'ജഡ്ജ്മെന്റൽ ഹേ ക്യാ'- സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളും ഒരു കൊലപാതകരഹസ്യവും - റിവ്യു
കുറ്റകൃത്യങ്ങളുടെ പത്രക്കട്ടിങ്ങുകൾ കൊണ്ട് ഒറിഗാമി കൊക്കുകളെ ഉണ്ടാക്കുന്ന, നിമിഷാർദ്ധം കൊണ്ട് അനേകം വ്യക്തിത്വങ്ങളായി പകർന്നാടുന്ന ബോബി എന്ന സൈക്കോസിസ് പേഷ്യന്റായി കങ്കണ കസറിയിട്ടുണ്ട്.
വിവാദങ്ങളുടെ സന്തതസഹയാത്രികയാണ് കങ്കണാ റണൗത്ത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഒന്നല്ലെങ്കിൽ മറ്റൊരു കാരണം അവർ കണ്ടെത്താറുണ്ട്. അവരുടെ മണികർണിക എന്ന കഴിഞ്ഞ സിനിമയുടെ പ്രൊമോഷന്റെ സമയത്ത് ശബാനാ ആസ്മിക്കെതിരെ ദേശീയതാ വികാരം ഉണർത്തിവിട്ട് നടത്തിയ ആക്രമണങ്ങൾ, മണികർണ്ണികയ്ക്ക് ലഭിച്ച മോശം റിവ്യൂസ്, ആ റിവ്യൂസിന്റെ പേരിൽ പിന്നീട് ANI ലേഖകൻ ജസ്റ്റിൻ റാവുവിനോട് നടത്തിയ കലഹം, അതേത്തുടർന്ന് നേരിടേണ്ടി വന്ന മാധ്യമവിലക്ക്... അങ്ങനെ ആകെ ഏതുനേരവും മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ കങ്കണ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു കഴിഞ്ഞ കുറേ ആഴ്ചകളായി.
ഇന്ന്, കങ്കണാ റണൗത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ജഡ്‍ജ്മെന്‍റല്‍ ഹേ ക്യാ' റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയ്ക്ക് ആദ്യം ഇട്ടിരുന്ന 'മെന്റൽ' ഹേ ക്യാ ? എന്ന പേര് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രതിഷേധം കാരണം അവസാന നിമിഷത്തിൽ 'ജഡ്‍ജ്മെന്‍റല്‍ ഹേ ക്യാ' എന്നാക്കി മാറ്റിയിരുന്നു. ഇന്നും കങ്കണ തന്നെയാണ് മാധ്യമങ്ങളിലെ താരം. പക്ഷേ, ഫോർ എ ചേഞ്ച്, ഇന്ന് വളരെ പോസിറ്റീവ് ആയ ഒരു കാരണത്താലാണ് കങ്കണ മാധ്യമശ്രദ്ധയിൽ നിൽക്കുന്നത്. മറ്റൊന്നുമല്ല. ഈ ത്രില്ലർ സിനിമയിലെ അവരുടെ അസാമാന്യമായ പ്രകടനം തന്നെയാണ് കാരണം..!
ബാലാജി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഏക്താ കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തെലുഗുവിലെ പ്രസിദ്ധ സംവിധായകനായ പ്രകാശ് കോവലമുടി ആണ്. ആൾ ചില്ലറക്കാരനല്ല. ഹോളിവുഡിലെ ലീ സ്ട്രാസ്ബെർഗ് ഇന്സ്ടിട്യൂട്ടിൽ നിന്നും തിയേറ്ററിൽ ബിരുദം നേടിയ ശേഷം, പ്രകാശ് 2006 -ൽ സംവിധാനം ചെയ്ത 'ബൊമ്മലത' എന്ന തെലുഗു ചിത്രം മികച്ച ബാലചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. അദ്ദേഹത്തിന്റെ ബോളിവുഡിലെ അരങ്ങേറ്റചിത്രമാണ് 'ജഡ്‍ജ്മെന്‍റല്‍ ഹേ ക്യാ.'
ഇത് സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുന്ന ബോബി (കങ്കണ) എന്ന ഒരു മാനസികരോഗിയുടെ കഥയാണ്. ചെറുപ്പത്തിൽ സാക്ഷിയാകേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന ഒരു ദുരന്തമാണ് അവളെ മനോരോഗിയാക്കിയത്. ഇന്നവൾ ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്. ഉപജീവനാർത്ഥം അനുദിനം നിരവധി കഥാപാത്രങ്ങളായി ശബ്ദത്തിലൂടെ പകർന്നാടുന്നവൾ. സിനിമയുടെ ഡബ്ബിങ്ങ് കഴിയുമ്പോഴേക്കും കഥാപാത്രങ്ങളിൽ പലതും താൻ തന്നെയാണ് എന്നവൾക്ക് തോന്നിത്തുടങ്ങും. അതുകൊണ്ടുതന്നെ, അസന്തുലിതമായ മനസ്സ് കണ്‍മുന്നില്‍ കെട്ടിപ്പടുക്കുന്ന ഒരു സാങ്കൽപ്പിക ലോകത്തിൽ അകപ്പെട്ടിരിക്കുകയാണ് ബോബി. അതിനിടയിൽ സത്യമെന്ത്, സങ്കല്‍പമെന്ത് എന്നറിയാനാവാത്ത അവസ്ഥയാണ് അവൾക്ക്.
ഈ ഒരു കുഴച്ചുമറിച്ചിലുകൾക്കിടയിലാണ് അവളുടെ ജീവിതത്തിലേക്ക് കേശവ് (രാജ് കുമാർ റാവു) എന്ന യുവാവ് കടന്നുവരുന്നത്. ഭാര്യയോടൊപ്പം ബോബിയുടെ വീടിന്റെ ഒരു പോർഷനിൽ വാടകയ്ക്ക് താമസിക്കാനെത്തുന്ന കേശവിനോട് ബോബിയ്ക്കു തോന്നുന്ന കടുത്ത ശാരീരികാകർഷണമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. വളരെ പെട്ടെന്ന് ബോബി അയാളിൽ ആകൃഷ്ടയാവുന്നു. പിന്നെ താൻ ഡബ്ബ് ചെയ്യുന്ന പല സീനിലെയും നായകന്മാരിൽ അയാളുടെ രൂപം ദർശിച്ചുതുടങ്ങുന്നു അവൾ. എന്നാൽ, അതേസമയം വളരെ നിഗൂഢമായ അയാളുടെ പെരുമാറ്റരീതികൾ അവളിൽ ചില സംശയങ്ങളും ഉണർത്തുന്നുണ്ട്. ബോബിയുടെ ഭ്രമദർശനങ്ങളിലൊന്നിൽ നടക്കാൻ പോകുന്ന ഒരു കൊലപാതകത്തെക്കുറിച്ചുള്ള മുന്നറിയിപ്പും കടന്നുവരുന്നു. അതവൾ പലരോടും പങ്കുവെക്കുന്നുണ്ടെങ്കിലും ആരും അവളെ ഗൗരവത്തിലെടുക്കുന്നില്ല. ഒടുവിൽ ആ മരണം സംഭവിക്കുകതന്നെ ചെയ്യുന്നു.
ബോബിക്ക് കരുതുന്നത് കൊലചെയ്തത് കേശവ് ആണെന്നാണ്. അതുപോലെത്തന്നെ കേശവ് കരുതുന്നത് ഈ കൊല നടത്തിയിരിക്കുന്നത് സൈക്കോസ്വഭാവമുള്ള ബോബി തന്നെയാണെന്നാണ്. ഇതിനിടയിൽ കേസ് അന്വേഷിക്കുന്ന പോലീസിനും ഉണ്ട്, മൂന്നാമതൊരു കഥ പറയാൻ. അപ്പോൾ സത്യത്തിൽ ആരാണ് കൊന്നത്..? അതോ അത് വെറുമൊരു അപകട മരണം മാത്രമായിരുന്നോ..? ഇതിനൊക്കെയുള്ള ഉത്തരം അറിയണമെങ്കിൽ തിയേറ്ററിൽ ചെന്ന് സിനിമ കണ്ടേ പറ്റൂ..!
ചില സിനിമകളിൽ വളരെ കുറച്ച് കഥാപാത്രങ്ങളേ കാണൂ. സിനിമ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം വിരലിൽ എണ്ണാവുന്ന ആ കഥാപാത്രങ്ങളിൽ അഭിനയിച്ചവർക്കായിരിക്കും. 'ജഡ്‍ജ്മെന്‍റല്‍ ഹേ ക്യാ' അത്തരത്തിൽ ഒരു ചിത്രമാണ്. നായികാ നായകന്മാർ ചേർന്ന് വളരെ മനോഹരമായി, പല ഘട്ടങ്ങളിലും പരസ്പരം മത്സരിച്ചുകൊണ്ടുതന്നെ അഭിനയിച്ചിട്ടുണ്ട്. സിനിമ കണ്ടാൽ കങ്കണ സത്യത്തിൽ 'മെന്റൽ' ആണോ എന്നുവരെ സംശയം തോന്നിപ്പോവും. പല സീനുകളിലും അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അവർ നമ്മളെക്കൂടി അനുഭവിപ്പിക്കും.
ക്വീൻ എന്ന ചിത്രത്തിലെ അസാമാന്യമായ അഭിനയത്തിന് ശേഷം അതേ കയ്യടക്കത്തോടുള്ള കങ്കണയുടെ അഭിനയം നമ്മൾ കാണുന്നത് ഒരു പക്ഷേ, ഈ ചിത്രത്തിലാവും. കങ്കണയുടെ കഥാപാത്രം വളരെ സൂക്ഷ്മമായി എഴുതപ്പെട്ട ഒന്നാണ്. പീഡനങ്ങളുടെ, ആത്മഹത്യകളുടെ, കൊലപാതകങ്ങളുടെ ഒക്കെ പത്രക്കട്ടിങ്ങുകൾ കൊണ്ട് ഒറിഗാമി ചെയ്യുന്ന സ്വഭാവമുള്ള, തന്റെ തലയ്ക്കുള്ളിൽ മുഴങ്ങുന്ന ശബ്ദങ്ങളെ രാംലീലയിലെ കഥാപാത്രങ്ങളുടെ രൂപത്തിൽ കണ്ട് അവരോട് സംസാരിക്കുന്ന, അവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുന്ന ബോബി എന്ന സൈക്കോസിസ് പേഷ്യന്റിനെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാൻ കങ്കണയ്ക്കായി.
രാജ് കുമാർ റാവുവിന്റെ അഭിനയ ശേഷി നമ്മൾ അതിനുമുമ്പുതന്നെ ഷാഹിദ്, ന്യൂട്ടൻ, ലവ് സെക്സ് ഓർ ധോക്കാ, രാഗിണി എംഎംഎസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ നമ്മൾ കണ്ടിട്ടുള്ളതാണ്. ഷാഹിദിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഈ ചിത്രത്തിലെ 'കേശവ്' എന്ന കഥാപാത്രത്തെ അനായാസം പകർന്നാടിയ രാജ്‌കുമാർ റാവു ഈ ചിത്രത്തിൽ. ക്ളൈമാക്സിലെ അദ്ദേഹത്തിന്റെ അഭിനയം നമ്മളെ അദ്ദേഹത്തിന്റെ ഫാനാക്കി മാറ്റും.
ഇന്റർവെലിന് ശേഷം ചിത്രത്തിന്റെ ലൊക്കേഷൻ വിദേശത്തേക്ക് മാറുന്നു. എന്നാൽ രാമായണത്തിന്റെ ഒരു ഫ്യൂച്ചറിസ്റ്റിക്ക് വ്യാഖ്യാനനാടകവും, ബോബിയുടെ ഭൂത-വർത്തമാന-ഭാവികാലങ്ങളിലേക്ക് വ്യാഖ്യാനിച്ചെടുക്കാവുന്ന അതിലെ സംഭാഷണങ്ങളും ഒക്കെയായി സിനിമ ചടുലമായ സംഭാഷണങ്ങളും സസ്‌പെൻസുമൊക്കെ നിറഞ്ഞ സീനുകളിലൂടെത്തന്നെ വളരെ വേഗം ക്ളൈമാക്സിലേക്ക് പുരോഗമിക്കുന്നു. പങ്കജ് കുമാറിന്റെ ജീവസ്സുറ്റ ഛായാഗ്രഹണവും, പ്രശാന്ത് രാമചന്ദ്രന്റെ ചടുലത നിലനിർത്തുന്ന ചിത്രസംയോജനവും ചേർന്ന് രണ്ടുമണിക്കൂറോളം മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തെ തുടക്കം മുതൽ ഒടുക്കം വരെ രസം ചോരാതെ നിലനിർത്തുന്നു.
തനിഷ്‌ക് ബാഗ്‍ചി, രചിതാ അറോറ, അർജുനാ ഹർജായി, ഡാനിയേൽ ബി ജോർജ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവയിൽ, കുമാർ രചിച്ച് സുരഭി ഡാഷ്‍പുത്ര ഹർജായിയും ചേർന്ന് ആലപിച്ച അർജുന ഹർജായിയുടെ 'കിസ് രസ്തേ ഹേ ജാനാ എന്ന പഞ്ചാബി ഗാനമാണ് ശ്രവണമധുരം. റാപ്പ് സ്വഭാവത്തിലുള്ള ടൈറ്റിൽ സോങ്ങും രസകരമാണ്.
മറ്റു പല സിനിമകളെയും പോലെ ഈ സിനിമയ്ക്കും ഒരു ബാധ്യതയായേക്കാവുന്നത് ഇതിന്റെ ട്രെയിലർ നൽകുന്ന പ്രതീക്ഷകളാവാം. 'ജഡ്‍ജ്മെന്‍റല്‍ ഹേ ക്യാ' ഒരു ഫുൾ ലെങ്ത് കുറ്റാന്വേഷണ ത്രില്ലർ ചിത്രമാണ് എന്ന പ്രതീതി നൽകും വിധമാണ് ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, അതിനെ സാധൂകരിക്കും വിധത്തിലുള്ള സസ്പെൻസുകളോ കുറ്റാന്വേഷണമോ ഒന്നും ഇതിലില്ല. ട്രെയിലറിനെക്കാൾ സിനിമയുടെ പേരിനെയാവും സിനിമയുടെ മൂഡ് കുറേക്കൂടി കൃത്യമായി അടയാളപ്പെടുത്തുന്നത്. ബോബിയുടെ തലച്ചോറിനുള്ളിലെ ഫാന്റസി കല്പനകൾക്ക് നിറം പകരാൻ ചെലവിട്ടതിന്റെ പാതി ഊർജ്ജമെങ്കിലും തിരക്കഥാകൃത്തായ കണികാ ധില്ലൻ സിനിമയിലെ സസ്പെൻസുകൾ വികസിപ്പിച്ചെടുക്കാൻ ചെലവിട്ടിരുന്നങ്കിൽ സിനിമ കുറേക്കൂടി രസകരമായിരുന്നേനെ.
എന്തായാലും, സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന ബോബി എന്ന യുവതിയുടെ ധർമ്മസങ്കടങ്ങളെയും, ആ ഭ്രമകല്പനകൾ അവരെ നയിക്കുന്ന ദുർഘടങ്ങളിലൂടെയുമുള്ള ഈ യാത്ര ഒരു കാഴ്ചയ്ക്കുള്ള വക നൽകുന്നുണ്ട്.
റേറ്റിംഗ് : 3.5/5