നിഗൂഢതയുടെ പിരിയന്‍ ഗോവണി; 'കിഷ്‍കിന്ധാ കാണ്ഡം' റിവ്യു
തിയറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഐഎഫ്എഫ്‍കെയില്‍ മലയാളം സിനിമ ടുഡേയിലാണ് പ്രദര്‍ശിപ്പിക്കുന്നത്
ജോണറിനോട് നീതി പുലര്‍ത്തുന്നു എന്നതാണ് മലയാള സിനിമയെക്കുറിച്ച് ഇതരഭാഷാ പ്രേക്ഷകരില്‍ നിന്ന് പോലും സമീപകാലത്ത് കേട്ടുതുടങ്ങിയ പ്രശംസ. വിജയ ഫോര്‍മുലകളുടെ ടെംപ്ലേറ്റുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ചിത്രങ്ങളെ സ്വീകരിക്കാന്‍ മടിയില്ലാത്ത, ചലച്ചിത്ര സാക്ഷരരായ പ്രേക്ഷകരുടെ കൈയടി തന്നെ ഇതിന് കാരണം. ആ ഗണത്തിലെ ഏറ്റവും പുതിയ എന്‍ട്രിയായി പരിഗണിക്കാവുന്ന ചിത്രമാണ് ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം. പേര് പോലെ കഥാപശ്ചാത്തലത്തില്‍ അടിമുടി പുതുമ സമ്മാനിക്കുന്ന ചിത്രമാണിത്.
ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് സമീപം വീടുള്ള റിട്ട. സൈനികോദ്യോഗസ്ഥന് അപ്പു പിള്ളയും അയാളുടെ മകനും വനം വകുപ്പില്‍ ജീവനക്കാരനുമായ അജയചന്ദ്രനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടക്കുന്ന അജയന്‍റെ വിവാഹത്തില്‍ നിന്നാണ് ചിത്രത്തിന്‍റെ തുടക്കം. ധൃതിപ്പെട്ട് ഞെട്ടിക്കലല്ല ഈ ചിത്രത്തില്‍ സംവിധായകന്‍റെ ഉദ്ദേശ്യം. മറിച്ച് മിസ്റ്ററി ത്രില്ലര്‍ ജോണറിനോട് നീതി പുലര്‍ത്തി, നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്ന കഥാപശ്ചാത്തലം അവതരിപ്പിക്കുകയും അതിലെ പ്രധാന കഥാപാത്രങ്ങളെ പിന്തുടരുകയാണ് സംവിധായകന്‍. സിനിമകളില്‍ സാധാരണമായ, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ നമ്മെ നിര്‍ണ്ണായക വിവരങ്ങള്‍ അറിയിക്കുന്ന പതിവ് ഇവിടെയില്ല. മറിച്ച് അപ്രതീക്ഷിത ഇടവേളകളില്‍ നമ്മെ അമ്പരപ്പിച്ചുകൊണ്ടാണ് കഥയുടെ വഴിത്തിരിവുകളില്‍ എത്തിക്കുന്നതും മിസ്റ്ററിയുടെ ചുരുള്‍വഴികളിലൂടെ മുന്നോട്ട് നടത്തുന്നതും. ചിത്രത്തിന്‍റെ തുടക്കത്തില്‍ നാം കണ്ട വിവാഹരംഗം അജയന്‍റെ രണ്ടാം വിവാഹമാണെന്നത് പോലും വിഷ്വലിയാണ് സംവിധായകന്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അജയനായി ആസിഫ് അലിയും അപ്പു പിള്ളയായി വിജയരാഘവനുമെത്തുമ്പോള്‍ ആജയന്‍റെ രണ്ടാം വിവാഹത്തിലെ ഭാര്യയായി എത്തുന്നത് അപര്‍ണ ബാലമുരളിയാണ്. കഥാപാത്രത്തിന്‍റെ പേരും അപര്‍ണ എന്ന് തന്നെ.
അജയന്‍റെ മുന്‍ ഭാര്യയ്ക്ക് സംഭവിച്ചത് എന്ത് എന്നത് പ്രേക്ഷകരോട് പറയുന്നുണ്ടെങ്കില്‍ മകന്‍റെ കാര്യം നിഗൂഢതയുടെ ചുരുളിനുള്ളിലാണ്. മിസ്റ്ററിയുടെ മറവിന് അപ്പുറത്ത് നില്‍ക്കുന്ന നിരവധി ഘടകങ്ങളിലൂടെ തീര്‍ക്കുന്ന ഒരു പസില്‍ നിവര്‍ത്തുകയാണ് ആദ്യ പകുതിയില്‍ സംവിധായകന്‍. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ വിഭിന്നങ്ങളായ ഈ സബ് പ്ലോട്ടുകളെല്ലാം കൂടിച്ചേരുകയും ഒറ്റ അന്വേഷണത്തിലേക്ക് പ്രേക്ഷകര്‍ എത്തുകയും ചെയ്യും. വലിയ ബഹളങ്ങളില്ലാതെ, പശ്ചാത്തല സംഗീതത്തിന്റെ പിന്തുണ കൂടാതെതന്നെ ത്രില്ലടിപ്പിക്കാന്‍ സാധിക്കുന്നു എന്നത് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍റെ വിജയമാണ്.
