IFFK Review| ഒറ്റ ടേക്ക്, ഒരുപാട് ഇമോഷന്‍സ്; 'ദി പണിഷ്മെന്‍റ്', എ മസ്റ്റ് വാച്ച് ഫിലിം- റിവ്യു
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദർശിപ്പിച്ച 'ദി പണിഷ്മെന്‍റ്' എന്ന ലാറ്റിനമേരിക്കന്‍ സിനിമയുടെ റിവ്യു
കൊല്ലത്ത് ആറ് വയസുള്ള കുട്ടിയെ കാണാതായതും അന്വേഷണത്തിനായി കേരളം ഒരു രാത്രി ഉറങ്ങാതിരുന്നതിനും ദിവസങ്ങള്‍ മാത്രം ശേഷം 28-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ 2023) ഒരു 'മിസ്സിംഗ് കേസ്' സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തി. ഒരു ഏഴ് വയസുകാരനെ കാണാതായതും അതിന്‍റെ അന്വേഷണവും ഇതിവൃത്തമായ ലാറ്റിനമേരിക്കന്‍ സിനിമ.
ചിത്രം- ദി പണിഷ്മെന്‍റിലെ ഒരു രംഗം
സിംഗിൾ ടേക്കിൽ അല്ലെങ്കിൽ ദൈർഘ്യമേറിയ ഒരു ഷോട്ടിൽ സിനിമയുടെ പരിചരണം നടത്തുന്നത് ഇപ്പോൾ അത്ര പുതുമയുള്ള കാര്യമല്ല. ഇടയ്ക്ക് കട്ടുകളുണ്ടെങ്കിലും അത് തോന്നിപ്പിക്കാത്ത തരത്തിൽ ദൃശ്യസന്നിവേശത്തില്‍ തുന്നിച്ചേർത്ത സിനിമകളും നിരവധി. മലയാളത്തിൽ ആമ്മേനും അങ്കമാലീസ് ഡയറീസുമെല്ലാം സമയദൈർഘ്യമേറിയ ടേക്കുകൾ കേരളത്തിലെ സിനിമാ പ്രേമികളെ കാണിച്ച് അമ്പരപ്പിച്ചിട്ടുണ്ട്. ഐഎഫ്എഫ്കെയിൽ തന്നെ മുമ്പ് പ്രദർശിപ്പിച്ചിട്ടുള്ള 'ദി ട്രൈബ്' (2014) എന്ന ചലച്ചിത്രവും ദൈർഘ്യമേറിയ ടേക്കുകളാൽ സമ്പന്നമായിരുന്നു. ഇതിനെല്ലാം അപ്പുറത്തേക്ക് 80 മിനുറ്റ് നേരം ഒറ്റ ടേക്കിലുള്ള ഒരു ഡ്രാമ ഫിലിം ഐഎഫ്എഫ്കെ 2023ല്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു.
ഇത്തവണത്തെ ഐഎഫ്എഫ്കെ 28-ാം എഡിഷനിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച സ്പാനിഷ് ചിത്രം 'ദി പണിഷ്മെന്‍റ്' (El Castigo) ഒറ്റ ടേക്കില്‍ 80 മിനുറ്റ് ദൈർഘ്യമുള്ള സിനിമയായിരുന്നു. 2010ൽ പുറത്തിറങ്ങിയ 'ദി ലൈഫ് ഓഫ് ഫിഷ്' എന്ന ശ്രദ്ധേയ ചിത്രത്തിന്റെ ചിലിയന്‍ സംവിധായകനായ മത്യാസ് ബൈസാണ് (Matías Bize) ദി പണിഷ്മെന്റ് ഒരുക്കിയിരിക്കുന്നത്. ചിലി-അർജന്റൈൻ- പ്രൊഡക്ഷൻ എന്ന നിലയിൽ കാഴ്ചക്കാരന് മുന്നിലേക്കെത്തിയ ദി പണിഷ്മെന്റിന്‍റെ രചന കോറല്‍ ക്രൂസാണ്. മത്യാസിന്‍റെ മുന്‍ ചിത്രങ്ങള്‍ പോലെ മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ദി പണിഷ്മെന്‍റും.
ചിത്രം- കാസ്റ്റ് ആന്‍ഡ് ക്രൂ
ഒരു വൈകുന്നേരം കാട്ടിനടുത്ത് വച്ച് ഏഴ് വയസുകാരന്‍ ലൂക്കാസിനെ മാതാപിതാക്കളായ അനയ്ക്കും മറ്റിയോയ്ക്കും നഷ്ടമാകുന്നതും ആ ബാലനായുള്ള തിരച്ചിലും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും നാടകീയതയുമാണ് ദി പണിഷ്മെന്‍റിന്‍റെ ഇതിവൃത്തം. കുട്ടി മിസ്സിംഗ് ആവുന്ന വൈകുന്നേരം മുതല്‍ കണ്ടെത്തുന്ന രാത്രി വരെയുള്ള വരെയുള്ള 80 മിനുറ്റ് സിനിമാ യാത്ര ഒറ്റ ടേക്കില്‍ ചിത്രീകരിച്ചിരിക്കുന്നു.
ഒരു ശിക്ഷയുടെ അനന്തഫലമായാണ് അനയ്ക്കും മറ്റിയോയ്ക്കും ലൂക്കാസിനെ നഷ്ടമാകുന്നത്. അതിന് പിന്നാലെ ലൂക്കായുടെ മാതാപിതാക്കള്‍ക്കുണ്ടാകുന്ന വൈകാരിക പ്രതിസന്ധികളും മാനസിക പരീക്ഷകളിലൂടെയുമാണ് ദി പണിഷ്മെന്‍റ് പുരോഗമിക്കുന്നത്. സ്ക്രീനില്‍ കാണുന്ന വെറും അഞ്ച് കഥാപാത്രങ്ങളിലൂടെയാണ് ഈ മുഴുനീള സിനിമയുടെ സഞ്ചാരം. സ്ലോ പേസിൽ തുടങ്ങി പേടിയും നിരാശയും കുറ്റബോധവും സങ്കടവും ദേഷ്യവും എന്നിങ്ങനെ അനവധി വൈകാരികതകളിലൂടെ അനയും മറ്റിയോയും തങ്ങളുടെ കുട്ടിയെ തപ്പി നീങ്ങുകയാണ്. ഇവരുടെ സഹായത്തിനായി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നതോടെ ചുരുളഴിയുന്നു. അങ്ങനെ അന്വേഷണരാത്രിയുടെ സങ്കീർണതകളിലേക്കും ആശങ്കകളിലേക്കും പ്രേക്ഷകനെ സിനിമ കൂട്ടുകൊണ്ടുപോവുകയാണ്. ഈയടുത്ത് കൊല്ലത്ത് ആറ് വയസുള്ള കുട്ടിയെ കാണാതായ സംഭവം അനുഭവിച്ചവരെന്ന നിലയ്ക്ക് നമ്മളെ ദി പണിഷ്മെന്‍റും മാനസികമായി ഉലയ്ക്കുന്നു.
മത്യാസ് ബൈസിന്‍റെ മാസ്റ്റർ ക്രാഫ്റ്റ് എന്ന വിശേഷണമുള്ള ദി ലൈഫ് ഓഫ് ഫിഷിനും മുകളില്‍ സംവിധാന മികവ് കൊണ്ട് ശ്രദ്ധേയമാവുകയാണ് ദി പണിഷ്മെന്‍റ്. പകലും ഇരുട്ടും യാതൊരു കുറവുകളുമില്ലാതെ ഒറ്റ ടേക്കില്‍ സ്ക്രീനിലേക്ക് സന്നിവേശിപ്പിച്ച ഗബ്രിയേല്‍ ഡിയാസിന്‍റെ അതുല്യ ചിത്രീകരണം 80 മിനുറ്റും ആരെയും തിയറ്ററില്‍ പിടിച്ചിരുത്തും. അനയായി വേഷമിട്ട അന്‍റോണിയ സീഗേർസും മറ്റിയോയുടെ വേഷം കൈകാര്യം ചെയ്ത നെസ്റ്റർ കാന്‍ന്‍റില്ലാനയും പ്രേക്ഷകരെ ഞെട്ടിച്ചു. അത്രയേറെ സ്ക്രീന്‍ സമയമില്ലെങ്കിലും സാന്‍റിയാഗോ ഉർബിനയാണ് ഏഴ് വയസുകാരന്‍ ലൂക്കാസിന്‍റെ വേഷമണിഞ്ഞിരിക്കുന്നത്. കറ്റാലിന സാവേദ്രും യൈർ യൂറിയും അന്വേഷണ ഉദ്യോഗസ്ഥരുടെ റോളിലും സ്ക്രീനിലെത്തി. അഞ്ച് പേരും ആത്മസംഘർഷങ്ങള്‍ കൊണ്ട് ദൃശ്യത്തിലും ശബ്ദത്തിലും സ്ക്രീനിനെ സമ്പന്നമാക്കി എന്നുപറയാം.
ചിത്രം- സംവിധായകന്‍ മത്യാസ് ബൈസ്
80 മിനുറ്റും ഒറ്റ ടേക്കില്‍ ചിത്രീകരിക്കാനുള്ള സംവിധായകന്‍ മത്യാസ് ബൈസിന്‍റെ സാഹസിക തീരുമാനം കൊണ്ടും അതിന്‍റെ വിജയാരവം കൊണ്ടും ഐഎഫ്എഫ്കെയിലെ മസ്റ്റ് വാച്ച് സിനിമകളിലൊന്നായി ദി പണിഷ്മെന്‍റ് മാറുന്നു. ലോകത്തെ വിവിധ ചലച്ചിത്ര മേളകളില്‍ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച ലാറ്റിനമേരിക്കന്‍ സിനിമ, മികച്ച നടി, മികച്ച സപ്പോർട്ടിംഗ് ആക്ടർ തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്കാരങ്ങളും നോമിനേഷനുകളും ദി പണിഷ്മെന്‍റ് വാരിക്കൂട്ടിയിട്ടുണ്ട് എന്നതും ഈ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ലാറ്റിനമേരിക്കന്‍ പരീക്ഷണ വേദിയില്‍ നിന്നും വന്ന ഒരു മികച്ച സിനിമ എന്ന നിലയില്‍ ദി പണിഷ്മെന്‍റ് ഐഎഫ്എഫ്കെയിലെ പ്രിയപ്പെട്ടവയുടെ കൂട്ടത്തിലൊന്നാകുന്നു.
Read more: IFFK Review| പ്രത്യാശ ഒരു നുണ! 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്'