ചിരിപ്പിച്ച് വിമര്‍ശിച്ച് 'അയ്യര്‍'- റിവ്യു
അയ്യര്‍ ഇൻ അറേബ്യ എന്ന സിനിമയുടെ വിശദമായ റിവ്യു.
ചിരിയും ചിന്തയുമൊക്കെ നിറച്ചിരിക്കുന്ന ഒരു ചിത്രമാണ് അയ്യര്‍ ഇൻ അറേബ്യ. ആസ്വദിച്ച് കണ്ടിരിക്കവുന്ന ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളുമായാണ് അയ്യര്‍ ഇൻ അറേബ്യ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കുടുംബ ബന്ധങ്ങളിലെ വൈകാരിക തീവ്രതയും ചിത്രത്തില്‍ ഒട്ടുംചോരാതെ പകര്‍ത്തിയിരിക്കുന്നു എന്നാല്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും ചേര്‍ത്തു നിര്‍ത്തുന്നു അയ്യര്‍ ഇൻ അറേബ്യ. സമകാലീന രാഷ്‍ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ നേര്‍ക്കണ്ണിലൂടെ പരിശോധിക്കുകയും ചെയ്യുന്നു എന്നതിനാല്‍ പുതിയ കാലത്ത് പ്രസക്തമാകുകയും ചെയ്യുന്നു.
വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്‍ട്രീവല്‍ക്കിക്കപ്പെടുന്ന വിശ്വാസങ്ങളെ ചിത്രം ചെറു ചിരിയോടെ പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. മതത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ ചുരുങ്ങുകയും വിശ്വാസത്തിന്റെ അന്ധതയിലേക്ക് യുക്തിരഹിതമായി ഉള്‍പ്പെടുകയും ചെയ്യുന്നതിനെ അയ്യര്‍ ഇൻ അറേബ്യ കണക്കറ്റ് പരിഹസിക്കുന്നത്. മതത്തിലെ പ്രത്യേക താല്‍പര്യക്കാരുടെ ലക്ഷ്യം ചിത്രം തുറന്നുകാട്ടാൻ ശ്രമിക്കുന്നു. മനുഷ്യ ബന്ധത്തിന്റെ ചേര്‍ച്ചകള്‍ക്കപ്പുറം മറ്റൊന്നില്ലെന്ന് പറയുകയാണ് അയ്യര്‍ ഇൻ അറേബ്യ.
ശ്രീനിവാസ അയ്യരാണ് കേന്ദ്ര കഥാപാത്രം. താൻസി റാണിയും അയ്യര്‍ക്കൊപ്പം നിറഞ്ഞുനില്‍ക്കുന്നു. പഠിച്ച കാലത്ത് നിറയെ സൗഹൃദങ്ങളുണ്ടായിരുന്ന കഥാപാത്രമായിരുന്നെങ്കിലും അയ്യര്‍ പോകെപ്പോകെ സ്വയം ചുരുങ്ങുകയാണ്. യുക്തിഭദ്രമായ മറുപടികളാല്‍ ഭാര്യ അയ്യരെ ചോദ്യം ചെയ്യുന്നുണ്ട്. ചരിത്രാധ്യാപികയുമാണ് താൻസി റാണി.
ശ്രീനിവാസൻ അയ്യരുടെയും സുഹൃത്തുക്കളുടെയും ചെയ്‍തികള്‍ ചിത്രത്തില്‍ ചിരി നിറയ്‍ക്കുമ്പോള്‍ വസ്‍തുതകള്‍ പ്രേക്ഷകന് ബോധ്യപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഝാൻസിയുടെയും അയ്യരുടെയും മകൻ രാഹുലിന്റെ ഭാവി ജീവിതവും നിര്‍ണായകമാകുന്നത്. ദുബായ്‍യിലേക്ക് ജോലിക്കായി പോകാൻ അയ്യൻ മകനെ അനുവദിക്കുന്നില്ല. പലവിധ ശ്രമങ്ങളിലൂടെ തടഞ്ഞെങ്കിലും ഒടുവില്‍ മകൻ ദുബായിലെത്തുന്നു. പൊസസീവും ചേര്‍ന്നൊരു അവസ്ഥയിലേക്കെത്തിയ അയ്യരും ഒടുവില്‍ ദുബായിയിലേക്ക് പോകുന്നു. ഭാര്യ ഝാൻസിക്കൊപ്പം ദുബായിയിലെത്തിയ അയ്യര്‍ തന്റെ ശീലങ്ങളിലൂടെ മുന്നോട്ടു പോകുന്നതും ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ മകന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും ഒക്കെയാണ് ചിത്രത്തില്‍. കുടുംബ ബന്ധങ്ങളുടെ തീവ്രതയും ഇഴയടുപ്പവും ചിത്രം പരാമര്‍ശിക്കുന്നു.
എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. പറയാനുദ്ദേശിച്ചത് മറവുകളില്ലാതെ നിഷാദ് തന്റെ ചിത്രത്തിലൂടെ വ്യക്തമാക്കുന്നു. സരസമായ ആഖ്യാനമാണ് നിഷാദ് പുതിയ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്. എഴുത്തില്‍ കുറിക്കു കൊള്ളുന്ന സംഭാഷങ്ങളും ചിത്രത്തില്‍ നിരവധിയുണ്ട്.
അയ്യരായി മുകേഷാണ് എത്തിയിരിക്കുന്നത്. പക്വതയുള്ള പകര്‍ന്നാട്ടമാണ് നടൻ മുകേഷ് ചിത്രത്തില്‍ നടത്തിയിരിക്കുന്നു. പഴയകാലത്തെ കുസൃതികളെയും ഓര്‍മിപ്പിച്ച് ഉര്‍വശി ചിത്രത്തില്‍ പ്രിയങ്കരിയാകുന്നു. അയ്യരായ മുകേഷും ഝാൻസിയായ ഉര്‍വശിക്കുമൊപ്പം ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ, ദുര്‍ഗാ കൃഷ്‍ണ, അലൻസിയര്‍, ഡയാന, കൈലാഷ്, ബിജു സോപാനം, ഉല്ലാസ് പന്തളം, ഷൈൻ ടോം ചാക്കോ എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിരിക്കുന്നു,
ചിത്രത്തിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതാണ് ഛായാഗ്രാഹണം. സിദ്ധാര്‍ഥ് രാംസേയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മരുഭൂമിയിലെ കാഴ്‍ചകള്‍ അതേ ഊഷരതയോടെ ചിത്രത്തിനായി പകര്‍ത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ അവതരിപ്പിച്ചതും മനോഹരമായിരിക്കുന്നു.
ചിത്രത്തില്‍ മനോഹരമായ ഗാനങ്ങളും ആകര്‍ഷകമായിട്ടുണ്ട്. കേള്‍വിക്കപ്പുറം പ്രമേയത്തിനൊപ്പം ചേരുന്നതാണ് ഗാനങ്ങള്‍. ഓര്‍ത്തോര്‍ത്ത് പാടാവുന്നതാണ് ആനന്ദ് നീലകണ്ഠന്റെ സംഗീതത്തില്‍ പ്രഭാ വര്‍മയുടെയും റഫീഖ് അഹമ്മദിന്റെയും ബി കെ ഹരിനാരായണന്റെയും മനു മഞ്ജിത്തിന്റെയും വരികള്‍ കെ എസ് ചിത്രയുടെയും വിജയ് യേശുദാസിന്റെയും നിത്യാ മാമേന്റെയും മിഥുൻ ജയരാജിന്റെയും ശബ്‍ദത്തിലുള്ളത്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‍നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം കുടുംബ പ്രേക്ഷകരെയും രസിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക