Marakkar review : തിയറ്ററുകള്‍ കീഴടക്കി 'മരക്കാര്‍'- റിവ്യു
പ്രണവും മോഹൻലാലും മാത്രമല്ല പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് ഒരു വൻ താരനിര തന്നെയുണ്ട് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തില്‍.
പറഞ്ഞതൊന്നും പതിരായില്ല. മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമെന്നത് വെറും പ്രചാരണ വിശേഷണം മാത്രമല്ലെന്ന് 'മരക്കാറി'ന്റെ (Marakkar Arabikadalinte Simham) തിയറ്റര്‍ കാഴ്‍ച അടിവരയിടുന്നു. അത്രത്തോളം അദ്‍ഭുതപ്പെടുത്തുന്ന വെള്ളിത്തിര കാഴ്‍ചകളാണ് 'മരക്കാറി'ലുള്ളത്. ഷങ്കര്‍ ചിത്രങ്ങള്‍, 'ബാഹുബലി' അല്ലെങ്കില്‍ 'കെജിഎഫ്' മാത്രമല്ല 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'വും ഇന്ത്യയുടെ ബ്രഹ്‍മാണ്ഡ ചിത്രങ്ങളുടെ പര്യായമായി മാറിയിരിക്കുന്നു.
ചരിത്രത്തിനൊപ്പം ഭാവനയും ചാലിച്ചതാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ഒരു പരിധി വരെ ഭാവനയ്‍ക്കാണ് മേല്‍ക്കയ്യും. ചരിത്രത്തിലെ കുഞ്ഞാലി മരക്കാറിന്റെ കഥയ്‍ക്ക് വിട്ടുപോയ ഭാഗങ്ങള്‍ ഒരുപാടുള്ളതിനാല്‍ വിസ്‍മയിപ്പിക്കുന്ന ചലച്ചിത്രക്കാഴ്‍ചയൊരുക്കാൻ ലഭിച്ച സ്വാതന്ത്ര്യം സംവിധായകൻ ആവോളം ഉപയോഗിച്ചിട്ടുണ്ട്. സാമൂതിരി രാജാവിന്റെ പടത്തലവനായി കടല്‍ ഭരിച്ച കുഞ്ഞാലി മരക്കാറിന്റെ ചരിത്രത്തിലെ വേരുകള്‍ സിനിമയില്‍ ചേരുംപടി മറക്കാതെ ചേര്‍ത്തിട്ടുമുണ്ട് തിരക്കഥാകൃത്തും സംവിധായകനും.
പതിഞ്ഞ താളത്തിലാണ് സിനിമയുടെ തുടക്കവും ചില ഭാഗങ്ങളും. ജനക്കൂട്ടത്തിനുള്ള വെറും ആവേശക്കാഴ്‍ചയായിട്ടല്ല 'മരക്കാര്‍' എത്തിയിട്ടുള്ളത്. കഥ പറഞ്ഞുപോകുന്ന താളത്തിലാണെങ്കിലും ചിലപ്പോഴൊക്കെ തെല്ലൊന്നു കാഴ്‍ചയുടെ ഗതിവേഗം കൂട്ടിയും സംഭാഷണങ്ങളില്‍ ശൗര്യവുമൊക്കെയായി ആകാംക്ഷകളിലേക്ക് കണ്ണ് കൂര്‍പ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും 'മരക്കാര്‍'. കണ്ടുകൊണ്ടങ്ങനെ മനസിലേക്ക് നിറയുന്ന തരത്തിലുള്ളതാണ് 'മരക്കാറി'ന്റെ ആഖ്യാനം.
പ്രിയദര്‍ശന്റെ അനുഭവപരിചയം തന്നെയാണ് 'മരക്കാറി'ന്റെയും കൈമുതല്‍. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ പരിചയ സമ്പന്നനായ കപ്പിത്താൻ പ്രിയദര്‍ശന്റെ കയ്യൊപ്പ് ഒരോ ഫ്രെയിമിലും തെളിയുന്നുണ്ട്. സാങ്കേതികത്തികവില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' വിസ്‍മയമാകുന്നത് പ്രിയദര്‍ശന്റെ കയ്യൊതുക്കമുള്ള ചലച്ചിത്രാഖ്യാനത്തിലൂടെയാണ്. ഒരോ ഫ്രെയിമിലേക്കും അടുത്തൊരു ഫ്രെയിം കയറിവരുമ്പോള്‍ മനോഹരമായ ഒരു കാഴ്‍ചയുടെ കഥ വിരിയുന്നതെങ്ങനെയെന്ന് പ്രിയദര്‍ശൻ പതിവുപോലെ പതര്‍ച്ചകളില്ലാതെ കൂടുതല്‍ മികവോടെ കാട്ടുന്നു. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ
സര്‍ഗാത്‍മക സംഘാടകന് അഭിമാനിക്കാം. ഒരു ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ വിശേഷണങ്ങള്‍ മരക്കാര്‍ തിയറ്ററില്‍ സ്വന്തമാക്കുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് പ്രിയദര്‍ശനുമാണ്.
പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പറയുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്. കുഞ്ഞാലി നാലാമനായി ചിത്രത്തില്‍ ആദ്യം തെളിയുന്നത് പ്രണവ് മോഹൻലാലാണ്. ഇതുവരെ അഭിനയിച്ചതില്‍ വച്ചേറ്റും മനോഹരമായ സ്‍ക്രീൻ പ്രസൻസാണ് 'മരക്കാറി'ല്‍ പ്രണവിന്. വൈകാരിക രംഗങ്ങളിലും ആക്ഷനിലും ഒരുപോലെ മികവ് കാട്ടുന്നു പ്രണവ് മോഹൻലാല്‍. പ്രണവിന്റെ യുവത്വത്തിന്റെ ചടുലത മരക്കാറിന്റെ ആദ്യ പകുതിയുടെ ആവേശമായി മാറുകയും ചെയ്യുന്നു. പ്രണവ് മോഹൻലാലിലേക്ക് വളരുന്നതായിട്ടാണ് കുഞ്ഞാലി നാലാമന്റെ മുതിര്‍ന്ന കാലം കാട്ടുന്നത്. മകൻ പ്രണവ് 'കുഞ്ഞാലി'യുടെ കുട്ടിക്കാലം മനോഹരമായി അവതരിപ്പിച്ചപ്പോള്‍ അച്ഛൻ മോഹൻലാല്‍ പക്വതയുള്ള നായകനായി എത്തുന്നു. ശരീരവഴക്കത്തില്‍ മോഹൻലാല്‍ അദ്ഭുതപ്പെടുത്തലുകള്‍ തുടരുകയാണ് ഈ പ്രായത്തിലും. ആക്ഷൻ രംഗങ്ങളില്‍ വിട്ടുവീഴ്‍ചകള്‍ക്ക് തയ്യാറാകുന്നില്ല 'മരക്കാറാ'യി മാറിയ മോഹൻലാല്‍. സൂക്ഷ്‍മഭാവങ്ങളിലും മരക്കാറിന്റെ വിഹ്വലതകളും പോരാട്ടവീര്യവും അതേ തീവ്രതയോടെ പകരുന്നു മോഹൻലാല്‍. തലയുയര്‍ത്തി നില്‍ക്കുന്ന കടല്‍ യോദ്ധാവായിട്ടു മലയാളി മനസിലേക്ക് 'കുഞ്ഞാലി മരക്കാറാ'യി തന്റെ രൂപവും ശബ്‍ദവും കോറിയിട്ടിരിക്കുന്നു മോഹൻലാല്‍. ഇനി 'കുഞ്ഞാലി മരക്കാറി'ന് മോഹൻലാലിന്റെ രൂപമാകും മലയാളികള്‍ക്ക്.
പ്രണവും മോഹൻലാലും മാത്രമല്ല പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് ഒരു വൻ താരനിര തന്നെയുണ്ട് 'മരക്കാറി'ല്‍. അതിലൊന്നു 'പട്ടുമരക്കാറായി' അഭിനയിച്ച സിദ്ദിഖ് ആണ്. പ്രണവിനൊപ്പവും മോഹൻലാലിനൊപ്പവും ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സിദ്ധിഖിന്റെ കഥാപാത്രവും. മോഹൻലാലിന്റെ 'മരക്കാര്‍' ചിത്രത്തിന് ദൃശ്യവേഗം നല്‍കുന്നവരില്‍ പ്രധാനി ചിന്നാലിയായി വേഷമിട്ട വിദേശ നടൻ ജയ ജെ ജക്ക്രിത് ആണ്. പ്രണയ വൈകാരിക ആക്ഷൻ രംഗങ്ങളില്‍ ചടുലതയോടെ പകര്‍ന്നാടുന്നു ജയ ജെ ജക്ക്രിത്. രോഗം അലട്ടുന്ന ശരീര ഭാഷ മഹാനടൻ നെടുമുടി വേണു തന്റെ അവസ്ഥ സാമൂതിരി രാജാവിന്റെ നിസാഹായതയാക്കി മാറ്റി. അര്‍ജുൻ, പ്രഭു, സുനില്‍ ഷെട്ടി, മഞ്‍ജു വാര്യര്‍, ഹരീഷ് പേരടി, കീര്‍ത്തി സുരേഷ് തുടങ്ങിയവരെല്ലാം കൃത്യം കാസ്റ്റിംഗാണെന്ന് പ്രകടനം കൊണ്ട് തെളിയിക്കുന്നു.
വൈഡ് ഫ്രെയിമിന്റെ ദൃശ്യഭംഗിയിലാണ് ഛായാഗ്രാഹകൻ തിരുവിന്റെ ക്യാമറാ നോട്ടങ്ങള്‍ ഏറെയും. കുതിര സഞ്ചാരങ്ങളും കടല്‍ ദൃശ്യങ്ങളും യുദ്ധക്കാഴ്‍ചയുമെല്ലാം ചിത്രത്തിന്റെ മൊത്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു തിരു. പ്രിയദര്‍ശന്റെ ക്യാമറാക്കണ്ണു തന്നെയാണ് തിരുവിന്റെ ഛായാഗ്രാഹണം. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ആത്മാവിന്റെ പ്രധാന ഘടകം വിഎഫ്‍എക്സാണ്. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ കണ്ട് കയ്യടിച്ച മലയാളികള്‍ക്ക് ഇനി അഭിമാനിക്കാം മരക്കാറിനെ ഓര്‍ത്ത്. കടലിലെ ആര്‍ത്തലയ്‍ക്കുന്ന തിരമാലയും യുദ്ധവുമെല്ലാം യഥാതദമെന്ന രീതിയില്‍ സന്നിവേശിപ്പിച്ചിക്കുന്നു സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിഎഫ്ക്സ് ടീം. അയപ്പൻ നായരുടെ ചിത്രസംയോജനവും സംവിധായകന്റെ കാലേക്കൂട്ടിയുള്ള തീരുമാനങ്ങള്‍ക്ക് ചേര്‍ന്നുനില്‍ക്കുന്നു
.
കാലം പഴയതാണ്. ആ കാഴ്‍ചകള്‍ ചിത്രത്തിനായി തിയറ്ററുകളിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത് വിഖ്യാത കലാ സംവിധായകൻ സാബു സിറിലാണ്. കപ്പലുകളും കൊട്ടാരവും കോട്ടയുമെല്ലാം 'മരക്കാറി'ന്റെ കാലത്തിലേതുപോലെ തോന്നിപ്പിക്കാൻ സാബു സിറിലിനായിട്ടുണ്ട്. സൂക്ഷ്‍മമായ ശ്രദ്ധ കാട്ടിയാണ് സാബു സിറില്‍ 'മരക്കാറി'നെ സമീപിച്ചതെന്ന് വ്യക്തമാക്കുന്നതാണ് സാമഗ്രികള്‍ ഓരോന്നും. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ആ കാലത്തിന്റെ നേര്‍പതിപാക്കാൻ കാട്ടിയ മിടുക്ക് തിയറ്റര്‍ കാഴ്‍ചയില്‍ തെളിയുന്നു.
'മരക്കാറി'ന്റെ പശ്ചാലത്തല ശബ്‍ദം ഓരോ ദൃശ്യത്തിനെയും അത് ആവശ്യപ്പെടും വിധം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ താളമാക്കി മാറ്റാൻ രാഹുല്‍ രാജിനു കഴിഞ്ഞിരിക്കുന്നു. ഇതുവരെ മരക്കാര്‍ ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. തിയറ്റര്‍ കാഴ്‍ചയില്‍ അവ ഓരോന്നും കാതനുഭവം മാത്രമല്ല പ്രിയദര്‍ശനില്‍ നിന്ന് പ്രതീക്ഷിക്കുംവിധം വിസ്‍മയ ദൃശ്യങ്ങളായി മാറിയിരിക്കുന്നു.