ചിരിച്ച് ആഘോഷിക്കാന്‍ 'മദനോത്സവം', റിവ്യു

സുരാജ് വെഞ്ഞാറമൂടിന്റെ 'മദനോത്സവം' എന്ന ചിത്രത്തിന്റെ റിവ്യു.
 

Suraj Venjaramoodu starrer new film Madanolsavam review hrk

മലയാളത്തിന്റെ ആഘോഷ സീസണാണ് വിഷു. വിഷുക്കാലത്ത് ആഘോഷിക്കാന്‍ വെള്ളിത്തിരയില്‍ വകതരുന്ന ചിത്രമാണ് 'മദനോത്സവം'. ഒരിടവേളയ്‍ക്ക് ശേഷം സുരാജ് കോമഡിക്ക് പ്രാധാന്യം നല്‍കുന്ന പ്രൊജക്റ്റില്‍ ഭാഗമായിരിക്കുന്നുവെന്നതും 'മദനോത്സവ'ത്തിന്റെ പ്രത്യേകതയാണ്. സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു രാഷ്‍ട്രീയ ആക്ഷേപഹാസ്യമായിട്ടാണ് 'മദനോത്സവം'' പ്രേക്ഷകരെ സമീപിച്ചിരിക്കുന്നത്.

മദനനാ'ണ് 'മദനോത്സവ'ത്തിലെ കേന്ദ്ര കഥാപാത്രം. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം മാറ്റി വില്‍ക്കുന്ന കഥാപാത്രമാണ് 'മദനന്‍'‍. ഒരു പ്രത്യേക സാഹചര്യത്തില്‍ 'മദനന്‍'‍, മരണപ്പെട്ട സുഹൃത്തിന്റെ ഭാര്യ 'ആലീസി'നെയും മകളെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോരുന്നു. നാട്ടുകാരുടെ പരദൂഷണങ്ങള്‍ക്കൊടുവില്‍ 'മദനനെ' വിവാഹം കഴിക്കാന്‍ 'ആലീസ്' തയ്യാറാകുന്നു.

മാമന്‍ എന്നാണ് 'ആലീസി'ന്റെ മകള്‍ 'മദനനെ' വിളിക്കുന്നത്. 'മദനനെ' ഇഷ്‍ടമാണെങ്കിലും ഒരു ദാമ്പത്യ ജീവിതത്തിന് തയ്യാറാകണമെങ്കില്‍ മകള്‍ അച്ഛാ എന്ന് വിളിക്കുന്നതുവരെ കാത്തിരിക്കണമെന്ന് 'ആലീസ്' 'മദനനോ'ട് പറയുന്നു. ഒടുവില്‍ മകള്‍ 'മദനനെ' അച്ഛന്‍ എന്ന് വിളിക്കുന്നു. അന്ന് രാത്രി 'ആലീസുമായി ദാമ്പത്യ ജീവിതം ആരംഭിക്കാന്‍ കാത്തിരുന്ന 'മദനന്റെ' ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടാകുന്നു. 'മദനന്‍' തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാന്‍ പാര്‍ട്ടിയാല്‍ നിയോഗിക്കപ്പെടുന്നു. തുടര്‍ന്നുള്ള രസകരവും നാടകീയവുമായ സന്ദര്‍ഭങ്ങളാണ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ രാഷ്‍ട്രീയരംഗത്തെ ചില അപചയങ്ങളെ തുറന്നുകാട്ടുകയാണ് പിന്നീട് 'മദനോത്സവം'.

Suraj Venjaramoodu starrer new film Madanolsavam review hrk

സുരാജ് വെഞ്ഞാറമൂടാണ് 'മദനന്‍' എന്ന കഥാപാത്രമായി നിറഞ്ഞുനില്‍ക്കുന്നത്. ഏറെക്കാലത്തിന് ശേഷം ചിരി രസമുള്ള കഥാപാത്രം സുരാജിന് പാകത്തില്‍ ലഭിച്ചിരിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ടത്. ലൌഡായിട്ടുള്ള കോമഡി സംഭാഷണങ്ങള്‍ക്ക് പകരം രസകരമായ മാനറിസങ്ങളിലൂടെയും ചലനങ്ങളിലൂടെയും സുരാജ് 'മദനനാ'യി ചിരിപ്പിക്കുന്നു. അളന്നുമുറിച്ചാണ് സുരാജ് അത്തരം രംഗങ്ങളില്‍ തന്റെ കഥാപാത്രത്തിന്റെ ചിരി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് കണ്ണൂര്‍ക്കാരനായ ഒരു സാധാരണക്കാരന്റെ നിസഹായതയും സുരാജില്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. സുരാജിന്റെ കരിയറില്‍ വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും 'മദനന്‍'‍. സുരാജിന്റെ കോമ്പിനേഷന്‍ രംഗങ്ങളില്‍ ഏറ്റവും ഫലപ്രദമായിരിക്കുന്നത് 'ചന്ദ്രിക അമ്മായി'യായിട്ടുള്ള ചന്ദ്രിക മടിക്കയയുടെ പ്രകടനമാണ്. ഇരുവരും തമ്മില്‍ കൊണ്ടുംകൊടുത്തും കഥാപാത്രങ്ങളുടെ പ്രകടന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. 

Suraj Venjaramoodu starrer new film Madanolsavam review hrk

'ന്നാ താന്‍ കേസ് കൊടി'ലെ 'ജഡ്‍ജി' ആയി വിസ്‍മയിപ്പിച്ച പി പി കുഞ്ഞിക്കൃഷ്‍ണന്‍ 'മദനോത്സവ'ത്തില്‍ 'ചിണ്ടളേപ്പനാ'ണ്. ശങ്കരാടിയെയൊക്കെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മാനറിസങ്ങളുമായി പി പി കുഞ്ഞിക്കൃഷ്‍ണന്‍ 'മദനോത്സവ'ത്തിലും പ്രതീക്ഷകള്‍ നിറവേറ്റുന്നു. ക്വട്ടേഷന്‍ സഹോദരങ്ങളായ 'ശങ്കരന്‍ നമ്പൂതിരി'യായി രാജേഷ് മാധവനും 'അച്യുതന്‍ നമ്പൂതിരി'യായി രഞ്‌ജി കാങ്കോലും രസിപ്പിക്കുകയും ചിത്രത്തിന് ചടുലത കൈവരുത്തുകയും ചെയ്യുന്നു. 'മദനന്‍ മഞ്ഞക്കാരനാ'യി ബാബു ആന്റണി ചിത്രത്തില്‍ തകര്‍ത്താടുന്നു. ചിത്രത്തിന്റെ മൊത്തം സ്വഭാവം ഉള്‍ക്കൊണ്ടുതന്നെ സ്വന്തം സ്റ്റൈല്‍ അടയാളപ്പെടുത്താന്‍ ബാബു ആന്റണിക്ക് കഴിഞ്ഞിരിക്കുന്നു. 'ബിനു തങ്കച്ചനാ'യി രാജേഷ് അഴീക്കോട്, 'നിഷാദ് പുരുഷനാ'യി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍, 'പിആര്‍ഒ ഔസേപ്പാ'യി രാകേഷ് ഉഷാര്‍, 'ബൂസ്റ്റ് മോഹനനാ'യി സുമേഷ് ചന്ദ്രന്‍ തുടങ്ങി മിക്ക അഭിനേതാക്കളും 'മദനോത്സവ'ത്തില്‍ അരങ്ങുതകര്‍ത്തിരിക്കുന്നു.'ആലീസായി' ഭാമ അരുണ്‍ സ്വന്തം കഥാപാത്രം ഭംഗിയാക്കിയിരിക്കുന്നു.

ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന നോവലൈറ്റാണ് 'മദനോത്സവ'ത്തിന് ആധാരം. 'ന്നാ താന്‍ കേസ് കൊട്' അടക്കുള്ള ഹിറ്റുകളുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് 'മദനോത്സവ'ത്തിന്റെ തിരക്കഥയെഴുത്ത്. കൃതി അപ്പാടെ വിരസമായി ദൃശ്യരൂപമാക്കാതെ ചലച്ചിത്ര മാധ്യമത്തിന് പാകപ്പെടുംവിധും സമകാലീനവും പ്രാദേശികവുമായ രസച്ചരടകള്‍ കോര്‍ത്താണ് രതീഷ് 'മദനോത്സവ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്കെല്ലാം സ്വന്തം വ്യക്തിത്വം നല്‍കുംവിധവുമാണ് രതീഷിന്റെ എഴുത്ത്.

Suraj Venjaramoodu starrer new film Madanolsavam review hrk

നിരവധി ഹിറ്റ് സിനിമകളുടെ സഹ സംവിധായകനായി അനുഭവമാര്‍ജ്ജിച്ച സുധീഷ് ഗോപിനാഥാണ് 'മദനോത്സവം' ഒരുക്കിയിരിക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനായി വരവറിയിക്കാന്‍ സുധീഷിനായിരിക്കുന്നു. പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ചലച്ചിത്ര  ആഖ്യാനം രൂപപ്പെടുത്താനും അത് പാളിപ്പോകാതെ പ്രേക്ഷകരിലേക്ക് എത്തിക്കാനും സുധീഷിന് കഴിഞ്ഞിരിക്കുന്നുവെന്ന് 'മദനോത്സവ'ത്തിന്റെ കാഴ്‍ച സാക്ഷ്യം. ഷെഹനാദ് ജലാലിന്റെ ഛായാഗ്രാഹണവും ക്രിസ്റ്റോയുടെ സംഗീതവും വൈശാഖ് സുഗുണന്റെ ഗാനങ്ങളുമെല്ലാം സുധീഷിന് 'മദനോത്സവ'ത്തിന്റെ ദൃശ്യകഥാ പറച്ചലില്‍ നിര്‍ലോഭം പിന്തുണ നല്‍കിയിരിക്കുന്നു.

Read More: ഏഷ്യാനെറ്റിന്‍റെ വിഷുദിന പ്രത്യേക ചലച്ചിത്രങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios