Asianet News MalayalamAsianet News Malayalam

നേരിന്‍റെ തിളക്കമുള്ള 'കനകരാജ്യം'; റിവ്യൂ

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സും മുരളി ഗോപിയും 'രാമനാഥനെ'യും 'വേണു'വിനെയും അത്രയും ജീവസ്സുറ്റതാക്കിയിട്ടുണ്ട്

kanakarajyam malayalam movie review indrans murali gopy Sagar Hari
Author
First Published Jul 6, 2024, 3:46 PM IST | Last Updated Jul 6, 2024, 3:46 PM IST

വലിയ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ, ലളിതമായ അഖ്യാനത്തിലൂടെ കാമ്പുള്ള കഥ പറയുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലൊരു സിനിമയാണ് സാഗര്‍ ഹരിയുടെ രചനയിലും സംവിധാനത്തിലും ഇന്ദ്രന്‍സ്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനകരാജ്യം. സെക്യൂരിറ്റി ജീവനക്കാരന്‍ രാമേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന രാമനാഥനായി ഇന്ദ്രന്‍സും വേണു എന്ന, പല ബിസിനസുകള്‍ നടത്തി കടം കയറി നില്‍ക്കുന്ന ആളായി മുരളി ഗോപിയും സ്ക്രീനില്‍ എത്തുന്നു.

വര്‍ഷങ്ങളോളം സൈന്യത്തില്‍ പാചകക്കാരന്‍റെ ജോലി ചെയ്തിരുന്ന ആളാണ് രാമനാഥന്‍. പട്ടാളത്തില്‍ പണിയെടുത്തതിന്‍റെ അച്ചടക്കം ജീവിതത്തില്‍ ഉടനീളം കൊണ്ടുനടക്കുന്ന അദ്ദേഹം സെക്യൂരിറ്റി ജോലി ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന ഒന്നുമാണ്. ജ്വല്ലറിയുടെ രാത്രി പൂട്ടിയിടുന്ന ഷട്ടറിന് മുന്നില്‍ ഒരു രാജ്യാതിര്‍ത്തി കാക്കുന്ന അഭിമാനത്തോടെയാണ് താന്‍ നില്‍ക്കുന്നതെന്ന് അയാള്‍ പറയുന്നുമുണ്ട്. അങ്ങനെയിരിക്കെ ഈ ജോലിക്കിടെ ആദ്യമായി അയാള്‍ ഒരു സാഹചര്യത്തെ നേരിടുകയാണ്. അയാളുടെ ജീവിതത്തിന്‍റെ നൈരന്തര്യത്തെ മുറിക്കുന്ന ആ സംഭവത്തിന് പിന്നിലെ കാരണക്കാരെ അന്വേഷിച്ച് രാമേട്ടന്‍ നടത്തുന്ന അന്വേഷണമാണ് കനകരാജ്യം.

kanakarajyam malayalam movie review indrans murali gopy Sagar Hari

 

അപ്പുറത്തെ തലയ്ക്കല്‍ ജീവിതത്തില്‍ പരാജയപ്പെട്ട മനുഷ്യനാണ് മുരളി ഗോപിയുടെ വേണു. പല ബിസിനസുകള്‍ നടത്തി പരാജയം ഏറ്റുവാങ്ങിയ വേണുവിന് സ്ഥിരമായി ഉള്ളത് സാമ്പത്തികമായ സമ്മര്‍ദ്ദമാണ്. ഉറ്റവര്‍ക്കുപോലും മനസിലാവാത്ത തന്‍റെ പ്രയാസങ്ങള്‍ക്കൊടുവില്‍ അയാളും എത്തിപ്പെടുന്നത് വേറിട്ട ഒരു സാഹചര്യത്തിലാണ്. ഏത് സാധാരണനും ഉണ്ടാവുന്ന അഭിമാനബോധത്തെക്കുറിച്ചും നീതിബോധത്തെക്കുറിച്ചും പറയുന്നുണ്ട് കനകരാജ്യം. ചിത്രത്തിന്‍റെ ടൈറ്റിലിന് പിന്നിലെ തിളക്കവും ആ നീതിയുടേതാണ്. 

kanakarajyam malayalam movie review indrans murali gopy Sagar Hari

 

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സും മുരളി ഗോപിയും രാമനാഥനെയും വേണുവിനെയും അത്രയും ജീവസ്സുറ്റതാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഉള്ള് സംഭാഷണങ്ങളൊന്നും ഇല്ലാതെതന്നെ പ്രേക്ഷകര്‍ക്ക് സംശയലേശമന്യെ മനസിലാക്കിക്കൊടുക്കുന്നുണ്ട് ഇരുവരും. വേണുവിന്‍റെ സുഹൃത്തായി എത്തിയ രാജേഷ് ശര്‍മ്മ, സിഐ ആയി എത്തിയ ദിനേശ് പ്രഭാകര്‍ തുടങ്ങിയവരുടെയൊക്കെ കാസ്റ്റിംഗ് നന്നായി. അഭിലാഷ് ശങ്കര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ലളിത ആഖ്യാനമുള്ള ചിത്രത്തിന്‍റെ നരേഷനെ ഒരു തരത്തിലും തടസ്സപ്പെടുത്താതെയുള്ള ഛായാഗ്രഹണമാണ് അഭിലാഷിന്‍റേത്. സെക്യൂരിറ്റിയുടെ ജീവിതം പറയുന്ന ചിത്രമായതിനാല്‍ത്തന്നെ നിരവധി നൈറ്റ് സീക്വന്‍സുകളുണ്ട് ചിത്രത്തില്‍. നൈരന്ത്യര്യത്തോടെ കടന്നുവരുന്ന പകല്‍- രാത്രി ദൃശ്യങ്ങള്‍ കണ്ണിന് ആയാസം പകരാത്ത രീതിയില്‍ പകര്‍ത്തിയിട്ടുണ്ട് അദ്ദേഹം. എഡിറ്റര്‍ അജീഷ് ആനന്ദും ഈ ദൃശ്യ നൈരന്തര്യത്തിന് സംവിധായകനെ സഹായിച്ചിട്ടുണ്ട്.

kanakarajyam malayalam movie review indrans murali gopy Sagar Hari

 

അരുണ്‍ മുരളീധരനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. കഥപറച്ചിലിനെ തടസ്സപ്പെടുത്താത്ത രീതിയിലാണ് ചിത്രത്തിലെ ഗാനങ്ങളൊക്കെ എത്തുന്നത്. ഒറ്റ കാഴ്ചയില്‍ വിശ്വസനീയമാവുന്ന കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിലേത്. സിനിമാറ്റിക് ആയ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ യഥാര്‍ഥ ജീവിതം കണ്ടിരിക്കുന്ന പ്രതീതിയാണ് കനകരാജ്യം നല്‍കുന്നത്. അതിനാടകീയതകളില്ലാതെ മനുഷ്യന്‍റെ അഭിമാനബോധത്തെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ചിത്രം മികച്ച അനുഭവമാണ്.

ALSO READ : കേരളത്തില്‍ 'ലിയോ'യെ മറികടക്കുമോ 'ഗോട്ട്'? വിജയ് ചിത്രത്തിന്‍റെ റൈറ്റ്സ് വില്‍പ്പനയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios