ലയണ്‍ കിംഗ് റിവ്യൂ: ഉള്ളിലെ ആ കുട്ടിയെ തിരിച്ചുവിളിക്കാം
ആഫ്രിക്കയിലെ വിശാല ശാദ്വല ഭൂമിയെ നാം അറിയുന്നത് പ്രൈഡ് റോക്ക് എന്നാണ്. അതിലൂടെ ക്യാമറ സഞ്ചരിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ഒപ്പം പശ്ചാത്തലത്തില്‍ മുഴങ്ങുന്നത് "ലൈഫ് ഓഫ് സര്‍ക്കിള്‍" എന്ന പ്രശസ്ത ഗാനവും.
ഇപ്പോള്‍ യുവാക്കളായ ഒരു തലമുറയെ വിളിക്കുന്നത് 90കളിലെ കുട്ടികള്‍ എന്നാണ്. അങ്ങനെയുള്ള ഒരു വിഭാഗത്തിന് നൊസ്റ്റാള്‍ജിയ തുളുമ്പുന്ന ഓര്‍മ്മയാണ് ലയണ്‍ കിംഗ് എന്ന കാര്‍ട്ടൂണ്‍ പടം. വാള്‍ട്ട് ഡിസ്നിയുടെ സിംബ എന്ന സിംഹക്കുട്ടിയുടെ കഥ കാര്‍ട്ടൂണ്‍ ചിത്രമായി മാറിയപ്പോള്‍ അത് സിനിമാചരിത്രത്തിലെ ക്ലാസിക്കായി. ഇപ്പോള്‍ ഡിസ്നി അത് വീണ്ടും പുനരാവിഷ്കരിച്ചിരിക്കുന്നു. പുതിയ കാലത്ത് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഒരു ക്ലാസിക്ക് സിനിമയെ വീണ്ടും പ്രേക്ഷകന് മുന്നില്‍ എത്തിക്കുന്നത്. എന്നും പ്രിയപ്പെട്ട മൃഗകഥാപാത്രങ്ങള്‍, പ്രദേശങ്ങള്‍, ഗാനങ്ങള്‍ എല്ലാം 'ലൈവ് ആക്ഷനില്‍' പുനര്‍ജനിക്കുന്നു പുതിയ കാഴ്ചയായി, ത്രിമാന കാഴ്ചയായി. ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരു പഴമൊഴി ഓര്‍മ്മവരും 'ഏറെ മാറിയാലും, മാറാത്ത ചിലതുണ്ടാകും..ഏറ്റവും പ്രിയപ്പെട്ടത്'
ആഫ്രിക്കയിലെ വിശാല ശാദ്വല ഭൂമിയെ നാം അറിയുന്നത് പ്രൈഡ് റോക്ക് എന്നാണ്. അതിലൂടെ ക്യാമറ സഞ്ചരിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ഒപ്പം പശ്ചാത്തലത്തില്‍ മുഴങ്ങുന്നത് "ലൈഫ് ഓഫ് സര്‍ക്കിള്‍" എന്ന പ്രശസ്ത ഗാനവും. മുഫാസ എന്ന സിംഹ രാജാവിന്‍റെ മകന്‍ സിംബയെ പ്രൈഡ് റോക്കിലെ മൃഗ പ്രജകള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ്. ക്ലാസിക്ക് എന്ന് ഇന്നും വിശേഷിപ്പിക്കുന്ന ആ രംഗം ഒരു മുറിച്ച് മാറ്റല്‍ പോലും ഇല്ലാതെ പുതിയ കാലത്തിന്‍റെ സാങ്കേതിക തികവില്‍ മാറ്റി അവതരിപ്പിക്കുകയാണ് സംവിധായകന്‍ ജോണ്‍ ഫെവ്രോ.
മുഫാസയ്ക്ക് ശബ്ദം നല്‍കുന്നത് 1994 ലെ ചിത്രത്തില്‍ ശബ്ദം നല്‍കിയ അതേ ജെയിംസ് എള്‍ ജോന്‍സ് തന്നെയാണ്. റഫിക്കി എന്ന രാജഗുരുവായ കുരങ്ങന്‍റെ കടന്നുവരവും സിംബയുടെ അവതരണവും ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. മുഫാസ സിംബയ്ക്ക് നല്‍കുന്ന ജീവിത പാഠങ്ങള്‍, സ്കാര്‍ എന്ന സിംബയുടെ മാതുലനായ വില്ലന്‍റെ അവതരണം, കഴുതപ്പുലികള്‍ സിംബയെ ആക്രമിക്കുന്നതും മുഫാസയുടെ രക്ഷപ്രവര്‍ത്തനവും, മുഫാസയുടെ മരണം, സിംബയുടെ പ്രൈഡ് റോക്കില്‍ നിന്നുള്ള ഒളിച്ചോട്ടം തുടങ്ങി കഥ പിന്നീട് വികസിക്കുമ്പോള്‍ 1994 ല്‍ നാം കണ്ട കഥയിലോ സന്ദര്‍ഭങ്ങളിലോ വലിയ വ്യത്യാസം ഒന്നും ഡിസ്നി ചിത്രം വരുത്തുന്നില്ല.
എന്നാല്‍ റിയല്‍ ആക്ഷന്‍ ടെക്നോളജിയില്‍ ചിത്രം പുനരവതരിക്കുമ്പോള്‍ ഡിസ്നിക്ക് വേണ്ടി ജോണ്‍ ഫെവ്രോ ചെയ്ത 'റിയലിസ്റ്റിക്ക് ടച്ച്' ഇതിലും ഉണ്ട്. പ്രധാനമായും സിംബയും കൂട്ടുകാരി നാലയും തങ്ങളെ നിരീക്ഷിക്കുന്ന സാസു എന്ന രാജാവിന്‍റെ ഉപദേശകനായ പക്ഷിയെ കബളിപ്പിക്കുന്ന ഗാന രംഗവും, സ്കാര്‍ കഴുതപ്പുലികളെ തന്‍റെ പദ്ധതി വെളിവാക്കുന്ന ഗാനവും മുന്‍ ചിത്രത്തോളം കളര്‍ഫുള്‍ ആക്കുക എന്നതിനപ്പുറം റിയലിസ്റ്റിക്ക് വിഷ്വല്‍ ട്രീറ്റ് എന്ന രീതിയിലാണ് പുതിയ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഒളിച്ചോട്ടത്തിന് ശേഷം സിംബ ടിമോന്‍, പുംബ എന്നിവരെ കണ്ടുമുട്ടുന്ന രംഗവും തുടര്‍ന്ന് അവരുടെ സൗഹൃദവും മനോഹരമായി തന്നെ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ചില രംഗങ്ങളെ വെട്ടിയൊതുക്കിയും ചിലതില്‍ വിശദമാക്കിയും മുന്‍ചിത്രത്തേക്കാള്‍ മനോഹരമാക്കുവാന്‍ സംവിധായകന് ഈ ഭാഗങ്ങളില്‍ സാധിച്ചിട്ടുണ്ടെന്ന് കാണാം. ജംഗിള്‍ ബുക്കിന് ശേഷം തങ്ങളുടെ മറ്റൊരു ക്ലാസിക്ക് ജോണ്‍ ഫെവ്രോവിന്‍റെ കയ്യില്‍ എന്തുകൊണ്ട് ഡിസ്നി എല്‍പ്പിച്ചു എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ഈ രംഗങ്ങള്‍ തന്നെ. ഹക്കൂന മറ്റാറ്റ എന്ന ക്ലാസിക്ക് ഗാനം മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. 1994 ലെ ചിത്രത്തെ അപേക്ഷിച്ച് 30 മിനുട്ട് അധികമാണ് പുതിയ ചിത്രത്തിലെ കാഴ്ചകള്‍.
ചിത്രം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ കഷ്ടിച്ച് ഉള്ളപ്പോഴാണ് ഡൊണാല്‍ഡ് ഗ്ലോവറിന്‍റെ ശബ്ദത്തില്‍ സിംബ എത്തുന്നത്. കുട്ടി സിംബയായി ശബ്ദം നല്‍കിയ ജെഡി മാക് കാരി മനോഹരമാക്കിയിട്ടുണ്ട്. ബില്ലി ഇച്ച്നര്‍, സെത്ത് റോഗന്‍ കൂട്ടുകെട്ടിന്‍റെ ടിമോനും പുംബയും രസകരമാണ് എന്ന് തന്നെ പറയാം. നോലെസ് കാര്‍ട്ടറാണ് വലുതായ നാലയ്ക്ക് ശബ്ദം നല്‍കുന്നത്. ഓസ്കാര്‍ ജേതാവ് ഷിവെട്ടല്‍ എജിഫോര്‍ ആണ് സ്കാറിനായി ശബ്ദം നല്‍കുന്നത്. ഈ മികച്ച കാസ്റ്റിംഗ് ചിത്രത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നു. കാര്‍ട്ടൂണ്‍ ചിത്രത്തിലെ ക്ലാസിക്കായ കളര്‍ പാറ്റേണ്‍ അല്ല ഈ റിയലിസ്റ്റിക്ക് തോന്നിക്കുന്ന ചിത്രത്തില്‍ ഉള്ളത്. പല രംഗങ്ങളും തീര്‍ത്തും ഇരുണ്ട പശ്ചത്തലത്തിലാണ്. പ്രത്യേകിച്ച് ക്ലൈമാക്സിലെ യുദ്ധരംഗം. എങ്കിലും അത് പുതിയ അനുഭവം നല്‍കുന്നു.
ചിലപ്പോള്‍ ആദ്യം സൂചിപ്പിച്ച 90കളിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന ഒരു കാര്യം പുതിയ ചിത്രത്തിലുണ്ട്. മൃഗങ്ങളുടെ മുഖത്ത് വരുന്ന 'മനുഷ്യസമാന' വികാരങ്ങളുടെ അഭാവം തന്നെ അത്. റിയലിസ്റ്റിക്കായ സങ്കേതത്തിലേക്ക് മാറുമ്പോള്‍ കാര്‍ട്ടൂണിന്‍റെ ക്യൂട്ട്നസ് ഇല്ലാതാകുന്നതിന്‍റെ പ്രശ്നം ഇതിന്‍റെ ആദ്യ പതിപ്പ് കണ്ടവരില്‍ ഉണ്ടാകാം. പ്രത്യേകിച്ച് കൊച്ചു സിംബ ലോകത്തെ കാണുന്ന രംഗവും, സ്കാറിന്‍റെ മുഖത്ത് വിരിയുന്ന കൗശലം നിറയുന്ന ചിരിയും മറ്റും ചെറുതായി 'മിസ്' ചെയ്തേക്കാം.
തിന്‍മയില്‍ നിന്നും തന്‍റെ അധികാരം പിടിച്ചെടുക്കുന്ന സിംഹത്തിന്‍റെ കഥ ഷേക്സ്പിയറിന്‍റെ ഹാംലെറ്റിന്‍റെ പശ്ചാത്തലത്തിലാണ് ഡിസ്നി അവതരിപ്പിച്ചത്. അതിന്‍റെ സത്ത ചോരാതെ സംവിധായകന്‍ ജോണ്‍ ഫെവ്രോ സത്യസന്ധമായി വീണ്ടും കാഴ്ചയില്‍ എത്തിക്കുന്നു എന്ന് പറയാം. മുന്‍പ് പലപ്പോഴും ഫെവ്രോ സൂചിപ്പിച്ചതുപോലെ 1994ലെ ഒറിജിനല്‍ ചിത്രത്തിന്‍റെ അണിയറക്കാരെ ഒപ്പം നിര്‍ത്തിയാണ് പലപ്പോഴും ഇതിന്‍റെ പണികള്‍ അദ്ദേഹം നടത്തിയത്. അതിന്‍റെ ഗുണം ചിത്രത്തില്‍ കാണാനുണ്ട്. ഒപ്പം സംഗീതത്തെയും പുതിയ താരനിരയെയും മാറിയ ടെക്നോളജി ഉപയോഗിച്ച്, പ്രത്യേകിച്ച് കാലിബ് ഡെസ്ചാനലിന്‍റെ സിനിമോട്ടോഗ്രാഫിയും, ജെയിംസ് ചിന്‍ലൗഡിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനും, ബ്ലാഡ് ബിനിമന്‍റെ ആര്‍ട്ട് ഡിസൈനും ഒക്കെ നന്നായി ഉപയോഗിച്ചിരിക്കുന്നു സംവിധായകന്‍.