നീതിക്ക് വേണ്ടി 'തലൈവരുടെ വേട്ടയാടല്‍': മാസും ക്ലാസും - 'വേട്ടയ്യന്‍' റിവ്യൂ
രജനികാന്തിനെ നായകനാക്കി ജ്ഞാനവേല്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വേട്ടൈയന്‍. എന്‍കൗണ്ടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥ പറയുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് മുന്നോട്ട് വയ്ക്കുന്നത്.
രജനികാന്ത് ചിത്രം എന്നത് ഒരു ആഘോഷമാണ്. മാസിന് മാസ്, ആക്ഷന് ആക്ഷന്‍ പിന്നെ രജനിയുടെ സ്റ്റെലും. അതിനൊപ്പം മുന്‍ചിത്രത്തില്‍ തന്‍റെ ക്ലാസ് കാണിച്ച ഒരു സംവിധായകന്‍ ചേരുമ്പോള്‍ സംഭവിക്കുന്ന ചേരുവ മാറ്റം സംഭവിച്ചിരിക്കുന്ന പടമാണ് വേട്ടൈയന്‍. അതിനാല്‍ തന്നെ രജനി പ്രേക്ഷകര്‍ക്ക് വേണ്ടുന്ന വിഭാവങ്ങള്‍ക്കൊപ്പം ശക്തമായ ഒരു സന്ദേശവും ചിത്രം നല്‍കുന്നു.
കന്യകുമാരി ജില്ലയിലെ എസ്.പിയായി എത്തുന്ന രജനികാന്തിന്‍റെ ക്യാരക്ടറിലൂടെയാണ് സിനിമ തുടങ്ങുന്നത്. സമൂഹത്തിലെ ക്രിമിനലുകളെ എന്‍കൗണ്ടര്‍ ചെയ്യുന്നതില്‍ ഒരു ശരികേടും കാണാത്ത ഒരു പൊലീസ് ഓഫീസറാണ് രജനി. ഒപ്പം സന്തത സഹചാരിയായി 'ബാറ്ററി' എന്ന് വിളിക്കപ്പെടുന്ന ഫഹദ് അവതരിപ്പിക്കുന്ന പാട്രിക് എന്ന ക്യാരക്ടറുമുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ തന്‍റെ എന്‍കൗണ്ടര്‍ സംബന്ധിച്ച ന്യായീകരണങ്ങള്‍ തെറ്റുന്നതും അതിന്‍റെ സത്യത്തിന് വേണ്ടി രജനിക്ക് പോരാടേണ്ടി വരുന്നതാണ് കഥാതന്തു.
വേട്ടൈയന്‍ എന്നാല്‍ വേട്ടക്കാരന്‍ എന്നാണ് അര്‍ത്ഥം, എന്നാല്‍ പൊലീസ് ഒരിക്കലും വേട്ടക്കാരനല്ല, സംരക്ഷകരാണ് എന്ന സന്ദേശമാണ് ഒടുവില്‍ ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഇന്നത്തെക്കാലത്ത് എന്‍കൗണ്ടര്‍ എന്ന വളരെ ജനപ്രീയമായ വാക്കായി മാറുന്ന കാലത്ത് രജനികാന്തിനെപ്പോലെ ഒരു സൂപ്പര്‍താരത്തെ വച്ച് അതിനെതിരായ ഒരു സന്ദേശം ചിത്രം നല്‍കുന്നു. അത് ഒരുക്കിയ സംവിധായകന്‍ ജ്ഞാനവേല്‍ എന്തായാലും അഭിനന്ദനം അര്‍ഹിക്കുന്നു.
