മാലു, ഒരു വിഷാദിയുടെ നിഷേധങ്ങള്‍
ഐഎഫ്എഫ്‍കെയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മാലുവിന്റെ റിവ്യു.
ഒരു അമ്മ, മകള്‍, മുത്തശ്ശി- മൂന്നു പേരാണ് മാലുവിന്റെ കഥാപ്രപഞ്ചം. മാലുവെന്ന ടൈറ്റില്‍ പേര് അമ്മയുടേതാണ്. ആ അമ്മയെ ചുറ്റിപ്പറ്റിയാണ് മാലുവെന്ന സിനിമയുടെ വികാസവും. ഐഎഫ്എഫ്‍കെയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായ മാലു തെല്ലൊരു നൊമ്പരത്തോടെയല്ലാതെ കണ്ടൊഴിയാനാകാത്തതുമാണ്.
വര്‍ത്തമാന കാലത്ത് ജീവിക്കുന്നവരല്ല മാലു. സ്വേഛാധിപത്യ കാലത്ത് നിയമക്കുരുക്കില്‍ അകപ്പെട്ട ചെറുപ്പകാലത്തെ കഥകള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട് മാലു. സാങ്കല്‍പ്പികമായ ഭാവിയെ കുറിച്ച് ആകുലപ്പെടുന്നുമുണ്ട്. പ്രതിരോധ ബദലായി നില്‍ക്കാനാണ് മാലു സ്വന്തം ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്‍ത്യൻ പുരോഹിതനുമായുള്ള സംഭാഷണത്തില്‍ മാലു അത് ഉറക്കെ ഉറച്ച ശബ്‍ദത്തില്‍ അടിവരയിടുന്നുണ്ട്. കമ്മ്യൂണിസ്റ്റായിരുന്ന യേശു എങ്ങനെയാണ് പീഡോഫീലിയകള്‍ നിറഞ്ഞ മതത്തിന്റെ വാഹകനായി എന്ന ചോദ്യത്തില്‍ പതറുന്ന ക്രിസ്ത്യൻ പുരോഹിതന്റെ ദൃശ്യങ്ങളും സ്വാഭാവികമാകാൻ ഇടയില്ല. ബോധപൂര്‍വമായിട്ടാണ് അതിന്റെ പേരില്‍ മാലു തന്റെ അമ്മയുമായി ഉടക്കിലാകുകയും മുറിവേല്‍ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതുമെന്നതും വ്യക്തമാണ്.
തുടക്കത്തിലേ മാലുവിന്റെ വിചിത്രമായ സ്വഭാവത്തില്‍ ഊന്നിയാണ് സിനിമയുടെ സഞ്ചാരം. മാലുവിന്റെ അമ്മ ലില്ലി ആ വിചിത്രമായ വിമത സ്വഭാവത്തിന്പഴിക്കുന്നതാകട്ടേ അവര്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്നതിലാണ്. മൂര്‍ച്ചയേറിയ വാക്കുകളാല്‍ പരസ്‍പരം ക്ഷതമേല്‍പ്പിക്കുമ്പോഴും പൊടുന്നനെ സ്‍നേഹത്തിന്റെ ആഴത്തിലേക്ക് വീഴാൻ ഇരുവര്‍ക്കും ആകുന്നുണ്ട് എന്നത് വിചിത്രമല്ല, മറിച്ച് ആ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്നതാണ്.
ഫ്രാൻസില്‍ പഠിക്കാൻ പോകുകയും തിരിച്ചു വന്ന് അഭിനേത്രിയാകാൻ ശ്രമിക്കുകയും ചെയ്യുന്ന ജൊവാനയും എത്തുന്നതോടെയാണ് ഇവരുടെ വൈകാരിക അടുപ്പങ്ങളും അകലവും സിനിമയില്‍ വിശകലനം ചെയ്യപ്പെടുന്നത്. ലോകത്തിലേക്ക് വെച്ച് മികച്ച സ്‍ത്രീയാണ് ജൊവാനയുടെ അമ്മ എന്ന് അവളുടെ സുഹൃത്തുക്കള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മകള്‍ക്കായി സമയം നീക്കിവെച്ചിട്ടില്ലാത്ത അമ്മയെയാണ് ജുവാന മാലുവില്‍ കാണുന്നത്. മക്കളെ എങ്ങനെ നോക്കുന്നു എന്നത് തിരിച്ച് മക്കള്‍ മാതാപിതാക്കളെ നോക്കുന്നു എന്നത് ആനുപാതികമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളും തുടര്‍ന്നു മാലു എന്ന സിനിമയില്‍ വെളിച്ചപ്പെടുന്നുണ്ട്.
സ്വന്തം വീട് ഒരു തീയറ്റര്‍ കള്‍ച്ചറല്‍ സ്ഥാപനമാക്കണമെന്നാണ് മാലു ആഗ്രഹിക്കുന്നത്. കലാകാരൻമാര്‍ക്ക് മാലു ആതിഥ്വ്യം വഹിക്കുന്നതും കലഹത്തിന് ഇടയാക്കുന്ന ഒന്നാണ്. എങ്കിലും അമൂര്‍ത്തമായ തന്റെ സ്വപ്‍നത്തിന്റെ പിന്നാലെയാണ് മാലുവിന്റെ മനസ്സിന്റെ സഞ്ചാരം. ഇവിടെ മൂന്ന് തലമുറകളിലെ സ്‍ത്രീകളുടെ ബന്ധത്തിലെ ഇഴയടുപ്പവും സങ്കീര്‍ണതയുമെല്ലാം ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. പുരോഗമനപരമായി തോന്നുന്ന ആശയങ്ങളെ തന്റെ സ്വാര്‍ഥതയ്‍ക്കായി മാലു ഉപയോഗിക്കുകയാണെന്ന ജുവാന ആരോപിക്കുന്ന ഘട്ടത്തിലേക്ക് കലുഷിതമാകുന്നുണ്ട് സിനിമ. ഫെമിനസമല്ല, മാലുസമാണ് എന്നാണ് അവരുടെ മകള്‍ ജുവാന ആക്രോശിക്കുന്നത്. പിന്നീട് മാലുവിലേക്ക് ജുവാന ചേരുംവരെയാണ് സിനിമയുടെ കഥാസഞ്ചാരം അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്നത്.
പെഡ്രോ ഫ്രെയ്‍റിയാണ് മാലുവെന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. വിഷാദരോഗിയായ അമ്മയുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയായി പെഡ്രോ ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിലേറ്റ മാനസികാഘാതങ്ങളുടെ കയ്‍പനുഭവങ്ങളുടെ ഓര്‍മയിലാണ് തിരക്കഥ പെഡ്രോ എഴുതിയിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ എന്നതിനപ്പുറം തലമുറകള്‍ കൈമാറ്റം ചെയ്യപ്പെടേണ്ടുന്ന ഊഷ്‍മള ബന്ധങ്ങളുടെ അപര്യാപ്‍തയും ചര്‍ച്ചയ്‍ക്കുവയ്‍ക്കുന്നുണ്ട് പെഡ്രോ.
മാലുവിന്റെ നട്ടെല്ല് അഭിനേതാക്കളുടെ പ്രകടനമാണ്. നോവസു മാലുവായും ജൂലിയാന ലില്ലിയുമായുമെത്തിയപ്പോള്‍ ചിത്രത്തില്‍ ജുവാന കരോള്‍ ഡുവോര്‍ട്ടെ ആണ്. മാലുവിന്റെ വൈകാരിക വൈരുദ്ധ്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ആരുമായും താരതമ്യം അര്‍ഹിക്കാത്തതിനപ്പുറം നോവസു പകര്‍ത്തിയാടിയിരിക്കുന്നു. തെല്ലൊന്നു പതുങ്ങിയ പ്രകടനം ആവശ്യപ്പെടുന്ന കഥാപാത്രമാണെങ്കിലും ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ജൂലിയാനയുടെയും മികവ് പ്രകടമാകുന്നു. മാലുവിന്റെ സഞ്ചാരത്തിന് ചടുലത പകരുന്ന കഥാപാത്രമായി മാറാൻ കരോളിനുമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക