ഈ അപ്പനും മകനും ഒന്നൊന്നര തീപ്പൊരിയാ; 'തീപ്പൊരി ബെന്നി' റിവ്യു
കുടുംബത്തോടൊപ്പം കണ്ടിരിക്കാൻ പറ്റിയ മനോഹരമായൊരു സിനിമയാണ് തീപ്പൊരി ബെന്നി.
രാഷ്ട്രീയം പ്രമേയമാക്കിയുള്ള നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. പാർട്ടികൾ തമ്മിലുള്ള പോര്, ക്യാമ്പസ് രാഷ്ട്രീയം, നാട്ടിലെ രാഷ്ട്രീയം എന്നിങ്ങനെ പോകുന്നു അത്തരം പ്രമേയങ്ങൾ. ഇവയിൽ നിന്നും വ്യത്യസ്തമായൊരു ആഖ്യാനവുമായി എത്തി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയാണ് 'തീപ്പൊരി ബെന്നി'. പേര് സൂചിപ്പിക്കുന്നത് പോലെ 'ബെന്നി ഒരു തീപ്പൊരി' തന്നെ.
പൊളിറ്റിക്കൽ- ഫാമിലി ഡ്രാമ, ഒറ്റവാക്കിൽ തീപ്പൊരി ബെന്നി എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വട്ടക്കുട്ടായിൽ ചേട്ടായി(ജഗദീഷ്), മകൻ ബെന്നി(അർജുൻ അശോകൻ), പൊന്നില(ഫെമിന ജോർജ്), ബേബി(ഷാജു ശ്രീധർ), നടൻ മുഹമ്മദ് റാഫി അവതരിപ്പിക്കുന്ന കഥാപാത്രം, പപ്പേട്ടൻ(ടി ജി രവി) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. തുടക്കത്തിൽ തന്നെ ചിത്രമൊരു ഫീൽ ഗുഡ് മൂവി ആയിരിക്കുമെന്ന് പ്രേക്ഷകന് ഉറപ്പ് നൽകുന്നുണ്ട്.
പിഎസ്എസി എഴുതി ഒരു ജോലിക്കായി കാത്തു നിൽക്കുന്ന ചെറുപ്പക്കാരനാണ് ബെന്നി. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ് ബേബിയും നടൻ മുഹമ്മദ് റാഫി അവതരിപ്പിക്കുന്ന കഥാപാത്രവും. ബെന്നിയുടെ അച്ഛൻ വട്ടക്കുട്ടായിൽ ചേട്ടായി കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. മകൻ ബെന്നി ആകട്ടെ ഈശ്വര വിശ്വാസിയും രാഷ്ട്രീയത്തോട് കടുത്ത എതിർപ്പുള്ള ആളുമാണ്.
അച്ഛൻ നാട്ടുകാർക്ക് വേണ്ടി നല്ലത് ചെയ്യുമ്പോൾ, വീട്ടിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ട് വളർന്ന ആളാണ് ബെന്നി. അതുകൊണ്ട് തന്നെയാണ് ബെന്നിയ്ക്ക് രാഷ്ട്രീയക്കാരോട് താല്പര്യം ഇല്ലാത്തും. ഇരുവരും തമ്മിലുള്ള രസകരവും സംഭവ ബഹുലമായ കാര്യങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ട് പോകുന്നത്. ഏത് രാഷ്ട്രീയത്തെ ആണോ പുച്ഛിച്ച് കണ്ടത് അതേ രാഷ്ട്രീയത്തോട് താല്പ്യം ഉണ്ടാകുന്ന ബെന്നിയെ ആണ് രണ്ടാം പകുതിയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഒപ്പം ട്വിസ്റ്റും മാസും കൂടിയുണ്ട്.
രാഷ്ട്രീയം നല്ലതാണെന്നും എന്നാൽ അതിൽ തന്നെ നല്ലതും ചീത്തയും ആയ രണ്ട് വശങ്ങൾ ഉണ്ടെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ഏത് പാർട്ടി പ്രവർത്തകർ ആയിക്കോട്ടെ ഒരിക്കലും അതിനെ ദുരുപയോഗം ചെയ്യരുതെന്ന ഓർമ്മപ്പെടുത്തലും യുവാക്കൾ വന്നാൽ രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെ ആണെന്നും തീപ്പൊരി ബെന്നി പറയുന്നു. എല്ലാറ്റിനും ഉപരി സ്നേഹമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്നും ചിത്രം ഓർമപ്പെടുത്തുന്നുണ്ട്.
അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്, കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് നൽകാനും തയ്യാർ: കനി കുസൃതി
അതിമനോഹരമായാണ് തീപ്പെരി ബെന്നിയുടെ തിരക്കഥ ജോജി തോമസും രാജേഷ് മോഹനും ചേർന്ന് ഒരുക്കിയിരിക്കുന്നത്. അച്ഛൻ-മകൻ ബന്ധത്തിന്റെ ഊഷ്മളതയും രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ അവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രണയവും എല്ലാം ചാലിച്ചാണ് തിരക്കഥ. ഇക്കാര്യങ്ങൾ സിനിമയിൽ കൊണ്ടുവന്ന് പ്രേക്ഷക മനസിൽ ആഴത്തിൽ എത്തിക്കാനും സംവിധായകർ കൂടി ആയ ഇവർക്ക് സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്. ഗ്രാമത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന ദൃശ്യങ്ങൾ ഒപ്പിയെടുത്ത അജയ് ഫ്രാൻസിസ് ജോർജ്ജ് കയ്യടി അർഹിക്കുന്നു.
ഒരു സീനിൽ വന്നുപോകുന്ന കഥാപാത്രങ്ങൾ പോലും ഗംഭീരമായാണ് അവരുടെ ഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അച്ഛൻ മകൻ കോമ്പോയിൽ ജഗദീഷും അർജുൻ അശോകനും തീപ്പൊരി പാറിച്ചിട്ടുണ്ട്. മകനോടുള്ള അച്ഛന്റെ വത്സല്യവും സ്നേഹവും എത്രത്തോളം ആണെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജഗദീഷിന് നൂറ് ശതമാനവും സാധിച്ചു. 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് പൊന്നില എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ഫെമിനയ്ക്ക് മലയാള സിനിമയിൽ ഒരു സ്ഥാനം സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പായി കഴിഞ്ഞു. പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും കുടുംബത്തോടൊപ്പം കണ്ടിരിക്കാൻ പറ്റിയ മനോഹരമായൊരു സിനിമയാണ് തീപ്പൊരി ബെന്നി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..