മട്ടാഞ്ചേരി കാഴ്‍ചകളുടെ 'വലിയ പെരുന്നാൾ' റിവ്യൂ
'ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്' എന്ന കാപ്ഷനോടെ തുടങ്ങുന്ന ചിത്രം ഷെയിന്‍ നിഗം വേഷമിടുന്ന ഡാൻസറായ അക്കറിന്റെയും ജോജു അവതരിപ്പിക്കുന്ന ശിവ കുമാർ എന്ന കഥാപാത്രത്തിന്റെയും ജീവതത്തിലൂടെയാണ് സഞ്ചരിക്കുന്നത്
ക്രിസ്‍മസ് റിലീസായി എത്തുന്ന ചിത്രങ്ങൾ കൂടുതലും പ്രേക്ഷകർക്ക് സമ്മാനിക്കുക ഫെസ്റ്റിവല്‍ മൂഡാണ്. രണ്ടര മണിക്കൂർ ആസ്വദിച്ച് സിനിമ കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ പ്രേക്ഷകനും തിയേറ്ററിലെത്തുക. ഇത്തരത്തിലുള്ള അവധിക്കാല ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന തരത്തിലാണ് ഷെയ്ന്‍ നിഗം ചിത്രം വലിയ പെരുന്നാൾ തിയേറ്ററിലെത്തിയിരിക്കുന്നത്. വിവാദങ്ങൾ നിലനില്‍ക്കെ റിലീസാകുന്ന ഷെയിന്‍ നിഗം ചിത്രമെന്നതും വലിയ പെരുന്നാളിന്റെ പ്രത്യേകതയാണ്.
കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള കള്ളക്കടത്തും ലഹരി ഉപയോഗവുമെല്ലാം പറയുന്ന ചിത്രം വൈകാരികതയും ആക്ഷനുമൊപ്പം വ്യക്തമായൊരു സന്ദേശവും പകരുന്നു. മട്ടാഞ്ചേരിയിലെ തെരുവോരവും യുവാക്കളും അവരുടെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളില്‍ നിന്നാണ് കഥ തുടങ്ങുന്നത്. അത് അവസാനിക്കുന്നതാകട്ടെ വലിയ പെരുന്നാള്‍ കാലത്തും. അക്കർ , ശിവകുമാർ, പച്ച തുടങ്ങിയ കഥാപാത്രത്തിലൂടെ പോകുന്ന ചിത്രം ഇടവേളയ്‍ക്ക് ശേഷം ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നു.
'ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്' എന്ന കാപ്ഷനോടെ തുടങ്ങുന്ന ചിത്രം ഷെയിന്‍ നിഗം വേഷമിടുന്ന ഡാൻസറായ അക്കറിന്റെയും ജോജു അവതരിപ്പിക്കുന്ന ശിവ കുമാർ എന്ന കഥാപാത്രത്തിന്റെയും ജീവതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ജയിലിലാവുന്ന ഇരുവരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. സിനിമകളില്‍ കണ്ട് മടുത്ത മട്ടാഞ്ചേരിയിലെയും കൊച്ചിയിലെയും ഗുണ്ടാ കഥകളില്‍ നിന്ന് ആഖ്യാനത്തിലെ പുതുമ കൊണ്ട് ചിത്രം വേറിട്ടു നില്‍ക്കുന്നു. ഒപ്പം ഒരുപിടി മികച്ച നവാഗത നടൻമാരെയും ചിത്രം പരിചയപ്പെടുത്തുന്നു.
വൈകാരിക പ്രടകനം കൊണ്ട് ജോജു ശിവ കുമാർ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി. ഷെയിന്‍ നിഗത്തിന്റെ ഡാൻസും റെക്‌സ് വിജയന്റെ സംഗീതവും പ്രത്യേക ഒരു മൂഡിലേക്ക് ചിത്രത്തെ നയിക്കുന്നുണ്ട്. നായികയായി എത്തിയ ഹിമിക ബോസ് പൂജ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ചു. അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാന ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. ഗാനങ്ങള്‍ക്കും നൃത്തത്തിനും വളരെയേറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രേക്ഷകർക്ക് പുതു അനുഭവമാണ് നല്‍കുന്നത്. മുംബൈ ആസ്ഥാനമായ കിങ്‌സ് യുണൈറ്റഡാണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്.
കള്ളക്കടത്തും, കൊച്ചിയും മട്ടാഞ്ചേരിയൊക്കെ പഴയ വീഞ്ഞാണേലും അവതരണത്തിലെ പുതുമകൊണ്ട് മറികടക്കാൻ സംവിധായകൻ ഡിമല്‍ ഡെന്നിസിനായി. ഇഴച്ചിലുണ്ടാക്കുന്ന ആദ്യ ഭാഗത്തെ പലപ്പോഴും ന്യത്ത-ദ്യശ്യ സൗന്ദ്യര്യത്താല്‍ മറികടക്കാൻ സംവിധായകനായി. വിനായകന്‍, നിഷാന്ത് സാഗര്‍, അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ് തുടങ്ങിയ താരങ്ങളും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. പറഞ്ഞു വയ്ക്കുന്ന കഥയില്‍ പുതുമയില്ലെങ്കിലും അവതരണത്തിലെ പുതുമയും ചിത്രം പകരുന്ന സന്ദേശവും വലിയ പെരുന്നാളിനെ പ്രേക്ഷകരിലേക്ക് ചേർത്തുവയ്ക്കുന്നു.