനെ സംഭവിക്കാതെ ക്ലൈമാക്സിലേക്ക് എത്തിച്ചതില്‍ സിനിമയിലെ സാങ്കേതിക ഘടകങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. അര്‍ജുന്‍ ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രധാന പ്ലോട്ടില്‍ നിഗൂഢതയുടേതായ ആവരണമുള്ള ചിത്രത്തിന് ആ മൂഡ് നല്‍കുന്നതില്‍ അര്‍ജുന്‍റെ ഫ്രെയ്‍മുകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പോലെ സൌണ്ട്സ്കേപ്പിന്‍റെയും ഏറ്റവും ഉചിതമായ ഉപയോഗം ചിത്രത്തില്‍ കാണാം. ജുബൈര്‍ മുഹമ്മദ് പശ്ചാത്തല സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ സൌണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു ഗോവിന്ദ് ആണ്.
ട്വിസ്റ്റിനുവേണ്ടിയുള്ള ട്വിസ്റ്റുകള്‍ ഇല്ല എന്നതാണ് ഈ മിസ്റ്ററി ത്രില്ലറിനെ ശ്രദ്ധേയമാക്കുന്നത്. അതേസമയം വേറിട്ട ഒരു അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു വിചിത്രം. ആദ്യചിത്രം കൊണ്ടുതന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിക്കുന്നുണ്ട് സംവിധായകന്‍ അച്ചു വിജയന്‍.
ALSO READ : 'അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം'; ആസിഫ് അലിയോട് മനസ് നിറഞ്ഞ സ്നേഹമെന്ന് മമ്മൂട്ടി