നമ്മള്‍ വിചാരിച്ച ആളല്ല 'ലൂക്ക'; റിവ്യൂ

റിലീസിന് മുന്‍പ് സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന് പറഞ്ഞത് പാഴ്‌വാക്കല്ല എന്നതാണ് 'ലൂക്ക'യുടെ കാഴ്ചാനുഭവം. ടൊവീനോ ഈ കാലത്തെ ഏറ്റവും കാത്തിരിപ്പുള്ള നടനാവുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഏറ്റവും പുതിയ ഉത്തരവുമാണ് ചിത്രം. 

luca movie review

മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഏത് യുവതാരത്തെ മുന്നില്‍ക്കണ്ടാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ-ടൊവീനോ തോമസ്. ഈ വര്‍ഷം ടൊവീനോ സ്‌ക്രീനിലെത്തുന്ന അഞ്ചാമത്തെ ചിത്രമാണ് 'ലൂക്ക'. 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു'വിന് ശേഷമെത്തുന്ന സോളോ ഹീറോ ചിത്രവും. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ടൊവീനോ. അപ്പിയറന്‍സ് ടൊവീനോയുടെതന്നെ ചില മുന്‍ കഥാപാത്രങ്ങളുടേതിന് സമാനമെങ്കിലും ഒരു ആര്‍ട്ടിസ്റ്റിനെ ആദ്യമായാണ് അദ്ദേഹം സ്‌ക്രീനില്‍ എത്തിക്കുന്നത്. പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളില്‍ അണിയറക്കാര്‍ പറഞ്ഞിരുന്നതുപോലെ റൊമാന്റിക് ത്രില്ലര്‍ ഴോണ്‍റെയില്‍ പെടുന്ന ചിത്രമാണ് 'ലൂക്ക'.

luca movie review

ഒരു സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റ് ആണ് 'ലൂക്ക'. ലോകത്തെ കാണുന്ന സ്വന്തം കണ്ണിനെ അത്രമേല്‍ വിശ്വസിക്കുന്ന, ആത്മാവിഷ്‌കാരം നടത്തുന്ന ഒരു കലാകാരന്റേതായ 'ഭ്രാന്തുകളൊ'ക്കെയുള്ള കഥാപാത്രം. അതേ സമയം കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന താങ്ങാനാവാത്ത ചില വൈകാരിക പ്രതിസന്ധികളില്‍ നിന്ന്  മുതിര്‍ന്നപ്പോഴും കരകയറാനാവാത്ത ഒരു മനുഷ്യനും അയാള്‍ക്കുള്ളിലുണ്ട്. പുറമേയ്ക്ക് യുവാവായ ഒരു കലാകാരന്റേതായ ചടുലതകള്‍ ഉള്ളപ്പോഴും ഉള്ളില്‍ അരക്ഷിതാവസ്തയും മരണഭീതിയും കൊണ്ടുനടക്കുന്ന കഥാപാത്രം. ഈ ദ്വന്ദ്വാവസ്ഥയെ സ്‌ക്രീനില്‍ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ടൊവീനോ. സിനിമ തുടങ്ങി ഏകദേശം ഇരുപത് മിനിറ്റുകള്‍ക്ക് ശേഷമാണ് 'ലൂക്ക'യുടെ സാന്നിധ്യം സ്‌ക്രീനിലെത്തുന്നത്. പിന്നീടുള്ള രണ്ടേകാല്‍ മണിക്കൂറോളം സമയം നരേഷന്റെ ഊര്‍ജ്ജകേന്ദ്രമായി നിലകൊള്ളുന്നുണ്ട് 'ലൂക്ക'യായുള്ള ടൊവീനോയുടെ പ്രകടനം.

ഇത്തരത്തില്‍ വൈകാരികമായ സങ്കീര്‍ണതകളൊക്കെയുള്ള ലൂക്കയുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി ഒരു പെണ്‍കുട്ടി കടന്നുവരികയാണ്. ഇന്റസ്ട്രിയല്‍ കെമിസ്ട്രിയില്‍ ഗവേഷണം നടത്തുന്ന നിഹാരിക ബാനര്‍ജി (അഹാന കൃഷ്ണ) എന്ന കഥാപാത്രം. മറക്കാന്‍ ആഗ്രഹിക്കുന്ന ഭൂതകാലമുള്ളയാളാണ് നിഹാരികയും. അതിനാല്‍ ലൂക്കയെ അവള്‍ക്ക് വേഗത്തില്‍ മനസിലാവുന്നു. എന്നാല്‍ ഒരു സാമ്പ്രദായിക പ്രണയകഥയുടെ കെട്ടിലും മട്ടിലുമല്ല 'ലൂക്ക'. ലൂക്കയും നിഹാരികയും തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദം പ്രണയത്തിന്റെ അടുപ്പത്തിലേക്ക് എത്തുന്നതിനൊപ്പം സമാന്തരമായി ഒരു ത്രില്ലര്‍ നരേറ്റീവും സംഭവിക്കുന്നുണ്ട്. ലീനിയര്‍ നരേറ്റീവ് അല്ല ചിത്രത്തിന്റേത്. 

luca movie review

പ്രേക്ഷകര്‍ക്ക് അപ്രതീക്ഷിതത്വം കാത്തുവച്ചിരിക്കുന്ന തുടക്കമാണ് സിനിമയുടേത്. പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളില്‍ നിന്നൊന്നും ഊഹിച്ചെടുക്കാനാവാത്ത ആ തുടക്കത്തില്‍ നിന്ന് 'ലൂക്ക'യായുള്ള ടൊവീനോയുടെ പ്രത്യക്ഷപ്പെടലോടെ കാണികളെ ഒപ്പം കൂട്ടുകയാണ് ചിത്രം. ടൊവീനോയ്‌ക്കൊപ്പം നിഹാരികയായി മികച്ച കാസ്റ്റിംഗ് ആണ് അഹാനയുടേത്. 'സ്റ്റീവ് ലോപ്പസി'ലെ 'അഞ്ജലി'യ്ക്ക് ശേഷം അവര്‍ക്ക് ലഭിക്കുന്ന മികച്ച അവസരവും. 'ലൂക്ക'യുടെ വൈകാരിക സന്ദിഗ്ധാവസ്ഥകളൊക്കെ നിഹാരികയുടെ സാന്നിധ്യത്തിലൂടെയാണ് പ്രേക്ഷകര്‍ അറിയുന്നത് എന്നതിനാല്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് അത്. ടൊവീനോയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനത്തിലൂടെ നിഹാരികയെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് അഹാന. ഒരര്‍ഥത്തില്‍ സിനിമയുടെ നരേറ്ററുടെ റോളിലുമുള്ള പൊലീസ് ഓഫീസര്‍ അക്ബര്‍ ഹുസൈനായി നിതിന്‍ ജോര്‍ജ്ജിന്റേതും മികച്ച കാസ്റ്റിംഗ് ആണ്.

പറയുന്ന കഥയുടെ ആകെത്തുകയില്‍ ആവര്‍ത്തനമാകാം 'ലൂക്ക'യെങ്കിലും അവതരണത്തിലും കാഴ്ചാനുഭവത്തിലും ഫ്രെഷ്‌നസ് ഉണ്ടാക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം, സംഗീതം എന്നീ വിഭാഗങ്ങളിലെ മികവ് കാണികളില്‍ ഈ അനുഭവമുണ്ടാക്കാന്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം. 'ലൂക്ക'യുടെ ജീവിതപരിസരം വിശ്വസനീയമാക്കുന്നതില്‍ ടൊവീനോയുടെ പ്രകടനത്തിനൊപ്പം അനീസിന്റെ കലാസംവിധാനത്തിനും കാര്യമായ പങ്കുണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഒരു കലാകാരന്റെ ജീവിതം പറയുന്ന സിനിമയുടെ കളര്‍ പാറ്റേണുകളൊക്കെ ഒരേസമയം ഭംഗിയുള്ളതും മിനിമലുമാണ്. സൂരജ് എസ് കുറുപ്പിന്റെ സംഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. ചിത്രത്തിലെ പാട്ടുകളൊന്നും കഥപറച്ചിലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല സംവിധായകന് വേണ്ട പിന്തുണ കൊടുക്കുന്നുമുണ്ട്.

luca movie review

റിലീസിന് മുന്‍പ് സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന് പറഞ്ഞത് പാഴ്‌വാക്കല്ല എന്നതാണ് 'ലൂക്ക'യുടെ കാഴ്ചാനുഭവം. ടൊവീനോ ഈ കാലത്തെ ഏറ്റവും കാത്തിരിപ്പുള്ള നടനാവുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഏറ്റവും പുതിയ ഉത്തരവുമാണ് ചിത്രം. 

Latest Videos
Follow Us:
Download App:
  • android
  • ios