Kanakam Kaamini Kalaham Review|കനകവും കാമിനിയും പിന്നാലെ ചിരിവിരുന്നൊരുക്കുന്ന കലഹവും; റിവ്യൂ

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ്  ചിത്രം കഥ പറയുന്നത്

Kanakam Kaamini Kalaham malayalam movie review

കോവിഡ് കാലത്ത് ഡാർക്ക്-ത്രില്ലർ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമിലൂടെ കണ്ട് മടുത്ത പ്രേക്ഷകർക്ക് മുമ്പിലേയ്ക്കാണ് പൊട്ടിചിരിയുടെ മാലപടക്കം തീർത്ത് നിവിൻ പോളി (Nivin Pauly) ചിത്രം കനകം കാമിനി കലഹം’ (Kanakam Kaamini Kalaham) എത്തിയത്. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമകൂടിയാണിത്. ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ (android kunjappan) എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്‌ഥാന പുരസ്‍കാരം നേടിയ രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ (ratheesh balakrishnan poduval) ഒരുക്കിയ ചിത്രം ട്രെയ്‌ലറും ടീസറുമെല്ലാം സൂചിപ്പിച്ചതു പോലെ തന്നെ കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന മുഴുനീള എന്റര്‍ടൈനറാണ് ഒരുക്കിയിരിക്കുന്നത്.

Kanakam Kaamini Kalaham malayalam movie review

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്.  മൂന്നാറിലെ ഹില്‍ടോപ് എന്ന ഹോട്ടലില്‍ ഇവർ റൂമെടുക്കുന്നതും  ഏറെ നിഗൂഢതകള്‍ നിറഞ്ഞ ആ ഹോട്ടലില്‍ വച്ചുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. റിസോർട്ടിൽ എത്തുന്ന ഇരു ദമ്പതികളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് പിന്നീട് കഥയുടെ സഞ്ചാരം. പുതുമ നിറഞ്ഞ തമാശ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനൊപ്പമാണ് സഞ്ചരിക്കുന്നത്. ഒരു നാടകം പോലെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അത്തരത്തിലാണ്. കഥാ സന്ദർഭങ്ങൾക്കനുസരിച്ച് ഇഴച്ചിലുകൾ ഇല്ലാതെ കഥാപാത്രങ്ങളെ മികവുറ്റതോടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സ്വർണ്ണത്തോടുള്ള താല്‍പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ചിത്രത്തിൽ, നിവിൻ പോളിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ജൂനിയർ ആർട്ടിസ്റ്റ് പവിത്രനായി എത്തുന്നത്. ഭാര്യയെ സ്‍നേഹിക്കുന്ന എന്നാൽ റൊമാന്റിക് അല്ലാത്ത പവിത്രനെ മികച്ചതാക്കാൻ നിവിൻ പോളിക്ക് കഴിഞ്ഞു. ഹരിപ്രിയ എന്ന കഥാപാത്രമായി എത്തുന്ന ഗ്രെയ്സ് ആന്റണി (grace antony) വൈകാരിക രംഗങ്ങളിലും കോമഡി രംഗങ്ങളിലും ആദ്യാവസാനം വരെ സ്‍കോർ ചെയ്‍ത് നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.

Kanakam Kaamini Kalaham malayalam movie review

‘കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഗ്രെയ്സ് ആന്റണി ചെയ്യുന്ന ഏറ്റവും മികച്ച വേഷം കൂടിയാണ് ഈ ചിത്രത്തിലേത്. വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളും ചിത്രത്തിലെ അവരവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി, ടെലിവിഷൻ ഷോകളിലൂടെ പരിചിതനായ സുധീർ പറവൂർ, രാജേഷ് മാധവൻ, ശിവദാസൻ കണ്ണൂർ, വിൻസി അലോഷ്യസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു മുഴുനീള കോമഡി എന്റർടൈനറായി തന്നെയാണ് രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ ചിത്രം ഒരുക്കിയിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറയാണ് സിനിമയിൽ ഏറെ കൈയ്യടി അർഹിക്കുന്നത്. ഹോട്ടൽ ‘ഹിൽ ടോപ്പി’നെ മനോഹരമായി പകർത്താൻ വിനോദിന് കഴിഞ്ഞിട്ടുണ്ട്. അനീസ് നാടോടിയുടെ കലാ സംവിധാനവും ഏറെ പ്രശംസ അർഹിക്കുന്നു. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം കൾട്ട് റെവല്യൂഷൻ നിർവഹിച്ചിരിക്കുന്നു.

ദുരൂഹത നിറഞ്ഞ കുറെയേറെ കഥാപാത്രങ്ങളും  അവരുടെ ഇടയിലേയ്ക്ക് എത്തപ്പെടുന്ന കനകവും കാമിനിയും പിന്നാലെ ഭൂകമ്പം പോലെയുണ്ടാവുന്ന കലഹത്തിന്റെയും കഥയിലൂടെയാണ് രസച്ചരട് പൊട്ടാതെയുള്ള ചിത്രം സഞ്ചരിക്കുന്നത്. ആദ്യാവസാനം വരെ പ്രേക്ഷകനെ ചിരിപ്പിച്ച് ഒപ്പം കൂട്ടുന്നിടത്ത് കനകം കാമിനി കലഹം വിജയിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios