നിറഞ്ഞാടി 'ലക്കി സിംഗ്', ത്രില്ലടിപ്പിച്ച് 'മോണ്‍സ്റ്റര്‍'- റിവ്യു
വൈശാഖിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ 'മോണ്‍സ്റ്ററി'ന്റെ റിവ്യു.
ആരാണ് 'ലക്കി സിംഗ്'?, 'മോണ്‍സ്റ്ററി'ന്റെ പ്രഖ്യാപനം തൊട്ട് ആകാംക്ഷയിലായിരുന്നു ആരാധകര്‍. പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിക്കുന്ന തരത്തില്‍ മികച്ചൊരു സിനിമാനുഭവമായി 'മോണ്‍സ്റ്റര്‍' തിയറ്ററുകളില്‍ ആ ആകാംക്ഷകള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നു. ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത 'മോണ്‍സ്റ്റര്‍' തീയറ്റര്‍ കാഴ്‍ചയില്‍ പ്രേക്ഷകരെ രസിപ്പിക്കുമെന്നതു തന്നെയാണ്.
ഷീ ടാക്‍സി ഡ്രൈവറായ 'ഭാമിനി'യുടെ കുടുംബത്തില്‍ നിന്നാണ് ചിത്രത്തിന്റെ കഥാവഴിയുടെ തുടക്കം. 'ഭാമിനി'യുടെയും 'അനില്‍ ചന്ദ്രന്റെയും വിവാഹ വാര്‍ഷികമാണ് അന്ന്. അതേ ദിവസം വളരെ പ്രധാനപ്പെട്ട ഒരു അതിഥിയെ സ്വീകരിക്കാൻ ടാക്സിയുമായി 'ഭാമിനി' നിയോഗിക്കപ്പെടുന്നു. ഷീ ടാക്സിയുടെ ഉടമസ്ഥന്റെ അടുത്ത സുഹൃത്തും കമ്പനിയില്‍ നിക്ഷേപവുമുള്ള 'ലക്കി സിംഗാ'ണ് ആ അതിഥി. നാട്ടിലെ ഫ്ലാറ്റ് വില്‍ക്കാനാണ് 'ലക്കി സിംഗ്' എത്തുന്നത്. ആരാണ് 'ലക്കി സിംഗ്' എന്ന ചോദ്യം സ്വാഭാവികം. നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന 'ലക്കി സിംഗി'നെ കുറിച്ച് ഭാമിനിയിലും സംശയങ്ങള്‍ ഉടലെടുക്കുന്നുണ്ട്. പിന്നീട് കഥാഗതിയില്‍ പലതരം വഴിത്തിരുവകളിലൂടെ ഒരു ത്രില്ലിംഗ് അനുഭവത്തിലേക്കാണ് പതിപതിയെ 'മോണ്‍സ്റ്റര്‍' സഞ്ചരിക്കുന്നത്. ചിരിപ്പിച്ചും രസിപ്പിച്ചും ശല്യം ചെയ്‍തുമൊക്കെ 'ലക്കി സിംഗ്' സ്‍ക്രീനില്‍ നിറയുന്ന തുടക്കത്തില്‍ നിന്ന് പലതരം അടരുകളുള്ള ഒരു സിനിമാക്കാഴ്ചയായിട്ടാണ് 'മോണ്‍സ്റ്റര്‍' കഥ പറഞ്ഞ് അവസാനിക്കുന്നത്.
രസികത്തമുള്ള മോഹൻലാലിനെയാണ് 'ലക്കി സിംഗാ'യി തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അല്‍പം ലൗഡായുള്ള പ്രകടനം ആദ്യം കാഴ്‍ചവയ്‍ക്കുന്ന മോഹൻലാല്‍ കഥാപാത്രത്തിന്റെ മറ്റൊരു ഷെയ്‍ഡില്‍ സ്വീകരിക്കുന്നത് പക്വതയാര്‍ന്ന വേഷപ്പകര്‍ച്ചയാണ്. ആദ്യ പകുതിയുടെ ഏതാണ്ട് അവസാനം വരെ 'ലക്കി സിംഗാ'യി നിറഞ്ഞാടുകയാണ് മോഹൻലാല്‍. കുട്ടിത്താരത്തിനൊപ്പമുള്ള പാട്ട് രംഗങ്ങളിലൊക്കെ മോഹൻലാല്‍ കുസൃതികള്‍ തിയറ്ററുകളില്‍ രസിപ്പിക്കുന്നു. ആദ്യ പകുതി എൻഗേജിംഗ് ആയി നിലനിര്‍ത്തുന്നതും ആ കുസൃതികളാണ്. മലയാളം പറയുന്ന പഞ്ചാബി വേഷധാരിയെ തീര്‍ത്തും വിശ്വസനീയമായ രീതിയില്‍ തന്നെ മോഹൻലാല്‍ പകര്‍ത്തിയിരിക്കുന്നു. ത്രസിപ്പിക്കുന്ന ഫുള്‍ എനര്‍ജിയിലുള്ള മോഹൻലാലിന്റെ സ്റ്റണ്ട് രംഗങ്ങള്‍ തിയറ്ററില്‍ ആരവമുണ്ടാക്കുന്നു.
മോഹൻലാലിനൊപ്പം തന്നെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു കഥാപാത്രമായ 'ഭാമിനി'യായി സ്‍ക്രീനില്‍ ഹണി റോസാണ്. 'ഭാമിനി'യെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു കഥാപാത്രമാക്കി മാറ്റിയിരിക്കുന്നു ഹണി റോസ്. വിവിധ ഷേയ്‍ഡുകളില്‍ അമ്പരപ്പിക്കുന്ന ഭാവമാറ്റങ്ങള്‍ ഹണി റോസില്‍ ഭദ്രം. അനില്‍ ചന്ദ്രന്റെയും 'ഭാമിനി'യുടെയും കുഞ്ഞിനെ നോക്കുന്ന ആയയായ 'ദുര്‍ഗ'യാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം. സിനിമ ആവശ്യപ്പെടുന്ന നിഗൂഢത നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രകടനം തുടക്കം മുതലേ കാഴ്‍ചവയ്‍ക്കുന്ന ലക്ഷ്‍മി മഞ്ജുവിന്റെ പ്രകടനം പ്രേക്ഷകനെ അമ്പരപ്പിക്കും. അനില്‍ ചന്ദ്രനായ സുദേവ് നായരുടേത് കഥാപാത്രത്തെ കണ്ടറിഞ്ഞുള്ള പ്രകടനമാണ്. 'കുഞ്ഞാറ്റ' എന്ന മകള്‍ കഥാപാത്രമായ ജെസ്സ് സ്വീജനും പ്രേക്ഷകരുടെ ഇഷ്‍ടം നേടും.
സിനിമ ആഘോഷമാക്കുന്ന കാഴ്‍ചകളുടെ സംവിധായകനായ വൈശാഖിന്റെ വേറിട്ട ആഖ്യാനമാണ് 'മോണ്‍സ്റ്ററി'ന്റേത്. പതിയെ പതിയെ പ്രേക്ഷകനെ സിനിമയുടെ ഉള്ളിലേക്ക് ആകര്‍ഷിച്ചു കൊണ്ടുപോകുന്ന തരത്തിലാണ് 'മോണ്‍സ്റ്ററി'ന്റെ ആഖ്യാനം. തുടക്കത്തിലെ ഫ്ലാറ്റിന്റെ ദൃശ്യം കാണിച്ചുള്ള ഷോട്ട് തൊട്ട്, സിനിമയുടെ കഥാവഴികള്‍ക്കനിവാര്യമായ ആഖ്യാനത്തില്‍ സമര്‍ഥമായ ദൃശ്യപരിചരണമാണ് വൈശാഖ് 'മോണ്‍സ്റ്ററി'നായി നല്‍കിയിരിക്കുന്നത്. ഒരു മാസ് ചിത്രം എഴുതുമ്പോള്‍ തന്നെ വാണിജ്യ സ്‍ക്രീനില്‍ അങ്ങനെയാരും ചര്‍ച്ച ചെയ്യാൻ തയ്യാറാകാതിരുന്ന വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതില്‍ ഉദയകൃഷ്‍ണയും വിജയിച്ചിരിക്കുന്നു.
വേറിട്ട ആക്ഷൻ കൊറിയോഗ്രാഫിയൊരുക്കിയ സംഘട്ടന സംവിധായകൻ സ്റ്റണ്ട് സില്‍വയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. സതീഷ് കുറുപ്പിന്റെ ക്യാമറക്കണ്ണും സംവിധായകനെ വൻ തോതില്‍ സഹായിച്ചിട്ടുണ്ട്. പ്രമേയത്തിന്റെ പ്രധാന്യം നല്‍കിക്കൊണ്ടുള്ള ഛായാഗ്രാഹണമാണ് സതീഷ് കുറുപ്പിന്റേത്. ഒറ്റയടിക്ക് സസ്‍പെൻസ് വെളിവാക്കാത്ത തരത്തിലുള്ള സിനിമയുടെ ത്രില്ലിംഗ് അനുഭവം നിലനിര്‍ത്തുന്നത് ഷമീര്‍ മുഹമ്മദിന്റെ കട്ടുകളുമാണ്.
പാട്ടും 'മോണ്‍സ്റ്ററി'ന് ചേരുന്ന പാകത്തിലുള്ളതു തന്നെ. റിലീസിന് മുന്നേ പുറത്തിറങ്ങിയ പാട്ട് കഥാപശ്ചാത്തലത്തില്‍ തിയറ്ററില്‍ കാണുമ്പോള്‍ ഒന്നുകൂടെ ഇഷ്‍ടം കൂടും. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വെളിവാകുന്ന ഒരോ അടരുകളെയും പ്രേക്ഷകനിലേക്ക് അതേയര്‍ഥത്തില്‍ എത്തിക്കാൻ ദൃശ്യങ്ങള്‍ക്ക് കരുത്തേകുന്നു. എല്ലാംകൊണ്ടും തിയറ്ററില്‍ തന്നെ കാണേണ്ട ഒരു സിനിമാക്കാഴ്‍ചയാകുന്നു 'മോണ്‍സ്റ്റര്‍'.
Read More: യുകെയിൽ മാത്രം 104 സ്ക്രീനുകൾ; വൻ ബോക്സ് ഓഫീസ് വേട്ടയ്ക്ക് 'ലക്കി സിംഗ്'