അര്‍ദ്ധ സഹോദരങ്ങളുടെ ഒരു അപൂര്‍വ്വ സംഗമം; 'വെളിച്ചം തേടി' റിവ്യൂ
ഐഎഫ്എഫ്‍കെ 2024 മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്‍റെ കാഴ്ചാനുഭവം

മരണപ്പെട്ട അമ്മയെക്കുറിച്ചുള്ള രണ്ട് മക്കളുടെ ഓര്‍മ്മകളും സംഭാഷണങ്ങളുമാണ് റിനോഷന്‍ കെ സംവിധാനം ചെയ്ത വെളിച്ചം തേടി എന്ന മലയാള ചിത്രം. ഐഎഫ്എഫ്കെയിലെ മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ഇത്. രണ്ട് മക്കളില്‍ മകള്‍ ആ സ്ത്രീയുടെ ആദ്യ വിവാഹത്തിലുള്ളയാളും മകന്‍ രണ്ടാം വിവാഹത്തില്‍ ഉള്ളയാളുമാണ്. നന്നേ ചെറുപ്രായത്തിലേ തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെക്കുറിച്ചുള്ള അസുഖകരമായ ഓര്‍മ്മകളാണ് മകള്‍ റോഷ്നിക്ക് ഉള്ളതെങ്കില്‍ അവളുടെ അര്‍ദ്ധ സഹോദരന്‍ നിവേദിനെ സംബന്ധിച്ച്
ഏറെ സ്നേഹസമ്പന്നയായിരുന്നു അമ്മ. മാത്രമല്ല, അമ്മയുടെ മരണവുമായി നിവേദ് പൊരുത്തപ്പെട്ടിട്ടുമില്ല. മരണശേഷം അമ്മയെക്കുറിച്ച് കൂടുതല്‍ അറിയുക എന്ന ആഗ്രഹവുമായാണ് കുടുംബവുമൊത്ത് മുംബൈയില്‍ കഴിയുന്ന റോഷ്നി ബെംഗളൂരുവിലുള്ള നിവേദിനെ കാണാന്‍ എത്തുന്നത്.
സിനിമയില്‍ ഉടനീളം അവര്‍ എന്നാണ് റോഷ്നി അമ്മയെ വിശേഷിപ്പിക്കുന്നത്. നിവേദ് ആകട്ടെ ഏറെ സ്നേഹത്തോടെയും നഷ്ടബോധത്തോടെയുമാണ് അമ്മയെ ഓര്‍ക്കുന്നത്. കൗതുകകരമായ ഈ പ്ലോട്ടിനെ കൂടുതല്‍ സമയവും റിയലിസ്റ്റിക് ആയാണ് സംവിധായകന്‍ റിനോഷന്‍ പരിചരിച്ചിരിക്കുന്നത്. ചുരുക്കം കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ സ്ക്രീനിലെത്തുന്നത് നാലോളം കഥാപാത്രങ്ങള്‍ മാത്രമാണ്. റോഷ്നിയെയും നിവേദിനെയും കൂടാതെ നിവേദിന്‍റെ ഗേള്‍ഫ്രണ്ടും അമ്മയുടെ അടുത്ത സുഹൃത്തായിരുന്ന ഒരു സ്ത്രീയും മാത്രമാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. നരേഷന്‍റെ കേന്ദ്രസ്ഥാനത്തുള്ള അമ്മ പോലും ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. അതും അപൂര്‍ണ്ണമായി.
അതേസമയം രണ്ട് ബന്ധങ്ങളിലെ രണ്ട് മക്കളുടെ ഓര്‍മ്മകളിലൂടെയും അനുഭവങ്ങളിലൂടെയും മരണപ്പെട്ട ഒരു സ്ത്രീയുടെ കഥാപാത്രം വരച്ചിടുകയാണ് റിനോഷന്‍. തനിക്കുണ്ടായ ദുരനുഭവങ്ങളുടെ പേരില്‍ അമ്മയെക്കുറിച്ച് അര്‍ദ്ധ സഹോദരനോട് ഉടനീളം മോശം മാത്രം പറയുന്ന റോഷ്നിയുടെ മനസിലെ ചിത്രത്തിനാണ് സിനിമ അവസാനിക്കുമ്പോഴേക്ക് വ്യത്യാസം വരുന്നത്. അമ്മയില്‍ നിന്ന് ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങള്‍ മാത്രമല്ല അവരെക്കൊണ്ട് ഇത്രയും രൂക്ഷമായി പ്രതികരിപ്പിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് പതിയെ മനസിലാവുന്നുണ്ട്. മരണപ്പെട്ട അമ്മയോട് തനിക്കുള്ള ചിലത് ചോദിക്കാന്‍ ഓജോ ബോര്‍ഡിനെ വരെ ആശ്രയിക്കുന്നുണ്ട് റോഷ്നി.
കെട്ടുകാഴ്ചകളൊന്നുമില്ലാതെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ഇതള്‍വിരിയുന്ന ചിത്രമാണ് വെളിച്ചം തേടി. പ്ലോട്ടിന്‍റെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ചിത്രം ഉടനീളം ആ താല്‍പര്യം നിലനിര്‍ത്തുന്നുണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറെടുത്തിരിക്കുന്ന റോഷ്നിക്ക് തന്‍റെ വേരിനെക്കുറിച്ചുള്ള ധാരണകളോ തെറ്റിദ്ധാരണകളോ നീക്കേണ്ടത് അത്യാവശ്യമാണ്. സംവിധായകന്‍ റിനോഷന്‍ തന്നെ രചനയും നിര്‍മ്മാണവും ഛായാഗ്രഹണവും എഡിറ്റിംഗും സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷ്നിയായി പൂജ ശ്രീനനും നിവേദ് ആയി നിഥിന്‍ പോപ്പിയും അഭിനയിച്ചിരിക്കുന്നു.
ALSO READ : വെളിച്ചത്തെ അന്വേഷിക്കുന്ന ജീവിതങ്ങള്‍: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' റിവ്യൂ
