Mahaveeryar review : ഫാന്റസി കാഴ്‍ചകളില്‍ രസിപ്പിക്കുന്ന 'മഹാവീര്യര്‍'- റിവ്യു
നിവിൻ പോളി നായകനായ ചിത്രം 'മഹാവീര്യരു'ടെ റിവ്യു (Mahaveeryar review).
മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഫാന്റസിയുടെ ലോകം തുറന്നിടുന്ന ചിത്രമാണ് 'മഹാവീര്യര്‍'. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദനിപ്പിച്ചും സമകാലീന സമൂഹത്തോട് സംവദിക്കുന്ന തരത്തിലാണ് 'മഹാവീര്യ'രുടെ ആഖ്യാനം. ഒറ്റക്കാഴ്‍ചയില്‍ വിരസതയില്ലാതെ എന്റര്‍ടെയ്‍ൻ ചെയ്യാനും തുടര്‍ കാഴ്‍ചകളിലും ആലോചനകളിലും ചര്‍ച്ച ചെയ്യാനും സാധ്യതകളുള്ള ചിത്രമായി മാറിയിരിക്കുന്നു 'മഹാവീര്യര്‍'. വേറിട്ട സിനിമ കാഴ്‍ചകള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഒരു ദൃശ്യ വിസ്‍മയമാകും 'മഹാവീര്യര്‍' (Mahaveeryar review).
മറ്റൊരു കാലഘട്ടത്തിന്റെ സൂചന നല്‍കിയാണ് ചിത്രം തുടങ്ങുന്നത്. ലാല്‍ വേഷമിട്ട 'രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവി'നെ പരിചയപ്പെടുത്തിയാണ് തുടക്കം. വിട്ടുമാറാത്ത എക്കിള്‍ രോഗം അലട്ടുന്ന രാജാവാണ് 'ഉഗ്രസേന മഹാരാജാവ്'. ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് 'ഉഗ്രസേന മഹാരാജാവ്' മന്ത്രിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആസിഫ് അലി അവതരിപ്പിക്കുന്ന മന്ത്രി അങ്ങനെയൊരു പെണ്ണിനെ തേടി പുറപ്പെടുന്നു. തുടര്‍ന്ന് മറുകാലത്തിലേതെന്ന പോലെ നിവിൻ പോളിയുടെ സന്യാസി വേഷത്തെ പരിചയപ്പെടുത്തുന്നു. നിവിൻ പോളിയുടെ 'അപൂര്‍ണാനന്ദ' എന്ന യുവ സന്യാസി കഥാപാത്രം ഒരു വിചാരണയ്‍ക്കായി കോടതിയില്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് 'മഹാവീര്യര്‍' എന്ന ചിത്രത്തില്‍ പറയുന്നത്.
ഒരു ഫാന്റസി കോര്‍ട് ഡ്രാമ ചിത്രമായിട്ടാണ് സംവിധായകൻ 'മഹാവീര്യരെ' ഒരുക്കിയിരിക്കുന്നത്. എം മുകുന്ദന്റെ കഥയിലാണ് ചിത്രത്തിന്റെ തിരക്കഥ എബ്രിഡ് ഷൈൻ എഴുതിയിരിക്കുന്നത്. സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്‍ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിക്കുകയാണ് 'മഹാവീര്യര്‍' എന്ന സിനിമ. കോടതി മുറിക്കുള്ളിലാണ് ഭൂരിഭാഗം രംഗങ്ങളും എങ്കിലും വിരസതയില്ലാതാരിക്കാൻ കൃത്യമായി സംവദിക്കപ്പെടുന്ന രസകരമായ സംഭാഷണങ്ങള്‍ സഹായകരമാകുന്നു. കോടതി മുറിയിലെ സാങ്കേതിക കാര്യങ്ങള്‍ പോലും പ്രേക്ഷകന് രസകരമാകുന്ന തരത്തിലുള്ളതാണ് ആ രംഗങ്ങളിലെ സംഭാഷണങ്ങള്‍.
ഒരു ടൈം ട്രാവല്‍ ചിത്രം കൂടിയായ 'മഹാവീര്യ'രുടെ ആഖ്യാനത്തില്‍ വിസ്‍മയിപ്പിക്കുന്നുണ്ട് സംവിധായകൻ എബ്രിഡ് ഷൈൻ. വ്യത്യസ്‍ത കാലങ്ങള്‍ വളരെ വൈദഗ്ദ്ധ്യത്തോടെ ഇണക്കിച്ചേര്‍ത്തിരിക്കുകയാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ എബ്രിഡ് ഷൈൻ. കലാമേന്‍മയുള്ള സാങ്കേതികത്തികവുള്ള ഒരു ചിത്രമാണ് 'മഹാവീര്യര്‍' എന്നത് തീയറ്റര്‍ കാഴ്‍ചയില്‍ തന്നെ കണ്ടനുഭവിക്കേണ്ട സാക്ഷ്യമാണ്. ചന്ദ്രു സെല്‍വരാജിന്റെ മനോഹരമായ ഛായാഗ്രാഹണം 'മഹാവീര്യ'രെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നതിന് സഹായകരമാകുന്നു.
സംവിധായകന് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് 'മഹാവീര്യരി'ലെ ഓരോ അഭിനേതാവിന്റെയും പ്രകടനം. 'അപൂര്‍ണാനന്ദ' എന്ന സന്യാസിയായി ചിരിപ്പിക്കുകയും വിസ്‍മയിപ്പിക്കുകയും ചെയ്യുകയാണ് നിവിൻ പോളി. നിവിൻ പോളിയുടെ മാനറിസങ്ങള്‍ 'അപൂര്‍ണാനന്ദ സ്വാമികള്‍'ക്ക് നന്നേ ഇണങ്ങിയിരിക്കുന്നു. ആസിഫ് അലിയുടെ മന്ത്രി കഥാപാത്രവും ലാലിന്റെ മഹാരാജാ കഥാപാത്രവും മികച്ചുനില്‍ക്കുന്നു. മജിസ്‍ട്രേറ്റായി എത്തുന്ന സിദ്ധിഖിന്റെയും പബ്ലിക് പ്രോസിക്യൂട്ടറായിട്ടുള്ള ലാലു അലക്സിന്റെയും ഭാവപ്രകടനങ്ങള്‍ രസിപ്പിക്കാൻ സഹായകരമാകുന്നു.
Read More : 'ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ ചിരിപടർന്നു'; 'മഹാവീര്യർ' പ്രേക്ഷക പ്രതികരണം