മമ്മൂട്ടി എന്ന വിശ്വാസം, ത്രില്ലടിപ്പിക്കുന്ന 'കണ്ണൂര്‍ സ്ക്വാഡ്': റിവ്യൂ
പൊലീസ് സംവിധാനത്തെ റിയലിസ്റ്റിക് ആയി സമീപിച്ചിരിക്കുന്ന, ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിലെ പൊലീസുകാരൊന്നും അമാനുഷികരല്ല
മമ്മൂട്ടിയെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം കുറിച്ച പ്രഗത്ഭരുടെ ഒരു നീണ്ട നിരയുണ്ട്. ഒരു നവാഗത സംവിധായകനൊപ്പം വീണ്ടുമെത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രേക്ഷകരുടെയും പ്രതീക്ഷയേറ്റുന്നത് മുന്‍പിലുള്ള ആ ചിത്രങ്ങളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിക്കുന്ന ചിത്രമെന്നതും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്ക്വാഡില്‍ പ്രേക്ഷകപ്രതീക്ഷയേറ്റിയ ഘടകമാണ്. തങ്ങളുടെ നാലാം ചിത്രത്തിലും ബാനറിന്‍റെ വിശ്വാസ്യത കാത്തിരിക്കുന്നു മമ്മൂട്ടി കമ്പനി. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ കരിയറില്‍ മമ്മൂട്ടി അവതരിപ്പിച്ച് ആരാധകര്‍ കൊണ്ടാടിയ നിരവധി പൊലീസ് കഥാപാത്രങ്ങളുണ്ട്. ഈ വര്‍ഷത്തെ റിലീസുകളില്‍ മമ്മൂട്ടിയുടേതായെത്തുന്ന രണ്ടാമത്തെ പൊലീസ് വേഷവുമാണ് അത്. എന്തുകൊണ്ട് വീണ്ടുമൊരു പൊലീസ് വേഷമെന്നതിനുള്ള അദ്ദേഹത്തിന്‍റെ ഉത്തരമാണ് കണ്ണൂര്‍ സ്ക്വാഡ്.
അധികാര കേന്ദ്രങ്ങളോട് ഭയമില്ലാത്ത, നെടുങ്കന്‍ പഞ്ച് ഡയലോഗുകളില്‍ തിയറ്ററുകളില്‍ കൈയടി ഉയര്‍ത്തിയവരാണ് മമ്മൂട്ടിയുടെ ആദ്യകാല പൊലീസ് കഥാപാത്രങ്ങളെങ്കില്‍ സ്വഭാവത്തില്‍ സൗമ്യനാണ് എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. എസ്‍പിയുടെ അഭിപ്രായത്തില്‍ ക്ലോക്ക് നോക്കി ജോലി ചെയ്യാത്ത ചെറിയൊരു ശതമാനം പൊലീസുകാരില്‍ ഒരാള്‍. ജനശ്രദ്ധ നേടുന്ന ചില പ്രമാദമായ കേസുകള്‍ അന്വേഷിക്കാന്‍ കാസര്‍ഗോഡ് എസ്‍പി രൂപീകരിച്ച പൊലീസ് സംഘത്തിലെ പ്രധാനിയാണ് ജോര്‍ജ് മാര്‍ട്ടിന്‍. ഒരിക്കല്‍ ജോര്‍ജിനും സംഘത്തിനും മുന്നില്‍ ഒരു കേസ് എത്തുന്നു. ഒരു രാഷ്ട്രീയ നേതാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസ് ആണത്. പ്രതികളെ പിടിക്കാനായി ജോര്‍ജും സംഘാംഗങ്ങളായ മറ്റ് മൂന്ന് യുവ പൊലീസുകാരും ചേര്‍ന്ന് നടത്തുന്ന അന്വേഷണമാണ് കണ്ണൂര്‍ സ്ക്വാഡ്.
2 മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള കണ്ണൂര്‍ സ്ക്വാഡില്‍ സമയമെടുത്താണ് റോബി വര്‍ഗീസ് രാജ് കഥ പറയുന്നത്. പൊലീസ് സംവിധാനത്തെ റിയലിസ്റ്റിക് ആയി സമീപിച്ചിരിക്കുന്ന, ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിലെ പൊലീസുകാരൊന്നും അമാനുഷികരല്ല. എന്നാല്‍ അവര്‍ക്ക് മുന്നില്‍ എത്തുന്നത് ദുര്‍ഘടമായ ഒരു കേസും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി റോഡ് മാര്‍ഗം കാസര്‍ഗോഡ് നിന്ന് ഇന്ത്യയുടെ മറ്റൊരു അറ്റത്തേക്ക് ജോര്‍ജും സംഘവും നടത്തുന്ന ഒരു യാത്രയുണ്ട്. ആ യാത്ര തന്നെയാണ് ചിത്രത്തിന്‍റെ കാതലും. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയിരിക്കുമ്പോള്‍ത്തന്നെ ഒരു റോഡ് മൂവിയുമാണ് കണ്ണൂര്‍ സ്ക്വാഡ്. നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറില്‍ ഇതരദേശങ്ങളില്‍ കേസ് അന്വേഷിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും ഈ ചിത്രത്തിന് മമ്മൂട്ടി തന്നെ നായകനായ 2019 ചിത്രം ഉണ്ടയുമായി ഉണ്ടായേക്കാവുന്ന സാമ്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ രണ്ടും പൊലീസ് കഥാപാത്രങ്ങളും കേരളത്തിന് പുറത്താണ് പ്രധാന പശ്ചാത്തലമെന്നതുമൊഴിച്ചാല്‍ ഇരു ചിത്രങ്ങളും തമ്മില്‍ യാതൊരു സാമ്യവുമില്ല.
മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാള്‍ അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തിയുള്ളതാണ് ജോര്‍ജ് മാര്‍ട്ടിന്‍റെ പാത്രാവിഷ്കാരം. സഹരചയിതാവ് കൂടിയായ റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ ജോര്‍ജിനൊപ്പം അന്വേഷണസംഘത്തിലുള്ള മറ്റ് പൊലീസ് കഥാപാത്രങ്ങള്‍ക്കും ഏകദേശം തുല്യപ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മേലുദ്യോഗസ്ഥന്‍റെ വീരപരാക്രമത്തിന് കൈയടിക്കുന്ന സ്ഥിരം പതിവിന് പകരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ഇതൊക്കെയും. കേരളത്തിന് പുറത്ത് ഭൂമിശാസ്ത്രപരമായും ഭാഷാപരമായുമുള്ള ബുദ്ധിമുട്ടുകള്‍ മറികടന്ന് മുന്നേറുന്ന ജോര്‍ജിനും സംഘത്തിനും മുന്നില്‍ ഒന്നിനു പിന്നാലെ മറ്റൊന്നെന്ന നിലയില്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നുണ്ട്. ഒരു സൂപ്പര്‍താരം നായകനായതിനാല്‍ ഏത് മിഷനും എളുപ്പം സാധിക്കുമെന്ന തോന്നല്‍ ചിത്രത്തിന്‍റെ തുടക്കത്തിലേ തിരക്കഥാകൃത്തുക്കളും സംവിധായകനും ചേര്‍ന്ന് ഉടച്ചുകളയുന്നുണ്ട്. ഇടയ്ക്കിടെ അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവച്ചിരിക്കുന്ന, അറിയാ ഭൂമികയിലെ കേസന്വേഷണത്തിനൊപ്പം മമ്മൂട്ടിയിലെ നടനും കൈയടി നേടുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്.
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കുമ്പോള്‍ത്തന്നെ പ്രേക്ഷകരുമായി ഇമോഷണല്‍ കണക്ഷന്‍ സൃഷ്ടിക്കാന്‍ സാധിച്ച ചിത്രം കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്. 2.41 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് സംഗീത സംവിധായകനായ സുഷിന്‍ ശ്യാം നല്‍കിയിരിക്കുന്ന പിന്തുണ എടുത്ത് പറയേണ്ടതാണ്. മാസ് മൊനന്‍റുകളില്‍ മാത്രം സ്കെയില്‍ ഉയര്‍ത്തി, വൈകാരികതയുടേതായി പോയിന്‍റുകളില്‍ അതിന് പ്രാധാന്യം നല്‍കിയുള്ള സുഷിന്‍റെ സ്കോറിംഗ് സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. വ്യത്യസ്ത ഭൂപ്രകൃതികളും ഗ്രാമനഗരങ്ങളുമൊക്കെ കടന്ന് സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റാഹില്‍ ആണ്. ജോര്‍ജും സംഘവും കടന്നുപോകുന്ന വഴികള്‍ പലതും കണ്ണിന് ഇമ്പമുള്ളതും മലയാള സിനിമയില്‍ വന്നിട്ടില്ലാത്തതുമാണെങ്കിലും അവയുടെ മനോഹാരിതയിലേക്ക് ഫോക്കസ് ചെയ്തിട്ടില്ല ഛായാഗ്രാഹകന്‍. മറിച്ച് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന് വേണ്ട ഗൌരവവും പേസുമെല്ലാം വിഷ്വലി സംവിധായകന് നല്‍കിയിട്ടുണ്ട് അദ്ദേഹം. പ്രവീണ്‍ പ്രഭാകര്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ദൈര്‍ഘ്യക്കൂടുതല്‍ പ്രേക്ഷകരെ അനുഭവിപ്പിക്കാതിരിക്കുന്നതില്‍ എഡിറ്റര്‍ക്കുമുണ്ട് കൈയടി.
പ്രീ പ്രൊമോഷന്‍ വേദികളിലൊന്നും ചിത്രത്തെക്കുറിച്ച് അധികം മേനി പറഞ്ഞിട്ടില്ല അണിയറക്കാര്‍. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നതിലുപരി ചിത്രത്തിലുള്ള അവരുടെ ആത്മവിശ്വാസം കൊണ്ടുമായിരുന്നിരിക്കാം വാക്കുകളിലെ ആ പിശുക്ക്. സമീപകാലത്ത് തിയറ്ററുകളില്‍ ഒരു മമ്മൂട്ടി ചിത്രത്തിന് എന്‍ഡ് ക്രെഡിറ്റ്സില്‍ ലഭിക്കുന്ന ഏറ്റവും വലിയ കരഘോഷവും കണ്ണൂര്‍ സ്ക്വാഡിനാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക