Kurup Movie Review | പ്രതീക്ഷ കാത്തോ 'കുറുപ്പ്'? റിവ്യൂ
കുറുപ്പിനെക്കുറിച്ച് അറിഞ്ഞതിലുമധികം അറിയാതെ കിടപ്പുണ്ട് എന്ന വസ്‍തുതയാണ് സിനിമാറ്റിക് വളര്‍ച്ചയ്ക്കുവേണ്ടി തിരക്കഥാകൃത്തുക്കള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്
'പിടികിട്ടാപ്പുള്ളി' എന്ന വാക്കിനൊപ്പം മലയാളത്തില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ തവണ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കപ്പെട്ട പേരുകാരന്‍ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) എത്തുന്ന ചിത്രം. എല്ലാവര്‍ക്കും അറിയാവുന്ന ഒരു ബേസിക് പ്ലോട്ടിനെ തിരക്കഥാകൃത്തുക്കളും സംവിധായകനും എങ്ങനെ ഒരു സിനിമയായി വിടര്‍ത്തിയെടുത്തു എന്ന് കാണാനുള്ള കൗതുകം. ഒപ്പം ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രം, അതും കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലെ ആദ്യ ബിഗ് റിലീസ്. സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പ്രൊമോഷണല്‍ ഹൈപ്പുമായി എത്തിയ 'കുറുപ്പി'ന് (Kurup Movie) ടിക്കറ്റെടുക്കാന്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകങ്ങള്‍ ഇതൊക്കെയാവണം. പ്രീ റിലീസ് പ്രതീക്ഷകളെ എത്രത്തോളം സാധൂകരിച്ചു ചിത്രം എന്ന് നോക്കാം.
സാമൂഹിക ഓര്‍മ്മയില്‍ മായാതെ അടയാളപ്പെട്ടു കിടക്കുന്ന ഒരു പഴയ സംഭവത്തെയോ വ്യക്തിയെയോ അധികരിച്ച് സിനിമയുണ്ടാക്കുമ്പോള്‍ അതിന്‍റെ അണിയറക്കാര്‍ എക്കാലവും നേരിടുന്ന വെല്ലുവിളിയുണ്ട്. നടന്ന സംഭവത്തെ സിനിമാറ്റിക്ക് ആക്കുന്നതിനുവേണ്ടി അതിനെ അധികതോതില്‍ മാറ്റിത്തീര്‍ക്കാനാവില്ല എന്നതാണ് അതില്‍ പ്രധാനം. ചരിത്രത്തോട് പുലര്‍ത്തേണ്ട നീതിയുടെ വശമുണ്ട്. ഇനി ഒരു കുറ്റവാളി പ്രധാന കഥാപാത്രമാവുമ്പോള്‍ അയാളെ വെള്ളപൂശുന്നു എന്ന ചീത്തപ്പേര് വാങ്ങാതെയും നോക്കണം. പുതുതലമുറയിലെ ഒരു മലയാളിക്കുപോലും അറിയുന്ന സുകുമാരക്കുറുപ്പിന്‍റെ (സിനിമയില്‍ ഗോപീകൃഷ്‍ണക്കുറുപ്പ്/ സുധാകരക്കുറുപ്പ്) കഥ സിനിമയാക്കിയപ്പോള്‍ അതിന്‍റെ തിരക്കഥാഘട്ടം മുതല്‍ അണിയറക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് കാണാം. ചാക്കോ വധവുമായി (സിനിമയില്‍ ചാര്‍ലി) ബന്ധപ്പെട്ടാണ് സുകുമാരക്കുറുപ്പിന്‍റെ കുപ്രസിദ്ധിയെങ്കില്‍ കുറുപ്പിന്‍റെ ജീവിതത്തെ ആ സംഭവത്തില്‍ മാത്രമല്ലാതെ സമഗ്രതയില്‍ നോക്കിക്കാണാനാണ് ചിത്രത്തിന്‍റെ ശ്രമം. അതിനാല്‍ത്തന്നെ അറുപതുകളുടെ അന്ത്യം മുതലുള്ള കുറുപ്പിന്‍റെ വിവിധ ജീവിതഘട്ടങ്ങള്‍ സിനിമയിലുണ്ട്.
കുറുപ്പിനെക്കുറിച്ച് അറിഞ്ഞതിലുമധികം അറിയാതെ കിടപ്പുണ്ട് എന്ന വസ്‍തുതയാണ് തിരക്കഥാകൃത്തുക്കള്‍ ഇവിടെ സിനിമാറ്റിക് വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ചാക്കോ വധത്തിന് മുന്‍പും പിന്നീടിങ്ങോട്ട് ഒളിവില്‍ കഴിഞ്ഞ കാലവും രചയിതാക്കള്‍ തങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാല്‍ ആ വ്യാഖ്യാനം മലയാളികള്‍ക്ക് കേട്ടുപരിചയമുള്ള കുറുപ്പിന് ഒരു ഏച്ചുകെട്ടല്‍ ആവുന്നില്ല എന്നതാണ് ഡാനിയേല്‍ സായൂജ് നായരുടെയും കെ എസ് അരവിന്ദിന്‍റെയും രചനയുടെ വിജയം. സാങ്കേതിക മേഖലകളില്‍ പുലര്‍ത്തിയിരിക്കുന്ന നിലവാരവും മികച്ച കാസ്റ്റിംഗും ഈ തിരക്കഥയിലൂന്നി കൊള്ളാവുന്ന ഒരു എന്‍റര്‍ടെയ്‍നര്‍ ഒരുക്കാന്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ സഹായിച്ച ഘടകങ്ങളാണ്.
പ്രൊഡക്ഷന്‍ ഡിസൈനും സംഗീതവുമാണ് ചിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്ലസ് പോയിന്‍റുകള്‍. അറുപതുകളുടെ അന്ത്യം മുതലുള്ള വിവിധ കാലങ്ങള്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഭംഗിയില്‍ കലാസംവിധായകന്‍ ബംഗ്ലാന്‍ ഒരുക്കിവച്ചിട്ടുണ്ട്. അതില്‍ കേരളം മാത്രമല്ലെന്നതും പോയ കാലത്തെ ചെന്നൈയും മുംബൈയും ഭോപ്പാലും ദുബൈയും ഒക്കെയുണ്ടെന്നതുമാണ് ചിത്രത്തിന്‍റെ സ്കെയിലും ബജറ്റും ഉയര്‍ത്തിയ ഘടകങ്ങള്‍. വിശ്വസനീയതയും ഭംഗിയുമുള്ള പ്രൊഡക്ഷന്‍ ഡിസൈന്‍ ആണ് ചിത്രത്തിന്‍റേത്. മറുനാടന്‍ നഗരങ്ങളിലെ ഈ ഭൂതകാല പുനസൃഷ്‍ടികള്‍ മലയാളസിനിമയ്ക്ക് അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്. പാട്ടുകള്‍ വീണ്ടും കേള്‍ക്കാന്‍ തോന്നുന്നവയെങ്കിലും സുഷിന്‍ ശ്യാം നല്‍കിയിരിക്കുന്ന പശ്ചാത്തലസംഗീതമാണ് അതിനേക്കാള്‍ മികച്ചുനില്‍ക്കുന്നത്. ചിത്രത്തിന്‍റെ തീം മ്യൂസിക് നിഗൂഢതയുടെ ഒരു ശബ്‍ദാഖ്യാനം പോലെ നിലകൊള്ളുന്നുണ്ട്. 'ലൂക്ക'യിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയ നിമിഷ് രവിയുടെ ഏറ്റവും മികച്ച വര്‍ക്കുമാണ് കുറുപ്പ്. ലൂക്കയ്ക്കും സാറാസിനും ശേഷം ഇത്രയും വലിയ കാന്‍വാസില്‍ കഥ പറയുന്ന ഒരു ചിത്രം മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് നിമിഷ്.
ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പായി എത്തുന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളുടെ കാസ്റ്റിംഗിന്‍റെ കാര്യത്തിലും അണിയറക്കാര്‍ കൈയടി അര്‍ഹിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും തിളങ്ങിയത് 'ഭാസി പിള്ള'യായി എത്തിയ ഷൈന്‍ ടോം ചാക്കോയാണ്, ഒപ്പം 'ഡിവൈഎസ്‍പി കൃഷ്‍ണദാസ്' ആയി എത്തിയ ഇന്ദ്രജിത്തും. 'ശാരദ'യായി ശോഭിത ധൂലിപാലയുടെ കാസ്റ്റിംഗും മികച്ചു നില്‍ക്കുന്നു. കഥാപാത്രങ്ങളെക്കാളുപരി ചിത്രത്തിന്‍റെ ടോട്ടാലിറ്റിയിലും ക്രാഫ്റ്റിലും സംവിധായകന്‍ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്ന ചിത്രത്തില്‍ കുറുപ്പിന്‍റെ ലോകത്തെ വിശ്വസനീയമാക്കുന്നതില്‍ സാങ്കേതിക ഘടകങ്ങള്‍ക്കൊപ്പം ഈ പ്രകടനങ്ങള്‍ നല്‍കിയിരിക്കുന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്. ദുല്‍ഖറിനൊപ്പം അരങ്ങേറിയ സെക്കന്‍ഡ് ഷോയ്‍ക്കു ശേഷം ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ശ്രീനാഥ് രാജേന്ദ്രന്‍റെ മൂന്നാമത്തെ ചിത്രമായി കുറുപ്പ് എത്തിയിരിക്കുന്നത്. ആദ്യചിത്രത്തില്‍ നിന്ന് അദ്ദേഹം നേടിയിരിക്കുന്ന വളര്‍ച്ചയും സംവിധായകന്‍ എന്ന നിലയിലെ കാഴ്ചപ്പാടും കുറുപ്പിന്‍റെ ഓരോ ഫ്രെയ്‍മിലുമുണ്ട്. അറുപതുകളുടെ അന്ത്യം മുതലുള്ള കുറുപ്പിന്‍റെ വിവിധ കാലങ്ങളെ പിന്തുടരുന്ന ചിത്രം നോണ്‍ ലീനിയര്‍ കഥപറച്ചിലാണ് പിന്തുടരുന്നത്. കാലങ്ങള്‍ സ്വിച്ച് ചെയ്‍തിരിക്കുന്ന എഡിറ്റിംഗിലെ ചില കട്ടുകള്‍ ചില പ്രേക്ഷകര്‍ക്കെങ്കിലും അല്‍പം ആശയക്കുഴപ്പം സൃഷ്‍ടിച്ചേക്കാം. എല്ലാവര്‍ക്കുമറിയാവുന്ന സുകുമാരക്കുറുപ്പിന്‍റെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാത്ത ചിത്രം തന്നെയാണ് കുറുപ്പ്.