Pushpa Review : പ്രതീക്ഷ കാത്തോ 'പുഷ്‍പ'? റിവ്യൂ

ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം

pushpa movie review allu arjun fahadh faasil sukumar

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഒരോ അപ്ഡേറ്റിലും പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ ചിത്രമാണ് 'പുഷ്‍പ'. അല്ലു അര്‍ജുന്‍ ചിത്രം എന്നതിനപ്പുറം ടോളിവുഡിലെ ശ്രദ്ധേയ സംവിധായകന്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും പ്രതീക്ഷകളെ ഉയര്‍ത്തി. സാധാരണ 'മെട്രോ ബോയ്' വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി വളരെ 'റോ' ആയ രീതിയിലാണ് അല്ലുവിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നതും പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്.

സ്വന്തം പേരിനൊപ്പം പിതാവിന്‍റെ പേര് ചേര്‍ക്കാന്‍ കഴിയാത്ത പുഷ്‍പരാജ് എന്ന പുഷ്‍പ (അല്ലു അര്‍ജുന്‍)യാണ് അല്ലു ചിത്രത്തില്‍. ആന്ധ്രപ്രദേശിലെ ശേഷാചലം വനത്തിനോട് അനുബന്ധിച്ചാണ് അയാള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ കാടുകളില്‍ വളരുന്ന രക്തചന്ദനം ആഗോള പ്രശസ്തമാണ്. ഇത് അനധികൃതമായി കടത്തുന്ന, രാഷ്ട്രീയക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'സിന്‍ഡിക്കേറ്റ്' തന്നെയുണ്ട്. മംഗലം ശ്രീനു (സുനില്‍)വാണ് അത് നിയന്ത്രിക്കുന്നത്. ഈ സിന്‍ഡിക്കേറ്റില്‍ എങ്ങനെ പുഷ്പ മേധാവിയാകുന്നു എന്നതാണ് രണ്ട് ഭാഗമുള്ള പുഷ്പയുടെ ഒന്നാം ഭാഗമായ 'പുഷ്പ ദ് റൈസ്' പറയുന്നത്. എല്ലാവരെയും കീഴടക്കി ചന്ദന മാഫിയയുടെ തലവനായ പുഷ്‍പയ്ക്ക് എതിരാളിയായി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് (ഫഹദ്) എത്തുന്നിടത്താണ് പടം അവസാനിക്കുന്നത്. രണ്ടാം ഭാഗം 'പുഷ്‍പ റൂള്‍' അടുത്തവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pushpa movie review allu arjun fahadh faasil sukumar

 

അല്ലു അര്‍ജുന്‍റെ പ്രകടനമാണ് പുഷ്പയുടെ പ്രധാന ആകര്‍ഷണ ഘടകം എന്നുതന്നെ പറയണം. പുഷ്പയിലേക്കുള്ള അല്ലുവിന്‍റെ ഇമോഷണലും, ശാരീരികവുമായുമുള്ള മാറ്റം തീര്‍ത്തും ഭദ്രമാണ്. ചിത്രത്തിന്‍റെ ആദ്യാവസാനം അതിനാല്‍ തന്നെ 'പുഷ്പ ഷോ' (സാധാരണ കാണുന്ന അല്ലു ഷോ അല്ല) തന്നെയാണ് ചിത്രം എന്ന് പറയാം. അതേ സമയം ഫസ്റ്റ് ലുക്ക് പോസ്റ്ററിലേതുപോലെ ഒരു ഇംപ്രഷന്‍ നല്‍കാതെ ഒന്നാം ഭാഗത്തിലെ മറ്റു പല പ്രധാന കഥാപാത്രങ്ങളും കടന്നുപോകുന്നു എന്നും പറയാതിരിക്കാനാവില്ല.

നായികയായെത്തിയ രശ്‍മിക മന്ദാനയ്ക്ക് കൂടുതലായി ഒന്നും ചിത്രത്തില്‍ ചെയ്യാനില്ല. ചിത്രത്തിലെ മൊത്തം റണ്ണിംഗ് ടൈം മൂന്ന് മണിക്കൂറിനടുത്ത് വരുന്നുണ്ടെങ്കില്‍ രശ്മികയ്ക്ക് ചിത്രത്തിലുള്ള ആകെ സംഭഷണങ്ങള്‍ ഒരു രണ്ട് പേജില്‍ കവിയില്ല. ക്ലീഷേ റൊമാന്‍റിക് രംഗങ്ങളാണ് സംവിധായകന്‍ അല്ലുവിനും രശ്മികയ്ക്കും ഇടയില്‍ സൃഷ്‍ടിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ റൊമാന്‍റിക് ട്രാക്ക് ഇല്ലെങ്കിലും ചിത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് പറയാം.

pushpa movie review allu arjun fahadh faasil sukumar

 

സുനില്‍, അനസൂയ എന്നിവരുടെ അപ്പിയറന്‍സുകള്‍ കൊള്ളാമെങ്കിലും പ്രകടനത്തില്‍ അത്ര കൈയടി നേടുന്നവയല്ല കഥാപാത്രങ്ങള്‍. ചിത്രത്തിന്‍റെ അവസാന അരമണിക്കൂറില്‍ എത്തുന്ന ഫഹദിന്‍റെ റോള്‍, ശരിക്കും ചിത്രത്തിന്‍റെ റേഞ്ച് കൂട്ടുന്നുണ്ട്, മലയാളിക്ക് ചിലപ്പോള്‍ കുമ്പളങ്ങി നൈറ്റ്സിലെ 'ഷമ്മി'യുടെ എക്സ്റ്റന്‍ഷനായി തോന്നയേക്കാമെങ്കിലും. അല്ലുവിന്‍റെ പുഷ്പയുമായുള്ള ആദ്യ ഫേയ്സ് ടു ഫെയ്സ് രംഗത്തില്‍ കൈയ്യടി ഫഹദിന്‍റെ ഷെഖാവത്ത് ഐപിഎസ് കൊണ്ടുപോകും.

സ്ക്രീനില്‍ നിന്ന് കണ്ണെടുപ്പിക്കാത്ത തരത്തിലാണ് മിറോസ്ലാവ് ക്യൂബ ബ്രൊസെക് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കാട്ടുകള്ളന്‍റെ കഥയില്‍ കാടും ഒരു കഥാപാത്രമായി മാറുന്ന തരത്തിലാണ് ഛായാഗ്രഹണം. അതേ സമയം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച ഗാനങ്ങള്‍ ഒരുക്കിയെങ്കിലും ദേവി ശ്രീപ്രസാദ് നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതത്തിന് ആ മികവ് പോര. ഒരു സാധാരണ കൂലി തൊഴിലാളി ഡോണ്‍ ആകുന്നു എന്നത് സിനിമയില്‍ ഒരു പുതിയ വിഷയമല്ല. എന്നാല്‍ അതിന് സ്വീകരിച്ചിരിക്കുന്ന ആന്ധ്രയിലെ രക്ത ചന്ദനക്കടത്ത് എന്ന പശ്ചാത്തലമാണ് സുകുമാര്‍ ചിത്രത്തിലെ പ്രത്യേകത. അവസാന 20 മിനിറ്റ് രണ്ടാം ഭാഗത്തിന് വേണ്ടി ഉണ്ടാക്കിയെടുത്ത ക്ലൈമാക്സ് ആണോയെന്ന് സംശയം തോന്നിപ്പിക്കുമെങ്കിലും അതില്‍ അല്ലുവും ഫഹദും നടത്തുന്ന പ്രകടനം, ഒരു മികച്ച രണ്ടാം പാര്‍ട്ട് ലഭിക്കും എന്ന പ്രതീക്ഷ നല്‍കും. 

Latest Videos
Follow Us:
Download App:
  • android
  • ios