കിരാത ഭരണകൂടങ്ങളുടെ മനുഷ്യ കശാപ്പുകൾ; ഞെട്ടിച്ച് ഐഎഫ്എഫ്കെ 2024 ഉദ്ഘാടന ചിത്രം അയാം സ്റ്റിൽ ഹിയർ- റിവ്യൂ
ലോകമെങ്ങുമുള്ള സോച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെ ഉയർന്ന ശബ്ദം, 29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായ വാൾട്ടർ സാൽസിന്റെ അയാം സ്റ്റിൽ ഹിയറിന് ലഭിച്ചത് നിലയ്ക്കാത്ത കയ്യടി
വാൾട്ടർ മൊറേറ സാൽസ് ജൂനിയർ- മലയാളിക്ക് ബ്രസീലിയൻ ചലച്ചിത്ര സംവിധായകൻ വാൾട്ടർ സാൽസിന്റെ ഒരു സിനിമ കാണാൻ 'മോട്ടോർ സൈക്കിൾ ഡയറീസ്' എന്ന ഒറ്റപ്പടം മതിയാകും. ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ Golden Bear പുരസ്കാരം നേടിയ 'സെൻട്രൽ സ്റ്റേഷൻ' എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വാൾട്ടർ സാൽസ്. മോട്ടോർ സൈക്കിൾ ഡയറീസിന് ഏറെ ആരാധകരുള്ള കേരളമെന്ന സിനിമക്കൊട്ടകയിലേക്ക് വാൾട്ടർ സാൽസിന്റെ പുതിയ സിനിമ 'അയാം സ്റ്റിൽ ഹിയർ' (I'm Still Here/Ainda Estou Aqui) എത്തുന്നത് അതിനാൽതന്നെ തിരുവനന്തപുരം കനകക്കുന്നിലുള്ള നിരാശഗന്ധി തിയറ്ററിന് മുകളിൽ ആകാംക്ഷയുടെ കൊടുമുടി സൃഷ്ടിച്ചിരുന്നു. വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയും സംവിധാനവുമടക്കം അടക്കം മൂന്ന് പുരസ്കാരം നേടിയതും കാഴ്ച്ചക്കാരെ കൂട്ടി. 97-ാം അക്കാഡമി അവാർഡിൽ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ബ്രസീലിന്റെ ഔദ്യോഗിക എൻട്രി എന്ന പദവിയുമായാണ് അയാം സ്റ്റിൽ ഹിയർ 29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി അവതരിക്കപ്പെട്ടത്.
കൊലയാളി ഭരണകൂടങ്ങളുടെ കഥ
1971ൽ ബ്രസീലിൽ ജനാധിപത്യം കശാപ്പ് ചെയ്തുള്ള കിരാത പട്ടാള ഭരണത്തിലെ ക്രൂരതകൾ തുറന്നുകാട്ടുന്ന മാർസലോ റൂബൻസ് പൈവയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ-ജീവചരിത്ര സിനിമയാണ് വാൾട്ടർ സാൽസ് സംവിധാനം ചെയ്ത അയാം സ്റ്റിൽ ഹിയർ. രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള സിനിമ പൂർണമായും പോർച്ചുഗീസ് ഭാഷയിലാണ് നിർമിച്ചിരിക്കുന്നത്. ബ്രസീലിലെ എഴുപതുകളുടെ തുടക്കത്തിലെ സൈനിക സേച്ഛാധിപത്യത്തെ പൈവ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് വാൾട്ടർ സാൽസ് അവതരിപ്പിച്ചിരിക്കുന്നത്. പട്ടാള ഭരണകൂടം നിഷ്ഠൂരമായി കൊല ചെയ്ത തന്റെ പിതാവ് റൂബൻ പൈവയെയും അത് കുടുംബത്തിലുണ്ടാക്കിയ ആഘാതത്തെയും അഞ്ച് മക്കളെയും കൊണ്ടുള്ള യൂനിസ് പൈവയുടെ (റൂബൻ പൈവയുടെ ഭാര്യ) നീതിക്കായുള്ള പോരാട്ടവും അതിജീവനവുമാണ് നോവലിലൂടെ മാർസലോ റൂബൻസ് പൈവ പറയുന്നത്. ഇതുതന്നെയാണ് അയാം സ്റ്റിൽ ഹിയർ എന്ന സിനിമയുടെ ഇതിവൃത്തവും.
പട്ടാള ഭരണകൂടത്തിന്റെ മനുഷ്യവേട്ടയായിരുന്നു 1970കളുടെ തുടക്കത്തിൽ ബ്രസീലിലുണ്ടായത്. ഒരു വാറണ്ടുമില്ലാതെ ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്ത് ക്രൂര പീഡനങ്ങൾക്ക് ഇരയാക്കാമെന്ന സാഹചര്യം. ഇരുണ്ട ജയിലറകളിൽ നിബിഢ വനങ്ങളിൽ, നദിത്തട്ടുകളിൽ, ആഴക്കടലിൽ... മനുഷ്യരെ കൊന്നുതള്ളുന്ന ഭരണകൂടം വിഹരിക്കുന്ന കാലം. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്ന ഒരു സൈനിക ചെക്ക് പോസ്റ്റിന്റെ രംഗത്തിലൂടെയാണ് അയാം സ്റ്റിൽ ഹിയർ ആരംഭിക്കുന്നത്. റിയോയിലെ സുന്ദരമായ കടൽത്തീരത്തുള്ള വീട്ടിൽ ഒരു ദിവസം കുടുംബവുമായി സമയം ചിലവിട്ടുകൊണ്ടിരിക്കേ മുൻ ലേബർ പാർട്ടി കോൺഗ്രസ് അംഗമായ റൂബൻ പൈവയെ (Selton Mello) പട്ടാള ഏജന്റുമാർ വീട്ടിൽ നിന്നും കൂട്ടിക്കോണ്ടുപോവുകയാണ്. ഭാര്യയെയും മക്കളെയും വീട്ടിൽ ബന്ധികളാക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകളുമായി ചേർന്ന് രാജ്യത്തിനെതിരെ തീവ്രവാദപ്രവർത്തനം നടത്തി എന്നതായിരുന്നു റൂബനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ബീച്ചിലെ ആഘോഷങ്ങളും ഫുട്ബോളും വോളിബോളും സംഗീതവും നൃത്തവും ഭക്ഷണവിഭവങ്ങളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ മധ്യവർഗ കുടുംബം അതോടെ നിസംഗതയിലേക്ക് വലിച്ചെറിയപ്പെടുന്നു.
റൂബൻ പൈവയിൽ നിന്ന് യൂനിസ് പൈവയിലേക്ക്
റൂബൻ പൈവയിലൂടെയായിരുന്നു അയാം സ്റ്റിൽ ഹിയർ ആരംഭിക്കുന്നത്. അയാൾ വീട്ടിൽ വിളിച്ചുകൂട്ടുന്ന സൗഹൃദക്കൂട്ടങ്ങളുടെ നിഗൂഢമായ കത്തുകളുടെ ലോകത്തുകൂടെ ചലിച്ചുതുടങ്ങിയ സിനിമ. വീട്ടിലെ സന്തോഷത്തിന്റെ നെടുംതൂൺ അയാൾ തന്നെ. പെട്ടെന്നൊരു ദിവസം സ്വന്തം വീട്ടിൽ നിന്ന് പട്ടാളക്കാർ പിടികൂടിയ റൂബൻ പൈവ പിന്നീട് പുറംലോകം കണ്ടിട്ടില്ല. അയാൾ ജീവിച്ചിരിപ്പുണ്ടോ കൊല്ലപ്പെട്ടോ എന്നുപോലും തിരിച്ചറിയാനാവാതെ ഭാര്യയും മക്കളും വ്യഥകളിൽ ചുറ്റപ്പെടുന്നു. റൂബൻ പൈവയുടെ ഭാര്യ യൂനിസ് പൈവ (Fernanda Torres) വക്കീൽ മുഖാന്തരം ഭർത്താവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. ഭർത്താവിനെ കണ്ടെത്താനുള്ള തന്റെ ജീവൻമരണ പോരാട്ടത്തിനിടെയും മക്കളെ ചേർത്തുനിർത്തുന്നു. അവരുമായി പലായനം ചെയ്യുന്നു. ഇതിനിടയിൽ ചില സൂചനകൾ യൂനിസ് പൈവക്ക് കിട്ടുന്നു. പിന്നീടങ്ങോട്ട് നീതിക്കായുള്ള ഒറ്റയാൾ പോരാട്ടമായി യൂനിസ് പൈവ സ്ക്രീനിൽ പടരുകയാണ്. അതിക്രൂരമായ സൈനിക സേച്ഛാധിപത്യത്തെ അവർ നിശ്ചയദാർഢ്യം കൊണ്ട് നേരിടുന്നതാണ് സിനിമ.
