പ്രണയാര്‍ദ്രമായ ഫ്രെയിം, 'ഒരു കട്ടില്‍ ഒരു മുറി'യുടെ റിവ്യു
ഒരു കട്ടില്‍ ഒരു മുറി സിനിമയുടെ റിവ്യു വായിക്കാം.
'ഒരു കട്ടില്‍ ഒരു മുറി'. സിനിമയുടെ പേരിലുള്ള ഒരു കൗതുകമായിരിക്കും ആദ്യ ആകര്‍ഷണം. ഒരു കട്ടില്‍ ഒരു മുറി സിനിമയില്‍ ആകെ ആ കൗതുകം നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. തിരക്കഥയെഴുത്തില്‍ മലയാളത്തിന്റെ തലതൊട്ടപ്പൻമാരില്‍ ഒരാളായ രഘുനാഥ് പലേരിയുടെ പേരും ആ കൗതുകത്തിനൊപ്പം സിനിമയിലേക്ക് ക്ഷണം വെച്ചുനീട്ടുനിന്നുണ്ട്. ഒപ്പം കിസ്‍മത്തിലൂടെ ആദ്യ വരവിലേ സംവിധായകന്റെ കയ്യടക്കം അടയാളപ്പെടുത്തിയ ഷാനവാസ് കെ ബാവക്കുട്ടി എന്ന പേരും പ്രതീക്ഷയായി പ്രേക്ഷകന്റെ മുന്നിലുണ്ടായിരിക്കും. ആ പ്രതീക്ഷകള്‍ക്ക് വെളിച്ചം പകരുന്നതയാണ് തിയറ്റര്‍ കാഴ്‍ചയില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ഒരു കട്ടില്‍ ഒരു മുറി. വെറുമൊരു കാഴ്‍ചകള്‍ക്കപ്പുറം സിനിമ അനുഭവമായി തിയറ്ററില്‍ ആസ്വാദനത്തിനൊപ്പം ചേരുന്നത് ആകും ഒരു വിഭാഗം പ്രേക്ഷകര്‍ക്കെങ്കിലും.
നായകന്റെ പേരും സിനിമയ്‍ക്കൊപ്പം കൗതുകമുണര്‍ത്തുന്നതാണ്. രുഗ്‍മാംഗദൻ എന്ന നായകന്റെ ഓട്ടപ്പാച്ചിലുകള്‍ക്കൊപ്പമാണ് കഥയുടെ സഞ്ചാരം. സ്റ്റാര്‍ട്ട് അപ് തുടങ്ങി പരാജയപ്പെട്ടയാളാണെന്ന് തുടക്കത്തിലേ സൂചന നല്‍കുന്നൂ. ഒരു പ്രത്യേക ദൗത്യത്തിനായി നഗരത്തിലെത്തുന്ന കഥാപാത്രം ഡ്രൈവറായി ജോലി നോക്കുകയാണെന്നും സൂചിപ്പിക്കുന്നു. ആ കാറും സിനിമയിലെ ഒരു കഥാപാത്രമായി മാറുന്നു. സിനിമയില്‍ കട്ടിലിനെ പോലെയൊരു കഥാപാത്രം. രുഗ്‍മാംഗദന്റെ ആ ദൗത്യം വെളിപ്പെടുന്നത് അവസാനത്തോടെ ആണ്. പല അടരുകളായ സിനിമയുടെ കഥയുടെ സഞ്ചാരമെന്ന് വ്യക്തം. രുഗ്മാംഗദനെ ജീവിതപ്പാച്ചിലിന് സമാന്തരമായ അക്കമ്മയുടെ കഥയും ചേരുന്നു. പ്രണയത്തിന്റെ ഓര്‍മയില്‍ ജീവിക്കുന്ന കഥാപാത്രമാണ് അക്കമ്മയെന്ന് നിരവധി സൂചനകള്‍ നല്‍കുന്നുമുണ്ട്. കഥയുടെ മറുപുറത്തുള്ള ഒരു പ്രധാന കഥാപാത്രമാണ് നായികയായ മധുമിയ.
വീട് വിട്ടു താമസിക്കുന്ന ഒരു കഥാപാത്രമാണ് മധുമിയ. ജീവിതത്തില്‍ ആക്റ്റീവിസ്റ്റാകുകയെന്നതും ഒരു പ്രധാന ദൗത്യമാണ് എന്ന് സ്വയം വിശ്വസിക്കിക്കുന്ന നായികാ കഥാപാത്രമാണ് മധുമിയ. നഗരത്തിലേക്ക് മധുമിയയും എത്തുന്നതില്‍ എന്തോ ഒരു രഹസ്യമുണ്ടെന്ന സൂചനകളും ധാരാളമുണ്ട്. ആ രഹസ്യവും അവസാനമാകുമ്പോഴാണ് വെളിപ്പെടുത്തുന്നത്.
