'സത്യം പറഞ്ഞാ' സിനിമ കൊള്ളാം! മടങ്ങിവരവ് ആഘോഷമാക്കി സംവൃതയും- റിവ്യു
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീട്ടമ്മയായ ഗീതു എന്ന കഥാപാത്രത്തിലൂടെ മടങ്ങിവരവ് മികവുറ്റതാക്കി സംവൃത.
അസാധാരണമായ ട്വിസ്റ്റോ വലിച്ചിഴക്കുന്ന നാടകീയതയോ ഞെട്ടിക്കാൻ മാത്രമുള്ള ക്ലൈമാക്സോ ഒന്നും ഇല്ലാത്ത ഒരു കൊച്ചു സിനിമയാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. ഒരു വടക്കന്‍ സെല്‍ഫി'ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂര്‍ ആണ്. ആറ് വർഷത്തിന് ശേഷം സംവൃത വീണ്ടും മലയാളസിനിമയില്‍ മടങ്ങി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
വാർക്കപണിക്കാരനായ സുനിയുടെയും കൂട്ടരുടെയും തമാശകളും അവരുടെ ജീവിത പ്രാരാബ്‍ധങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ തുടക്കം. സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും അനുഭവിക്കുന്ന സുനി പണിക്കൂലിയായി ലഭിക്കുന്ന തുക കൂടുതലും ചെലവഴിക്കുന്നത് മദ്യപാനത്തിനായാണ്. വീട് പണിക്കായി ചെന്ന സുനിക്കൊപ്പം പ്രണയത്തിലായി ഇറങ്ങിപ്പോന്നയാളാണ് ഗീതു ഇവർക്കൊരു മകളും കൂടിയുണ്ട്. ഇവരുടെ ജീവിത പ്രശ്‍നങ്ങളും മദ്യപാനം ഒരു കുടുംബത്തിന് എത്രമാത്രം വേദനയുണ്ടാക്കുന്നുവെന്നും ചിത്രം കാണിച്ചു തരുന്നു. മകളുടെ പിറന്നാൾ ദിവസം അപ്രതീക്ഷമായി സുനിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യം സുനിയുടെയും കൂട്ടുകാരുടെയും ജീവിതത്തെ പിടിച്ചുലയ്‍ക്കുന്നു. ഇതോടെ സിനിമ മറ്റൊരു താളത്തിലേക്ക് പ്രവേശിക്കുന്നു. പിന്നെ ഉണ്ടാവുന്ന ഒരു ചോദ്യമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'.
വാർക്കപണിക്കാരനായ സുനി എന്ന കഥാപാത്രമായി ബിജു മേനോൻ ഗംഭീരപ്രകടനം നടത്തി. വീട് പണിയുന്ന മേസ്‍തിരിയുടെ എല്ലാ ഭാവങ്ങളും രീതികളും സുനി എന്ന കഥാപാത്രത്തിലൂടെ ബിജു മേനോൻ കൊണ്ടുവന്നു. അതി വൈകാരിക രംഗങ്ങളിലും, മദ്യപിച്ചുള്ള രംഗങ്ങളിലും തന്നിലെ നടനെ വീണ്ടും പൂർണതയിലെത്തിക്കാൻ ബിജുമേനോനായി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീട്ടമ്മയായ ഗീതു എന്ന കഥാപാത്രത്തിലൂടെ മടങ്ങിവരവ് മികവുറ്റതാക്കി സംവൃത. ഭർത്താവിന്റെ മദ്യപാനം മൂലം ഒരു വീട്ടമ്മയ്ക്ക് ഉണ്ടാവുന്ന വേദനകളും പ്രശ്‍നങ്ങളും അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ സംവൃതയ്ക്കായി. കറുപ്പായി എന്ന കഥാപാത്രമായി അലൻസിയറും മോശമാക്കിയില്ല. താമര എന്ന കഥാപാത്രമായി സുധി കോപ്പയുടെയും പ്രകടനം കയ്യടി അർഹിക്കുന്നു. മദ്യത്തോടുള്ള മലയാളിയുടെ അടങ്ങാത്ത ഭ്രമത്തെ ആക്ഷേപഹാസ്യത്തോടെ ചിത്രം അവതരിപ്പിക്കുന്നുണ്ട്.
ലളിതമായ അവതരണ രീതിയിലൂടെ കുടുംബ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കുകയെന്നതാണ് സംവിധായകൻ ജി പ്രജിത്ത് സ്വീകരിച്ച അവതരണ രീതി. തിരക്കഥയ്‍ക്കൊത്ത അവതരണശൈലിയും ചെറുതായി പാളിപ്പോയാല്‍ കൈമോശം വരാവുന്ന സബ്‍ജക്ടിനെ മികച്ച രീതിയിലെടുക്കാൻ കഴിഞ്ഞതും സംവിധായകൻ എന്ന നിലയിൽ ജി പ്രജിത്തിനെ അടയാളപ്പെടുത്തുന്നു. ബിജിപാൽ ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം വേഗതയാർന്ന ഒഴുക്ക് ചിത്രത്തിന് സമ്മാനിക്കുന്നു. വിശ്വജിത്ത് സംഗീതം നൽകിയ 'അംബരം പൂത്തപോലെ' എന്നാരംഭിക്കുന്ന ഗാനം കേള്‍വിയില്‍ പുതുമ പകരുന്ന ഒന്നാണ്. കണ്ടുമറക്കേണ്ട സിനിമാ കാഴചയ്ക്ക് അപ്പുറം പ്രേക്ഷകരുടെ മനസ് തൊടുന്ന ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'.