ജോജുവിന്‍റെ ബ്രില്യന്‍റ് 'പണി'; റിവ്യൂ
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം. പ്രതീക്ഷ കാത്ത് താരം
മൂന്ന് പതിറ്റാണ്ടിന്‍റെ അഭിനയാനുഭവമുള്ള, സമീപകാലത്ത് കഥാപാത്രങ്ങളായി വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം. ആ കൗതുകം കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു പണി. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ഥികള്‍ സാഗര്‍ സൂര്യയും ജുനൈസ് വി പിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതും ഈ പ്രോജക്റ്റിന്‍മേല്‍ പ്രേക്ഷകരുടെ കൗതുകം കൂട്ടിയ ഘടകമാണ്. മൂന്ന് പതിറ്റാണ്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്ന ജോജു ജോര്‍ജ് സംവിധായകനായി അരങ്ങേറിയപ്പോള്‍ ഒരു സര്‍പ്രൈസ് പാക്കേജ് ആണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
തൃശൂര്‍ നഗരവും പരിസരങ്ങളും പശ്ചാത്തലമാക്കുന്ന ചിത്രം ഗുണ്ടാസംഘങ്ങളും അവശ്യ സമയത്ത് അവരെ ഉപയോഗപ്പെടുത്തുന്ന ബിസിനസ് ലോകവുമൊക്കെയുള്ള ഒരു അധോലോകത്തിലേക്കാണ് ക്യാമറ തിരിക്കുന്നത്. തൃശൂര്‍ എന്ന കഥാപരിസരം അവതരിപ്പിച്ചതിന് ശേഷം ഗിരിയുടെയും സുഹൃത്തുക്കളുടെയും ലോകത്തേക്ക് പ്രേക്ഷകരുടെ ശ്രദ്ധ കൊണ്ടുപോവുകയാണ് സംവിധായകന്‍. കേന്ദ്ര കഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചിരിക്കുന്നതും ജോജു തന്നെയാണ്. കോളെജ് കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ച ഗൗരിയുമൊത്ത് ബിസിനസും മറ്റുമായി ജീവിക്കുന്ന ഗിരിക്ക് പക്ഷേ മറ്റൊരു മുഖവും ഭൂതകാലവുമുണ്ട്. അത് അധോലോകത്തിലെ ഒരു മുന്‍നിരക്കാരന്‍റേതാണ്. ഒരിക്കല്‍ അയാളുടെ വ്യക്തിജീവിതത്തിലുണ്ടാവുന്ന, അലോസരപ്പെടുത്തുന്ന ഒരു സംഭവവും അതിനെത്തുടര്‍ന്നുള്ള പ്രതികരണവും ചെയിന്‍ റിയാക്ഷനുകള്‍ പോലെ തുടര്‍ സംഭവങ്ങള്‍ സൃഷ്ടിക്കുകയാണ്. അധോലോകത്തില്‍ ആകെ അശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുന്ന തലത്തിലേക്ക് വളരുന്ന ആ സംഭവവികാസങ്ങളുടെ ഇങ്ങേത്തലയ്ക്കല്‍ ആരെന്നതും വ്യക്തം. തുടര്‍ന്നുള്ള ബലാബലങ്ങളിലാണ് പണി കഥ പറയുന്നത്.
പറയാനുള്ളത് ലളിതമായി പറയുന്നു എന്നതാണ് ഗ്യാങ്സ്റ്റര്‍ പശ്ചാത്തലമുള്ള ഈ ആക്ഷന്‍ ക്രൈം ഡ്രാമയെ വേറിട്ടതാക്കുന്നത്. ഒപ്പം കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയുമൊക്കെ റിയലിസ്റ്റിക് ആയും ജോജു പരിചരിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ പവര്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ ഡയലോഗുകളെ അധികം ആശ്രയിക്കാതെ ആക്ഷനുകളിലൂടെയും അതിന്‍റെ റിയാക്ഷനുകളിലൂടെയും മൊത്തത്തിലുള്ള വേള്‍ഡ് ബില്‍ഡിംഗിലൂടെയും അത് സാധിച്ചെടുക്കുകയാണ് ജോജു. ഏറ്റവും പ്രധാനം ചിത്രത്തിലെ പ്രധാന ക്രൈമും അതിനെത്തുടര്‍ന്നുണ്ടാവുന്ന ക്യാറ്റ് ആന്‍ഡ് മോസ് ഗെയിമും കാണികളെ ഹുക്ക് ചെയ്യിക്കുന്നു എന്നതാണ്. ആക്ഷന്‍ ഡ്രാമകള്‍ വിജയിക്കണമെങ്കില്‍ അവശ്യം വേണ്ട ഈ കോളം ജോജു ജോര്‍ജ് ഒരു സംവിധായകനെന്ന നിലയില്‍ വൃത്തിയായി പൂരിപ്പിച്ചിട്ടുണ്ട്.
