സ്‌ക്രീനില്‍ തീ പാറുന്ന 'മാമാങ്കം'; റിവ്യൂ
കരിയറില്‍ ആദ്യമായി ഇത്ര വലിയ ഒരു കാന്‍വാസ് മുന്നിലെത്തിയപ്പോള്‍ പത്മകുമാറിന് കാലിടറിയിട്ടില്ല. ആക്ഷന്‍ രംഗങ്ങളുടെ പേരില്‍ മാത്രം ഓര്‍മ്മയില്‍ തങ്ങുന്ന ചിത്രമല്ല ചിത്രം. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയ സിനിമ സമകാലികമാവുന്നത് അതിന്റെ നിലപാട് കൊണ്ടുകൂടിയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭാരതപ്പുഴയുടെ കരയില്‍, തിരുനാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന മഹോത്സവം. ആദ്യം വിദേശികള്‍ പോലുമെത്തിയിരുന്ന വാണിജ്യമേളയായും പിന്നീട് വള്ളുവക്കോനാതിരിക്കുവേണ്ടി സാമൂതിരിക്കെതിരേ പടവെട്ടി മരിച്ച ചാവേറുകളുടെ പേരിലും ചരിത്രലിപികളില്‍ ഇടംപിടിച്ച സംഭവം. മൂന്ന് നൂറ്റാണ്ടിന് മുന്‍പുനടന്ന രണ്ട് മാമാങ്കകാലങ്ങളാണ് എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ കേന്ദ്രസ്ഥാനത്ത്. മാമാങ്കത്തെക്കുറിച്ചുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍നിന്നും വടക്കന്‍ പാട്ടുകളിലെ ചില സൂചനകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്വതന്ത്രരചനയാണ് സിനിമ. വള്ളുവനാട് രാജാവിനുവേണ്ടി സാമൂതിരിക്കെതിരേ മാമാങ്കത്തില്‍ അങ്കംവെട്ടിയ ഒരേകുടുംബത്തിലെ പല തലമുറയില്‍ പെട്ട മൂന്ന് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തിരുനാവായ മണപ്പുറത്തെ നിലപാടുതറ ലക്ഷ്യമാക്കി കുതിയ്ക്കുന്ന പോരാളിയുടെ രൂപത്തിലാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍. ആ മാമാങ്കകാലത്തിന് ശേഷം നിഗൂഢത അവശേഷിപ്പിക്കുന്ന ഈ കഥാപാത്രത്തെക്കുറിച്ച് മറ്റ് കഥാപാത്രങ്ങളുടെ ഓര്‍മ്മകളിലൂടെയും വാമൊഴികളിലൂടെയുമാണ് സംവിധായകന്‍ സൂചനകള്‍ നല്‍കുന്നത്. അപൂര്‍വ്വതകളുള്ള പോരാളിയാണെങ്കിലും പലരെ സംബന്ധിച്ചും അയാള്‍ അന്തിമലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടയാളും അതിനാല്‍ത്തന്നെ ബഹുമാനം അര്‍ഹിക്കാത്തയാളുമാണ്. രണ്ട് മാമാങ്കകാലങ്ങള്‍ക്കിടെ ഈ കഥാപാത്രത്തിന്റെ മനസും അസ്ഥിത്വവും പരിശോധിക്കുകയാണ് സംവിധായകന്‍. പലര്‍ പല പേരില്‍ വിളിക്കുന്ന ഈ കഥാപാത്രത്തിന്റെ മനസിനും നിലപാടിനുമൊപ്പമാണ് സിനിമയുടെയും സഞ്ചാരം.
മമ്മൂട്ടി അവതരിപ്പിച്ച യോദ്ധാക്കളായ മുന്‍ കഥാപാത്രങ്ങളില്‍നിന്ന് വേറിട്ടയാളാണ് 'മാമാങ്ക'ത്തിലേത്. ചന്തുവിനെയോ പഴശ്ശിരാജയെയോ പോലെയല്ല, പയറ്റില്‍ കേമനെങ്കിലും രക്തച്ചൊരിച്ചില്‍ അനാവശ്യമെന്ന നിലപാടിലേക്ക് എത്തുന്ന ആളാണ്. ചാവേറുകളുടെ രക്തം ഇനി തിരുനാവായ മണപ്പുറത്ത് വീഴരുതെന്ന് ആഗ്രഹിക്കുന്ന ആളാണ്. രണ്ട് ഘട്ടങ്ങളുണ്ട് ഈ കഥാപാത്രത്തിന്. ഒന്ന് സന്ദേഹങ്ങളൊന്നുമില്ലാതെ വാളെടുത്ത കാലവും മറ്റൊന്ന് മനംമാറ്റം വന്ന ഘട്ടവും. ഉറ്റവരുടെ മനസില്‍ പോലും സ്ഥാനമില്ലാതെ ഒളിവുജീവിതം നയിക്കുന്നതിന്റെ വിങ്ങല്‍ ഉള്ളില്‍ പേറുന്ന, അതേസമയം തന്റെ പിന്മുറക്കാരുടെ ജീവന്‍ കാക്കണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. വേഷംമാറി ഒളിവുജീവിതം നയിക്കുന്ന ഘട്ടം എടുത്തുപറയേണ്ടതാണ്. ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍ തിളങ്ങിയെങ്കില്‍ ഒരുചുവട് മുന്നിലാണ് ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രമായി മാസ്റ്റര്‍ അച്യുതന്റെ പ്രകടനം. പ്രാവീണ്യമുള്ള ഒരു യോദ്ധാവിന്റെ സ്ഥൈര്യം കൈവിടാതെതന്നെ പലവിധ പ്രതിബന്ധങ്ങളോടും വൈകാരിക പിരിമുറുക്കങ്ങളോടും പ്രായത്തില്‍ ചെറിയ ഈ നടന്‍ പ്രതികരിക്കുന്നത് കണ്ടിരിക്കാന്‍ രസമുണ്ട്. പ്രാചി തെഹ്‌ലാന്‍, സിദ്ദിഖ്, സുദേവ് നായര്‍, ഇനിയ, കനിഹ തുടങ്ങി മറ്റ് കഥാപാത്രങ്ങളുടെ കാസ്റ്റിംഗിലും മികവ് കാട്ടുന്നുണ്ട് സിനിമ.
മനോജ് പിള്ളയാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി. ലോഹത്തില്‍ തട്ടി പ്രതിഫലിക്കുന്ന നിലവിളക്കിന്റെ പ്രഭയോട് സാമ്യം തോന്നുന്ന ഒരു കളര്‍ ടോണാണ് മനോജ് പിള്ള രാത്രി രംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പകല്‍ സമയത്തെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ രംഗങ്ങള്‍ കാഴ്ചയില്‍ ഇതില്‍നിന്ന് അമ്പേ വേറിട്ടുനില്‍ക്കാതെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഏരിയല്‍ ഷോട്ടുകളില്‍ അപൂര്‍വ്വ ചാരുതയുണ്ട് മാമാങ്കകാലത്തെ തിരുനാവായ മണപ്പുറത്തിന്. സാമൂതിരിയുടെ കണക്കില്ലാത്ത പടയോട് എതിരിടുന്ന ഏതാനും ചാവേറുകളുടെ വീര്യവും ചടുലതയും ചോരാതെ സംഘട്ടനരംഗങ്ങള്‍ പകര്‍ത്തിയിട്ടുമുണ്ട് മനോജ് പിള്ള. ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ആക്ഷന്‍ 'കൊറിയോഗ്രഫി' എന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ആയോധന രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് അദ്ദേഹം. ക്ലൈമാക്‌സിലെ ദൈര്‍ഘ്യമേറിയ മാമാങ്കം പോരാട്ടങ്ങള്‍ തൃപ്തികരമായി സ്‌ക്രീനില്‍ എത്തിയിരുന്നില്ലെങ്കില്‍ സിനിമയുടെ ആകെ അനുഭവത്തെ തന്നെ ബാധിക്കുമായിരുന്നു. ക്ലൈമാക്‌സ് ആക്ഷന്‍ സീക്വന്‍സുകളിലെ മാസ്റ്റര്‍ അച്യുതന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയവും മനോഹരവും.
എടുത്തുപറയേണ്ട മറ്റൊരു മികവ് ചിത്രത്തിന്റെ കലാസംവിധാനമാണ്. മലയാളിയുടെ സാംസ്‌കാരിക ഓര്‍മ്മകളിലുള്ള, എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവസാനിച്ച മാമാങ്കവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കാഴ്ചയില്‍ വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രം. ചന്ത്രോത്ത് തറവാടും മാമാങ്കകാലത്തെ തിരുനാവായ മണപ്പുറവും നിലപാട് തറയുമൊക്കെ കണ്ടിരിക്കെ ഒരു പ്രത്യേക ലോകത്തേക്ക് എത്തിക്കുന്നുണ്ട്. മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അല്‍പം സങ്കീര്‍ണതയുള്ള നരേഷനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത തരത്തിലാണ് പാട്ടുകള്‍ വന്നുപോകുന്നത്.
എം പത്മകുമാര്‍ ഇതുവരെ ഒരുക്കിയ സിനിമകളില്‍ നിന്ന് തികച്ചും വേറിട്ട ചിത്രമാണ് മാമാങ്കം. രാഷ്ട്രീയ സൂചനകളുള്ള ഇമോഷണല്‍ ഡ്രാമകളാണ് അദ്ദേഹം ഇതിനുമുന്‍പ് സംവിധാനം ചെയ്തിട്ടുള്ള ഏതാണ്ടെല്ലാ ചിത്രങ്ങളും. ആ അനുഭവ പരിചയം മാമാങ്കത്തിലെ സൂക്ഷ്മമായ കഥപറച്ചിലിനെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് എന്നുവേണം കരുതാന്‍. കരിയറില്‍ ആദ്യമായി ഇത്ര വലിയ ഒരു കാന്‍വാസ് മുന്നിലെത്തിയപ്പോള്‍ പത്മകുമാറിന് കാലിടറിയിട്ടില്ല. ആക്ഷന്‍ രംഗങ്ങളുടെ പേരില്‍ മാത്രം ഓര്‍മ്മയില്‍ തങ്ങുന്ന ചിത്രമല്ല ചിത്രം. നേരത്തേ പറഞ്ഞതുപോലെ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയ സിനിമ സമകാലികമാവുന്നത് അതിന്റെ നിലപാട് കൊണ്ടുകൂടിയാണ്.
"