'ഇന്ത ആട്ടം പോതുമാ....' മമ്മൂക്കയുടെ മാസ് ഷോ- റിവ്യൂ
സ്ക്രീൻ പ്രസൻസില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ മാനറിസങ്ങൾക്ക് പ്രേക്ഷകരുടെ നിര്‍ത്താതെയുള്ള കയ്യടികളാണ് തിയേറ്ററില്‍ . അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലാണ് മമ്മൂട്ടി എന്ന താരത്തിന്റെ എനര്‍ജി ലെവൽ.
മമ്മൂട്ടി എന്ന താരത്തിന്റെ ഓൾറൗണ്ടർ പ്രകടനം കൊണ്ടാണ് ഷൈലോക്ക് എന്ന ചിത്രം ശ്രദ്ധേയമാവുന്നത്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാർ എഴുതിയ തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാൻ ആയ സംവിധായകനും. ഇങ്ങനെയുള്ള കൂട്ടുകെട്ടിൽ ഹൈവോള്‍ട്ടേജ് മാസായി മാറുകയാണ് 'ഷൈലോക്ക്'. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് ദൈർഘ്യമുള്ള സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ അഴിഞ്ഞാട്ടമാണ്. സ്ക്രീൻ പ്രസൻസില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ മാനറിസങ്ങൾ പ്രേക്ഷക കയ്യടിയാല്‍ നിറഞ്ഞു നില്‍ക്കുന്നു. അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലാണ് മമ്മൂട്ടി എന്ന താരത്തിന്റെ എനര്‍ജി ലെവൽ.
രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേർന്നാണ്. അജയ് വാസുദേവ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ ഏത് തരത്തിലുള്ള മാസ് ആഗ്രഹിക്കുന്നുവോ അത്തരം രംഗങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ് 'ഷൈലോക്ക്' . ചടുലമായ അക്ഷൻ രംഗങ്ങളും സ്ലോ മോഷനും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പഞ്ച് ഡയലോഗുകളും എല്ലാം പാകത്തിന് ചേർത്തൊരുക്കിയ മാസ് ചിത്രമായി ഷൈലോക്കിനെ മാറ്റുവാൻ കഴിഞ്ഞു എന്നിടത്താണ് സംവിധായകന്റെ വിജയം.
സിനിമാ മോഹിയാണ് മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം. നടനാകണം എന്ന് പറഞ്ഞ് നടന്നിട്ട് ഒടുവിൽ സിനിമാക്കാർക്ക് പണം പലിശയ്‍ക്ക് കൊടുക്കുന്ന തരത്തിലേക്ക് ആ കഥാപാത്രം മാറുകയാണ് . അതും ക്രൂരനായ പലിശക്കാരനായി. പണം തിരിച്ചുപിടിക്കാൻ അയാൾക്ക് അയാളുടേതായ ചില രീതികളുണ്ട്. കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത നിർമാതാവ് പ്രതാപ വർമ (ഷാജോൺ )യുമായുള്ള കൊമ്പ് കോർക്കലിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. സുഹൃത്തായ സിദ്ധിഖ് അവതരിപ്പിക്കുന്ന പൊലീസ് കമ്മിഷണറുടെ സഹായത്തോടെ ബോസിനെ പൂട്ടാൻ പ്ലാൻ ചെയ്യുന്നതും പിന്നീടുണ്ടാവുന്ന പ്രശ്‍നങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ സഞ്ചാരം. ആക്ഷനും തമാശകളും മാസ് ഡയലോഗുകളും പിന്നിട്ട് ചിത്രം രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോൾ മമ്മൂട്ടിയുടെ ഭൂത കാലത്തേയ്‍ക്കാണ് സിനിമ സഞ്ചരിക്കുന്നത്. രാജ് കിരൺ അടക്കമുള്ള താരങ്ങൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്താണ്. അയ്യനാർ എന്ന കഥാപാത്രമായി മലയാളത്തിലുള്ള ആദ്യ ശ്രമം മനോഹരമാക്കാൻ രാജ് കിരണിനായി.
ഗോപി സുന്ദർ ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം തീയേറ്ററുകളെ ഇളക്കിമറിക്കുന്നുണ്ട്. റോള്‍സ് റോയ്‌സിലെത്തുന്ന മമ്മൂട്ടിയുടെ 'ബോസിനെ' മാസായി വരവേൽക്കാൻ ഗോപി സുന്ദറിന്റെ സംഗീതത്തിനായി. മാസ് ചേരുവകൾ ഒട്ടും ചോരാതെ മമ്മൂട്ടി എന്ന സൂപ്പർ താരത്തെ എത്രത്തോളം സ്ക്രീൻ പ്രസൻസിൽ ഉപയോഗിക്കാമോ അത്രത്തോളം ഉപയോഗിക്കാൻ അജയ് വാസുദേവിന് കഴിഞ്ഞു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, എന്നീ താരങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട് ചിത്രത്തിൽ. രണ ദിവയുടെ ക്യാമറയും അനൽ അരശ്, മാഫിയ ശശി അടക്കമുളളവരുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തെ കളര്‍ഫുള്ളാക്കി മാറ്റുന്നുണ്ട്. അവതരണത്തിലെ വേഗത കൊണ്ട് എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്താൻ കഴിയുന്ന മാസ് ചിത്രമാക്കി ഷൈലോക്ക് അജയ് വാസുദേവ് മാറ്റുന്നു.