സംരക്ഷിത വന മേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന, ചുറ്റും കൂറ്റന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന ഒരു പഴയ രണ്ട് നില വീടാണ് പ്രധാന കഥാപശ്ചാത്തലം. ചിത്രത്തിന്‍റെ നിഗൂഢതയുണര്‍ത്തുന്ന വിഷ്വല്‍ ഡിസൈനിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് ഈ ലൊക്കേഷന്‍ തന്നെയാണ്. ഒരു രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സാധാരണ പോലെ ആരംഭിക്കുന്ന ചിത്രമാണ് മുന്നോട്ടുപോക്കില്‍ കൂടുതല്‍ ആഴങ്ങളിലേക്കും അടരുകളിലേക്കുമൊക്കെ പോകുന്നത്. പ്രധാന വഴിത്തിരിവുകളെല്ലാം പ്രേക്ഷകര്‍ അറിയുന്നത് അജയനിലൂടെയും അയാളുടെ റിയാക്ഷനുകളിലൂടെയുമാണ്. ആസിഫ് അലി എന്ന നടന്‍റെ വളര്‍ച്ച എന്താണെന്ന് വ്യക്തമാക്കുന്നുണ്ട് കിഷ്കിന്ധാ കാണ്ഡം. മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭൂതകാലത്തെ ഉള്ളില്‍ ഒളിപ്പിച്ച, സ്വയം നീറുന്ന ഈ കഥാപാത്രത്തെ നിയന്ത്രിതമായ പ്രകടനത്തോടെ ആസിഫ് മികവുറ്റതാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമയെ സംബന്ധിച്ച് അതിലും കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്നത് വിജയരാഘവന്‍ അവതരിപ്പിച്ച അപ്പു പിള്ളയാണ്. മറവിക്കും ഓര്‍മ്മയ്ക്കുമിടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന റിട്ട. പട്ടാളക്കാരനെ വിജയരാഘവന്‍ ബ്രില്യന്‍റ് ആയി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയില്‍ നിഗൂഢത അന്വേഷിച്ചിറങ്ങുന്നത് അപര്‍ണയാണ്. ഒരു മികച്ച അഭിനേത്രിയെ ആവശ്യമുള്ള ഈ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് അപര്‍ണ ബാലമുരളി. ജഗദീഷ്, അശോകന്‍, നിഷാന്‍ തുടങ്ങി മറ്റ് കഥാപാത്രങ്ങളുടെ കാസ്റ്റിംഗും സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്.
കക്ഷി: അമ്മിണിപ്പിള്ള എന്ന, ദിന്‍ജിത്ത് അയ്യത്താന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിനുള്‍പ്പെടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ബാഹുല്‍ രമേഷ് ആണ് കിഷ്കിന്ധാ കാണ്ഡത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒപ്പം ഛായാഗ്രഹണവും. ഒരു ഛായാഗ്രാഹകന്‍ എഴുതിയ തിരക്കഥയിലെ ദൃശ്യപരമായ കമ്യൂണിക്കേഷനും അതിന്‍റെ മികവും ചിത്രത്തില്‍ ഉടനീളം കാണാനുണ്ട്. വലിയ വേഗത്തിലല്ലാതെ സഞ്ചരിച്ച് തുടങ്ങുന്ന ചിത്രം ഒട്ടുമേ ബോറടിപ്പിക്കാതെ പ്രേക്ഷകരെ ഒപ്പം കൂട്ടുന്നതും ഈ വിഷ്വല്‍ ഡിസൈന്‍ കൊണ്ടാണ്. സ്ലോ മൂവ്മെന്‍റ്സ് നിരവധിയുള്ള ബാഹുല്‍ രമേഷിന്‍റെ വിഷ്വല്‍സിനെ കട്ട് ചെയ്യാത്ത രീതിയില്‍ ഒഴുക്ക് അനുഭവിപ്പിക്കുന്ന എഡിറ്റ് ആണ് സൂരജ് ഇ എസ് കൊടുത്തിരിക്കുന്നത്. മുജീബ് മജീദ് പകര്‍ന്നിരിക്കുന്ന സംഗീതം ചിത്രത്തെ അറ്റ്മോസ്ഫെറിക് ആക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ തിരക്കഥയിലെ മികവിന് തന്നെയാണ് കൂടുതല്‍ മാര്‍ക്ക്. നിരവധി അടരുകളുള്ള, നിഗൂഢത നിറയെ തോന്നിപ്പിക്കുന്ന ആഴവും പരപ്പുമുള്ള പ്ലോട്ടിനെ ഗംഭീരമായി എഴുതിയിട്ടുള്ള കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചു എന്നതാണ് ബാഹുല്‍ രമേശിന്‍റെ തിരക്കഥയുടെ മികവ്. ഒരിടത്ത് പോലും അത് പാളുന്നില്ല. ആ തിരക്കഥയെ അതിന്‍റെ മര്‍മ്മമറിഞ്ഞ്, ദൃശ്യപരമായി നല്‍കുന്ന എല്ലാ സാധ്യതകളോടെയും അവതരിപ്പിച്ചു എന്നതിന് സംവിധായകനും കൈയടി. ആദ്യചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ രണ്ടാം ചിത്രത്തിലൂടെ ദിന്‍ജിത്ത് അയ്യത്താന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇനിയുമേറെ ഇയാളില്‍ നിന്ന് പ്രതീക്ഷിക്കാനുണ്ടെന്ന് കിഷ്കിന്ധാ കാണ്ഡം പറയുന്നു. നിയന്ത്രിത അഭിനയത്താല്‍ കൈയടിപ്പിക്കുന്ന വിജയരാഘവനും ആസിഫ് അലിയും ഉള്‍പ്പെടെയുള്ളവരും ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
ALSO READ : ഇതാ, ലോകേഷിന്‍റെ ഫ്രെയ്‍മിലെ രജനി; പിറന്നാള്‍ സമ്മാനമായി 'കൂലി' അപ്ഡേറ്റ്: വീഡിയോ