വെറും തമാശയല്ല 'പൊറാട്ട് നാടകം', ചൂടേറിയ സാമൂഹ്യ വിഷയങ്ങളുമായി ഒരു ചിത്രം - റിവ്യൂ
ഗോപാലപുര എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും പ്രതിസന്ധികളുമാണ് പൊറാട്ട് നാടകം എന്ന ചിത്രത്തിന്‍റെ പ്രമേയം.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അരങ്ങേറുന്ന ഒരു നാടന്‍ കലാരൂപമാണ് പൊറാട്ട് നാടകം. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തില്‍ വിഷയങ്ങളായി എത്താറ്. കാണുമ്പോള്‍ തമാശയാണെങ്കിലും ഗൗരവമേറിയ നിത്യ ജീവിതത്തിന്‍റെ സാമൂഹ്യ വിമര്‍ശനങ്ങള്‍ ഈ കലാരൂപത്തില്‍ ഉള്‍പ്പെടാറുണ്ട്. ഇത്തരത്തില്‍ ഗൗരവമേറിയ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തിന്‍റെ മെമ്പോടിയില്‍ പ്രേക്ഷകന് ചിരിയും ചിന്തയും നല്‍കുന്ന രീതിയിലാണ് നൗഷാദ് സാഫ്രോൺ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആ ചിത്രത്തിന് അനുയോജ്യമായ പേരാണ് പൊറാട്ട് നാടകം.
വടക്കന്‍ കേരളത്തില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗോപാലപുര എന്ന ഗ്രാമത്തിലെ ജനങ്ങളും ജീവിതവുമാണ് ' പൊറാട്ട് നാടകം' എന്ന ചിത്രത്തിന്‍റെ കാതല്‍. അവിടെ ജീവിക്കുന്ന കഷ്ടപ്പാടിന്‍റെ പരകോടിയില്‍ എത്തി നില്‍ക്കുന്ന അബു എന്ന ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ. അയാളുടെ പ്രതിസന്ധികളിലേക്ക് ചേര്‍ക്കപ്പെടുന്ന അയല്‍വക്കത്തെ മണികുട്ടി എന്ന പശു. ഒപ്പം നാടിന്‍റെ രാഷ്ട്രീയവും. രസകരമായി തന്നെയാണ് പൊറാട്ട് നാടകം കഥ മുന്നോട്ട് പോകുന്നത്.
അബു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്. ശ്രദ്ധ നേടിയ ഭരതനാട്യത്തിന് ശേഷം സൈജു വീണ്ടും സ്ക്രീനില്‍ ഒരു തനി നാട്ടുപ്പുറത്തുകാരനായി ഗംഭീരമായി തന്നെ തന്‍റെ വേഷം ചെയ്യുന്നുണ്ട്. സാധാരണക്കാരന്‍റെ നിസഹായതയും സന്തോഷവും സങ്കടവും എല്ലാം അബുവിലൂടെ സൈജു പ്രേക്ഷകനിലേക്ക് എത്തിക്കുന്നു. ധര്‍മ്മജന്‍ അബുവിന്‍റെ സുഹൃത്തായി ഒപ്പം ഗംഭീരമായ ഒരു കഥാപാത്രമായി സിനിമയില്‍ എത്തുന്നുണ്ട്.
രാഹുൽ മാധവ്, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത ഇങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. താരങ്ങള്‍ എന്നതിനപ്പുറം അഭിനേതാക്കള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഈ കാസ്റ്റ് എന്നത് ചിത്രത്തിന്‍റെ ഗതിയില്‍ നിന്ന് മനസിലാക്കാം.
സമീപകാല കേരളം ചര്‍ച്ച ചെയ്ത പല വിഷയങ്ങളും തിരക്കഥയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ സഹകരണ അഴിമതിയും, ഗോവധ നിരോധനവും, ജാതി വിവേചനവും, രാഷ്ട്രീയ പാര്‍ട്ടികളുടെ ആത്മാര്‍ത്ഥയില്ലായ്മയും സമീപകാല ഉദാഹരണങ്ങളെ ഉദ്ധരിച്ച് തന്നെ ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ സാമൂഹ്യ ആക്ഷേപങ്ങളിലൂടെ പ്രശസ്തനായ സുനീഷ് വരനാട് ആണ് ചിത്രത്തിന്‍റെ തിരക്കഥ. മികച്ചൊരു കഥയില്‍ ശക്തമായ സാമൂഹ്യ വിമര്‍ശനം ഉള്‍പ്പെടുത്താന്‍ തിരക്കഥകൃത്തിന് സാധിച്ചു.
പ്രഥമ സംവിധാന സംരംഭമാണ് നൗഷാദ് സാഫ്രോണിന്‍റെ. അന്തരിച്ച വിഖ്യാത സംവിധായകന്‍ സിദ്ദിഖിന്‍റെ ശിഷ്യനായ ഇദ്ദേഹം ആ സിഗ്നേച്ചര്‍ തെളിയിക്കും രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം എന്നാണ് പൊറാട്ട് നാടകം ടൈറ്റില്‍ തന്നെ.
സാങ്കേതിക വിഭാഗത്തില്‍ ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ എന്നിവരാണ് നിര്‍വഹിച്ചത്. ചിത്രത്തിന്‍റെ കെട്ടിലും മട്ടിലും മികച്ച് നില്‍ക്കുന്നതായിരുന്നു ഇവരുടെ സംഭാവന. രാഹുല്‍ രാജിന്‍റെ ഗാനങ്ങളും, പാശ്ചത്തല സംഗതവും ചിത്രത്തിന് അതിന്‍റെതായ തനിമ നല്‍കുന്നുണ്ട്.
സാധാരണക്കാരന്‍റെ ജീവിതത്തിന് മുന്നില്‍ പൊറാട്ട് നാടകം ആടുന്ന രാഷ്ട്രീയ വ്യവസ്ഥിതിയെ ഹാസ്യത്തിന്‍റെ മെമ്പോടിയില്‍ ഒപ്പം വൈകാരികമായ നിമിഷങ്ങളുമായി വിചാരണയ്ക്ക് വയ്ക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം. ചിരിയും ഒപ്പം ഗൗരവമുള്ളതുമായ ഒരു കാഴ്ച ഈ ചിത്രം അര്‍ഹിക്കുന്നുണ്ട്.
ഇനി തിയറ്ററുകളിൽ പൊട്ടിച്ചിരിക്കാലം, തരംഗമാകാന്‍ സൈജു കുറുപ്പും; 'പൊറാട്ട് നാടകം'
സുനീഷ് വാരനാട്: 'പൊറാട്ട് നാടകം' ഞാൻ ആദ്യം പ്ലാൻ ചെയ്തത് ഹിന്ദിയിൽ