സാഗര്‍ സൂര്യ, ജുനൈസ് വി പി എന്നവരുടെ കാസ്റ്റിംഗ് ആണ് ചിത്രത്തില്‍ ഏറെ ശ്രദ്ധേയം. സിനിമ ആരംഭിക്കുമ്പോള്‍ ഒരു വര്‍ക്ക് ഷോപ്പില്‍ പണിയെടുക്കുന്ന ഡോണ്‍ സെബാസ്റ്റ്യന്‍, സിജു കെ ടി എന്ന ഇവരുടെ കഥാപാത്രങ്ങളാണ് ചിത്രത്തെ പിന്നീട് മുന്നോട്ട് കൊണ്ടുപോകുന്നത്. തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ ഇരുവരും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ സാഗര്‍ താന്‍ ഒരു സ്റ്റാര്‍ മെറ്റീരിയല്‍ കൂടിയാണെന്ന് തെളിയിക്കുന്നുണ്ട് ചിത്രത്തിലൂടെ. മലയാള സിനിമയുടെ സമീപഭാവിയില്‍ നായക നിരയിലേക്ക് ഉറപ്പായും പ്രതീക്ഷിക്കാവുന്ന പേരുകാരനാണ് ഇത്. ഗിരി ജോജുവിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ലെങ്കിലും അയത്നലളിതമായ തന്‍റെ അഭിനയ ശൈലിയിലൂടെ ഒതുക്കത്തോടെ ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ജോജുവിന്‍റെ ജോഡിയായി എത്തിയ അഭിനയ, ഡേവിസ് എന്ന കഥാപാത്രമായി എത്തിയ ബോബി കുര്യന്‍, ഗിരിയുടെ അളിയന്‍ കഥാപാത്രമായി എത്തിയ സുജിത് ശങ്കര്‍ തുടങ്ങിയവരൊക്കെ തങ്ങളുടെ റോളുകള്‍ ഗംഭാരമാക്കിയിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടം കടന്നുവരുന്ന നിരവധി സീനുകളുള്ള ചിത്രത്തില്‍ പാസിംഗ് ഷോട്ടുകളില്‍ പോലും ഒരു മോശം കാസ്റ്റിംഗ് ശ്രദ്ധയില്‍പ്പെടുംവിധം എഴുന്ന് നില്‍ക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
പൂരവും പെരുന്നാളുമൊക്കെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന തൃശൂര്‍ പശ്ചാത്തലമാക്കുന്ന ചിത്രം ഫാസ്റ്റ് പേസിലാണ് മുന്നോട്ട് പോകുന്നത്. വേണുവും ജിന്‍റോ ജോര്‍ജുമാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഏറെയും രാത്രിയില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ ദൃശ്യപരമായ കണ്ടിന്യുവിറ്റി ഛായാഗ്രാഹകരുടെ മികവാണ്. മനു ആന്‍റണി ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. വിഷ്ണു വിജയ്‍യും സാം സി എസും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സംവിധായകനായുള്ള അരങ്ങേറ്റ ചിത്രത്തിനായി ഒരു ആക്ഷന്‍ ക്രൈം ഡ്രാമ തെരഞ്ഞെടുത്തത് ജോജുവിന്‍റെ ധൈര്യമാണ്. ആ മിഷനില്‍ വിജയിച്ചിട്ടുണ്ട് അദ്ദേഹം. ഇമോഷണലി ഒപ്പം കൂട്ടുന്ന ഒരു ആക്ഷന്‍ ഡ്രാമ കാണാനായി പണിക്ക് ടിക്കറ്റെടുക്കാം.