ഹൃദയത്തിലിടം നേടി ഒരു അമ്മയും മകനും; പ്രേക്ഷക മനം നിറച്ച് 'റാഹേൽ മകൻ കോര'- റിവ്യു
എം പാനൽ കണ്ടക്ടർമാരായി ജോലി ചെയ്യുന്നവരുടെ ദുരിതം നിറഞ്ഞ ജീവിതം പറഞ്ഞ് 'റാഹേൽ മകൻ കോര'.
ഒരു കെഎസ്ആർടിസി ബസ്, ഒരമ്മ, ഒരു മകൻ, അയാളുടെ പ്രണയിനി, അവളുടെ കുടുംബം, ഇവരുടെ നാടും വീടും നാട്ടുകാരും കൂട്ടുകാരും. ഇവരൊക്കെ ഒരുമിച്ചൊരു ചലച്ചിത്രം. കേൾക്കുമ്പോഴേ ഒരു തനി നാടൻ എന്നൊരു തോന്നൽ മനസ്സിലുദിക്കുന്നില്ലേ. നർമ്മവും പ്രണയവും കുടുംബ ബന്ധങ്ങളുമായി പ്രേക്ഷക മനം നിറച്ചുകൊണ്ട് മഴക്കാലത്തൊരു കെഎസ്ആർടിസി ബസ് യാത്ര പോകുന്ന ഹൃദ്യമായ അനുഭവം സമ്മാനിച്ചിരിക്കുകയാണ് 'റാഹേൽ മകൻ കോര' എന്ന ചിത്രം.
എം പാനൽ കണ്ടക്ടർമാരായി ജോലി ചെയ്യുന്നവരുടെ ദുരിതം നിറഞ്ഞ ജീവിതവും അച്ഛനില്ലാതെ വളരുന്ന മക്കളുടെ അവസ്ഥയും ഭർത്താവ് മരിച്ചുപോയൊരു ഭാര്യയുടെ ജീവിതപോരാട്ടവും പ്രണയവും സൗഹൃദവുമൊക്കെ മനസ്സിൽ തട്ടും വിധത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസിലാണ് സിനിമയുടെ തുടക്കം. ആ ബസിലെ എം പാനൽ കണ്ടക്ടറാണ് ഗൗതമി. ഗൗതമിക്ക് കീഴിൽ പരിശീലനത്തിനായെത്തുന്ന പിഎസ്‍സി ജയിച്ചെത്തിയ കണ്ടക്ടറാണ് കോര.
കെഎസ്ആർടിസിയിൽ ജോലി ലഭിച്ചതോടെ പാലാക്കാരനായ കോരയും അമ്മ റാഹേലും ആലപ്പുഴയിലെത്തി വാടകയ്ക്ക് താമസിക്കുകയാണ്. അതിനടുത്തായാണ് ഗൗതമിയുടേയും വീട്. ചെറുപ്പത്തിലെ അച്ഛനില്ലാതെ വളർന്നവരാണ് ഗൗതമിയും കോരയും. ഇവർക്കിടയിൽ മൊട്ടിടുന്ന പ്രണയവും തുടര്‍ സംഭവ വികാസങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. അച്ഛനില്ലാതെ വളരുന്നൊരു പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും പെരുമാറ്റരീതിയും ജീവിതത്തോടുള്ള കാഴ്ചപ്പാടും രണ്ട് രീതിയിലായിരിക്കുമെന്നൊരു കാര്യവും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. മാത്രമല്ല ഭർത്താവ് മരിച്ച ശേഷം മക്കളെ പഠിപ്പിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെയായി ഒരു ഭാര്യ നടത്തുന്ന ജീവിതപോരാട്ടങ്ങളും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്.
'അബ്രഹാമിന്‍റെ സന്തതികളി'ൽ ഉള്‍പ്പെടെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായ മലയാളത്തിലെ യുവതാരങ്ങളിലെ ശ്രദ്ധേയനായ ആൻസൺ പോളാണ് കോരയെന്ന കഥാപാത്രമായി നായകവേഷത്തിൽ എത്തിയിരിക്കുന്നത്. ഗൗതമിയായെത്തിയിരിക്കുന്നത് 'പൂമര'ത്തിലൂടെയെത്തിയ നടി മെറിൻ ഫിലിപ്പാണ്. നായികാനായകനായുള്ള ഇവരുടെ കെമിസ്ട്രി ഏറെ രസകരമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. കോരയുടെ അമ്മയായ റാഹേലായി എത്തിയിരിക്കുന്നത് ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഇതിനകം തിളങ്ങിയിട്ടുള്ള നടി സ്മിനു സിജോയാണ്. ഏറെ ചുറുചുറുക്കുള്ള കാര്യപ്രാപ്തിയുള്ള ഒരു അമ്മയായി സിനിമയിൽ കസറിയിട്ടുണ്ട് സ്മിനു. ഒപ്പം അമ്മ - മകൻ ഒരുമിച്ചുള്ള ഹാസ്യ രംഗങ്ങളും ഇമോഷണൽ സീനുകളുമൊക്കെ ഏറെ മികച്ചുനിൽക്കുന്നവയുമാണ്. ഇവരുടെ നാട്ടിലെ രാഷ്ട്രീയ പ്രവർത്തകനായ ഭീമൻ എന്ന കഥാപാത്രമായി നടനും സംവിധായകനുമായ അൽത്താഫും റാഹേലിന്‍റെ സഹോദരനായ കറിയാച്ചൻ എന്ന കഥാപാത്രമായി നടൻ വിജയകുമാറും പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്ന കഥാപാത്രങ്ങളായി സിനിമയിലുണ്ട്.
ചെറിയൊരു കഥാതന്തുവിനെ ഏറെ സരസമായി രസിപ്പിക്കുന്ന കഥാസന്ദർഭങ്ങളിലൂടെ കൈയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചിട്ടുണ്ട് സിനിമയുടെ സംവിധായകനായ ഉബൈനി. 2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'റാഹേൽ മകൻ കോര'. സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്‍റായി തുടങ്ങിയ അദ്ദേഹം 'മെക്സിക്കൻ അപാരത' മുതൽ 'പത്തൊമ്പതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളിൽ ചീഫ് അസോസിയേറ്റായിരുന്നു. ബേബി എടത്വയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. തനി നാട്ടിൻപുറത്തുള്ളൊരു കഥയെ കുടുംബപ്രേക്ഷകർക്കും യുവ തലമുറയ്ക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹം എഴുതിയൊരുക്കിയിട്ടുണ്ട്. സിനിമയുടെ സംഭാഷണങ്ങളും ഏറെ മികച്ചുനിൽക്കുന്നവയാണ്. കൈലാസ് ഒരുക്കിയിരിക്കുന്ന സിനിമയിലെ പാട്ടുകളും ഷിജി ജയദേവന്‍റെ ഛായാഗ്രഹണവും മികവ് പുലർത്തിയിട്ടുണ്ട്.
'കേരളാ പൊലീസിന്റെ വീരഗാഥ'; മൂന്നാം വാരവും കോടിക്കുതിപ്പുമായി 'കണ്ണൂർ സ്‌ക്വാഡ്'
എസ്.കെ.ജി ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജ്ജ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മനു പിള്ള, രശ്മി അനിൽ, ടോം ഇമ്മട്ടി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. തീർച്ചയായും കുടുംബപ്രേക്ഷകരേയും യുവജനങ്ങളേയും ഒരുപോലെ പിടിച്ചിരുത്തുന്ന ഒട്ടേറെ സരസമായ നിമിഷങ്ങളാൽ സമ്പന്നമാണ് ഒരു ഫീൽഗുഡ് ചിത്രമായി ഒരുക്കിയിരിക്കുന്ന 'റാഹേൽ മകൻ കോര'. ബീപ്പ് ശബ്ദങ്ങളോ വലിയോ കുടിയോ മരുന്നടിയോ സഭ്യമല്ലാത്ത രംഗങ്ങളോ ഒന്നുമില്ലാതെ ക്ലീൻ ക്ലീനായി കാണാവുന്ന സിനിമകള്‍ കുറയുന്ന ഈ കാലത്ത് തികച്ചും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്ന 'റാഹേൽ മകൻ കോര' കുടുംബസമേതം യാതൊരു വിധ സന്ദേഹങ്ങളും ഇല്ലാതെ കാണാൻ കഴിയുന്നൊരു മനോഹര ചിത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..