ഒരു കട്ടില്‍ ഒരു മുറിയില്‍ കഥകള്‍ ഓരോന്നോയി വൈദഗ്ധ്യത്തോടെ കോര്‍ത്തിടുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ലാളിത്യം അലങ്കാരമാകുമ്പോഴും ദാര്‍ശനികയും ഉള്‍ക്കാമ്പാലിലൊളിപ്പിച്ചാണ് തിരക്കഥ മെനഞ്ഞിരിക്കുന്നത്. തല തിരിഞ്ഞ ജീവിതവും ഓട്ടപ്പാച്ചിലും സിനിമാക്കഥയില്‍ ബോധപൂര്‍വമാകണം കൊരുത്തെടുത്തിരിക്കുന്നത്. പ്രണയമെന്ന സത്യം സിനിമയില്‍ അലിയിച്ചുചേര്‍ക്കാനും തിരക്കഥയുടെ എഴുത്തില്‍ പ്രത്യേക ശ്രദ്ധ കാട്ടിയിരിക്കുന്നു. സംഭാഷണങ്ങളിലും ആ ഒരു കരുതല്‍ തിരക്കഥാകൃത്ത് പുലര്‍ത്തിയിട്ടുണ്ട്. ഏതാണ് സത്യം?, ഏതാണ് കളവെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ പോകാൻ ഒരുക്കവുമല്ല തിരക്കഥാകൃത്ത് എന്നതും പ്രത്യേകതയാണ്. എന്നാല്‍ ഭാവസാന്ദ്രമായ ഒരു കഥ സിനിമയില്‍ പുതുകാലത്തിന്റെ ആസ്വാദനത്തിനോട് ചേര്‍ത്തുവയ്‍ക്കുമ്പോള്‍ വഴി തെറ്റിയോ എന്ന സംശയം ബാക്കിയുണ്ടാകും.
പുതിയ പ്രേക്ഷകരോട് സംവദിക്കാനാണ് സിനിമയുടെ സംവിധായകൻ ശ്രമിച്ചിട്ടുള്ളത്. 'ഒരു കട്ടില്‍ ഒരു മുറിയുടെ കഥാ തന്തുവില്‍ അതര്‍ഹിക്കുന്ന ആഖ്യാന പരിചരണവും സംവിധായകൻ നല്‍കിയിരിക്കുന്നു. നടപ്പുകാലത്തെ പ്രേക്ഷകരുടെ വേഗത്തിനൊത്ത് സഞ്ചരിക്കാൻ സംവിധായകൻ ശ്രമിക്കുന്നത് പ്രകടമാണ്. 'ഒരു കട്ടില്‍ ഒരു മുറി' പറയാൻ ഉദ്ദേശിക്കുന്നത് പ്രതിഫലിപ്പിക്കുന്നതില്‍ വിജയിക്കാൻ സാധിക്കുന്നുവെന്നിടത്താണ് സംവിധായകന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നത്.
പ്രകടനത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ആണ് സിനിമയുടെ പ്രമേയത്തിനൊപ്പം സഞ്ചരിക്കുന്നത്. ത്രിപുരസുന്ദരി എന്നും സിനിമയില്‍ പേരുള്ള കഥാപാത്രമായി പൂര്‍ണിമ നിറഞ്ഞാടുന്നു. തമിഴ് മൊഴിയില്‍ കഥാപാത്രത്തിന്റെ ചാരുത സിനിമയില്‍ പകരുന്നു പൂര്‍ണിമ. പ്രിയംവദ കൃഷ്‍ണ സിനിമയില്‍ നായിക കഥാപാത്രമായ മധുമിയയായി നീതി പുലര്‍ത്തുന്നുവെന്നതും വ്യക്തമാണ്. ഹക്കീം ഷായാണ് സിനിമയില്‍ നായകൻ. നായകന്റെ മാത്രം തോളിലേറിയുള്ളത് സിനിമയല്ലിത്. പക്ഷേ ചടുലത സിനിമയില്‍ കൈവരിക്കുന്നത് കഥയിലെ നായകനായ രുഗ്‍മാംഗദനിലൂടെയാണ്. സിനിമയില്‍ വിജയരാഘവനും ഒരു നിര്‍ണായകമായ കഥാപാത്രമായി ഉണ്ട്. രഘുനാഥ് പലേരിയും ജാഫര്‍ ഇടുക്കിയും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നു.
അങ്കിത് മേനോനാന്റെ സംഗീതമാണ് പ്രണയാര്‍ദ്രവുമായ സിനിമയുടെ ആകെ താളം. പാട്ടും പ്രമേയത്തിനൊത്ത് സിനിമയില്‍ ഇടകലരുന്നു. എല്‍ദോസ് ജോര്‍ജാണ് സിനിമയുടെ സ്വഭാവം തിയറ്ററില്‍ പകര്‍ത്തുന്ന ക്യാമറാ കാഴ്‍ചകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയെ വിനിമയപ്രദമാക്കുന്നതില്‍ എഡിറ്റര്‍ മനോജിന്റെ കട്ടുകളും നിര്‍ണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക