Puzhu Movie Review : ജാതിരാഷ്ട്രീയത്തിലേക്ക് ഇഴഞ്ഞെത്തുന്ന 'പുഴു', മമ്മൂട്ടിയെന്ന നടന്‍: റിവ്യൂ
ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടി നേടിയിട്ടുള്ള വളർച്ച എത്രയെന്ന് കാണിയെ ബോധ്യപ്പെടുത്തുന്ന ഒരു കഥാപാത്രം ഏറെക്കാലത്തിനു ശേഷമാണ് അദ്ദേഹത്തിന് കിട്ടുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ആ പ്രകടനം
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ മമ്മൂട്ടി (Mammootty) സമീപകാലത്ത് പുലർത്തുന്ന പരീക്ഷണത്വരയുടെ ഉദാഹരണങ്ങളാണ് ഈ വർഷത്തെ അദ്ദേഹത്തിൻറെ ലൈനപ്പ്. ഭീഷ്മപർവ്വത്തിനും സിബിഐ 5നും ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം മറ്റു പല കാരണങ്ങളാലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു സംവിധായികയ്‍ക്കൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ പാർവ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രേക്ഷകർക്ക് കൗതുകം പകർന്ന വസ്തുതകളാണ്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ നേടിയ ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദിൻറെ രചനയിൽ വീണ്ടും മമ്മൂട്ടി എന്നതും പ്രതീക്ഷ ഉയർത്തിയ ഘടകമാണ്. മമ്മൂട്ടിയുടെ ആദ്യ ഡയറക്ട് ഒടിടി റിലീസ് കൂടിയായ പുഴുവിൻറെ (Puzhu) കാഴ്ചാനുഭവം എന്താണെന്ന് നോക്കാം.
ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം. സ്കൂൾ വിദ്യാർഥിയായ മകനുമൊത്ത് നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് അദ്ദേഹത്തിൻറെ താമസം. അരക്ഷിതാവസ്ഥയുടേതായ ഒരു ആവരണത്താൽ എപ്പോഴും പൊതിയപ്പെട്ടതുപോലെ തോന്നിപ്പിക്കുന്ന ഈ കഥാപാത്രത്തിൻറെ ദൈനംദിന ജീവിതത്തിലേക്ക് പതിയെ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുകയാണ് സംവിധായിക. ആദ്യകാഴ്ചയിൽ സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന അയാളുടെ ജീവിതപരിസരം എത്രത്തോളം അസ്വാഭാവികമാണെന്നും വിട്ടുമാറാത്ത ഭയത്തിൻറെ ഒരു പ്രതലത്തിലേക്ക് അയാളെ എത്തിച്ചത് എന്തെന്നും പരിശോധിക്കുകയാണ് ചിത്രം. ആദ്യ പത്ത് മിനിറ്റുകൾക്കുള്ളിൽത്തന്നെ കനപ്പെട്ടതെന്തോ വരാനുണ്ടെന്ന തോന്നൽ ഉളവാക്കുന്ന ചിത്രം നിഗൂഢതയുടേതായ ഒരു ആവരണവും എടുത്തണിയുന്നു. കേന്ദ്ര കഥാപാത്രത്തിനൊപ്പം, അയാളുടെ ഭയങ്ങൾക്കും അരക്ഷിതത്വത്തിനുമൊപ്പം സഞ്ചരിക്കാൻ നിയോഗിക്കപ്പെടുന്ന കാണി അന്ത്യത്തോടടുക്കുമ്പോൾ ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു അപ്രതീക്ഷിതത്വത്തിനായി ഒരുക്കപ്പെടുന്നുമുണ്ട്.
മഹാഭാരതത്തിലെ പരീക്ഷിത്ത് രാജാവിൻറെയും തക്ഷകൻ എന്ന സർപ്പത്തിൻറെയും കഥ ചിത്രത്തിൽ ഒരു രൂപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് രചയിതാക്കൾ. ഹർഷദിൻറെ കഥയ്ക്ക് ഹർഷദ്, സുഹാസ്, ഷർഫു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൊലീസ് ഓഫീസറുടെ അധികാരക്കസേരയിൽ ഔദ്യോഗികജീവിതം പൂർത്തിയാക്കിയ നായകൻ മമ്മൂട്ടി വലിയൊരു ഇടവേളയ്ക്കു ശേഷം എടുത്തണിയുന്ന ഗ്രേ ഷെയ്‍ഡ് ഉള്ള കഥാപാത്രം കൂടിയാണ്. ഒരു ഡയറക്റ്റ് ഒടിടി റിലീസ് ചിത്രം എന്ന നിലയിലുള്ള ആഖ്യാനസ്വാതന്ത്ര്യം അണിയറക്കാർ ഉപയോഗപ്പെടുത്തിയിട്ടുള്ള ചിത്രത്തിലെ നായകനായി മമ്മൂട്ടി നിറഞ്ഞാടിയിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടി നേടിയിട്ടുള്ള വളർച്ച എത്രയെന്ന് കാണിയെ ബോധ്യപ്പെടുത്താനുള്ള ഒരു കഥാപാത്രം ഏറെക്കാലത്തിനു ശേഷമാണ് അദ്ദേഹത്തിന് കിട്ടുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ആ പ്രകടനം. പതിയെ തുടങ്ങി അന്ത്യത്തോടടുക്കുമ്പോൾ ആഖ്യാനത്തിൽ മൂർച്ഛയനുഭവിപ്പിക്കുന്ന ചിത്രത്തിനൊപ്പം കാണിക്ക് മുന്നിൽ വളരുന്നതാണ് മമ്മൂട്ടിയുടെ കഥാപാത്രവും. ഒരു പൊലീസ് ഓഫീസറുടെ കുപ്പായത്തിൽ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ഒരു മനുഷ്യൻറെ ചുളിവ് വീഴാത്ത ആത്മവിശ്വാസം എന്ന തോന്നലുളവാക്കി സ്ക്രീനിൽ ആടിത്തുടങ്ങുന്ന നായകൻ ക്രമേണ അരക്ഷിതാവസ്ഥയുടെയും ഭയത്തിൻറെയും സംഭ്രമത്തിൻറെയും ഹാലൂസിനേഷനുകളുടെയുമൊക്കെ തലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇത്രയും സൂക്ഷ്മവും പൂർണ്ണത അനുഭവിപ്പിക്കുന്നതുമായ ഒരു ക്യാരക്റ്റർ സ്കെച്ച് ഏറെക്കാലത്തിനു ശേഷമാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്. അത് അദ്ദേഹം അവിസ്മരണീയമാക്കിയിട്ടുമുണ്ട്.
മമ്മൂട്ടിയുടെ ഇളയ സഹോദരിയാണ് പാർവ്വതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രം. പുനർവിവാഹത്തിൽ ഇഷ്ടപ്പെട്ട പങ്കാളിയുമൊത്ത് ജീവിക്കാൻ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ തയ്യാറായ കഥാപാത്രമാണ് പാർവ്വതിയുടേത്. വിവാഹജീവിതം സന്തോഷകരമെങ്കിലും വീട്ടുകാരുമായുള്ള അകൽച്ചയുടേതായ ബുദ്ധിമുട്ടുകളും അവർക്കുണ്ട്. ചുരുക്കം കഥാപാത്രങ്ങളിലൂടെ, ഒരു ചെറിയ പ്ലോട്ടിൻറെ സങ്കീർണ്ണതകളിലൂടെ കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളിൽ മാറാതെ നിൽക്കുന്ന ജാതി എന്ന യാഥാർഥ്യത്തിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്.
ഒരു പുതുമുഖ സംവിധായിക എന്ന തോന്നൽ ഉളവാക്കാതെയാണ് റത്തീന ആദ്യചിത്രം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. കുറച്ചു കഥാപാത്രങ്ങളുള്ള, ലിമിറ്റഡ് സ്പേസുകളിൽ ഷൂട്ട് ചെയ്‍തിരിക്കുന്ന ചിത്രത്തിൽ കഥാപാത്രങ്ങളുടെ, വിശേഷിച്ചും മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറെ മൈൻഡ്സ്കേപ്പിനാണ് പ്രാധാന്യം. ഒരു ഡയറക്ടറുടെ പ്രാഗത്ഭ്യം ആവശ്യപ്പെടുന്ന നരേഷനിൽ റത്തീന അത് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. ഒപ്പം മമ്മൂട്ടിയിലെ അഭിനേതാവിന് ഇത്രയും പ്രകടനസാധ്യത ഒരുക്കിയതിലും അവർക്ക് അഭിമാനിക്കാം. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചില അഭിനയമുഹൂർത്തങ്ങളുടെയ പട്ടികയിൽ ധൈര്യപൂർവ്വം ചേർക്കാവുന്ന ചില നിമിഷങ്ങൾ പുഴുവിലുണ്ട്. അതാണ് ചിത്രത്തിൻറെ ശക്തിയും.
തേനി ഈശ്വർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. നേരത്തെ പറഞ്ഞതുപോലെ ഷൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ലിമിറ്റഡ് സ്പേസ് എന്നത് കേന്ദ്ര കഥാപാത്രത്തിൻറെ ഒരു മനോലോകം എന്ന നിലയിലും അയാൾ അനുഭവിക്കുന്ന തിക്കുമുട്ടലായുമൊക്കെ അനുഭവിപ്പിക്കുന്നത് തേനി ഈശ്വറിൻറെ ക്യാമറയാണ്. ഏറെക്കുറെ വർണ്ണരാഹിത്യം അനുഭവിപ്പിക്കുന്ന, ഒരുതരം മരവിപ്പ് അനുഭവിപ്പിക്കുന്ന കളർ പാലെറ്റ് ആണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ചെയ്‍തതിൽ ഏറ്റവും മിനിമൽ വർക്കും ആയിരിക്കും പുഴു. റിലീസിനു മുൻപ് ചിത്രത്തെക്കുറിച്ച് അണിയറക്കാർ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ ഒരു വേറിട്ട അറ്റംപ്റ്റ് എന്ന നിലയിൽ ഒടിടി റിലീസ് എങ്കിൽക്കൂടി വൻ ഹൈപ്പ് നേടിയിരുന്നു ചിത്രം. ഇത്തരത്തിലുള്ള എല്ലാ മുൻധാരണകളും മാറ്റിവച്ച് സമീപിക്കാനാണ് പുഴു ഒരു കാണിയോട് ആവശ്യപ്പെടുന്നത്.