ചിരി നിറച്ചൊരു നുണക്കുഴി- റിവ്യു
ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രം നുണക്കുഴിയുടെ റിവ്യു.
ബേസിലിന്റെ 'നുണക്കുഴി' നിറയെ ചിരിയാണ്. ജീത്തുവിന്റെ 'നുണക്കുഴി'യില്‍ ത്രില്ലറും ചേരുന്നു. ചിരിക്കൊപ്പം ആകാംക്ഷയും നിറച്ച് ഓടിത്തീരാത്തൊരു സിനിമാ കാഴ്‍ചയാണ് നുണക്കുഴി. ആ ഓട്ടത്തില്‍ ഓരോ കഥാപാത്രങ്ങളും ഭാഗമാകുന്നതിനാല്‍ നുണക്കുഴി ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‍നിംഗ് ചിത്രമായി മാറിയിരിക്കുന്നു.
നുണക്കുഴിയുടെ നട്ടെല്ല് ബേസില്‍ ജോസഫാണ്. സമ്പന്നരായ കുടുംബത്തില്‍ പിറന്ന എബിയായിട്ടാണ് ചിത്രത്തില്‍ ബേസില്‍ ജോസഫുള്ളത്. ഒരു നിര്‍ണായക ഘട്ടത്തില്‍ എബിക്ക് തന്റെ കമ്പനികളുടെ എംഡിയായി ചുമതലയേല്‍ക്കേണ്ട സാഹചര്യമുണ്ടാകുന്നു. കളി ചിരി മാറാത്ത സ്വഭാവക്കാരൻ തന്റെ അച്ഛൻ പടുത്തുയര്‍ത്തിയ കമ്പനികള്‍ ഏറ്റെടുക്കേണ്ടി വരുമ്പോഴുള്ള പതര്‍ച്ചകള്‍ സ്വാഭാവികം.
കഥയില്‍ വഴിത്തിരിവുണ്ടാകുന്നതും പ്രത്യേകമായൊരു ഘട്ടത്തിലാണ്. എബിയുടെ കമ്പനിയില്‍ റെയ്‍ഡ് നടക്കുന്നു. സമര്‍ഥരായ ഉദ്യോഗസ്ഥരുള്ളതിനാല്‍ നികുതിവകുപ്പ് ഓഫീസര്‍മാരെ കബളിപ്പിക്കാൻ സാധിക്കുന്നു. എന്നാല്‍ എബിയുടെ പേഴ്‍സണല്‍ ലാപ്‍ടോപ് കസ്റ്റഡിയില്‍ എടുക്കുന്നു. കമ്പനിയുമായി ബന്ധപ്പെട്ടതൊന്നും ലാപ്‍ടോപ്പിലില്ല. എന്നാല്‍ എബിയെ പ്രതിസന്ധിയിലാക്കുന്നത് മറ്റൊന്നാണ്. തുടക്കത്തിലാണ് ആ വഴിത്തിരിവുണ്ടാക്കുന്ന രസകരവുമായ രംഗങ്ങളെങ്കിലും വെളിപ്പെടുത്തിയാല്‍ രസച്ചരട് തെല്ലൊന്നു മുറിഞ്ഞേക്കാം.
സിനിമ കാണുമ്പോള്‍ മാത്രം ഓരോ രംഗങ്ങളിലൂടെ രസച്ചരടുകള്‍ അഴിയുന്നതാണ് നുണക്കുഴി ആസ്വാദ്യകരമാക്കുക. അങ്ങനെ കോര്‍ത്ത് കോര്‍ത്തിണക്കിയ ഒട്ടേറെ രംഗങ്ങളിലൂടെ ചിരി വിടര്‍ത്തുന്നതാണ് നുണക്കുഴിയുടെ എഴുത്ത്. തിരക്കഥ കെ ആര്‍ കൃഷ്‍ണകുമാറിന്റേതാണ്. ട്വല്‍ത്ത് മാനും കൂമനും ത്രില്ലര്‍ തിരക്കഥകളായി എഴുതിയ കൃഷ്‍ണകുമാര്‍ നുണക്കുഴിയില്‍ എത്തുമ്പോള്‍ തന്റെ ആ രീതികള്‍ പാടേ ഉപേക്ഷിക്കുന്നില്ല. എന്തായിരിക്കും അടുത്തത് എന്ന ഒരു ചോദ്യത്തിന്റെ ആകാംക്ഷ ചിരിക്കൊപ്പം ചേര്‍ക്കുന്നുണ്ട് അദ്ദേഹം. മലയാളം ആര്‍ത്ത് ചിരിച്ച പഴയ സിനിമാ കോമഡി കാഴ്‍ചകളുടെ പുതിയ പതിപ്പായി തിരക്കഥാകൃത്ത് നുണക്കുഴിയെ സമീപിച്ചിട്ടുണ്ട്. ഉത്സവാന്തരീക്ഷത്തില്‍ കുടുംബസമേതം പൊട്ടിച്ചിരിക്കാവുന്ന നിരവധി രംഗങ്ങളാണ് നുണക്കുഴിയില്‍ നിറച്ചിരിക്കുന്നത്.
ത്രില്ലറുകളുടെ ആശാനായാണ് പുതിയ പ്രേക്ഷകര്‍ സംവിധായകൻ ജീത്തു ജോസഫിനെ പ്രതീക്ഷളോടെ ഉറ്റുനോക്കാറുള്ളത്. എന്നാല്‍ തമാശകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകൻ എന്ന നിലയിലും ജീത്തുവിനെ മാറ്റിനിര്‍ത്താനാവില്ല. പുതുമ അനുഭവപ്പെടുത്തുന്ന ആഖ്യാനമാണ് നുണക്കുഴിയില്‍ സംവിധായകൻ ജീത്തു ജോസഫ് സ്വീകരിച്ചിട്ടുള്ളതെന്നതാണ് പ്രധാനം. പുതിയ തലമുറയിലെ പ്രേക്ഷകരുടെ കണക്റ്റാകുന്ന രംഗങ്ങളും സംഭാഷണങ്ങളും നുണക്കുഴിയില്‍ ചേര്‍ത്തിരിക്കുന്നു. വിരസത തോന്നാത്ത വേഗം ജീത്തു സിനിമയില്‍ ഉടനീളം കാത്തുസൂക്ഷിച്ചിരിക്കുന്നു. സസ്‍പെൻസ് നിലനിര്‍ത്താൻ ശ്രമിക്കുമ്പോഴും ലളിതമായ കഥാ അവതരണ ശൈലിയും സ്വീകരിച്ചിരിക്കുന്നു. തുറന്നിടപെടുന്ന വ്യക്തിത്വവുമായാണ് ജീത്തു ജോസഫ് സംവിധായകൻ എന്ന നിലയിലും നുണക്കുഴിയെ സമീപിച്ചിരിക്കുന്നതെന്ന് സിനിമാ കാഴ്‍ചയില്‍ പ്രകടമാണ്.
ബേസിലിന്റെ മാനറിസങ്ങളാണ് നുണക്കുഴിയില്‍ ചിരിക്കാഴ്‍ചകളാകുന്നത്. കോമഡിയിലെ ടൈമിംഗില്‍ പുതു തലമുറ താരങ്ങളില്‍ ബേസിലിനോളം പോന്നവര്‍ കുറവാണെന്നത് വ്യക്തം. സ്വന്തം ശൈലിയിലെ ചിരിയും ഡയലോഗുകളുടെ പറച്ചിലുകളെല്ലാം എബിക്ക് സ്യൂട്ടാകുന്നു. ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും സിദ്ധിഖും ബൈജുവും മനോജ് കെ ജയനും അല്‍ത്താഫും സൈജു കുറുപ്പും ഒക്കെ ചിരിക്ക് കൂട്ടായെത്തുമ്പോള്‍ ഇക്കുറി അജു വര്‍ഗീസ് അല്‍പം സീരിയസാണ്.
പാട്ടുകളുടെ നുണക്കുഴിയിലെ ചിരിയുടെ താളത്തിനൊത്തുള്ളതാണ്. വരികളില്‍ വിനായക് ശശികുമാര്‍ താളമൊപ്പിക്കുമ്പോള്‍ സംഗീതത്തില്‍ വിഷ്‍ണു ശ്യാം ചിരിക്ക് പശ്ചാത്തലമൊരുക്കുന്നുണ്ട്. ഛായാഗ്രാഹണത്തില്‍ സതീഷ് കുറുപ്പിന്റെ ക്യാമറയും സിനിമയിലെ ചിരിപ്പാച്ചിലിന് വേഗം പകരുകയും ചെയ്യുന്നുണ്ട്. വി എസ് വിനായകന്റെ കട്ടുകളും സിനിമയുടെ സ്വഭാവത്തിനൊത്തുള്ളതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക