എല്‍ജെപി എന്ന മാന്ത്രികന്‍; 'ജല്ലിക്കട്ട്' റിവ്യൂ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം, 'ജല്ലിക്കട്ടി'ന്റെ കാഴ്ചാനുഭവം.
പ്രീ-റിലീസ് ഹൈപ്പ്
പ്രശസ്തമായ ടൊറന്റോ ചലച്ചിത്രമേളയിലെ പ്രീമിയര്‍ ഷോ, അവിടെ വിദേശസിനിമാപ്രേമികളില്‍ നിന്നടക്കം കിട്ടിയ മുക്തകണ്ഠമായ പ്രശംസ, തങ്ങള്‍ സംഘാടകരാവുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി ഒഫിഷ്യല്‍ ട്രെയ്‌ലര്‍ ആദ്യമായി പുറത്തുവിട്ടത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, 'kerala's bad boy director lijo jose pellissery with his darkest film to date' എന്ന് ലോകമാകമാനമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാപ്രേമികളും ഗൗരവത്തോടെയെടുക്കുന്ന ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്കുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രത്തിന് മലയാളികളായ സിനിമാപ്രേമികള്‍ക്കിടയില്‍, വിശേഷിച്ചും പുതിയ ലോകസിനിമയും സിരീസുകളുമൊക്കെ കാണുന്ന യുവാക്കള്‍ക്കിടയില്‍ ജല്ലിക്കെട്ടിനെക്കുറിച്ച് ഹൈപ്പ് കൂട്ടാന്‍ ഇക്കാരണങ്ങളൊക്കെ ധാരാളമായിരുന്നു. 'ആമേനും' 'ഡബിള്‍ ബാരലും' 'അങ്കമാലി ഡയറീസും' 'ഈ.മ.യൗ'വും എടുത്ത സംവിധായകനില്‍ നിന്ന് ഈ ഹൈപ്പുകളുടെ പുറത്ത് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരിക്കാവുന്ന ഒരു സിനിമയുണ്ട്. അത്രത്തോളമുണ്ടോ 'ജല്ലിക്കട്ട്'? അതോ എപ്പോഴും ചെയ്യാറുള്ളതുപോലെ അപ്രതീക്ഷിതത്വമാണോ ഇക്കുറിയും ലിജോ കാത്തുവച്ചിരിക്കുന്നത്?
പശ്ചാത്തലം
എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നാണ് ലിജോയ്ക്ക് 'ജല്ലിക്കട്ടി'ന്റെ ആശയം ലഭിച്ചത്. കഥയെ അതേപടി സിനിമയാക്കുകയല്ല, മറിച്ച് കഥയിലെ ഒരു പ്രധാന അംശത്തെയെടുത്ത് ഡെവലപ് ചെയ്ത്, ഒരു സിനിമാരൂപത്തിലേക്ക് വിടര്‍ത്തിയിരിക്കുകയാണ് അദ്ദേഹം. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥാരചന നിര്‍വ്വഹിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു ഉള്‍നാടന്‍ മലയോര ഗ്രാമമാണ് കഥാപശ്ചാത്തലം. വര്‍ക്കി (ചെമ്പന്‍ വിനോദ് ജോസ്) എന്ന ഇറച്ചിവെട്ടുകാരന്‍ വെട്ടാന്‍ കൊണ്ടുവരുന്ന ഒരു പോത്ത് കയറുപൊട്ടിച്ച് ഓടുന്നു. അത് ഗ്രാമവാസികളുടെ വിളകളും സ്ഥാവര, ജംഗമ വസ്തുക്കളും നശിപ്പിച്ച്, ഒരു പൊതുപ്രശ്‌നം എന്ന നിലയിലേക്ക് വളരുന്നു. പോത്തിന് പിന്നാലെ ഓടുന്ന ഗ്രാമത്തിലെ പുരുഷന്മാരുടെ, കണ്ടുനില്‍ക്കെ വളര്‍ന്നുവരുന്ന ഒരു കൂട്ടം. 'ജല്ലിക്കട്ടി'ന്റെ കഥയെ ചുരുക്കത്തില്‍ ഇങ്ങനെ പറയാം. അത്ര മാത്രമേ പറയാനുള്ളൂ. ഈ എലമെന്റിലൂടെ, തനിക്ക് പറയാനുള്ള ഒരു ആശയത്തെ വിഷ്വല്‍ നരേഷനിലൂടെ മലയാളത്തിന്റെ തിരശ്ശീല ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലേക്ക് വളര്‍ത്തിയെടുത്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍.
ലിജോ എന്ന സംവിധായകന്‍
വെറും കഥപറച്ചില്‍ എന്ന നിലയില്‍ സിനിമയെ തളച്ചിടാത്ത, വിഷ്വല്‍ ആന്‍ഡ് സൗണ്ട് എക്‌സ്പീരിയന്‍സ് എന്ന തരത്തില്‍ തന്റെ മാധ്യമത്തെ സമീപിക്കുന്ന സംവിധായകരുടെ കൂട്ടത്തിലാണ് തന്റെ ആദ്യ ചിത്രങ്ങള്‍ മുതലേ ലിജോ ജോസ് പെല്ലിശ്ശേരി. വയലന്‍സും ആക്ഷേപഹാസ്യ സ്വഭാവവുമാണ് അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ സിനിമകളിലും കഥാപരമായ വ്യത്യാസങ്ങള്‍ക്കപ്പുറം കണ്ടെത്താനാവുന്ന സവശേഷതകള്‍. ഈ രണ്ട് ഘടകങ്ങളെ താന്‍ ഇതുവരെ ആവിഷ്‌കരിക്കാത്ത തലത്തിലേക്ക് വളര്‍ത്തിയെടുത്തിരിക്കുകയാണ് ലിജോ. കയറുപൊട്ടിച്ച് ഓടുന്ന പോത്തിന് പിന്നാലെയോടുന്ന പുരുഷന്മാരിലൂടെ, ആ വയലന്‍സിന് പിന്നിലെ കാരണത്തെ, സാമൂഹികമായ എത്ര വലിയ ക്രമങ്ങള്‍ക്കുമുള്ളിലും മെരുങ്ങാതെ കിടക്കുന്ന മൃഗത്തിലേക്ക് ഫോക്കസ് ചെയ്യുകയാണ് ലിജോയുടെ ക്യാമറ. പ്രമേയപരമായി ജല്ലിക്കട്ടിന് ഏറ്റവും സാമ്യം തോന്നുന്ന പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് ആണ്. അങ്കമാലിയിലെ പന്നിയിറച്ചി വ്യാപാരവും അതിന് ചുറ്റുമുള്ള കുറേ മനുഷ്യരും അവരുടെ കാമ-ക്രോധ-മോഹങ്ങളും പങ്കുവച്ച സിനിമയിലും 'ജല്ലിക്കട്ടി'ലുള്ള അംശങ്ങള്‍ കണ്ടെത്താനാവും. ആ ഘടകങ്ങളെ കുറേക്കൂടി വ്യക്തമായി, കുറേക്കൂടി വന്യതയോടെ, ഒരു വലിയ ക്യാന്‍വാസിലേക്ക് പകര്‍ത്തിവച്ചിരിക്കുകയാണ് ലിജോ.
വിഷ്വല്‍ ആന്‍ഡ് സൗണ്ട് എക്‌സ്പീരിയന്‍സ്
ലിജോ എന്ന സംവിധായകന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ പറയാന്‍ ഇത്രയും ചെറിയ കഥയുള്ള മറ്റൊരു സിനിമയില്ല. കയറുപൊട്ടിച്ചോടുന്ന പോത്തും ഒപ്പമോടുന്ന മനുഷ്യരും (പുരുഷന്മാര്‍) എന്ന വാക്യത്തിലേക്ക് ചുരുക്കാവുന്ന കഥയാണ് മുന്‍പ് പറഞ്ഞപോലെ ജല്ലിക്കട്ടിന്റേത്. ഇത്ര ലളിതമായി പറഞ്ഞൊപ്പിക്കാവുന്ന ഉള്ളടക്കത്തെ ഒന്നര മണിക്കൂര്‍ സിനിമയായി വളര്‍ത്തിയെടുത്തിരിക്കുന്നതില്‍ ലിജോയിലെ സംവിധായകന്റെ ധൈര്യമുണ്ട്, ആത്മവിശ്വാസവും. എന്നാല്‍ ലിജോയുടെ മുന്‍ സിനിമകളുടെ പ്രേക്ഷകരെ സംബന്ധിച്ച്, ഒരു പക്ഷേ പ്രീ-റിലീസ് ഹൈപ്പിനാല്‍ പ്രതീക്ഷിക്കപ്പെടുന്നതുപോലെ ആദ്യ ഫ്രെയിം മുതല്‍ പുതുമകള്‍ മാത്രം കണ്ടെത്താനാവുന്ന ചിത്രമല്ല ജല്ലിക്കട്ട്. ലിജോ എന്ന സംവിധായകനെ പരിചയമുള്ള പ്രേക്ഷകരെ സംബന്ധിച്ച് കഥ നടക്കുന്ന പശ്ചാത്തലവും കഥാപാത്രങ്ങളെ പരിചയപ്പെടുത്തലും അതിലടങ്ങിയിരിക്കുന്ന സറ്റയര്‍ സ്വഭാവവുമൊക്കെ മുന്‍പ് അദ്ദേഹത്തിന്റെ സിനിമകളില്‍ തന്നെ കണ്ട് പരിചയിച്ചതിന്റെ തുടര്‍ച്ചയാണ്. കയറുപൊട്ടിച്ചോടുന്ന പോത്ത്, പിന്നാലെയോടുന്ന പുരുഷന്മാരുടെ കൂട്ടം- എന്ന പ്ലോട്ടിനോട് ചേരുന്ന, അഥവാ ആ പ്ലോട്ട് തന്നെ ഒരു ഘടനയായി മാറുന്ന തരത്തിലാണ് സിനിമയുടെ മേക്കിംഗ്. ഇടയ്ക്ക് അയയുന്ന, ഓര്‍ക്കാപ്പുറത്ത് മുറുക്കമേറുന്ന, ചിലപ്പോഴെല്ലാം എങ്ങോട്ടെന്നില്ലാതെ പായുന്ന സ്വഭാവമുണ്ട് സിനിമയ്ക്ക്. പക്ഷേ അതൊക്കെയും ലിജോ പ്രേക്ഷകരെ എത്തിക്കാനാഗ്രഹിക്കുന്ന, മാജിക്കല്‍ എന്ന് വിളിക്കാന്‍ കഴിയുന്ന ക്ലൈമാക്‌സിലേക്കുള്ള നടത്തങ്ങളും ഓട്ടങ്ങളുമാണ്.
