ദി പ്ലാറ്റ്ഫോം- കൊവിഡ് കാലത്തെ തിരിച്ചറിവുകള്‍ക്കായി ഒരു സിനിമ
വിശപ്പടക്കാൻ പരസ്‍പരം കൊന്നുതിന്നുന്നതിന്റെ വേറൊരു രൂപമാണ് മറ്റുള്ളവർക്ക് പകുത്തുനൽകാതെ ആർത്തി കാണിച്ചു സ്വന്തം വയർ മാത്രം നിറക്കൽ എന്നും മനസിലാക്കാം.
മനുഷ്യന്റെ ആവശ്യവും ആഗ്രഹവും തമ്മിലുള്ള അതിർവരമ്പിനെ കുറിച്ച വ്യക്തികളുടെ അവബോധമാണ് അവരവരുടെ മനുഷ്യത്വത്തെയും രാഷ്ട്രീയത്തെയും നിർണയിക്കുന്നത്. “ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തർക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച്” എന്ന മാർക്സിയൻ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചത് വിഭവവിതരണത്തിലെ തുല്യതയുടെ രാഷ്ട്രീയമാണ്. “എല്ലാവരുടെയും ആവശ്യത്തിനു വേണ്ടതെല്ലാം ലോകത്തുണ്ട് എന്നാൽ ആരുടേയും അത്യാഗ്രഹം തീർക്കാനുള്ളത് ഇവിടെ ഇല്ല” എന്ന് പറഞ്ഞ ഗാന്ധിജിയും വിഭവങ്ങളുടെ സമതുലിത വിതരണത്തെകുറിച്ചാണ് മറ്റൊരു രീതിയിൽ സംസാരിച്ചത്. വിഭവങ്ങളുടെ നീതിപൂർവകവും സമതുലിതവുമായ വിതരണത്തെക്കുറിച്ച് കണിശമായ രാഷ്ട്രീയനിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസാരിക്കുന്ന എൽ ഹൊയോ/ ദി പ്ലാറ്റ്ഫോം എന്ന സിനിമ മുതലാളിത്തവ്യവസ്ഥ അതിനിശിതമായി വിമർശിക്കപ്പെടുന്ന കോവിഡ് കാലത്ത് ഏറെ പ്രസക്തമാണ്.
നിരന്തരം മാറ്റിവെക്കപ്പെടുകയും പലകാരണങ്ങളാൽ ഒരിക്കലും സംഭവ്യമാകാത്തതുമായ അത്താഴ വിരുന്നിനെ ചുറ്റിപ്പറ്റി നീങ്ങുന്ന ഒരു പറ്റം സമ്പന്നരെക്കുറിച്ചുള്ള ലൂയി ബുനുവലിന്റെ എ ഡിസ്ക്രീറ്റ് ചാം ഓഫ് ബൂർഷ്വാസി എന്ന സിനിമയാണ് സ്പെയിനിൽ നിന്നു തന്നെയുള്ള ഗാൾദേർ ഗസ്തെലു ഉറൂത്തിയയുടെ (Galder Gaztelu-Urrutia) സിനിമയായ ദി പ്ലാറ്റ്ഫോം (2019) കണ്ടപ്പോൾ ആദ്യം ഓർമ വന്നത്. മധ്യവർഗ കാമനകളെ, മുതലാളിത്തത്തിന്റെ ആസക്തികളെ അതിന്റെ സുഖലോലുപതയെയൊക്കെ പരിഹാസപൂർവം നിശിതവിമർശനത്തിന് വിധേയമാക്കുന്നതാണ് ബുനുവലിന്റെ സിനിമയെങ്കിൽ, വിഭവങ്ങളുടെയും സമ്പത്തിന്റെയും വിതരണത്തിൽ നിലനിൽക്കുന്ന അസമത്വത്തെയാണ് ദി പ്ലാറ്റ്ഫോം ചോദ്യം ചെയ്യുന്നത്. ആദ്യന്തം രാഷ്ട്രീയമാണ് ദി പ്ലാറ്റ്ഫോം.
ലംബമായി വിന്യസിക്കപ്പെട്ടിട്ടുള്ള, Vertical Self-management Center എന്ന് വിളിക്കപ്പെടുന്ന, എണ്ണിയാലൊടുങ്ങാത്ത നിലകൾ ഉള്ള ഒരു തടവറ. തടവ് മുറിയുടെ മധ്യത്തിലായി ചതുരാകൃതിയിലുള്ള വിടവ്. ഓരോ മുറിയിലും രണ്ടുവീതം തടവുകാർ. ദിവസത്തിൽ നിശ്ചിത സമയത്തു മാത്രം വിടവിലൂടെ മുകളിൽ നിന്ന് താഴേക്ക് സഞ്ചരിക്കുന്ന പ്ലാറ്റ്ഫോമിന് മുകളിൽ നിരത്തിയാണ് എല്ലാ നിലകളിലേക്കുമുള്ള ഭക്ഷണം എത്തിക്കുന്നത്. വളരെ കുറച്ചു സമയം മാത്രമേ പ്ലാറ്റ്ഫോം ഓരോ നിലയിലും നിർത്തുകയുള്ളൂ. ലഭ്യമായ സമയത്തിനുള്ളിൽ കയ്യിൽ കിട്ടുന്നത് വാരിവലിച്ചു കഴിക്കണം. ഏറ്റവും ആദ്യത്തെ നിലയിലുള്ളർ കഴിച്ചതിന്റെ ബാക്കി അടുത്ത നിലയിലേക്ക് , അതിന്റെ ബാക്കി അടുത്തതിലേക്ക്. ഭക്ഷണം പിന്നത്തേക്കായി എടുത്തുമാറ്റിവെക്കാൻ അനുവാദമില്ല. അങ്ങിനെ കുറച്ചു ദൂരം കഴിഞ്ഞാൽ, താഴെ ഉള്ള നിലകളിലെ താമസക്കാർക്കായി ഭക്ഷണം മിച്ചമൊന്നും കാണില്ല. അവർക്ക് പട്ടിണി തന്നെ ശരണം. തീർത്തും പട്ടിണി എന്ന് പറഞ്ഞു കൂടാ. ആളുകൾ ഒരു പരിധി കഴിഞ്ഞാൽ പട്ടിണി സഹിക്കാതെ നരഭോജികളായി മാറുന്നത് സിനിമയിൽ കാണാം. സാധാരണ തരത്തിലുള്ള ജയിലാണോ അതോ മറ്റെന്തെങ്കിലും സാമൂഹിക പരീക്ഷണത്തിനുള്ള ഉപാധിയാണോ കേന്ദ്രം എന്ന് വ്യക്തമല്ല. മുഖ്യ കഥാപാത്രം ആയി എത്തുന്ന ഗോരെങ് സ്വയം സന്നദ്ധനായാണ് ആറുമാസത്തേക്ക് തടവറയിൽ ചിലവഴിക്കാനെത്തുന്നത്. ആ കാലം പൂർത്തീകരിച്ചാൽ
അയാൾക്ക് ഒരു ബിരുദം ലഭിക്കും. എന്നാൽ അയാളുടെ കൂടെ സെല്ലിൽ താമസിക്കുന്നയാൾ കൊലപാതകത്തിനുള്ള ശിക്ഷയായാണ് അവിടെ എത്തിയിട്ടുള്ളത്.ഓരോ മാസം കൂടുമ്പോൾ തടവുകാരെ തമ്മിൽ മാറ്റും. എങ്ങോട്ടാണ് മാറുക എന്ന് അറിയില്ല. താമസിക്കുന്ന നിലകളും മാറിക്കൊണ്ടിരിക്കും.
