മരണത്തിന്റെ ആ വാതിലിനപ്പുറം ഒരു ജീവിതം- റിവ്യു
ദശാബ്‍ദങ്ങൾക്ക് ശേഷം ഈ സുഹൃത്തക്കൾ കണ്ടുമുട്ടുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ്. ഇതിനെ അവരുടെ സൗഹൃദം എങ്ങനെ അതിജീവിക്കുന്നു എന്നുള്ളതാണ് ചിത്രത്തിലുള്ളത്.
വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രമാണ് ദി റൂം നെക്സ്റ്റ് ഡോർ. സിഗ്രിഡ് നുനെസിന്റെ വാട്ട് ആർ യു ഗോയിംഗ് ത്രൂ എന്ന സ്‍പാനിഷ് നോവലിനെ അടിസ്ഥാനമാക്കി പെഡ്രോ അൽമോഡോവർ സംവിധാനം ചെയ്‍ത ചിത്രമാണിത്. ഇൻഗ്രിഡ്, മാർത്ത എന്നിവരുടെ അതിശക്തമായ സൗഹൃദത്തിന്റെ മേമ്പൊടിയോടെ മരണവും ജീവിതവും തമ്മിൽ ഒരു വാതിലിന്റെ ദൂരമേയുള്ളൂ എന്ന് വരച്ചുകാട്ടുന്ന ചിത്രം. ദശാബ്‍ദങ്ങൾക്ക് ശേഷം ഈ സുഹൃത്തക്കൾ കണ്ടുമുട്ടുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ്. ഇതിനെ അവരുടെ സൗഹൃദം എങ്ങനെ അതിജീവിക്കുന്നു എന്നുള്ളതാണ് ചിത്രത്തിലുള്ളത്.
യൗവന കാലത്ത് ഒരുമിച്ച് ഒരു മാഗസിന് വേണ്ടി ജോലി ചെയ്തിരുന്നവരാണ് മാർത്തയും ഇൻഗ്രിഡും. ഒരാൾ ഒരാൾ നോവലിസ്റ്റ്, മറ്റേയാൾ ന്യൂയോർക്ക് ടൈംസിന്റെ യുദ്ധ ലേഖികയും ആയിരുന്നു. ഈ സുഹൃത്തുക്കൾ വീണ്ടും ഒരുമിക്കുമ്പോൾ കാലം അവർക്കായി ഒരുക്കിവെച്ചത് വിചിത്രമായ നിമിഷങ്ങളെയായിരുന്നു. സെർവിക്കൽ ക്യാൻസർ നാലാം ഘട്ടത്തിലേക്ക് എത്തി നിൽക്കുന്ന മാർത്തയെയാണ് ഇൻഗ്രിഡ് കാണുന്നത്. അസുഖം എല്ലാവിധത്തിലും മാർത്തയെ പിടിമുറുക്കിയിരുന്നെങ്കിലും ഒരുവിധത്തിലും തോറ്റുകൊടുക്കാൻ മാർത്ത തയ്യാറായിരുന്നില്ല. ക്യാൻസറിനെ ജയിക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ മാർത്ത പൊരുതുമ്പോൾ കൂടെ നിൽക്കുന്ന ഇൻഗ്രിഡ് തളരുന്നത് മാർത്തയുടെ ഒരേയൊരു ആവശ്യത്തിന് മുന്നിലാണ്. ഇതാണ് പ്രേക്ഷകനെ ചിത്രത്തിന്റെ അവസാനം വരെ പിടിച്ചിരുത്തുന്നതും.
ന്യൂയോർക്കിലെ മഞ്ഞു വീഴുന്ന നഗരങ്ങളിൽ നിന്നും കാടിന്റെ അനന്തമായ നിശബ്‍ദതയിലേക്ക് മാർത്ത സഞ്ചരിക്കുന്നു ഒപ്പം ഇൻഗ്രിഡും. മനോഹരമായ അവധിക്കാലം എന്ന് പേരിട്ട് ഇരുവരും കാടിനുള്ളിലെ ഗ്ലാസ് ഹൗസിലേക്കാണ് യാത്ര തിരിക്കുന്നത്. ദീർഘദൂരം ഡ്രൈവ് ചെയ്‍ത് അവിടെയെത്തിയ മാർത്ത അസ്വസ്ഥയാകുകയാണ്. കാരണം തൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എടുക്കാൻ മറന്നിരിക്കുന്നു. ഉടൻ തന്നെ അത് തിരിച്ചെടുക്കാൻ വീണ്ടും തിരിച്ചു പോകുകയാണ് ഇരുവരും. മർത്തയുടെ മേശയിൽ നിന്നും കാണാതായ വസ്തു കണ്ടെടുക്കുന്ന ഇൻഡിഗ്രിഡ് വളരെ വേദനിക്കുമ്പോൾ പ്രേക്ഷകൻ മരവിപ്പോടെയാണ് അത് കണ്ടു തീർക്കുക.
ഒരു വീടിന്റെ ഇരു മുറികളിലായി ഇരുവരും താമസിക്കുന്നു. കെടാൻ പോകുന്നതിനു മുൻപുള്ള ആളിക്കത്തൽ പോലെ മാർത്ത ഓരോ ദിനവും തള്ളിനീക്കുമ്പോൾ ഉള്ളിൽ നിറയെ സ്നേഹവും അതിലേറെ ദുഃഖവുമായി ഇൻഗ്രിഡ് കൂടെ നിൽക്കുന്നു. മരണം വരെ കൂടെ നില്‍ക്കാൻ ഒരു സുഹൃത്തിനെ തന്നെയായിരുന്നു മാർത്തയും ആഗ്രഹിച്ചത്. ഇവിടന്നങ്ങോട്ട് ഓരോ പ്രേക്ഷകനും ഇരുവരുടെയും സൗഹൃദത്തിന്റെ ആഴത്തിൽ മുങ്ങിപോകും. ഈ അവധിക്കാലം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നിടത്ത് നിന്നാണ് പ്രേക്ഷകന്റെ നെഞ്ചും വിങ്ങുക. കാടിന്റെ അതിമനോഹര ദൃശ്യങ്ങൾ ഉണ്ടെങ്കിലും മരണത്തിന്റെ തണുപ്പ് പോലെ ഓരോ മഞ്ഞുവീഴ്‍ചയും പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം. ചിത്രകാരന്റെ മികവോടെ അൽമോഡോവർ ഇവിടെ ഓരോ സീനുകളും ഭംഗിയാക്കുന്നുണ്ട്.
ഇൻഗ്രിഡ് പാർക്കറായി ജൂലിയൻ മൂർ എത്തിയപ്പോൾ മാർത്തയായി ടിൽഡ സ്വിന്റണും എത്തി. ഒരു രോഗബാധിത എന്നാൽ അതിനോട് പടപൊരുതി ജീവിക്കുന്ന സ്ത്രീയുടെ എല്ലാ ഭാവങ്ങളും ടിൽഡയിൽ ഭദ്രമായിരുന്നു. അവരുടെ ചുണ്ടുകളിൽ പോലും കഥാപാത്രത്തിന്റെ പൂർണത ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. 81-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് 2024 ലെ ഗോൾഡൻ ലയൺ പുരസ്‌കാരം ലഭിച്ചു. ഒരു സ്‍പാനിഷ് ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്ന മികവും ചിത്രത്തിനുണ്ട്
ALSO READ : കെട്ടുകഥയിലൂടെ പറയുന്ന രാഷ്ട്രീയം; 'ഈസ്റ്റ് ഓഫ് നൂണ്‍' റിവ്യൂ