'സുരേശന്‍റെയും സുമലതയുടെയും' പ്രണയത്തിൽ സംഭവിച്ചതെന്ത്? ചിരിപ്പൂരമൊരുക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍: റിവ്യൂ
കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ചിത്രം ആ സിനിമയുടെ സ്പിന് ഓഫ് കൂടിയാണ്
ഹ്യൂമര്‍ നന്നായി വഴങ്ങുന്ന, വ്യത്യസ്തമായ ലോകങ്ങള്‍ സ്ക്രീനിലെത്തിക്കുന്ന സംവിധായകന്‍. ആന്‍ഡ്രോയ്സ് കുഞ്ഞപ്പനിലൂടെ അരങ്ങേറിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകര്‍ നന്നായി മാര്‍ക്ക് നല്‍കിയിട്ടുള്ള സംവിധായകനാണ്. കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രം ആ സിനിമയുടെ സ്പിന് ഓഫ് കൂടിയാണ് എന്നത് കൗതുകം. സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ടൈറ്റിലില്‍ ഉള്ള സുരേശനും സുമലതയും ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ നിന്നും ഇറങ്ങിവന്നവരാണ്. കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍റെ കൊഴുമ്മല്‍ രാജീവന്‍റെ കേസിന് ആസ്പദമായ സംഭവത്തിന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവറുടെ രസകരമായ കഥാപാത്രത്തെ നായകനാക്കി പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍.
ഒരു പ്രത്യേക സാഹചര്യത്തില്‍ നാട് വിടേണ്ടിവന്ന സുരേശന്‍ ഏറെക്കാലത്തിന് ശേഷം സ്വദേശത്തേക്ക് തിരിച്ചെത്തുകയാണ്. കാലം ഏറെ ചെന്നിട്ടും അങ്കണവാടി ടീച്ചര്‍ സുമലതയോടുള്ള അനുരാഗത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. തിരിച്ചും അങ്ങനെതന്നെ. എന്നാല്‍ തന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് വലിയ മതിപ്പ് ഇല്ലാത്തതിനാല്‍ നേരായ മാര്‍ഗത്തില്‍ കല്യാണാലോചന നടക്കില്ലെന്ന് അയാള്‍ക്ക് അറിയാം. അതിനാല്‍ പ്രണയസാക്ഷാത്കാരത്തിനായി ഒരു വളഞ്ഞ വഴി കണ്ടെത്തുകയാണ് സുരേശന്‍. സുരേശന്‍റെ മുന്നോട്ടുള്ള യാത്രയില്‍ ഒരു നാട് മുഴുവന്‍ ഭാഗഭാക്കാവുന്നു. ആഗ്രഹസഫലീകരണത്തിന് ഏത് റിസ്കും എടുക്കാന്‍ സന്നദ്ധനാവുന്ന സുരേശന്‍റെ പ്രണയ പൂര്‍ത്തീകരണത്തിനായുള്ള ശ്രമങ്ങളാണ് സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.
മലബാറിന്‍റെ പശ്ചാത്തലവും നര്‍മ്മവും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ ഇവിടെയുമുണ്ട്. പക്ഷേ ഹ്യൂമറിന്‍റെ മീറ്റര്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തേക്കാള്‍ സ്വല്‍പം മുകളിലായാണ് രതീഷ് ഫിക്സ് ചെയ്തിരിക്കുന്നത്. അസംബന്ധം (ABSURDITY) എന്നത് രതീഷ് ബാലകൃഷ്ണന്‍റെ എല്ലാ ചിത്രങ്ങളുടെയും കഥപറച്ചിലില്‍ കടന്നുവരാറുണ്ടെങ്കിലും ഇവിടെ നരേഷന് മൊത്തത്തില്‍ ഒരു അസംബന്ധ സ്വഭാവമുണ്ട്. മലബാറിന്‍റെ നാടകവേദിയോടുള്ള താല്‍പര്യത്തിന് ഒരു ട്രിബ്യൂട്ട് ആവുന്നുമുണ്ട് ഈ ചിത്രം. റിയലിസ്റ്റിക് ആവാതെ ലേശം അസ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന ഒരു മീറ്ററിലായിരുന്നു ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവര്‍ സുരേശന്‍റെ അവതരണം. ഇവിടെ സുരേശന്‍ നായകനാവുന്ന സ്പിന്‍ ഓഫ് ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും സുരേശന്‍റെ അതേ മീറ്ററിലേക്ക് കൊണ്ടുവന്നിട്ടുണ്ട് സംവിധായകന്‍. അതിനാല്‍ത്തന്നെ അവര്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളൊക്കെ ഏറെ രസകരമാണ്.
