'സ്‌പാര്‍ക്ക്' ഉള്ള കളര്‍ഫുള്‍ ചിത്രം; ഒരു യമണ്ടന്‍ പ്രേമ കഥ- റിവ്യൂ
അടിമുടി ദുല്‍ഖര്‍ നിറഞ്ഞുനില്‍ക്കുന്ന കോമഡി- എന്‍റര്‍ടെയ്‌നറാണ് 'ഒരു യമണ്ടന്‍ പ്രേമ കഥ'. പതിവില്‍ നിന്ന് വ്യത്യസ്‌തമായി ഗ്രാമീണ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ദുല്‍ഖറും ബി സി നൗഫല്‍ എന്ന നവ സംവിധായകനും നിരാശരാക്കില്ല.
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍റെ 'യമണ്ടന്‍' തിരിച്ചുവരവ്. അടിമുടി ദുല്‍ഖര്‍ നിറഞ്ഞുനില്‍ക്കുന്ന കോമഡി- എന്‍റര്‍ടെയ്‌നറാണ് 'ഒരു യമണ്ടന്‍ പ്രേമ കഥ'. പതിവില്‍ നിന്ന് വ്യത്യസ്‌തമായി ഗ്രാമീണ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ദുല്‍ഖറും ബി സി നൗഫല്‍ എന്ന നവ സംവിധായകനും നിരാശരാക്കില്ല.'ഒരു യമണ്ടന്‍ പ്രേമ കഥ' കാഴ്‌ചക്കാരനെ പിടിച്ചിരുത്താന്‍ വെടിമരുന്നുള്ള സിനിമ തന്നെയാണ്.
ഹിറ്റ് തിരക്കഥാകൃത്തുക്കളായ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍- ബിബിന്‍ ജോര്‍ജ് സഖ്യത്തിന്‍റെ മൂന്നാം ചിത്രവും കോമഡിക്കും എന്‍റര്‍ടെയ്‌ന്‍മെന്‍റിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍ ചിത്രങ്ങളായ അമര്‍ അക്‌ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാകുന്നു ഒരു യമണ്ടന്‍ പ്രേമകഥയിലെ കോമഡികളും.
കടമക്കുടിയിലെ ഒരു പള്ളിപ്പെരുനാളിന്‍റെ പശ്‌ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. കൊമ്പനായിലെ എന്ന പ്രമാണി തറവാട്ടിലെ ജോണ്‍ വക്കിലീന്‍റെ(രഞ്ജി പണിക്കര്‍) പെയിന്‍റുപണിക്കാരനായ മകനാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ലല്ലു. സലീംകുമാറിന്‍റെ കഥപാത്രമായ പാഞ്ചിക്കുട്ടന്‍റെ പണിക്കാരനായ ദുല്‍ഖറും സൌബിനും (വിക്കി) അന്ധനായ സുഹൃത്ത് വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും(ഡെന്നി) അടങ്ങുന്ന സൗഹൃദസംഘത്തെ ചുറ്റിപ്പറ്റിയാണ് ആദ്യ പകുതി. ഒരു പ്രണയത്തിനായുള്ള(ലല്ലുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'സ്‌പാര്‍ക്') ലല്ലുവിന്‍റെ കാത്തിരിപ്പിലൂടെയാണ് ആദ്യ പകുതിയുടെ വികാസം. സൗബിനും ഹരീഷ് കണാരനും വിഷ്‌ണുവും അടങ്ങുന്ന ഹാസ്യനിരയാണ് ആദ്യ പകുതിയെ സംവേദമാക്കുന്നത്.
എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പം ത്രില്ലര്‍ സ്വഭാവത്തിലേക്ക് പരിണമിക്കുകയാണ് സിനിമ. ലല്ലു സ്‌പാര്‍ക് കണ്ടെത്തുന്നതോടെ പ്രണയവഴിയിലേക്ക് സിനിമ വഴിമാറുന്നു. പിന്നീട് പതിവ് കഥാപരിസരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി പ്രണയം സൃഷ്ടിക്കുകയാണ് സംവിധായകന്‍. എങ്കിലും ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന ദുല്‍ഖര്‍ ഷോയില്‍ പൂര്‍ണമായും നായക കേന്ദ്രീകൃതമാകുകയാണ്. നായികമാരായ നിഖില വിമലിനും സംയുക്ത മേനോനും വേണ്ടത്ര പരിഗണന സിനിമയില്‍ ലഭിച്ചിട്ടില്ല. നായികയായി നിലനില്‍ക്കുമ്പോഴും ചുരുക്കം സീനുകളില്‍ ഒതുങ്ങിയിരിക്കുന്നു നിഖില. എന്നാല്‍ നിഖിലയുടെ ബാക്കി സാന്നിധ്യമെല്ലാം ലല്ലുവിലൂടെയാണ് കാട്ടുന്നത്.
തിരിച്ചുവരവില്‍ ദുല്‍ഖര്‍ തന്‍റെ റോള്‍ മനോഹരമാക്കിയിരിക്കുന്നു. ആ കരയിലെ വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും(വക്കീല്‍) ഉള്ള ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച ലല്ലുവിനെ വേറിട്ട സഞ്ചാരം വേഷത്തിലും സംഭാഷങ്ങളിലും പ്രകടം. സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, വിഷ്‌ണു ഉണ്ണികൃഷണന്‍, ദിലീഷ് പോത്തന്‍ അടക്കമുള്ള താരങ്ങളെ കാര്യപ്രധാന്യത്തോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്തായ ബിബിന്‍ ജോര്‍ജ് വില്ലനായെത്തുമ്പോള്‍ മാസാകുന്നു. ഇതിലേറെ ഞെട്ടിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടനാണ്. ഒറ്റ സീനിലെ പ്രകടനം കൊണ്ട് മനസില്‍ കത്തുന്നുണ്ട് ആ നടന്‍.
എന്നാല്‍ ജോലിക്ക് പോകാതെ കടത്തിണ്ണയില്‍ തമ്പടിച്ചിരിക്കുന്ന ധര്‍മജന്‍റെയും ചായക്കടക്കാരന്‍ ഹരീഷ് കണാരന്‍റെയും കഥാപാത്രം വലിയ പുതുമ നല്‍കുന്നില്ല. രഞ്ജി പണിക്കരുടെ ജോണ്‍ വക്കീല്‍ പതിവ് കാര്‍ക്കശ്യക്കാരനായ പിതാവാണ്. ദുല്‍ഖറിന്‍റെ അനിയനായി വേഷമിട്ട അരുണ്‍ കുര്യനും(ആനന്ദം ഫെയിം) തിരിച്ചുവരവ് മോശമാക്കിയില്ല.
ഡപ്പാം കൂത്ത് പാട്ടും സ്റ്റണ്ടും ഒക്കെയായി കളര്‍ഫുളാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഒരു പെയിന്‍റ് പണിക്കാരനിലൂടെ നിറങ്ങള്‍ വരച്ചിടുന്ന ലോകം. സംവിധായകന്‍ കളര്‍ഫുള്‍ ചിത്രമൊരുക്കിയപ്പോള്‍ ഫ്രെയിമുകളിലാകെ അത് ദൃശ്യം. പള്ളിപ്പെരുനാളിന്‍റെ ആദ്യ ഷോട്ടില്‍ തുടങ്ങി ക്ലൈമാക്‌സ് വരെ കാഴ്‌ചക്കാരനെ പിടിച്ചിരുത്തുന്ന ഛായാഗ്രാഹകന്‍ പി സുകുമാറിന്‍റെ ക്യാമറ. പതിവ് ശൈലിയില്‍ ഡപ്പാം കൂത്ത് അടക്കമുള്ള നാദിര്‍ഷയുടെ സംഗീതവും വലിയ കല്ലുകടിയാകുന്നില്ല. പശ്‌ചാത്തലസംഗീതവും വലിയ തരംഗമാകുന്നില്ലെങ്കിലും മോശമാക്കിയില്ല. ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയുടെ വേഗഗതി ജോണ്‍ കുട്ടിയുടെ എഡിറ്റിങില്‍ പ്രകടം. ഒടിയന്‍ എന്ന മുന്‍ചിത്രത്തിന്‍റെ കാമ്പ് കാത്തുസൂക്ഷിക്കാന്‍ ജോണിന് ആയി.
മോഹന്‍ലാലും മമ്മുട്ടിയും അടക്കമുള്ള റഫറന്‍സുകളും എല്ലാമായി കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്‌നറാണ് ഒരു യമണ്ടന്‍ പ്രേമകഥ. പെയിന്‍റ് പണിയെ കുറിച്ച് സംസാരിക്കുമ്പോള്‍ പിന്നില്‍ പെയിന്‍റിന്‍റെ പരസ്യം കാട്ടുന്ന സൂക്ഷ്‍മത സംവിധായകന് കൈമുതലായിട്ടുണ്ട്. അടിമുടി ദുല്‍ഖര്‍ ഷോയില്‍ വലിയ മാസ് എലമെന്‍റുകളൊന്നുമില്ലാതെ ഒരു സാധാരണ സിനിമയും ജീവിതവുമായി ചിത്രം കാഴ്‌ചക്കാരനെ ക്ഷണിക്കുന്നു. രണ്ടാം വരവില്‍ ദുല്‍ഖര്‍ നിരാശനാക്കിയില്ല. രണ്ടേമുക്കാല്‍ മണിക്കൂര്‍ തിയേറ്ററിലിരിക്കുന്ന പ്രേക്ഷകനെ 'ഒരു യമണ്ടന്‍ പ്രേമ കഥ' നിരാശരാക്കില്ലെന്നുറപ്പ്.