Pathrosinte Padappukal Review : 'ഫുൾ ഓണ്‍' ആയോ പത്രോസിന്‍റെ പടപ്പുകൾ? റിവ്യൂ
കൊച്ചി-വൈപ്പിൻ പ്രദേശത്തെ നാട്ടിന്‍പുറത്തുള്ള ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് പത്രോസിന്‍റെ പടപ്പുകള്‍
എഴുത്തുകാരനായും സംവിധായകനായും സീരിയൽ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച അഫ്‌സൽ അബ്‌ദുൽ ലത്തീഫിന്‍റെ (Afsal Abdul Latheef) ആദ്യ സംവിധാന സംരംഭമാണ് പത്രോസിന്‍റെ പടപ്പുകൾ (PathrosintePadappukal). തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് (Dinoy Paulose) തിരക്കഥ ഒരുക്കിയ ചിത്രം. ഡിനോയ് പൗലോസ് തന്നെ നായകനായി എത്തുന്നു എന്ന സവിശേഷതയും പത്രോസിന്‍റെ പടപ്പുകൾക്കുണ്ട്. ലളിതമായ കഥയും കഥാപാത്രങ്ങളും നര്‍മ്മവും അവതരണവും കൊണ്ട് അഫ്‌സൽ അബ്‌ദുൽ ലത്തീഫിന്‍റെ കന്നി സംവിധാന സംരംഭം ആകെത്തുകയില്‍ കാഴ്‌ചക്കാരന് വിരസമാകാതിരിക്കുന്നുണ്ട്.
കൊച്ചി-വൈപ്പിൻ പ്രദേശത്തെ നാട്ടിന്‍പുറത്തുള്ള ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് പത്രോസിന്‍റെ പടപ്പുകള്‍. ഗ്യാസ് ഏജന്‍സി ജീവനക്കാരനായ പത്രോസിനെയും ഭാര്യയെയും നാല് മക്കളേയും പരിചയപ്പെടുത്തിയാണ് ചിത്രത്തിന്‍റെ ആരംഭം. ഇവരില്‍ രണ്ടാമത്തെ മകനായ ടോണി പത്രോസാണ്(ഡിനോയ് പൗലോസ്) കേന്ദ്ര കഥാപാത്രം. തൊഴില്‍രഹിതരായ മക്കളും രസകരമായ മുഹൂര്‍ത്തങ്ങളും കുടുംബപ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയുള്ളതാണ് കഥ. പത്രോസിന്‍റെ അമ്മ(അമ്മാമ്മ) വീട്ടിലേക്ക് തിരിച്ചെത്തുന്നതോടെ ഉള്‍ത്തിരിയുന്ന സംഭവ വികാസങ്ങള്‍ പത്രോസിന്‍റെ പടപ്പുകളെ കൂടുതല്‍ മുഹൂര്‍ത്തങ്ങളിലേക്ക് നയിക്കുന്നു. ഇതിനിടയില്‍ നായകനിലൂടെ ഉള്‍ത്തിരിയുന്ന പ്രണയവും ചെറിയ ട്വിസ്റ്റുകളും ചേര്‍ന്നാണ് സിനിമയുടെ വികാസം.
ദൃശ്യഭാഷയ്‌ക്കപ്പുറം സംഭാഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് അഫ്‌സൽ അബ്‌ദുൽ ലത്തീഫ് ചിത്രമൊരുക്കിയിരിക്കുന്നത്. സംഭാഷണങ്ങളേറെയുള്ള സിനിമയാണ്. അതിനാല്‍ തന്നെ വലിയ ട്വിസ്റ്റുകളോ മുഹൂര്‍ത്തങ്ങളോ സിനിമയില്‍ ഏറെയില്ല. തണ്ണീർമത്തൻ ദിനങ്ങളുടെ തുടര്‍ച്ചയെന്നോളം കഥാവികാസത്തില്‍ ലാളിത്യം സൂക്ഷിക്കുന്നു പത്രോസിന്‍റെ പടപ്പുകള്‍ക്ക് ഡിനോയ് പൗലോസ് ഒരുക്കിയ തിരക്കഥ. നായകനായും ഡിനോയ് തിളങ്ങിയിരിക്കുന്നു.
പത്രോസായി സ്‌ക്രീനിലെത്തുന്ന ജയിംസ് എലിയയും ഭാര്യയായെത്തിയ ഷൈനി സാറയും തിളങ്ങിയപ്പോള്‍ സുരേഷ് കൃഷ്‌ണയുടെ കഥാപാത്രം സ്‌പൂഫാകുന്നുണ്ട്. നസ്‌ലെന്‍റെ (ബോണി പത്രോസ്) കഥാപാത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ തുടര്‍ച്ച നല്‍കുന്നു. അമ്മാമ്മയാണ് ചിത്രത്തിലെ ഫുള്‍ ഓണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രം. വേഷത്തിലും അവതരണത്തിലും ഏറ്റവും ശ്രദ്ധേയമായ റോള്‍ കൈകാര്യം ചെയ്‌തിരിക്കുന്നത് ഷറഫുദ്ദീനാണ്(സോണി പത്രോസ്). അതില്‍ വിജയിക്കുകയും അനായാസ ഡയലോഗ് ഡെലിവറികള്‍ കൊണ്ട് മെയ്‌വഴക്കം കാത്തുസൂക്ഷിക്കുന്നുമുണ്ട് ഷറഫുദ്ദീന്‍. മണിയറയിലെ അശോകന്‍, സാജന്‍ ബേക്കറി സിന്‍സ് 1962 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ രഞ്ജിത മേനോനും അഭിനയത്തില്‍ തിളങ്ങി. ചെറിയ വേഷമെങ്കിലും പുതിയ ഗെറ്റപ്പില്‍ ഗ്രേസ് ആന്‍റണി എത്തുന്നത് അഭിനയതാക്കളുടെ തെരഞ്ഞെടുപ്പില്‍ കയ്യടി വാങ്ങുന്നതാണ്. സമീപകാല സിനിമകളിലെയെല്ലാം പോലെ ജോണി ആന്‍റണി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. നിരവധി യുവതാരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.
ചിത്രത്തിലെ 'ഫുൾ ഓണ്‍ ആണേ' എന്ന ഗാനം നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ജേക്‌സ് ബിജോയ് ഒരുക്കിയ മറ്റ് ഗാനങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ജയേഷ് മോഹന്‍റെ ക്യാമറ കഥാപരിസരത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ട്രെയ്‌ലറും ഗാനവും സൃഷ്‌ടിച്ച ആകാംക്ഷ കാത്തുസൂക്ഷിക്കുന്ന ചിത്രം ലളിതമായ സിറ്റുവേഷന്‍ കോമഡികള്‍ ഇഷ്‌ടപ്പെടുന്ന കാഴ്‌ച്ചക്കാരെ ആകര്‍ഷിക്കാനുള്ളതാണ്. ലളിതമായ കുടുംബ ചിത്രവും ആഖ്യാനവും പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക് കാഴ്‌ചാനുഭവമാകും പത്രോസിന്‍റെ പടപ്പുകള്‍.