സിനിമയില്‍ ഉടനീളം എല്ലാ ഇമോഷനുകളിലൂടെയും കടന്നുപോകുന്ന സുരേഷനെ കൃത്യം മീറ്റര്‍ പിടിച്ച്, അതേസമയം ഒതുക്കത്തോടെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് രാജേഷ് മാധവന്‍. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പാളിപ്പോകാവുന്ന കഥാപാത്രത്തെ ക്ലീന്‍ ആയി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് അദ്ദേഹം. സുമലതയായി ചിത്ര നായരും അങ്ങനെതന്നെ. ഇരുവരുടെയും കെമിസ്ട്രിയും ചിത്രത്തില്‍ നന്നായി വര്‍ക്ക് ആയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ഏറെ മികച്ച് നില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും രസകരമായി തോന്നിയത് സുമലതയുടെ അച്ഛനെ അവതരിപ്പിച്ച സുധീഷ് ആണ്. നാല്‍പത് വര്‍ഷത്തെ അഭിനയജീവിതം ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെ എത്രത്തോളം സ്ഫുടം ചെയ്തെടുത്തു എന്നതിന് ഉദാഹരണമാണ് ഈ കഥാപാത്രം. ഓഡിഷനിലൂടെ കണ്ടെത്തിയിരിക്കാവുന്ന, പല പ്രായത്തിലെ നിരവധി നവാഗതര്‍ ചിത്രത്തിലുണ്ട്. ഇവരില്‍ ഒരാള്‍ പോലും അഭിനയിക്കുന്നതായി തോന്നുന്നില്ല എന്നതാണ് കാസ്റ്റിംഗിലെ വിജയം.
മലയാളസിനിമകളിലെ ഹ്യൂമര്‍ മിക്കപ്പോഴും സംഭവിക്കുന്നത് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലാണ്. അല്ലാത്തത് സിറ്റ്വേഷണല്‍ കോമഡികളും. അതില്‍ത്തന്നെ പഴത്തൊലിയില്‍ ചവുട്ടി വീഴുന്നതടക്കമുള്ള സ്ലാപ്സ്റ്റിക് കോമഡികളുമുണ്ട്. ഇതൊന്നുമല്ലാതെ ഒരു തരത്തിലുള്ള വിഷ്വല്‍ ഹ്യൂമര്‍ സൃഷ്ടിച്ചിട്ടുണ്ട് സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. അതുതന്നെയാണ് ഈ ചിത്രത്തിന്‍റെ ഫ്രെഷ്നസും. സാങ്കേതിക മേഖലകളുടെ കാര്യമെടുത്താല്‍ ആദ്യം പറയേണ്ടത് കെ കെ മുരളീധരന്‍റെ പ്രൊഡക്ഷന്‍ ഡിസൈന്‍ ആണ്. ഫാന്‍റസിയുടെയും അബ്സേഡിറ്റിയുടെയുമൊക്കെ സ്വഭാവമുള്ള ചിത്രത്തിന് അതിന് ചേരുന്ന തരത്തില്‍ അതേസമയം മിനിമല്‍ ആയി ഒരു ലോകം ഒരുക്കിനല്‍കിയിട്ടുണ്ട് മുരളീധരന്‍. സബിന്‍ ഊരാളിക്കണ്ടിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. മുരളീധരന്‍ കലാസംവിധാനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്ന ലോകത്തെ മനോഹരമായി പകര്‍ത്തിയിട്ടുണ്ട് സബിന്‍. ഡോണ്‍ വിന്‍സെന്‍റിന്‍റെ പാട്ടുകള്‍ ട്രെന്‍ഡ് സൃഷ്ടിക്കാന്‍ സാധ്യതയുള്ളവയാണ്.
എപ്പോഴും കാണിയേക്കാള്‍ മുന്നില്‍ സഞ്ചരിക്കുന്ന, കഥ പറച്ചിലില്‍ അപ്രതീക്ഷിത നിമിഷങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവരാറുള്ള സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയും അങ്ങനെ തന്നെ. സ്ക്രീനില്‍ ഫ്രഷ്നെസ് അനുഭവിപ്പിക്കുന്ന, ഹ്യൂമര്‍ എന്നത് ഡയലോഗുകളില്‍ മാത്രമല്ലാതെ, വിഷ്വലിയും അനുഭവിപ്പിക്കുന്ന ചിത്രമാണിത്.
ALSO READ : സിദ്ധാര്‍ഥ് ഭരതന്‍ പ്രധാന വേഷത്തില്‍; 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഫസ്റ്റ് ലുക്ക്