ദൃശ്യം
ദൃശ്യപരമായി സിനിമയുടെ അനുഭവം പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കാനുള്ള കാര്യം സിനിമ നടക്കുന്ന മലയോര ഗ്രാമമാണ്. കായല്‍ പ്രദേശവും (ആമേന്‍) ചെറുപട്ടണവും (അങ്കമാലി ഡയറീസ്) കടല്‍ക്കരയുമൊക്കെ (ഈ.മ.യൗ) ലിജോ മുന്‍പ് സിനിമകള്‍ക്ക് പശ്ചാത്തലമാക്കിയിട്ടുണ്ട്. പശ്ചാത്തലം ഒരു പ്രധാന കഥാപാത്രത്തെപ്പോലെതന്നെ കടന്നുവരാറുള്ള അദ്ദേഹത്തിന്റെ വിഷ്വല്‍ ലാംഗ്വേജിലേക്ക് ആദ്യമായാണ് ഒരു മലയോരപ്രദേശവും കാടുമൊക്കെ കടന്നുവരുന്നത് എന്നതാണ് ജല്ലിക്കട്ടിന്റെ ദൃശ്യപരമായ സവിശേഷത. മനുഷ്യനുള്ളിലെ 'സംസ്‌കരിക്കപ്പെടാത്ത മൃഗ'ത്തെ അന്വേഷിക്കുന്ന പ്ലോട്ടിന് അനുയോജ്യമാണ് ഈ കുടിയേറ്റ, മലയോര ഗ്രാമമെന്നത് പ്രത്യേകം പറയേണ്ടതില്ല. 'അങ്കമാലി ഡയറീസി'ന് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ വീണ്ടും ലിജോയുമായി ഒന്നിക്കുകയാണ് ജല്ലിക്കട്ടിലൂടെ. സ്വതവേ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന സ്വഭാവമുണ്ട് ലിജോയുടെ ദൃശ്യഭാഷയ്ക്ക്. അങ്കമാലി ഡയറീസില്‍ അത് മനുഷ്യരുടെ ഓട്ടത്തിനൊപ്പവും ഈ.മ.യൗവില്‍ (ഛായാഗ്രഹണം ഷൈജു ഖാലിദ്) അത് മരണം പോലെ ഘനീഭവിച്ച ഇരുട്ടിനൊപ്പവും നിലകൊണ്ടു. ജല്ലിക്കട്ടിലെത്തുമ്പോള്‍ അത് 'ഇരുട്ടിലെ ഓട്ട'മായി പരിണമിക്കുന്നുണ്ട്. ജല്ലിക്കട്ടിലെ ഏറ്റവും ഗംഭീരമായ ഷോട്ടുകളും സീക്വന്‍സുകളും രാത്രിയില്‍ സംഭവിക്കുന്നവയാണ്. ടോര്‍ച്ചുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ ഒരു പോത്തിന് പിന്നാലെ പായുന്ന മനുഷ്യര്‍. ക്ലൈമാക്‌സിനോടടുത്ത് ആ ചലനം മൃഗീയമായൊരു വോഗമാര്‍ജിക്കുമ്പോള്‍ അത് ദൃശ്യപരമായും മലയാളം ഇതുവരെ എത്തിച്ചേരാത്ത ഒന്നാവുന്നു.
ശബ്ദം
ദൃശ്യത്തെപ്പോലെ തന്റെ സിനിമകളുടെ സൗണ്ട്‌സ്‌കേപ്പില്‍ വിട്ടുവീഴ്ചകള്‍ നടത്താത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. കഥ നടക്കുന്ന പശ്ചാത്തലം ഒരു കഥാപാത്രമാവുന്നതുപോലെ ആ പശ്ചാത്തലത്തിലെ സ്വാഭാവിക ശബ്ദങ്ങളില്‍ നിന്നാണ് അദ്ദേഹം പൊതുവെ സൗണ്ട്‌സ്‌കേപ്പ് രൂപപ്പെടുത്താറ്. അത്തരത്തില്‍ മികവുറ്റ ഒരു ശബ്ദപ്രപഞ്ചം രൂപപ്പെടുത്തിയതിന്റെ നല്ല ഉദാഹരണമായിരുന്നു അങ്കമാലി ഡയറീസ്. അങ്കമാലി ഡയറീസില്‍ ഇറച്ചിവെട്ടുകടയിലെ കത്തി രാകുന്ന ഒച്ചയൊക്കെ ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറിലേക്ക് കടന്നുവന്നിരുന്നു. സൗണ്ട്‌സ്‌കേപ്പില്‍ അനുവര്‍ത്തിച്ചിരിക്കുന്ന ആ ശീലത്തിന്റെ തുടര്‍ച്ച ജല്ലിക്കട്ടിലും കാണാനാവും. മനുഷ്യരുടെ ശ്വാസത്തില്‍ ആരംഭിച്ച്, പിന്നീട് മൃഗത്തിന്റെ ശ്വാസം കടന്നുവന്ന്, അന്ത്യത്തോടടുക്കുമ്പോള്‍ രണ്ടുംചേര്‍ന്ന് ഒന്നായി പരിണമിക്കുന്ന ഒരു ശബ്ദഘടനയും ജല്ലിക്കട്ടിന്റെ നരേഷന് സമാന്തരമായുണ്ട്. ഒറിജിനല്‍ സ്‌കോര്‍- പ്രശാന്ത് പിള്ള, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, സൗണ്ട് മിക്‌സ്- കണ്ണന്‍ ഗണ്‍പത് എന്നിങ്ങനെയാണ് ചിത്രത്തിന്റെ ഓഡിയോ ക്രഡിറ്റ്‌സ്.
സംവിധായകനൊപ്പം നടക്കുന്ന കാണി
ചലച്ചിത്രമേളകളിലെ കാഴ്ചയ്ക്ക് സമാനമായ അനുഭവമായിരുന്നു ജല്ലിക്കട്ടിന്റെ ഫസ്റ്റ് ഷോ അനുഭവം. സംവിധായകനപ്പുറം ഛായാഗ്രാഹകനും സൗണ്ട് ഡിസൈനര്‍ക്കുമൊക്കെ നിറഞ്ഞ കൈയടികള്‍. പല ഷോട്ടുകള്‍ക്കും, ഇന്റര്‍വെല്‍ ബ്ലോക്ക് പോലെ വരുന്ന ആ സവിശേഷ ഷോട്ടിനുമൊക്കെ കൈയടികള്‍. സംവിധായകന്‍ താരമാവുന്ന തീയേറ്റര്‍ അനുഭവം.
ആകെത്തുകയില്‍ ജല്ലിക്കട്ട്
ആദ്യസിനിമകള്‍ മുതല്‍ ആഖ്യാനത്തില്‍ താന്‍ വികസിപ്പിച്ചുകൊണ്ടുവന്ന ഒരു തീമിനെ ക്ലൈമാക്‌സിലേക്ക് അടുപ്പിക്കാനുള്ള ലിജോയുടെ ശ്രമമാണ് ആകെ കാഴ്ചാനുഭവത്തില്‍ ജല്ലിക്കട്ട്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അത്തരം വാര്‍ത്തകളുടെ ആധിക്യത്താല്‍ അര്‍ഹമായ ശ്രദ്ധയോ പ്രതികരണമോ പോലും നേടാതെ പോകുന്ന കാലത്ത്, മോബ് വയലന്‍സിലേക്കുള്ള ദാര്‍ശനികമായ നോട്ടമുണ്ട് ജല്ലിക്കട്ടില്‍. സാമൂഹികമായ എല്ലാത്തരം ക്രമങ്ങള്‍ക്കും ക്രമരാഹിത്യങ്ങള്‍ക്കുമപ്പുറം 'ഹിംസയില്‍ അധിഷ്ഠിതമായ' ഒരു സാമൂഹിക ജീവിതത്തെ ആക്ഷേപഹാസ്യ സ്വഭാവത്തോടെ നോക്കിക്കാണുന്നുണ്ട് സംവിധായകന്‍. എല്ലാത്തിനുമപ്പുറം മനുഷ്യന്‍ എന്ന ജീവി ഭൂമിയിലെ മറ്റ് ജീവിവര്‍ഗങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പൊറുക്കാനാവാത്ത തെറ്റുകള്‍ക്കുള്ള കുറ്റസമ്മതമുണ്ട്. ഇത്തരത്തിലൊക്കെ വ്യാഖ്യാനിച്ചെടുക്കാന്‍തക്ക ആഴവും പരപ്പുമുള്ള ഉള്ളടക്കത്തെ ബൗദ്ധികവ്യായാമങ്ങള്‍ക്കപ്പുറത്ത് ദൃശ്യപരമായി നരേറ്റ് ചെയ്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. പോസ്റ്ററില്‍ പോത്തിന്റെ പടം മാത്രം വച്ച ധൈര്യം ഈ സിനിമയില്‍ ഉടനീളമുണ്ട്. ജല്ലിക്കട്ടിന്റെ, സംഭവിക്കാവുന്ന ബോക്‌സ്ഓഫീസ് വിജയത്തില്‍ മലയാളസിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷയ്ക്കുള്ള വകയുണ്ട്.