ഉദ്വേഗമുനയില്‍ നിര്‍ത്തുന്ന 'ഒറ്റ്'; റിവ്യൂ

ഹോളിവുഡ് വെസ്റ്റേണ്‍ ചിത്രങ്ങളുടെ ചുവട് പിടിച്ചുകൊണ്ടാണ് സംവിധായകനായ ഫെല്ലിനി ടി പി ഒറ്റിന്‍റെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത്

ottu malayalam movie review 2022 kunchacko boban arvind swami August Cinema fellini t p

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു പ്രഖ്യാപന വേളയില്‍ തന്നെ ഒറ്റിനെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയ പ്രധാന ഘടകം. ഭരതന്റെ ദേവരാ​ഗം പുറത്തെത്തി 25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്നു എന്നതും സിനിമാപ്രേമികളില്‍ കൗതുകമുണര്‍ത്തിയ കാര്യമാണ്. ആക്ഷന്‍ ത്രില്ലര്‍ എന്ന ​​ഗണത്തില്‍ പെട്ട ചിത്രങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമല്ലെങ്കിലും ഒറ്റിനെപ്പോലെ വ്യത്യസ്‍ത ട്രീറ്റ്മെന്റില്‍ ഒരുങ്ങിയ ആ ​ഗണത്തിലെ ചിത്രങ്ങള്‍ അപൂര്‍വ്വമായിരിക്കും.

ഹോളിവുഡ് വെസ്റ്റേണ്‍ ചിത്രങ്ങളുടെ ചുവട് പിടിച്ചുകൊണ്ടാണ് സംവിധായകനായ ഫെല്ലിനി ടി പി ഒറ്റിന്‍റെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത്. സ്പാ​ഗെറ്റി വെസ്റ്റേണ്‍ ചിത്രങ്ങളില്‍ കള്‍ട്ട് പദവി തന്നെയുള്ള ദ് ​ഗുഡ്, ദ് ബാഡ് ആന്‍ഡ് ദി അ​ഗ്ലിയുടെ റെഫറന്‍സോടെയാണ് ചിത്രത്തിന്‍റെ ഓപണിം​ഗ് സീക്വന്‍സ് തന്നെ ആരംഭിക്കുന്നത്. ആ ഫ്രെയ്‍മിലേക്കാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കിച്ചുവിനെയും അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന ദാവൂദിനെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നത്. കാമുകിയായ കല്യാണിയുടെ (ഈഷ റെബ്ബ) ആഗ്രഹമനുസരിച്ച് സ്വീഡനിലേക്ക് കുടിയേറണമെന്ന ലക്ഷ്യവുമായി നടക്കുന്നയാളാണ് ചാക്കോച്ചന്‍റെ കിച്ചു. അതിനായി വേണ്ടിവരുന്ന ഭാരിച്ച ചെലവ് എങ്ങനെ കണ്ടെത്തും എന്ന ആശയക്കുഴപ്പത്തിലുമാണ് അയാള്‍. അതിനിടെ വന്‍ തുകയുടെ വാ​ഗ്‍ദാനവുമായി തന്നെ തേടിയെത്തുന്ന നി​ഗൂഢമായ ഒരു മിഷന്‍ സ്വീകരിക്കാന്‍ അയാള്‍ രണ്ടും കല്‍പ്പിച്ച് തീരുമാനിക്കുകയാണ്. മുന്‍പ് നടന്ന ഒരു ​ഗ്യാങ് വാറിനു ശേഷം ഓര്‍മ്മനഷ്ടം നേരിടുന്ന ഡേവിഡില്‍ നിന്നും ചിലത് ചികഞ്ഞ് പരിശോധിക്കുക എന്നതാണ് കിച്ചു പൂര്‍ത്തിയാക്കേണ്ട മിഷന്‍. മുന്നോട്ടുള്ള വഴിയേ അപകടങ്ങള്‍ പലത് കാത്തിരിക്കുന്ന ഈ അസാധാരണ മിഷന്‍ പൂര്‍ത്തിയാക്കാന്‍ അയാള്‍ക്ക് സാധിക്കുമോ, സാധിക്കുമെങ്കില്‍ എങ്ങനെ എന്നതൊക്കെയാണ് ഒറ്റിന്‍റെ മുന്നോട്ടുള്ള കഥാവഴികള്‍. 

ottu malayalam movie review 2022 kunchacko boban arvind swami August Cinema fellini t p

 

കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. ഇതുവരെ സ്ക്രീനില്‍ കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് ചാക്കോച്ചന്‍ സ്ക്രീനിലെത്തുന്നത്. അരവിന്ദ് സ്വാമിയുടെ സ്ക്രീന്‍ പ്രസന്‍സും എടുത്തു പറയണം. രണ്ട് അപരിചിതര്‍ എന്ന നിലയില്‍ ആരംഭിക്കുന്ന ഈ രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന ബന്ധവും അതിലെ അപ്രതീക്ഷിതത്വങ്ങളുമൊക്കെയാണ് കഥയെ മുന്നോട്ടുനയിക്കുന്നത് എന്നതിനാല്‍ അവരെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്കിടയിലെ കെമിസ്ട്രി പ്രധാനമായിരുന്നു. ആ കെമിസ്ട്രി ഏറ്റവും നന്നായി സ്ക്രീനില്‍ എത്തിക്കാന്‍ ചാക്കോച്ചന്‍- അരവിന്ദ് സ്വാമി കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ വെറും സാധുവെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ മറ്റുള്ളവരിലൂടെയും സ്വന്തം ഓര്‍മ്മകളിലൂടെയും അനവധി അടരുകളും നിഗൂഢതകളും ചൂഴ്ന്നുനില്‍ക്കുന്ന കഥാപാത്രമായി മാറുന്ന ദാവൂദിനെ ഗംഭീരമാക്കിയിട്ടുണ്ട് അരവിന്ദ് സ്വാമി. ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെയും സഞ്ചാരവഴി ആ തരത്തിലാണ്. ഒരു വന്‍ തുക അടിയന്തരാവശ്യമായി മാറിയതിനാല്‍ മാത്രം റിസ്ക് എടുക്കാന്‍ തീരുമാനിച്ച് ഇറങ്ങി പുറപ്പെട്ട കിട്ടുവിനെ കുഞ്ചാക്കോ ബോബനും നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്.

ottu malayalam movie review 2022 kunchacko boban arvind swami August Cinema fellini t p

 

മലയാളത്തിന്‍റെ സ്ക്രീനില്‍ ദൃശ്യപരമായ വ്യത്യസ്തത അനുഭവിപ്പിക്കുന്നുണ്ട് ഒറ്റ്. മുംബൈ ന​ഗരപ്രാന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാന പ്ലോട്ട് പരിചയപ്പെടുത്തുന്ന ചിത്രം പിന്നീട് ഒരു റോഡ് മൂവിയുടെ ഭാവത്തിലേക്കും സഞ്ചരിക്കുന്നു. ​ഗൗതം ശങ്കര്‍ ആണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. നി​ഗൂഢത പേറുന്ന ഒരു ആക്ഷന്‍ ത്രില്ലറിന് ചേര്‍ന്ന കളര്‍ പാലറ്റുകളാണ് ​ഗൗതം തിരഞ്ഞെടുത്തിരിക്കുന്നത്. ഫെല്ലിനി ടി പിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന തീവണ്ടിയുടെയും ഛായാ​ഗ്രാഹകന്‍ ഇദ്ദേഹമായിരുന്നു. കഥപറച്ചിലില്‍ പിരിമുറുക്കം ഏറുന്നതനുസരിച്ച് വേ​ഗത്തിലുള്ള കട്ടുകളാണ് എ‍ഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരിയുടേത്. അരുള്‍രാജ് കെന്നഡിയുടെ സ്കോറിം​ഗ് ചിത്രത്തിന്‍റെ ടോട്ടല്‍ മൂഡിനെ നിലനിര്‍ത്താന്‍ സംവിധായകന് വലിയ പിന്തുണ നല്‍കിയിട്ടുണ്ട്.

ottu malayalam movie review 2022 kunchacko boban arvind swami August Cinema fellini t p

 

മൂന്ന് ഭാ​ഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസിയാണ് ഫെല്ലിനി ടി പി ലക്ഷ്യമാക്കുന്നതെന്ന് ചിത്രത്തിന്‍റെ ടൈറ്റില്‍സിലൂടെ വ്യക്തമാവുന്നുണ്ട്. അതിന്‍റെ രണ്ടാം ഭാ​ഗമാണ് ഒറ്റ്. ചിത്രം വിജയിക്കുന്നപക്ഷം ഒന്നാം ഭാ​ഗവും മൂന്നാം ഭാ​ഗവും എത്തും. അതിനുള്ള ഒട്ടേറെ ക്ലൂ ഇട്ടുകൊണ്ട്, കഥാവികാസത്തിന് ഏറെ സാധ്യതകള്‍ നല്‍കിക്കൊണ്ടാണ് സംവിധായകന്‍ ചിത്രം അവസാനിപ്പിക്കുന്നത്. മലയാളത്തില്‍ സമീപകാല ആക്ഷന്‍ ത്രില്ലറുകളില്‍ പശ്ചാത്തലം കൊണ്ടും അവതരണരീതി കൊണ്ടും വ്യത്യസ്‍ത അനുഭവം പകരുന്ന ചിത്രമാണ് ഒറ്റ്. 

ALSO READ : 'പാപ്പന്‍' എത്തി, 'രാജീവനും റാമും വസിമും' പിന്നാലെ; ഒടിടിയിലെ ഓണം റിലീസുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios