Jana Gana Mana Review : യാഥാര്‍ഥ്യം ഏറ്റുപാടുന്ന 'ജന ഗണ മന'; റിവ്യൂ
സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഗ്രാന്‍ഡ് നരേഷന്‍
മുദ്രാവാക്യ സ്വഭാവമുള്ള, നിലപാട് വെളിപ്പെടുത്താന്‍ കേന്ദ്ര കഥാപാത്രങ്ങളുടെ സംഭാഷണങ്ങളെ അമിതമായി ആശ്രയിക്കുന്നവയാണ് മുഖ്യധാരാ മലയാള സിനിമയില്‍ മുന്‍പ് ശ്രദ്ധ നേടിയിട്ടുള്ള, രാഷ്ട്രീയം പശ്ചാത്തലമാക്കുന്ന പല ചിത്രങ്ങളും. എന്നാല്‍ സിനിമകള്‍ സംഭാഷണ പ്രധാനം എന്നതില്‍ നിന്ന് ദൃശ്യപ്രധാനം എന്നതിലേക്ക് ചുവടുമാറിയ സമീപകാലത്ത് നേരിട്ട് രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ അപൂര്‍വ്വവുമാണ്. പേരുപോലെ, രാജ്യത്തിന്‍റെ സമകാലിക സാഹചര്യങ്ങളെ തന്‍റേതായ കാഴ്ചപ്പാടില്‍ പ്രതിഫലിപ്പിക്കാനുള്ള സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയുടെ ശ്രമമാണ് ജന ഗണ മന (Jana Gana Mana).
ഒരു വര്‍ഷത്തിനു മുന്‍പ് പുറത്തെത്തിയ ഒരു ടീസറിലൂടെയാണ് ഈ ചിത്രം പ്രേക്ഷകശ്രദ്ധയിലേക്ക് ആദ്യം എത്തുന്നത്. നാല് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ അടക്കം, പിന്നീടിങ്ങോട്ടെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ കാത്തിരിക്കുന്നതില്‍ ചില സര്‍പ്രൈസ് എലമെന്‍റുകളൊക്കെ ഉണ്ടെന്ന് അണിയറക്കാര്‍ സൂചിപ്പിച്ചിരുന്നു. എന്താണോ വാദ്ഗാനം ചെയ്യപ്പെട്ടത് അതുതന്നെ സ്ക്രീനില്‍ തെളിയുന്ന കാഴ്ചാനുഭവമാണ് ജന ഗണ മന. അരവിന്ദ് സ്വാമിനാഥന്‍ എന്ന അഭിഭാഷകനാണ് പൃഥ്വിരാജിന്‍റെ കഥാപാത്രം. തുല്യ പ്രധാന്യവും കൂടുതല്‍ സ്ക്രീന്‍ ടൈമുമുള്ള സജന്‍ കുമാര്‍ എന്ന പൊലീസ് കമ്മിഷണര്‍ ആയി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. വരാനിരിക്കുന്നത് നിരവധി ചുരുളുകളും പിരിവുകളുമുള്ള ഒരു കഥയാണെന്ന തോന്നലുളവാക്കിയാണ് ചിത്രത്തിന്‍റെ തുടക്കം. ഒറ്റക്കാഴ്ചയില്‍ വെളിപ്പെടാത്ത ചില ഫ്ലാഷ് ബാക്കുകളില്‍ നിന്നും ആരംഭിക്കുന്ന ചിത്രം തുടക്കത്തില്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന തരത്തിലാണ് ഇതള്‍ വിരിക്കുന്നത്. കൊല്ലപ്പെട്ടത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന ഒരു കോളെജ് അധ്യാപിക ആയതിനാല്‍ നീതി തേടി വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങുന്നു. തനിക്ക് പറയാനുള്ളത് കേവലം ഒരു കഥയല്ലെന്നും മറിച്ച് കൂടുതല്‍ ആഴത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ചോദ്യങ്ങളുമാണെന്ന സംവിധായകന്‍റെ വ്യക്തമാക്കലാണ് മുന്നോട്ട് കാണാനാവുക. വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരിയായ ഒരു അധ്യാപികയുടെ കൊലപാതകം എന്ന ആദ്യ പ്ലോട്ടില്‍ നിന്ന് ആരംഭിച്ച്, ഒരു സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലേക്കും അവിടെ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവരുന്ന ജാതി വിവേചനം അടക്കമുള്ള വെല്ലുവിളികളെക്കുറിച്ചും പുറത്ത് പൊതുസമൂഹത്തിലും ആഴത്തില്‍ വേരോട്ടമുള്ള ജാതീയവും മതപരവുമായ മുന്‍വിധികളെക്കുറിച്ചും ഏറ്റവുമൊടുവില്‍ അടിവരയിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഈ ചിത്രം.
വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ സമകാലിക ഇന്ത്യയാണ് ജന ഗണ മനയുടെ പ്ലോട്ടുകളിലും സബ് പ്ലോട്ടുകളിലുമൊക്കെ നിറയുന്നത്. എന്നാല്‍ ഒരു ഡോക്യു ഫിക്ഷന്‍ ആവുമായിരുന്ന, 2.43 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തെ ത്രില്ലടിപ്പിക്കുന്ന അനുഭവമാക്കി മാറ്റിത്തീര്‍ത്തിരിക്കുന്നത് ഷാരിസ് മുഹമ്മദിന്‍റെ മികവുറ്റ തിരക്കഥയും ഡിജോ ജോസ് ആന്‍റണിയുടെ വിഷനുമാണ്. പല സബ് പ്ലോട്ടുകളെയും ലെയറുകളെയും കൃത്യമായി അടുക്കി, പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലാണ് ഷാരിസിന്‍റെ എഴുത്ത്. ചിത്രത്തില്‍ ആദ്യാവസാനമുള്ള വൈകാരികതയുടേതായ ഒരു ട്രാക്കിലൂടെയാണ് രചയിതാവ് ഇത് സാധിച്ചെടുത്തിരിക്കുന്നത്.
2018ല്‍ പുറത്തെത്തിയ ക്വീന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സര്‍പ്രൈസ് ഹിറ്റ് സ്വന്തമാക്കിയ സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. നാല് വര്‍ഷത്തിനു ശേഷം രണ്ടാം ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഡിജോ നേടിയ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. രണ്ടാം ചിത്രം ചെയ്യുന്ന ഒരു സംവിധായകന്‍റേതായ ആശങ്കകളൊന്നുമില്ലാതെയാണ് ഒരു ഗ്രാന്‍ഡ് നരേഷന്‍ സ്ക്രീനിലെത്തിക്കാനായി അദ്ദേഹം പരിശ്രമിച്ചിരിക്കുന്നത്. ആ പരിശ്രമം വിജയിച്ചു എന്നാണ് ജന ഗണ മനയുടെ കാഴ്ചാനുഭവം. സാങ്കേതിക മികവാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. യുവ ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത്. കര്‍ണ്ണാടകയാണ് സിനിമയുടെ പ്രധാന പശ്ചാത്തലമെങ്കിലും കേരളവും ലഖ്നൗവും മലേഷ്യയുമടക്കം നിരവധി ലൊക്കേഷനുകളില്‍ ചിത്രീകരിച്ച സിനിമയാണിത്. എന്നാല്‍ കാഴ്ചയുടെ തുടര്‍ച്ചയ്ക്ക് ഒരിക്കലും വിഘാതം വരുത്തുന്നില്ല സുദീപിന്‍റെ ക്യാമറ. ഗ്രാന്‍ഡ് സ്കെയിലില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന് വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വം നല്‍കിയിട്ടുണ്ട് അദ്ദേഹം. സമീപകാലത്ത് ഒരു മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച എഡിറ്റിംഗും ഈ ചിത്രത്തിലേതാണ്. നിരവധി പിരിവുകളും സബ് പ്ലോട്ടുകളുമുള്ള, രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള, ഗൗരവമുള്ള വിഷയം സംസാരിക്കുന്ന ഒരു ചിത്രത്തെ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റിയിരിക്കുന്നതില്‍ എഡിറ്ററുടെ പങ്ക് ചെറുതല്ല.
തന്‍റെ കംഫര്‍ട്ട് സോണിലുള്ള കഥാപാത്രമല്ല പൃഥ്വിരാജിനെ സംബന്ധിച്ച് അരവിന്ദ് സ്വാമിനാഥന്‍ എന്ന അഭിഭാഷകന്‍. ഇത്രയും ഭാരമുള്ള മറ്റൊരു കഥാപാത്രത്തെ പൃഥ്വി സമീപകാലത്ത് അവതരിപ്പിച്ചിട്ടുമില്ല. അപ്പിയറന്‍സില്‍ നല്‍കിയിരിക്കുന്ന ചെറുതെങ്കിലും ഏറെ വിസിബിള്‍ ആയ ചില പ്രത്യേകതകള്‍ വെറും മോടിപിടിപ്പിക്കല്‍ ആവാതെ, ആ കഥാപാത്രത്തെ പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ പൃഥ്വിരാജിന് ആവുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ കോംപ്ലെക്സ് ആയ കഥാപാത്രമാണ് സുരാജിന്‍റെ കമ്മിഷണന്‍ സജിന്‍ കുമാര്‍. നായകത്വമോ വില്ലമിസമോ എന്ന് തീര്‍ച്ചയില്‍ എത്താനാവാത്ത ഗ്രേ ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെ പതിവുപോലെ മികച്ചതാക്കിയിട്ടുണ്ട് സുരാജ്. വലിയ പ്രകടന സാധ്യത ഇല്ലെങ്കിലും പ്രധാന പ്ലോട്ടിന്‍റെ കേന്ദ്ര സ്ഥാനത്തു വരുന്ന മംമ്ത മോഹന്‍ദാസ്, അഭിഭാഷകനായി വരുന്ന ഷമ്മി തിലകന്‍, ജി എം സുന്ദര്‍, വിന്‍സി അലോഷ്യസ്, ധന്യ അനന്യ തുടങ്ങി ചിത്രത്തിലെ താരനിര്‍ണ്ണയങ്ങളും മികച്ചു നില്‍ക്കുന്നുണ്ട്.
മലയാള സിനിമ ആയിരിക്കുമ്പോള്‍ത്തന്നെ പറയുന്ന വിഷയത്തില്‍ പാന്‍- ഇന്ത്യന്‍ സ്വഭാവമുണ്ട് ചിത്രത്തിന്. ഒപ്പം കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയിലും. മലയാളത്തിനൊപ്പം കന്നഡയും തമിഴുമൊക്കെ സംഭാഷണങ്ങള്‍ സബ് ടൈറ്റിലുകളില്ലാതെ, അതേസമയം കാഴ്ചാനുഭവത്തെ അലോസരപ്പെടുത്താതെ കടന്നുവരുന്നതും ചിത്രം പകരുന്ന കൗതുകമാണ്. റിലീസിനു മുന്‍പ് പ്ലോട്ടിനെക്കുറിച്ചോ ഏത് തരത്തിലുള്ള ചിത്രം ആണെന്നതിനെക്കുറിച്ചോ അണിയറക്കാര്‍ അധികമൊന്നും വെളിപ്പെടുത്താതിരുന്ന ചിത്രമാണ് ജന ഗണ മന. അത് എന്തുകൊണ്ടാണെന്ന് ചിത്രത്തിന്‍റെ കാഴ്ചാനുഭവം പറയും. ഒരു രണ്ടാം ഭാഗത്തിനുള്ള പ്ലോട്ട് കൂടി പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ആദ്യ ഭാഗത്തിനു ലഭിക്കുന്ന സ്വീകാര്യതയെ മുന്‍നിര്‍ത്തിയാവും ഒരുപക്ഷേ ആ തീരുമാനം. വേറിട്ട പരിശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമീപകാല മലയാള സിനിമയില്‍ ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും ആ കൂട്ടത്തിലേക്ക് നീങ്ങിനില്‍ക്കുന്ന ചിത്രമാണ് ജന ഗണ മന. തിയറ്റര്‍ കാഴ്ച ആവശ്യപ്പെടുന്ന ചിത്രവും.