സ്വയം പുതുക്കുന്ന ചാക്കോച്ചൻ; മനുഷ്യവന്യതയുടെ നേർ സാക്ഷ്യവുമായി 'ചാവേർ'- റിവ്യു
പാർട്ടിയുടെ തലപ്പത്ത് നിൽക്കുന്നവരുടെ വാക്ക് കേട്ട്, എന്തിന് വേണ്ടി എന്നുപോലും ചോദിക്കാതെ കൊല്ലാൻ പുറപ്പെടുന്നവരാണ് ചാവേറുകൾ.
ആദ്യ രണ്ട് സിനിമകളിലൂടെ തിയറ്ററുകൾ പൂരപ്പറമ്പാക്കിയ സംവിധായകൻ ആണ് ടിനു പാപ്പൻ. അദ്ദേഹത്തിന്റെ പുതിയൊരു പടം വരുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ സിനിമാസ്വാദകർക്ക് വൻ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന സിനിമ ആയിരിക്കുകയാണ് ചാവേർ. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബനും ടിനുവും ഒന്നിച്ചപ്പോൾ മലയാളികൾക്ക് പുത്തൻ ദൃശ്യാനുഭവം പകരുക ആയിരുന്നു.
പാർട്ടിയുടെ തലപ്പത്ത് നിൽക്കുന്നവരുടെ വാക്ക് കേട്ട്, എന്തിന് വേണ്ടി എന്നുപോലും ചോദിക്കാതെ കൊല്ലാൻ പുറപ്പെടുന്നവരാണ് ചാവേറുകൾ. ഇവരുടെ കഥയാണ് സിനിമ പറയുന്നത്. മൂസാക്ക, കിരൺ കുമാർ, അരുൺ, അശോകൻ, ജി.കെ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അശോകൻ എന്ന കൊട്ടേഷൻ തലവനായി എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്. ഇയാളുടെ സഹായി ആണ് മൂസാക്ക(മനോജ് കെ യു). എംബിബിഎസ് വിദ്യാർത്ഥിയാണ് അർജുൻ അശോകൻ അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രം. തെയ്യക്കോലം കെട്ടാൻ ഒരുവർഷമായി നോമ്പ് നോറ്റിരിക്കുന്ന ചെറുപ്പക്കാരനാണ് ആന്റണി വർഗീസ് അവതരിപ്പിച്ച കിരൺ കുമാർ.
നോർത്ത് മലബാർ ബേയ്സ് ചെയ്താണ്(കണ്ണൂർ, കോഴിക്കോട് ഭാഗം) ചാവേറിന്റെ കഥ ഡവലപ്പ് ആയി പോകുന്നത്. അർദ്ധരാത്രിയിൽ ഒരു കൊലപാതകം നടക്കുന്നു. കൊല്ലപ്പെട്ടത് രാഷ്ട്രീയക്കാരനാണോ മറ്റാരെങ്കിലും ആണോ എന്ന കാര്യം ആദ്യമേ തന്നെ പറയുന്നില്ല. ഈ കൊലയ്ക്ക് പിന്നിൽ, പാർട്ടിക്ക് വേണ്ടി കൊണ്ടും കൊടുത്തും കഴിയുന്ന അശോകേട്ടൻ എന്ന് ഏവരും വിളിക്കുന്ന അശോകൻ ആണ്. കൊല കഴിഞ്ഞുള്ള സംഘത്തിന്റെ പരക്കം പാച്ചിലാണ് സിനിമ. ഈ സംഘത്തിൽ അറിയാതെ പെട്ടുപോകുന്ന ആളുകളുകളെ ഫസ്റ്റ് ഹാഫിൽ കാണാം. ഇതിന്റെ തുടർച്ചയാണ് രണ്ടാം പകുതിയും. മാസും ഫൈറ്റും ചതിയും ഒക്കെയായി മുഖരിതമാണ് ഇവിടം. ചുരുക്കി പഞ്ഞാൽ പക്കാ പൊളിറ്റിക്കൽ ക്രൈം ത്രില്ലറാണ് ചാവേർ. അതേസമയം, ഇമോഷനും പ്രാധാന്യം നൽകിയിട്ടുണ്ട് ചാവേർ.
ചിത്രത്തിലെ ഹൈലൈറ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് സംഗീതവും ഫൈറ്റും ആണ്. ഓരോ ഘട്ടത്തിലും ത്രിസിപ്പിക്കുന്ന ബിജിഎം ഒരുക്കിയ ജസ്റ്റിൻ വർഗീസ് കയ്യടി അർഹിക്കുന്നുണ്ട്. ചാവേറിൽ ആകെ രണ്ട് പാട്ടുകളാണ് ഉള്ളത്. ഒന്ന് ഇരയാക്കപ്പെട്ടവന്റെ വീടനുഭവം പറയുന്ന പാട്ട്. മറ്റൊന്ന് കൊല ചെയ്യപ്പെട്ടവരുടെ പരക്കം പാച്ചിലിന്റെ പാട്ട്. ഈ രണ്ട് ഗാനങ്ങളും പ്രേക്ഷകരുടെ ഉള്ളിൽ തൊടുന്നവയാണ്. അവരെ തിയറ്ററിൽ പിടിച്ചിരുത്തുന്നവയാണ്.
മേക്കിങ്ങിന്റെ കാര്യത്തിൽ ടിനു പാപ്പച്ചനെ തട്ടിച്ച് നോക്കാൻ ആരും ഇല്ലെന്ന് വീണ്ടും തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ സിനിമകളിൽ തന്നെ ടിനു അക്കാര്യം തെളിയിച്ചതാണ്. രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുമുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളും ടിനു നല്ല അസ്സലായി അവതരിപ്പിച്ചിരിക്കുന്നു. ആദ്യാവസാനം വരെ സിനിമാസ്വാകരെ ആകാംക്ഷയുടെ മുൻമുനയിൽ നിർത്തിയ തിരക്കഥ ഒരുക്കി ജോയ് മാത്യുവും തിളങ്ങിയിട്ടുണ്ട്.
കാടിന്റെയും ഇരുട്ടിന്റെയും വന്യത അതുപോലെ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ഛായാഗ്രഹകൻ ജിന്‍റോ ജോർജ്ജും കയ്യടി അർഹിക്കുന്നു. ചെറുതെങ്കിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് നൂറ് ശതമാനവും നീതി പുലർത്തിയവരാണ് ചാവേറിലെ അഭിനേതാക്കൾ. പ്രത്യേകിച്ച് കുഞ്ചാക്കോ ബോബൻ. ചാവേർ സംഘത്തിലെ തലവനായി കുഞ്ചാക്കോ ബോബൻ നിറഞ്ഞാടിയിട്ടുണ്ട്. വേറിട്ട ഗെറ്റപ്പിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ആണ് ചാക്കോച്ചന്റെ അശോകൻ. ഇത്തരം കഥാപാത്രങ്ങൾ കുഞ്ചാക്കോയിൽ വിശ്വസിപ്പിച്ചേൽപ്പിക്കാൻ സംവിധായകർക്ക് കഴിയുമെന്ന് ഉറപ്പ്.
നഷ്ടത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാൻ 'സാന്ത്വനം' കുടുംബം; റിവ്യു
ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സംഗീത ശക്തമായ വേഷത്തിൽ എത്തുന്നുണ്ട്. ആന്റണിയുടെ മാസ് ഫൈറ്റില്ലാത്ത ആദ്യ ചിത്രം കൂടിയാണ് ചാവേർ. കുറച്ച് സമയമെ അദ്ദേഹം സ്ക്രീനില്‍ ഉള്ളൂവെങ്കിലും പ്രേക്ഷക മനസിൽ നിലകൊള്ളുന്നൊരു കഥാപാത്രമാണ് ആന്റണിയുടേത്. അർജുനും മനോജും എപ്പോഴത്തേയും പോലെ കസറിയിട്ടുണ്ട്. എല്ലാത്തിന്റെയും കടിഞ്ഞാൽ ജി.കെ എന്ന ആളുടെ പക്കലാണ്. സിനിമയിൽ ഇയാൾ ഒരു സസ്പെന്‍സ് ആണ്. ആകെ മൊത്തത്തിൽ ക്രൈം ത്രില്ലർ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന മികച്ചൊരു സിനിമയാണ് ചാവേർ.