ഫാന്റസി കാഴ്‍ചകളാല്‍ വിസ്‍മയിപ്പിക്കുന്ന 'കാര്‍ത്തികേയ 2'- റിവ്യു
ബോളിവുഡിനെയും വിസ്‍മയിപ്പിച്ച 'കാര്‍ത്തികേയ 2'വിന്റെ റിവ്യു
വെറും പതിനഞ്ചു കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം. ഇതിനകം 120 കോടിയലധികം കളക്ഷൻ നേടിയ ചിത്രം. തെലുങ്കിന്റെയും ഹിന്ദിയുടെയും മനംകവര്‍ന്ന 'കാര്‍ത്തികേയ 2' ഇന്ന് മലയാളത്തിലും എത്തിയിരിക്കുന്നു. വിസ്‍മയിപ്പിക്കുന്ന ഒട്ടേറെ കാഴ്‍ചകള്‍ സമ്മാനിച്ചാണ് 'കാര്‍ത്തികേയ 2' പ്രേക്ഷകന്റെ ഒപ്പം ചേര്‍ന്ന് വിജയക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
ശ്രീകൃഷ്‍ണാനുഭവങ്ങളാണ് 'കാര്‍ത്തികേയ 2'വിന്റെ പശ്ചാത്തലം. സിനിമയുടെ തുടക്കം ദ്വാപരയുഗത്തിലെ ശ്രീകൃഷ്‍ണനില്‍ നിന്നാണ്. വരാനിരിക്കുന്ന യുഗത്തിലെ പ്രശ്‍നങ്ങള്‍ മുൻകൂട്ടി കാണുന്ന ശ്രീകൃഷ്‍ണൻ അതിനുള്ള ഉപായങ്ങളും ഒരുക്കിവയ്‍ക്കുന്നു. കങ്കണത്തിലൊളിപ്പിച്ച് പരിഹാര മാര്‍ഗങ്ങള്‍ ശ്രീകൃഷ്‍ണൻ ഭാവി യുഗത്തിലേക്ക് കൈമാറുന്നു.
ദ്വാപരയുഗത്തിലെ തുടക്കകാഴ്‍ചകള്‍ക്ക് ശേഷം കലിയുഗത്തിലെ വര്‍ത്തമാനകാലത്തിലേക്ക് കട്ട് ചെയ്യുകയാണ് സിനിമ. അവിടെ 'കാര്‍ത്തികേയ' എന്ന യുവ ഡോക്ടറാണ് നായകൻ. ഒരു പ്രത്യേക സാഹചര്യത്തില്‍ ദ്വാരകയിലേക്ക് വരേണ്ടി വരികയാണ് 'കാര്‍ത്തികേയ'യ്‍ക്ക്. അവിടെ ചില പ്രശ്‍നങ്ങളില്‍ സ്വയമറിയാതെ ഉള്‍പ്പെടുന്ന 'കാര്‍ത്തികേയ'യ്‍ക്ക് ചില ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നു. തുടര്‍ന്ന് ശ്രമകരവും ലോകത്തിന്റെ തന്നെ നിലനില്‍പ്പിന് അനിവാര്യവുമായ ആ ദൗത്യം നിര്‍വഹിക്കാൻ കാര്‍ത്തികേയ നടത്തുന്ന സാഹസിക ശ്രമങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.
തെലുങ്കില്‍ 2014ല്‍ പുറത്തിറങ്ങി സര്‍പ്രൈസ് ഹിറ്റായ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചന്തു മൊണ്ടേറ്റിയാണ് രണ്ട് ചിത്രങ്ങളുടെയും തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആകാംക്ഷയോടെ പ്രേക്ഷകനെ പിടിച്ചിരുത്തുംവിധമുള്ള ആഖ്യാനമാണ് ഭാഗം രണ്ടിലും ചന്തു മൊണ്ടേറ്റിയുടേത്. ചരിത്രവും വിശ്വാസവും വര്‍ത്തമാന സാഹചര്യങ്ങളുമെല്ലാം ഒരു ചരടില്‍ ചേര്‍ക്കുകയാണ് തിരക്കഥാകൃത്തായ സംവിധായകൻ. ശാസ്‍ത്രത്തെ ഉള്‍ക്കൊണ്ട് വിശ്വാസത്തെ ചേര്‍ത്തുപിടിക്കാനുള്ള കൗശലങ്ങള്‍ എഴുത്തിലും ആഖ്യാനത്തിലും ചന്തു മൊണ്ടേറ്റി സ്വീകരിക്കുന്നു. അവതാര പൂര്‍ണതയുടെ വിശ്വാസപ്പെരുമയുള്ള ശ്രീകൃഷ്‍ണനെ ദൈവ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമായി മനുഷ്യജീവിതവുമായി ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് സംവിധായകൻ നടത്തിയിരിക്കുന്നത്. വളരെ താരതമ്യേന ചെറിയൊരു ബജറ്റില്‍ ഒരുങ്ങിയ ചിത്രമായിട്ടും വിസ്‍മയിപ്പിക്കുന്ന ഒരു കാഴ്‍ചാനുഭവമായി 'കാര്‍ത്തികേയ 2' മാറുന്നത് ചന്തു മൊണ്ടേറ്റിയുടെ അതിരില്ലാത്തെ ഭാവന കൊണ്ടാണ്.
സംവിധായകനൊപ്പം കൈകൊടുക്കേണ്ട മറ്റൊരാള്‍ ഛായാഗ്രാഹകൻ കാര്‍ത്തിക്ക് ആണ്. ഫാന്റസി ഴോണറില്‍ വരുന്നതുകൊണ്ട് മാത്രമല്ല കാര്‍ത്തിക്കിന്റെ ക്യാമറാകണ്ണുകള്‍ കയ്യടി അര്‍ഹിക്കുന്നത്. പ്രമേയത്തിനു ചേരുംവിധമുള്ള ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷകനെ സിനിമ അനുഭവിപ്പിക്കുകയാണ് കാര്‍ത്തിക്. ചേരുപേടി ചേരുന്ന കളര്‍ടോണും എടുത്തുപറയേണ്ട ഒന്നാണ്. പല കാലങ്ങളിലേക്കും കഥാഗതികളിലേക്കും പോകുന്ന ചിത്രത്തില്‍ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധ പോകാതെ കാക്കുകയും ചെയ്‍തിരിക്കുന്നു എഡിറ്റര്‍ കൂടിയായ കാര്‍ത്തിക്. കാലഭൈരവന്റെ സംഗീതമാണ് ചിത്രത്തെ അര്‍ഹിക്കുന്ന രീതിയില്‍ അടയാളപ്പെടുത്തുന്ന മറ്റൊരു പ്രധാന ഘടകം. വിഎഫ്എക്സും ചിത്രത്തിന്റെ മൊത്തം പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കും വിധം പാകത്തിലുള്ളതാണ്.
പ്രകടനത്തില്‍ നായകൻ നിഖില്‍ സിദ്ധാര്‍ഥയുടെ തോളിലാണ് ചിത്രം. യുവ ഡോക്ടറും സാഹസികനും പുതു അറിവുകള്‍ നേടാൻ ജിജ്ഞാസയുള്ളതുമായ 'കാര്‍ത്തികേയ' ആയി നിഖില്‍ ചിത്രത്തില്‍ നിറഞ്ഞാടുന്നു. പതിവ് തെലുങ്ക് നായകൻമാരില്‍ നിന്ന് വ്യത്യസത്‍മായി പക്വതയോടെയുള്ള പെരുമാറ്റമാണ് ചിത്രത്തില്‍ നിഖിലിന്റേത്. 'മുഗ്‍ധ' എന്ന നായികയായി അനുപമ പരമേശ്വരന്റെ പ്രകടനവും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നു. 'അഭീര' എന്ന കഥാപാത്രമായെത്തിയ വെങ്കടേഷ് മുമ്മുഡി അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. അനുപം ഖേറിന്റെ അതിഥി വേഷവും താരപ്പകിട്ടിനപ്പുറം ചിത്രത്തില്‍ നിര്‍ണായകമായി മാറിയിരിക്കുന്നു.
Read More : അത്ഭുത വിജയമായ 'കാര്‍ത്തികേയ 2' കേരളത്തില്‍, തിയേറ്റര്‍ ലിസ്റ്റ്