സിനിമ തുടങ്ങുമ്പോൾ ഗോരെങും സഹ തടവുകാരനായ ട്രിമഗസിയും തമ്മിൽ നടത്തുന്ന സംഭാഷണത്തിനിടയിൽ സിനിമയുടെ രാഷ്ട്രീയം വെളിപ്പെടുന്നു. മുകളിലെയും താഴെയും നിലകളിൽ ഉള്ളവരോട് ആവശ്യത്തിന് മാത്രം ഭക്ഷണം എടുത്തു മറ്റുനിലകളിൽ താമസിക്കുന്നവർക്ക് കൂടി ഉള്ളത് മാറ്റി വെക്കാൻ പറയാനുള്ള ഗോരെങിന്റെ ശ്രമത്തെ എതിർത്തുകൊണ്ട് ട്രിമഗസി ചോദിക്കുന്നത് ''നീ ഒരു കമ്മ്യൂണിസ്റ്റ് ആണോ?'' എന്നാണ്. മുകളിലുള്ളവരുമായോ താഴെ ഉള്ളവരുമായോ യാതൊരു ബന്ധവും പുലർത്തേണ്ടതില്ല എന്നാണ് ട്രിമഗസിയുടെ തത്വം.
തടവറയിലെ മൂന്നാംമാസം പുതിയൊരു സെല്ലിൽ പരിചയപ്പെടുന്ന ഇമോഗിരി എന്ന സ്ത്രീ ആണ് ആ കേന്ദ്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നത്. എല്ലാ നിലയിലെയും തടവുകാർക്ക് അത്യാവശ്യം മിതമായി കഴിഞ്ഞുകൂടാനുള്ള ഭക്ഷണവുമായാണ് ഓരോ തവണയും പ്ലാറ്റ്ഫോം മുകളിൽനിന്നു താഴേക്കുള്ള സഞ്ചാരം തുടങ്ങുന്നത്. പക്ഷെ മുകളിലെ നിലകളിൽ താമസിക്കുന്നവർ ആർത്തിപിടിച്ചു വാരി വലിച്ചു ഭക്ഷിക്കുന്നത് മൂലം താഴോട്ടുള്ളവർക്കു വിഭവങ്ങൾ കിട്ടാതെ വരുന്നു. ട്രിമഗസിയുടെ സ്വാർത്ഥതയുടെ നേർ വിപരീതമാണ് പരക്ഷേമാകാംക്ഷിയും അനുകമ്പാലുവുമായ ഇമോഗിരി. മിതമായി ഭക്ഷണം എടുക്കാനും തൊട്ടു താഴെ ഉള്ളവർക്ക് വേണ്ടി കരുതാനും എല്ലാവരോടുമായി അവർ നിരന്തരം ആവശ്യപ്പെടുന്നു. അവർ മറ്റു തടവുകാരോട് വിളിച്ചു പറയുന്നുണ്ട് :''നിങ്ങൾക്ക് വേണ്ടത് മാത്രം എടുക്കുക, തൊട്ടു താഴെ ഉള്ള ആളുകളോട് കരുതൽ കാണിക്കുക.''മനുഷ്യരുടെ സ്വാഭാവിക നന്മയിൽ വിശ്വസിക്കുന്ന ആളാണ് ഇമോഗിരി. ആളുകൾക്കിടയിൽ സ്വയമേവ ഉത്ഭവിക്കുന്ന സഹവർത്തിത്വം (spontaneous solidarity) ഒരു വേള സംഭവിക്കും എന്ന് അവർ ഇടയ്ക്കിടെ വിശ്വാസം കൊള്ളുന്നുണ്ട്. താഴെ നിലകളിൽ ഉള്ളവർക്ക് വേണ്ടി ഭക്ഷണം കരുതിവെക്കാൻ ഇമോഗിരി അനുവർത്തിക്കുന്ന ലളിതമായ ഒരു പ്രവർത്തി സിനിമയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നു. തനിക്കു അത്യാവശ്യത്തിനുള്ളത് എടുത്ത ശേഷം താഴെ നിലയിലുള്ളവർക്ക് വേണ്ടി രണ്ടു പാത്രത്തിൽ നീക്കി വെക്കുക. ആ കരുതൽ തടവറയുടെ പൊതു രാഷ്ട്രീയമായാൽ ഏതു നിലയിൽ താമസിക്കുന്ന തടവുകാരനും ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കും എന്നതാണ് ഇമോഗിരിയുടെ കരുതൽ.
എന്നാൽ, പങ്കുവെക്കലിന്റെയും കരുതലിന്റെയും രാഷ്ട്രീയത്തിന് സ്വാഭാവികമായി ആരിൽനിന്നും പിന്തുണ ലഭിച്ചില്ല. അതിനിടെ ഗോരെങ് പുതിയ സെല്ലിലേക്ക് മാറുകയും ചെയ്തു. മാറ്റം സ്വാഭാവികമായി/തനിയെ ഉണ്ടാവില്ല (change never happens spontaneously)എന്ന് ഗോരെങ് തിരിച്ചറിയുന്നു. പുതിയതായി എത്തിയ ആറാമത്തെ നിലയിൽ (അവിടെ അവനു യഥേഷ്‍ടം ഭക്ഷണം ലഭിക്കാനുള്ള സാഹചര്യമുണ്ട് ) ലഭിച്ച ബഹാറാത് എന്ന സഹ തടവുകാരനുമൊന്നിച്ചു ഭക്ഷണം എല്ലാവർക്കും എത്തിക്കാനായി ഒരു പദ്ധതി ഗോരെങ് ആവിഷ്‍കരിക്കുന്നു. അവർ രണ്ടുപേരും ആയുധമേന്തി പ്ലാറ്റ്ഫോമിൽ കയറി നിൽക്കും, ആവശ്യത്തിൽ അധികം ഭക്ഷണം എടുക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കും. ഇതായിരുന്നു പദ്ധതി.
ഭക്ഷിക്കുക അല്ലെങ്കിൽ ആരുടെ എങ്കിലും ഭക്ഷണമാവുക (eat or be eaten) എന്ന ട്രിമഗസിയുടെ ഡാർവിനിസ്റ്റ് മത്സരാഭിമുഖ്യത്തിന്റെയും ''കരുതുക, പങ്കുവെക്കുക" എന്ന ഇമോഗിരിയുടെ അൽട്രൂയ്സ്റ്റിക് അനുകമ്പയുടെയും രാഷ്ട്രീയങ്ങൾ സിനിമയിൽ മുഖാമുഖം നിൽക്കുന്നു. ഏറ്റവും കരുത്തൻ അതിജീവിക്കുന്ന, എല്ലാ വിഭവങ്ങളും അവന്റെ തീന്മേശയിൽ മാത്രം വിളമ്പുന്ന ഇന്നത്തെ മത്സരാധിഷ്‍ഠിത ലോകക്രമത്തിൽ സമൂഹത്തിന്റെ താഴെതട്ടുകളിൽ വസിക്കുന്നവരിലേക്കു വിഭവങ്ങളും സമ്പത്തും എത്തിചേരില്ലെന്നു സിനിമ കാണിച്ചു തരുന്നു. സമ്പത്തും വിഭവങ്ങളും പങ്കുവെക്കുക മാത്രമാണ് അവ എല്ലാവരിലേക്കും എത്തിക്കാനുള്ള ഒരേ ഒരു ഉപാധി.
കോവിഡ് കാലത്ത് , മരുന്നുകൾക്കും, മുഖാവരണങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വേണ്ടി രാജ്യങ്ങൾ കടിപിടി കൂട്ടുന്ന സന്ദർഭത്തിൽ കരുത്തരായ രാജ്യങ്ങൾ കൈയൂക്ക് പ്രയോഗിച്ചു വിഭവങ്ങൾ തട്ടിപ്പറിച്ചെടുക്കുന്ന സമകാലിക പശ്ചാത്തലത്തിൽ, പരിമിതമായ വിഭവങ്ങൾ എണ്ണിയാലൊടുങ്ങാത്ത ആളുകൾക്കിടയിൽ വീതം വെക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് ദി പ്ലാറ്റ് ഫോം ഉയർത്തുന്ന ചോദ്യങ്ങൾ.
വിഭവങ്ങൾ പങ്കുവെച്ചാൽ, പങ്കുവെക്കൽ എന്നത് സിസ്റ്റത്തിന്റെ ഒരേയൊരു രാഷ്ട്രീയമായാൽ എല്ലാവർക്കും രക്ഷപ്പെടാം. ഉള്ളത് എല്ലാവർക്കുമായി പങ്കു വെച്ചാൽ മാത്രം പോരാ പങ്കുവെക്കൽ സർവ തലങ്ങളിലും പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ ബോധം കൂടി ആയി നിലവിൽ വരണം എന്നുകൂടി സിനിമ പ്രഖ്യാപിക്കുന്നു.
തടവിലാവുന്ന വ്യക്തിക്ക് ഇഷ്‍ടമുള്ള ഏതെങ്കിലും ഒരു വസ്‍തു കയ്യിൽ കരുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സ്‍പാനിഷ് സാഹിത്യകാരനായ സെർവന്റസിന്റെ ഡോൺ കിഹോട്ടെ (Don Quixote) എന്ന നോവൽ ആണ് ഗോരെങ് കയ്യിൽ കരുതുന്നത്. ഒരു കോമാളി കണക്കെ കാറ്റാടി യന്ത്രങ്ങളോട് പടവെട്ടിയ ആ നോവലിലെ നായകനോളം ആദർശാത്മകം ആണ് ഗോരെങ്ങിന്റെയും പരിശ്രമങ്ങൾ. പങ്കുവെക്കലിന്റെയും, കരുതലിന്റെയും രാഷ്ട്രീയം, ദുരമൂത്തു പരസ്‍പരം കൊന്ന് തിന്നുന്ന ആൾക്കാരെ പഠിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല. പങ്കുവെക്കലിനെ കുറിച്ച് ഏറെ സംസാരിച്ച ഇമോഗിരി തന്റെ വളർത്തുപട്ടിയെ ആണ് തടവറയിലേക്ക് ഒപ്പം കൂട്ടിയത്. ഭക്ഷണം മുന്നിലെത്തിയാൽ ഒരു ദിവസം പട്ടിക്ക് നൽകും, അടുത്ത ദിവസം അവളും കഴിക്കും. "ഭക്ഷിക്കുക അല്ലെങ്കിൽ ആരുടെ എങ്കിലും ഭക്ഷണമാവുക" എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന ട്രിമഗസിയാവട്ടെ ഒരു കത്തിയാണ് കയ്യിൽ കരുതുന്നത്, മുറിക്കുംതോറും മൂർച്ചകൂടുന്ന സമുറായ് പ്ലസ് എന്ന കത്തി. ഭക്ഷണം എത്തിപ്പെടാത്ത താഴത്തെ നിലകളിൽ എത്തിയാൽ ആ കത്തി കൊണ്ട് പ്രയോജനം ഉണ്ടെന്നു അയാൾക്കറിയാം.
അത്താഴ വിരുന്നും തേടി തെരുവുകൾ തോറും അലയുന്ന ബൂർഷാസികളെ ചിത്രീകരിച്ചു കൊണ്ടാണ് ബുനുവൽ ഒരിക്കലും അവസാനിക്കാത്ത മുതലാളിത്തകാമനകളെക്കുറിച്ചു സംസാരിച്ചത്. അവർ ആഗ്രഹിക്കുന്ന വിരുന്നാകട്ടെ ഒരിക്കലും സംഭവിക്കുന്നതും ഇല്ല. മതിവരുവോളം ഭക്ഷിച്ചാലും ശമിക്കാത്ത മുതലാളിത്തത്തിന്റെ കൊതിയും അതിന്റെ അർത്ഥ ശൂന്യതയും ആണ് ബുനുവലിന്റെ വിഷയം. ഇല്ലാത്തവരുടെ തീന്മേശയിൽ നിന്നും തട്ടിപ്പറിച്ചെടുക്കുന്ന വിഭവങ്ങൾ മുതലാളിത്തത്തിന്റെ വിശപ്പടക്കുന്നില്ല. മുതലാളിത്തത്തിന്റേതു ശമിക്കാനുള്ള കേവല വിശപ്പല്ല എന്നും, നേരെ മറിച്ച്, ഒരിക്കലും സംതൃപ്‍തിയടയാൻ സാധിക്കാത്ത അഗാധമായ ആസക്തികൾ ആണ് എന്നും ബുനുവൽ പറഞ്ഞുവെക്കുന്നു.
2013 ൽ ഇറങ്ങിയ സ്നോപിയെർസർ 2016ലെ ട്രെയിൻ റ്റു ബുസാൻ , 2019ലെ തന്നെ പാരസൈറ്റ് തുടങ്ങിയ സിനിമകൾ ഉയർത്തിയ വർഗ്ഗരാഷ്ട്രീയത്തെയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഒരിക്കലും നികത്താനാവാത്ത വിടവിനെയും കുറിച്ചുള്ള സന്ദേഹങ്ങൾ തന്നെയാണ് ദി പ്ലാറ്റ്ഫോം ഓർമിപ്പിക്കുന്നത്. ഇത്തരം സിനിമകളിൽ എല്ലാം വർഗങ്ങൾ അതാതിടത് തന്നെ സ്ഥിരമായി നിലനിൽക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്നോ പിയെർസറിലും, ട്രെയിൻ റ്റു ബുസാനിലും സമൂഹത്തിലെ കീഴ്ത്തട്ട് മേൽത്തട്ടിനെതിരെ രംഗത്ത് വരുന്നതായും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായും ആണ് ചിത്രീകരിച്ചിട്ടുള്ളത്. പാരസൈറ്റിൽ ഉള്ളവന്റെ ജീവിതസൗകര്യങ്ങൾ എങ്ങിനെ എങ്കിലും എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ദരിദ്രനെ ആണ് കാണിക്കുന്നത്. ഇവിടെ എല്ലാം ഉള്ളവനും ഇല്ലാത്തവനും അവനവന്റെ ഇടങ്ങളിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ദി പ്ലാറ്റ്ഫോമിൽ പറയുന്നത് ഉള്ളവനും ഇല്ലാത്തവനും സ്ഥിരമായി ഒരേ സ്ഥാനത്തു നിലനിൽക്കുന്നതായല്ല. ഉള്ളവനും ഇല്ലാത്തവനും ഇടയ്ക്കിടെ സ്ഥാനം മാറുന്നുണ്ട്. സ്ഥാനം മാറി വരുന്ന ആളുകൾ എങ്ങിനെ ആണ് പുതിയ സ്ഥാനത്തു എത്തുമ്പോൾ കാര്യങ്ങളെ സമീപിക്കുന്നത് എന്ന ഗൗരവമായ ചോദ്യം സിനിമ ഉയർത്തുന്നുണ്ട്. കാനിബാളിസം ഒക്കെ ചിത്രീകരിച്ചിട്ടുള്ളത് ഇക്കാര്യം വ്യക്തമാക്കാനാണെന്നു മനസ്സിലാക്കാം. മേലേതട്ടിൽ താമസിക്കവെ തനിക്കു വേണ്ടതിലും അധികം ഭക്ഷിക്കുന്ന മനുഷ്യൻ താഴേ നിലകളിലേക്കെത്തുമ്പോൾ ഭക്ഷണം ലഭിക്കാതെ വരുന്ന സന്ദർഭത്തിൽ കൂടെ ഉള്ളവരെ കൊന്നുതിന്നുന്നതായി കാണാം. താരതമ്യേന കൂടുതൽ വിഭവങ്ങൾ ലഭിക്കുന്ന ആദ്യനിലകളിൽ താമസിക്കുന്നവരുടെ ആർത്തിയുടെ നേർവിപരീതമാണ് പാതാളത്തോളം ( എൽ ഹൊയോ എന്ന സ്‍പാനിഷ് വാക്കിന്റെ അർഥം തന്നെ ഗർത്തം എന്നാണ്) താഴ്ന്ന നിലകളിൽ ഒട്ടും ഭക്ഷണം ലഭിക്കാതെ താമസിക്കുന്നവരുടെ കാനിബാളിസം. അല്ലെങ്കിൽ വിശപ്പടക്കാൻ പരസ്‍പരം കൊന്നുതിന്നുന്നതിന്റെ വേറൊരു രൂപമാണ് മറ്റുള്ളവർക്ക് പകുത്തുനൽകാതെ ആർത്തി കാണിച്ചു സ്വന്തം വയർ മാത്രം നിറക്കൽ എന്നും മനസിലാക്കാം. കൊന്നുതിന്നലിന്റെ പര്യായമാണ് ആർത്തി.
വിഭവവിതരണത്തിലെ അസമത്വം മൂലം മനുഷ്യത്വം, സംസ്‍കാരം തുടങ്ങിയ മൂല്യങ്ങൾ മനുഷ്യർക്കിടയിൽനിന്നു അപ്രത്യക്ഷമാകുന്ന ഭീകരാവസ്ഥയാണ് സിനിമ കാണിക്കുന്നത്. നന്മ, ധാർമികത, സംസ്‍കാരം, മനുഷ്യത്വം മുതലായ സങ്കൽപ്പങ്ങൾ വയറു നിറഞ്ഞവന്റെ മാത്രം കാര്യവും ഉത്കണ്ഠയുമാണെന്നു സിനിമ സ്ഥാപിക്കുന്നു. മുതലാളിത്ത ചൂഷണത്തിന്റെ മറുപുറമാണല്ലോ കലാപവും കൊലയും കൊള്ളിവെപ്പും. ഇവിടെയും സിസ്റ്റത്തിന്റെ ഇരകൾ ആവുന്നത് ഇല്ലാത്തവർ തന്നെയാണ്.
വർഗവിഭജനത്തെക്കുറിച്ചുള്ള സിനിമകളെല്ലാം പൊതുവെ ഘടനാപരമായി ചില സാദൃശ്യങ്ങൾ പുലർത്തുന്നുണ്ട്. സമൂഹത്തിലെ വിവിധ തട്ടുകൾ അവതരിപ്പിക്കാൻ ഏതാണ്ട് സമാനമായ സങ്കേതങ്ങൾ ആണ് ഇവിടെ പറഞ്ഞ സിനിമകൾ ഉപയോഗിക്കുന്നത്. സ്നോപിയെർസറും ട്രെയിൻ റ്റു ബുസാനും സെറ്റ് ചെയ്‍തിട്ടുള്ളത് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലാണ്: വിവിധ കംപാർട്മെന്റുകൾ സമൂഹത്തിലെ പല തട്ടുകളായി സജ്ജീകരിച്ചിരിക്കുന്നു. പാരസൈറ്റ്, ദി പ്ലാറ്റ് ഫോം എന്നിവയിൽ ഈ വിന്യാസം കെട്ടിടങ്ങളുടെ വിവിധ നിലകളായി/ലംബമായാണ് കാണിച്ചിരിക്കുന്നത്.സമൂഹത്തിന്റെ നെടുകെയും കുറുകെയുമുള്ള വിഭജനത്തിന്റെ വിവിധ ആവിഷ്‍കാരങ്ങളായി ഇവ വായിക്കാം.