'കള' ചോര മണക്കുന്ന ഒരു പ്രതികാര കഥ!, മേയ്‍ക്കിംഗില്‍ അമ്പരപ്പിച്ച് രോഹിത് വി എസ്

രോഹിത് വി എസ് സംവിധാനം ചെയ്‍ത് ടൊവിനോ ചിത്രം കളയുടെ റിവ്യു.

Kala film first review

അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ എന്ന ആദ്യ ചിത്രത്തോടെ തന്നെ സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് രോഹിത് വി എസ്. സിനിമ കണ്ടു പറഞ്ഞവരുടെ വാക്ക് കേട്ട് കണ്ടവര്‍ വീണ്ടും പറഞ്ഞ് പ്രേക്ഷക ശ്രദ്ധയിലേക്ക് എത്തിച്ച അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ മലയാള സിനിമയിലേക്കുള്ള രോഹിത് വി എസ് എന്ന സംവിധായകന്റെ വരവ് വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്നെടുത്ത ഇബ്‍ലിസും അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ എന്ന  ചിത്രത്തിന്റെ സംവിധായകനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശരിവച്ചു. ഇപ്പോള്‍ കള എന്ന ടൊവിനോ തോമസ് ചിത്രവും തിയറ്ററിലെത്തുമ്പോള്‍ പറയാനുള്ള ആദ്യ വാചകം രോഹിത് വി എസ് എന്ന സംവിധായകനെ കുറിച്ചുതന്നെയാണ്. രോഹിത് വി എസ് എന്ന സംവിധായകന്റെ കാഴ്‍ചയിലൂടെ തന്നെ കാണേണ്ട സിനിമ തന്നെയാണ് കളയും. പ്രകടനത്തില്‍ അഭിനേതാക്കളും മൊത്തം സ്വഭാവത്തിനു ചേര്‍ന്നുപോകുന്ന സംഗീതവും ഛായാഗ്രാഹണവുമെല്ലാം സംവിധായകന്റെ സൂക്ഷ്‍മതയോടൊപ്പം ചേരുമ്പോള്‍ മലയാളത്തിലെ മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി മാറുന്നു കള.Kala film first review

എ സര്‍ട്ടിഫിക്കറ്റായിരുന്നു സെൻസര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയത്. കുട്ടികള്‍ മാറിനില്‍ക്കട്ടെ. മുതിര്‍ന്നവര്‍ കണ്ടറിയട്ടെ സിനിമ എന്നായിരുന്നു ഇതിന്റെ കാരണം. കട്ടുകള്‍ ഒന്നും ഇല്ലാതെ സിനിമയ്‍ക്ക് സെൻസര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതുതന്നെ വലിയ കാര്യമെന്നായിരുന്നു ഇതിനെ കുറിച്ച് രോഹിത് വി എസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ ചിത്രം കട്ട് ചെയ്‍ത് കഴിഞ്ഞാല്‍ ഈ സിനിമയാവില്ല എന്ന് സെൻസര്‍ ബോര്‍ഡ് പറഞ്ഞതായും സംവിധായകൻ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെയും സെൻസര്‍ ബോര്‍ഡിന്റെയും വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്ന തരത്തിലുള്ളതാണ് സിനിമയിലെ കാഴ്‍ചകളും. വെറും ചര്‍ച്ചകള്‍ക്ക് മാത്രമായി വഴി തെളിക്കാനുള്ളതല്ല ഈ സിനിമയിലെ ഓരോ കാഴ്‍ചയും. അത്രമേല്‍ സിനിമയുടെ ആഖ്യാനഗതിക്ക് ചേര്‍ന്നുനില്‍ക്കുന്നതാണ് സിനിമ കണ്ടിറങ്ങിയവരുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുന്ന വയലൻസ് എന്ന് പറയാവുന്ന രംഗങ്ങള്‍. സിനിമ പറയാനുദ്ദേശിക്കുന്നത് എന്തെന്ന് വ്യക്തമാകണമെങ്കില്‍ ഈ രംഗങ്ങള്‍ അത്രമേല്‍ പ്രധാനമാണ്.

രോഹിത് വി എസ് എന്ന സംവിധായകന്റെ മേയ്‍ക്കിംഗിലെ ബ്രില്ല്യൻസ് തന്നെയാണ് കള എന്ന സിനിമയും സാക്ഷ്യപ്പെടുത്തുന്നത്. ഡീറ്റേയിലിംഗിലും ഷോട്ടുകളിലും രോഹിത് വി എസ് കാട്ടിയ സൂക്ഷ്‍മത എടുത്തുപറയേണ്ടതാണ്. ഓരോ രംഗങ്ങളുടെയും സ്വഭാവം നിര്‍ണയിച്ചുള്ള ആഖ്യാനം രോഹിത് വി എസ് എന്ന സംവിധായകനില്‍ പ്രതീക്ഷിക്കാൻ ഒരുപാടുണ്ട് എന്ന് വ്യക്തമാക്കുന്നു. വളരെ റോ ആയിട്ടുള്ള മേയ്‍ക്കിംഗ് രീതി സ്വീകരിച്ച് വേറിട്ട ആസ്വാദനം വേണമെന്ന് പ്രേക്ഷകനോട് ഊന്നിപറയുകയാണ് സംവിധായകൻ. പ്രകൃതിയുടെ സാന്നിദ്ധ്യം ആവോളം അനുഭവിപ്പിച്ചാണ് രോഹിത് വി എസ് കള എന്ന സിനിമ പൂര്‍ണതയിലെത്തിച്ചിരിക്കുന്നത്. എന്താണ് 'കള'? എന്ന ചോദ്യത്തിന് ഉത്തരം പ്രേക്ഷകനെ കൊണ്ടുതന്നെ പറയിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം.Kala film first review

സിനിമ എന്താണ് എന്ന് പറഞ്ഞുവയ്‍ക്കുന്നതുപോലുള്ളതാണ് തുടക്കത്തിലെ ഗാനവും പശ്ചാത്തല സംഗീതവുമെല്ലാം. 'വന്യം' എന്ന വാക്കാണ് ആദ്യ ഗാനത്തില്‍ ആവര്‍ത്തിച്ചുവരുന്നതും. എന്താണ് സിനിമ പറയാൻ പോകുന്നത് എന്നതിലേക്കുള്ള വഴികള്‍ വളഞ്ഞുതിരിഞ്ഞുവന്ന് ഒരു തകര്‍പ്പൻ ഇന്റര്‍വെല്‍ പഞ്ചോടെ സിനിമയുടെ കഥയിലേക്ക് ലാൻഡ് ചെയ്യുന്നത്. ഒരു യഥാര്‍ഥ സംഭവം അടിസ്ഥനമാക്കിയിട്ടുള്ളത് എന്ന് സൂചന നല്‍കിയാണ് ഇന്റര്‍വെലിലേക്ക് എത്തുന്നത്. തുടര്‍ന്നുള്ള പകുതിയിലാണ് സിനിമയുടെ തിയറ്റര്‍ അനുഭവത്തിന്റെ ഏറിയ പങ്കുമുള്ളത്. അത്ര കണ്ട് റിയലിസ്റ്റിക് ആയ ആക്ഷൻ രംഗങ്ങള്‍ റോ ആയി പകര്‍ത്തിയിരിക്കുകയാണ് 'കള'യുടെ ക്യാമറ.Kala film first review

ടൊവിനോയുടെ കരിയറിലെ ഏറ്റവും ഗംഭീരമായ വേഷമായി മാറുകയും ചെയ്യുന്നു കള. ടൊവിനൊയുടെ ശരീരമൊട്ടാകെ ആവശ്യപ്പെടുന്നതാണ് കളയിലെ ഷാജി എന്ന കഥാപാത്രം. ചെറുനോട്ടം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തെ അടയാളപ്പെടുത്താൻ സുക്ഷ്‍മമായി ഉപയോഗിച്ചിട്ടുണ്ട് ടൊവിനൊ. പ്രകടനത്തില്‍ ഏറ്റവും വിസ്‍മയിപ്പിക്കുന്നത് സുമേഷ് നൂര്‍ എന്ന യുവനടനാണ്. വേട്ടയാടിയും വേട്ടയാടപ്പെടുകയും ചെയ്യുന്ന കഥാപാത്രത്തെ അതീവ മികവോടെയാണ് സുമേഷ് നൂര്‍ പകര്‍ത്തിയിരിക്കുന്നത്. സുമേഷ് നൂറിന്റെ കഥാപാത്രത്തിന്റെ ചോരയുടെ ചിരി ആ നടനെ അടയാളപ്പെടുത്തുന്നു. ലാലും ദിവ്യാ പിള്ളയുമാണ് ഇവര്‍ക്ക് പുറമേയുള്ള കഥാപാത്രങ്ങള്‍. ചെറു വേഷങ്ങളിലെത്തുന്ന മറ്റ് അഭിനേതാക്കളെയെല്ലാം സിനിമയുടെ സ്വഭാവത്തിനോട് ചേര്‍ത്തുനിര്‍ത്തുകയാണ് സംവിധായകൻ. ടൊവിനൊയ്‍ക്കും സൂമേഷ് നൂറിനും പുറമേ വളരെ നിര്‍ണായകമായി സിനിമയിലുള്ളത് രണ്ട് നായകളുമാണ്.

ഒരു പ്രതികാര കഥ അതിന്റെ തീവ്രതയോടെ പകര്‍ത്തിയിരിക്കുകയാണ് സംവിധായകൻ കള എന്ന സിനിമയിലൂടെ.  ചമൻ ചാക്കോയാണ് സിനിമയുടെ എഡിറ്റര്‍. അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ഡോൺ വിൻസെന്റ് ആണ്  പശ്ചാത്തല സംഗീതം നിര്‍വഹിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios