ആഖ്യാനത്തിന്‍റെ പുതുവഴി; 'രേഖാചിത്രം' റിവ്യൂ
ഏറെ കൗതുകമുണര്‍ത്തുന്ന പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും മികച്ച ത്രില്ലറുകള്‍ വരുന്നത് മലയാളത്തിലാണെന്ന വിലയിരുത്തലുകള്‍ വരാറുണ്ട്. പുതുവര്‍ഷത്തിലും ഈ ജോണറില്‍ വൈവിധ്യമുള്ള സിനിമകള്‍ മലയാളത്തില്‍ നിന്ന് വരും എന്നതിന്‍റെ സൂചനയാണ് രേഖാചിത്രം. ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം വ്യത്യസ്തമാവുന്നത് മലയാളത്തിന് അധികം പരിചയമില്ലാത്ത ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി (ഇതര ചരിത്രം) ജോണറിന്‍റെ പിന്‍പറ്റിയുള്ള മിസ്റ്ററി ക്രൈം ത്രില്ലറാണ് ഇത് എന്നതാണ്.
ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് വിവേക്. സസ്പെന്‍ഷന് ശേഷം ഒരു ഉള്‍നാടന്‍ സ്റ്റേഷനിലേക്കാണ് അയാള്‍ സ്ഥലംമാറ്റപ്പെടുന്നത്. എന്നാല്‍ ചാര്‍ജ് ഏറ്റെടുത്തതിനോട് തൊട്ടുചേര്‍ന്ന് ഏറെ കൗതുകകരവും സങ്കീര്‍ണ്ണവുമായ ഒരു കേസ് അയാള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അറിയും തോറും കൂടുതല്‍ കുരുക്കുകളുള്ളതായിത്തീരുന്ന ആ കേസ് വേഗത്തില്‍ മാധ്യമശ്രദ്ധ കൂടി നേടുന്നതോടെ അന്വേഷണം വിജയകരമാക്കുക വിവേകിന്‍റെ കരിയറിനെ സംബന്ധിച്ച് തന്നെ പ്രധാനമായിത്തീരുകയാണ്. ചെറിയ തുമ്പുകളില്‍ പിടിച്ച് അയാള്‍ നടത്തുന്ന അന്വേഷണം മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത മേച്ചില്‍പ്പുറങ്ങളിലേക്ക് രേഖാചിത്രത്തെ എത്തിക്കുകയാണ്.
ആസിഫ് അലിയാണ് വിവേകിനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമായി അനശ്വര രാജനും എത്തുന്നു. ചിത്രത്തിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍റെ കൗതുകം വര്‍ധിപ്പിക്കുന്നത് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി സ്വഭാവമാണ്. മലയാളികള്‍ക്ക് സുപരിചിതമായ എണ്‍പതുകളിലെ ഒരു സിനിമയും അതിന്‍റെ ലൊക്കേഷനുമാണ് ചിത്രത്തിലെ അന്വേഷണത്തിന്‍റെ പ്രധാന പശ്ചാത്തലം ആവുന്നത്. പുതിയ കാലത്തിരുന്ന് നാല് പതിറ്റാണ്ടിന്‍റെ അകലമുള്ള മറ്റൊരു കാലത്ത് നടന്ന ക്രൈമിന്‍റെ അന്വേഷണം എന്നതാണ് തിരക്കഥയിലെ പ്രത്യേകത.
ആസിഫ് അലി സമീപകാലത്ത് നടത്തിക്കൊണ്ടിരിക്കുന്ന മികവുറ്റ സ്ക്രിപ്റ്റ് സെലക്ഷന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് രേഖാചിത്രം. നടനെന്ന നിലയില്‍ ആസിഫിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ലെങ്കിലും വിവേകിനെ തന്‍റേതായി രീതിയില്‍ വേറിട്ടതാക്കിയിട്ടുണ്ട് ആസിഫ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയ കാസ്റ്റിംഗ് അനശ്വര രാജന്‍റേതാണ്. ചിത്രത്തിലെ പ്ലോട്ടിന്‍റെ കേന്ദ്ര സ്ഥാനത്ത് വരുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു മികച്ച നടി തന്നെ വേണം. ആ ആവശ്യകത അനശ്വര ഗംഭീരമാക്കിയിട്ടുണ്ട്.
ഏത് സംവിധായകനും ഏത് അഭിനേതാവിനും ഒറ്റ വായനയില്‍ ആവേശം പകരുന്ന തിരക്കഥയാണ് രേഖാചിത്രത്തിന്‍റേത്. എന്നാല്‍ സിനിമയാക്കിയെടുക്കാന്‍ അത്ര എളുപ്പമല്ലാത്ത ഒന്നും. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതമായ ഒരു കള്‍ട്ട് ചിത്രത്തിന്‍റെ പശ്ചാത്തലം ഉപയോഗിക്കുന്നു എന്നതാണ് ഈ തിരക്കഥയിലെ ഏറ്റവും വലിയ കൗതുകവും അതേസമയം വെല്ലുവിളിയും. അ വെല്ലുവിളിയെ സമര്‍ഥമായി മറികടന്നിട്ടുണ്ട് ജോഫിന്‍ ടി ചാക്കോ. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. രണ്ട് കാലങ്ങളിലൂടെ കഥ പറയുന്ന, അതും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ നടക്കുന്ന ചിത്രത്തെ തുടര്‍ച്ചയുടെ അനുഭവമാക്കുന്നതില്‍ അപ്പു പ്രഭാകറിന്‍റെ പങ്ക് വലുതാണ്. ഒപ്പം എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്‍റെയും. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ സംഗീതം. ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈനും. നിരവധി കഥാപാത്രങ്ങളുള്ള, ഒരു ഡയലോഗ് കേട്ടില്ലെങ്കില്‍പ്പോലും ആസ്വാദനത്തില്‍ അപൂര്‍ണ്ണത വന്നേക്കാവുന്ന ചിത്രമാണ് രേഖാചിത്രം. അത് കണ്ടറിഞ്ഞ്, മിനിമല്‍ ആയ അതേസമയം എഫക്റ്റീവ് ആയ ട്രാക്ക് ആണ് മുജീബ് മജീദ് സൃഷ്ടിച്ചിരിക്കുന്നത്.
ആശയതലം മുതല്‍ പുതുമയുള്ള ചിത്രമാണ് രേഖാചിത്രം. മികവുറ്റ ഒരു തിരക്കഥയെ അതിന്‍റെ മെറിറ്റ് മനസിലാക്കി മലയാളികള്‍ക്ക് നവീനമായ ഒരു അനുഭവം സമ്മാനിച്ചിരിക്കുകയാണ് ജോഫിന്‍ ടി ചാക്കോ. ദി പ്രീസ്റ്റില്‍ നിന്നും രേഖാചിത്രത്തിലേക്ക് എത്തുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ നേടിക്കഴിഞ്ഞ വളര്‍ച്ച അയാള്‍ അനുഭവപ്പെടുത്തും.
ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്