കഥാഗതിയിലോ, ആക്ഷന്‍ ബ്ലോക്കുകളിലോ, രജനിയുടെ മാസ് നമ്പറിലോ പ്രേക്ഷകന് പുതുമയൊന്നും തേടാനില്ലെങ്കിലും വളരെ ഗംഭീരമായ സാമൂഹ്യ സന്ദേശങ്ങള്‍ പലയിടത്തായി ലഭിക്കുന്നുണ്ട് ചിത്രത്തില്‍ നിന്ന്. അതില്‍ തന്നെ എന്‍കൗണ്ടറുകള്‍ എന്ന ഓമനപ്പേരില്‍ ഇന്‍സ്റ്റ്യൂഷന്‍ കൊലകള്‍ എങ്ങനെ നടക്കുന്നു? അതിന്‍റെ യഥാര്‍ത്ഥ ഇരകള്‍ ആര്? തുടങ്ങിയ പല ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
സത്യദേവ് എന്ന ജുഡീഷ്യല്‍ ഓഫീസറുടെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തുന്നത്. കാര്യമായ പുതുമകള്‍ ഇല്ലാത്ത വേഷത്തില്‍ എന്നാല്‍ ബിഗ് ബി തന്‍റെ ഭാഗം ഭംഗിയാക്കുന്നുണ്ട്. ദുഷാര അഭിനയിച്ച ശരണ്യ എന്ന റോളും ഗംഭീരമായിരുന്നു. മഞ്ജു വാര്യരുടെ സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. എഎസ്പി രൂപ എന്ന റോളില്‍ റിതിക സിംഗും തിളങ്ങി.
ഫഹദിന്‍റെ അന്യഭാഷയിലെ ഇതുവരെ വന്ന റോളുകളില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് പാട്രിക്ക് എന്ന ബാറ്ററി. അല്‍പ്പം ഹാസ്യത്തിന്‍റെ മെമ്പോടിയില്‍ മുന്നോട്ട് പോകുന്ന റോള്‍ ചിത്രത്തില്‍ ഉടനീളമുണ്ട്. റാണയുടെ നടരാജ് എന്ന വില്ലന്‍ വേഷവും ചിത്രത്തില്‍ പ്രധാന്യമേറിയതാണ്.
ചിലപ്പോള്‍ സീരിയസായ മൂഡിലേക്ക് പോകുന്ന വേട്ടൈയനെ പലപ്പോഴും ഒരു രജനിചിത്രമായി പിടിച്ചുനിര്‍ത്തുന്നത് ചിത്രത്തെ അനിരുദ്ധിന്‍റെ സംഗീതമാണ്. ചിത്രത്തിലെ 'മനസിലായോ' ഗാനം രജനിയുടെ ഇന്‍ട്രോ ഗാനം ആണെങ്കില്‍ ആ മൂഡില്‍ അല്ല ചിത്രം പോകുന്നത്. എന്നാല്‍ രജനികാന്തിന് മാസ് കാണിക്കാനുള്ള സീനുകള്‍ അനിരുദ്ധ് തന്‍റെ സംഗീതത്തെ അഴിച്ചുവിട്ടിട്ടുണ്ട് എന്ന് പറയാം.
രജനികാന്തിനെപ്പോലെ ഒരു സൂപ്പര്‍താരത്തിനെ ഒരു ചിത്രത്തിന് ലഭിച്ചാല്‍ അതില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായി വരും. അതെല്ലാം നല്‍കുന്നതോടൊപ്പം രജനികാന്തിന്‍റെ കഥാപാത്രത്തെ വച്ച് തന്നെ പല സാമൂഹ്യധാരണകളെയും ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് വലിയ കാര്യമാണ്. 'എന്‍കൗണ്ടറിനെ' മഹത്വവത്കരിക്കുന്ന ഡയലോഗിന്‍റെ പേരില്‍ ഈ ചിത്രത്തിനെതിരെ ട്രെയിലര്‍ വന്നപ്പോള്‍ കേസിന് പോയവരുണ്ട്, അവര്‍ സിനിമ കണ്ടാല്‍ ചിലപ്പോള്‍ കൈയ്യടിക്കും എന്ന് ഉറപ്പാണ്.
പ്രണയാര്‍ദ്രമായ ഫ്രെയിം, 'ഒരു കട്ടില്‍ ഒരു മുറി'യുടെ റിവ്യു
റിലീസിന് ആറ് ദിവസം, 'വേട്ടയ്യന്' വൻ കുരുക്ക്, പ്രദർശനം വൈകുമോ ? നിരാശയിൽ രജനി ആരാധകർ