70കളുടെ ബ്രസീലിയൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ദൃശ്യ, ശബ്ദ പരിചരണമാണ് അയാം സ്റ്റിൽ ഹിയറിന് സംവിധായകൻ നൽകിയിരിക്കുന്നത്. പശ്ചാത്തലങ്ങളുടെ കെട്ടിലും മട്ടിലും സിനിമയുടെ സ്ക്രീൻ പ്രസൻസിലും വരെ എഴുപതുകളുടെ പുനരാവിഷ്കാരം കാണാം. ഐഎഫ്എഫ്കെയിൽ മുമ്പ് പ്രദർശിപ്പിച്ച ചിലയൻ പൊളിറ്റിക്കൽ ഡ്രാമയായ നോ (NO) ഓർമ്മിപ്പിക്കുന്നുണ്ട് ഇക്കാര്യത്തിൽ അയാം സ്റ്റിൽ ഹിയർ. ചിലിയൻ എകാധിപതിയായ പിനാഷെയുടെ ഭരണകൂടത്തിനെതിരായ പ്രതികരണമായിരുന്നു പാബ്ലോ ലറൈന്റെ നോ. ജീവചരിത്രമായത് കൊണ്ടുതന്നെ എല്ലാ ഓർമ്മകളും അയവിറക്കുന്ന ഹാൻഡി ക്യാമറ ദൃശ്യങ്ങളുടെ അകമ്പടിയിലാണ് സിനിമ പുരോഗമിക്കുന്നത്. 1971 മുതൽ സിനിമയിൽ മൂന്ന് കാലഘട്ടങ്ങൾ വന്നുപോകുന്നതും ശ്രദ്ധേയമായി. ഛായാഗ്രഹണവും സംഗീതവും എഡിറ്റിംഗുമെല്ലാം സിനിമയ്ക്ക് ക്ലാസിക് ടച്ച് നൽകുന്നു. എന്നാൽ രണ്ടാംപകുതി അവസാനത്തോടുക്കുമ്പോൾ കൂടുതൽ ഡോക്യുമെന്ററി സ്വഭാവം സിനിമ കാണിക്കുന്നുണ്ട്. വിഷയത്തിൻമേലുള്ള സസ്പെൻസ് നിലനിർത്തുന്നതിലെ പരിമിതിയോ ജീവചരിത്ര സിനിമ എന്ന് വ്യക്തമാക്കാനുള്ള സംവിധായന്റെ മനപ്പൂർവമുള്ള ശ്രമമോ ആയി ഇതിനെ കാണാം.
ഫെർണാണ്ട ടോറസ് സിനിമ
യൂനിസ് പൈവയെ അവതരിപ്പിച്ച ഫെർണാണ്ട ടോറസാണ് അയാം സ്റ്റിൽ ഹിയറിന്റെ ഹൈലൈറ്റ്. സിനിമയെ മുക്കാൽ ഭാഗവും കൊണ്ടുപോകുന്നത് ടോറസാണ്. ടോറസിന്റെ അഭിനയം എന്ന ഒറ്റക്കാരണം മതി അയാം സ്റ്റിൽ ഹിയർ കാണാനും കാണികളെ പിടിച്ചിരുത്താനും എന്ന് സിനിമ വ്യക്തമാക്കുന്നു. വാൾട്ടർ സാൽസിന്റെ 2012ന് ശേഷമുള്ള ആദ്യ ഫീച്ചർ സിനിമ എന്ന പ്രത്യേകതയുമുണ്ട് അയാം സ്റ്റിൽ ഹിയറിന്. 68-ാം വയസിലാണ് തന്റെ പത്താം ഫീച്ചർ സിനിമയുമായി സാൽസിന്റെ വരവ്. 2024 സെപ്റ്റംബർ 1ന് 81-ാം വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ ആഗോള പ്രീമിയർ. മികച്ച തിരക്കഥയ്ക്കും സംവിധായകനുമുള്ള പുരസ്കാരം നേടിയപ്പോൾ ഫെർണാണ്ട ടോറസിന്റെ അഭിനയം ഏറെ വാഴ്ത്തപ്പെട്ടു. 2024 നവംബർ 7ന് ബ്രസീലിൽ തിയറ്ററിലെത്തിയ ഉടൻ തീവ്രവലത് വിഭാഗങ്ങളുടെ ഭീഷണികൾ ഈ സിനിമ നേരിട്ടു. എന്നാൽ ബോക്സ് ഓഫീസിൽ വിജയമായി ഈ വെല്ലുവിളികളെ സാൽസ് മറികടന്നു. വെനീസിൽ നിർത്താതെ പത്ത് മിനുറ്റ് നേരം കാണികളുടെയും നിരൂപകരുടെയും കയ്യടി അയാം സ്റ്റിൽ ഹിയർ ഏറ്റുവാങ്ങി. സമാനമായി 29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും അയാം സ്റ്റിൽ ഹിയർ സ്റ്റാൻഡിംഗ് ഓവേഷൻ നേടി.
ഫെർണാണ്ട ടോറസിനും സെൽട്ടൺ മെല്ലോയ്ക്കും പുറമെ ഫെർണാണ്ട മോണ്ടിനെഗ്രോ, വാലന്റീന ഹെർസാഗേ, മേവ് ജിംഗിംസ്, ഡാൻ സാൽബാക്ക് എന്നിവരാണ് അയാം സ്റ്റിൽ ഹിയറിലെ മറ്റ് അഭിനയതാക്കൾ. വാൾട്ടർ സാൽസിനൊപ്പം മുറീലോ ഹൗസറും ഹീതർ ലോരേഗയും തിരക്കഥയിൽ ഭാഗവാക്കായി. അഡ്രിയാൻ ട്രെയ്ജിഡോയാണ് ഛായാഗ്രാഹകൻ. അഫോൻസോ ഗോൺസാൽവസ് എഡിറ്റിംഗും വാരെൻ എല്ലിസ് സംഗീതവും നിർവഹിച്ചു. സംവിധായകനായി 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം എഴുപതുകളോടടുത്ത വൃദ്ധനായ വാൾട്ടർ സാൽസിന്റെ ഉഗ്രൻ തിരിച്ചുവരവും അഭിനയതാവ് എന്ന നിലയിൽ 59കാരി ഫെർണാണ്ട ടോറസ് വിസ്മയിപ്പിക്കുന്നതും അയാം സ്റ്റിൽ ഹിയറിനെ ഐഎഫ്എഫ്കെ 2024ന്റെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തതിനെ നീതീകരിക്കുന്നു. മനുഷ്യനെ കൊന്നുതള്ളുന്ന ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങൾ ഏറെ നമുക്ക് മുന്നിലുള്ള 2024ൽ കേരള രാജ്യാന്തര ചലച്ചിത്ര മേള മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സന്ദേശം കൂടിയായി അയാം സ്റ്റിൽ ഹിയർ. ഇതുതന്നെയാണ് സംവിധായകൻ വാൾട്ടർ സാൽസ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടും.
Read more: സ്‍ത്രീകള്‍ മാത്രമുള്ള ഒരു സിനിമ- 'വിക്ടോറിയ'യുടെ കഥയുമായി ശിവരഞ്‍ജിനി ഐഎഫ്‍എഫ്‍കെയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം